X

സീരിയലുകളുടെ നിലവാരം തകര്‍ന്നിട്ടുണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കും അതില്‍ പങ്കുണ്ട്

കിഷോര്‍ സത്യ/ അഭിമന്യു

വിമര്‍ശനം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടതാണ് സീരിയലുകള്‍. എന്നാല്‍ സീരിയലുകള്‍ കാണുന്നവരുടെ എണ്ണമാകട്ടെ കൂടിക്കൊണ്ടേയിരിക്കുന്നു. ഒന്നും രണ്ടും വര്‍ഷം തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് പോലും കാണികള്‍ ഏറെയാണ്. സീരിയലുകളുടെ ഉള്ളടക്കത്തില്‍ മാറ്റം വരാതിരിക്കാനുള്ള പ്രധാന കാരണം പ്രേക്ഷകര്‍ തന്നെയാണെന്നു പറയുന്നു കിഷോര്‍ സത്യ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കിഷോര്‍ സത്യ. മിനിസ്‌ക്രീനിലെ സൂപ്പര്‍ സ്റ്റാര്‍ എന്നുവേണമെങ്കില്‍ കിഷോറിനെ വിശേഷിപ്പിക്കാം.

സിനിമയെപ്പോലെ ഒരു വ്യവസായമാണ് സീരിയലുകളും. സീരിയലുകളുടെ ഉള്ളടക്കത്തെക്കുറിച്ച് എനിക്കും എതിരഭിപ്രായമുണ്ട്. കാണാന്‍ ആളുള്ളതുകൊണ്ടാണ് ഇത്തരം കഥകള്‍ തന്നെ സീരിയലുകളില്‍ വരുന്നതെന്ന കാര്യവും ചിന്തിക്കണം. റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് സീരിയലിനെ വിലയിരുത്തുന്നത്. കാണാന്‍ ആളില്ലാത്ത സീരിയല്‍ സംപ്രേക്ഷണം ചെയ്യാന്‍ ഒരുചാനലും തയാറാകില്ല. സീരിയലുകളുടെ നിലവാരം തകര്‍ച്ചയ്ക്ക് പ്രേക്ഷകന്‍ മാത്രമാണ് പ്രതി. രഹസ്യമായി കണ്ടു പരസ്യമായി സീരിയലുകളെ കുറ്റപ്പെടുത്തുകയാണ് മിക്കവരും ചെയ്യുന്നത്. കൊടുക്കുന്നതല്ലേ കാണുന്നുള്ളൂ എന്നു പറയുന്നതില്‍ കാര്യമില്ല. തുച്ഛമായ തുകയ്ക്കാണ് ചാനലുകള്‍ വീടുകളില്‍ ലഭിക്കുന്നത്. നല്ലതിനെ സ്വീകരിക്കാനുള്ള വിവേചന ബുദ്ധി പ്രേക്ഷകന്‍ ഉപയോഗിച്ചാല്‍ സീരിയലുകള്‍ക്ക് മാറ്റമുണ്ടാകും. പിന്നെ പരിമിതമായ സമയം കൊണ്ടാണ് സീരിയല്‍ നിര്‍മിക്കുന്നത്. പ്രേക്ഷകര്‍ ബുദ്ധിപരമായി ചിന്തിച്ചാല്‍ എഴുത്തുകാര്‍ക്കും മാറേണ്ടി വരും- കിഷോര്‍ പറയുന്നു.

സിനിമയിലെ കിഷോര്‍
ജോസ് തോമസിന്റെ സഹസംവിധായകനായിട്ടാണ് സിനിമയിലേക്ക് വന്നത്. ഇതിനു ശേഷം റേഡിയോ ജോക്കിയായി ദുബൈയിലേക്ക് പോയി. ഈ സമയത്ത് ജോസ് തോമസ് ഒരു ഷോയുമായി ദുബൈയില്‍ വന്നു. മലയാള സിനിമയില്‍ മാറ്റങ്ങളുടെ കാലമായിരുന്നു അത്. നിരവധി പുതിയ താരങ്ങള്‍ സിനിമയിലേക്ക് എത്തികൊണ്ടിരിക്കുന്നു. ഈ സമയത്താണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അഭിനയിക്കാനാണ് ജോസ് തോമസ് അവസരം തന്നത്. അഭിനയിക്കാമോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ആത്മവിശ്വാസമുണ്ടെന്നായിരുന്നു എന്റെ മറുപടി. അഭിനയിക്കണമെന്ന ആഗ്രഹം സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. ജോസ് തോമസ് സംവിധാനം ചെയ്ത യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമയില്‍ വില്ലനായി ക്യാമറയ്ക്ക് മുന്നിലെ അരങ്ങേറ്റം. ക്യാമറയ്ക്ക് മുന്നില്‍ തുടരാന്‍ തന്നെയാണ് താത്പര്യം. സിനിമയുടെ അണിയറയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. വലിയ മാറ്റങ്ങളാണ് സാങ്കേതിക രംഗത്ത് ഉണ്ടാകുന്നത്. എല്ലാ കാര്യത്തിലും പോസിറ്റീവും നെഗറ്റീവുമുണ്ട്. സാങ്കേതിക വിദ്യ വികസിക്കുന്നത് അനുസരിച്ച് കഴിവില്ലാത്തവര്‍ക്കും സിനിമയെടുക്കാമെന്ന അവസ്ഥ വന്നു. ഇതു മോശം രീതിയിലും സിനിമയെ ബാധിക്കുന്നു.

ജമിനി എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. പ്രിന്‍സിപ്പിലന്റെ വേഷമാണ് ചെയ്തത്. ജമിനി എന്ന കുട്ടിയെ കേന്ദീകരിച്ചാണ് ഈസിനിമ മുന്നോട്ടു പോകുന്നത്. ഈ കുട്ടിയെ സഹായിക്കുന്ന പ്രിന്‍സിപ്പലിന്റെ വേഷമാണ് എനിക്ക്. രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, ധനുശ്രീ ഘോഷ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. കോഴിക്കോടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വേഷത്തില്‍ എന്നെ പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധ്യതയില്ല. പ്രേക്ഷകര്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കാത്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താത്പര്യം. ഇതുവരെ കണ്ടു ശീലിച്ച പ്രിന്‍സിപ്പല്‍ എന്ന കഥാപാത്രത്തെ ബ്രേക്ക് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. വ്യവസ്ഥാപിതമായ രീതിയിലാണ് സിനിമയില്‍ പല കാര്യങ്ങളും നടക്കുന്നത്. ഒരു നടന്‍ പൊലീസ് ഓഫിസറുടെ വേഷം നന്നായി ചെയ്താല്‍ പിന്നെ അയാളെ തേടിവരുന്നതെല്ലാം ഇത്തരം കഥാപാത്രങ്ങളായിരിക്കും. ഇതില്‍ നിന്ന് മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സിറ്റി ഓഫ് ഗോഡിലെ കഥാപാത്രവും ഇതുപോലെ വലിയ വെല്ലുവിളിയായിരുന്നു. സ്വന്തം ഭാര്യയെപ്പോലും വിറ്റു ജീവിക്കുന്ന കഥാപാത്രമായിരുന്നു സിറ്റി ഓഫ് ഗോഡില്‍. എന്നില്‍ നിന്ന് ആരും ഇത്തരം കഥാപാത്രം ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇതു പോലെയൊരു ഇമേജ് ബ്രേക്കപ്പായിരിക്കും ജെമിനിയിലെ കഥാപാത്രവുമെന്നു പ്രതീക്ഷിക്കുന്നു. അഭിനയിക്കുന്ന കാര്യത്തില്‍ സിനിമ, സീരിയല്‍ എന്നീ വ്യത്യാസമൊന്നുമില്ല. വിജയിച്ച സിനിമകളില്‍ അഭിനയിക്കുക എന്നതാണ് ഒരുനടനെ സംബന്ധിച്ചിടത്തോളം വലുത്. വിജയിച്ച സിനിമകളില്‍ ചെറിയ വേഷമായാലും ശ്രദ്ധിക്കപ്പെടും. പരാജയപ്പെട്ട സിനിമകളില്‍ വലിയ വേഷം ചെയ്തിട്ടും കാര്യമില്ല. രണ്ടു വര്‍ഷം മുന്‍പാണ് അവസാനം സിനിമ ചെയ്തത്. ബൈസിക്കിള്‍ തീവ്‌സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ സിനിമകളിലാണ് അഭിനയിച്ചത്. ഇവയൊന്നും വലുതായി ഓടിയില്ല. രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. ഇതിനിടയിലാണ് സീരിയലുകളില്‍ അഭിനയിക്കുന്നത്.

സ്റ്റേജ് ഷോയും അവതാരകനും
സ്‌റ്റേജ് ഷോകളുടെ അവതാരകന്‍ എന്ന നിലയിലാണ് കിഷോര്‍ സത്യ മലയാളികളുടെ മനം കവര്‍ന്നത്. പ്രമുഖ ചാനലുകളുടെയെല്ലാം സ്റ്റേജ് ഷോകളുടെ അവതാരകന്‍ കിഷോര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ യാതൊരു മാറ്റവും കുറച്ചുകാലമായി മലയാളത്തില്‍ ഇല്ല. മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സ്‌റ്റേജ് ഷോകള്‍ക്ക് അവതാരകനാകുന്നതെന്ന് കിഷോര്‍ പറയുന്നു. അവതാരകനെ അടിസ്ഥാനമാക്കിയാണ് സ്റ്റേജ് ഷോ മുന്നോട്ടു പോകുന്നത്. അവതാരകന് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതു ഷോയെയും ബാധിക്കും. ലൈവായി നടക്കുന്ന ഓരോ സ്‌റ്റേജ് ഷോയിലും നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. ഇവയൊന്നും കാണികളെ അറിയിക്കാതെ ഷോ മുന്നോട്ടു കൊണ്ടു പോകേണ്ട ഉത്തരവാദിത്വം അവതാരകനാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കാണികളുടെ കൂവല്‍ കിട്ടുന്നത് അവതരിപ്പിക്കുന്ന ആള്‍ക്കാണ്. രഞ്ജിനി ഹരിദാസും ഞാനുമാണ് ഈ മേഖലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയതെന്ന് പലരും പറയാറുണ്ട്. മാന്യമായി പ്രതിഫലം നല്‍കാനും ഇപ്പോള്‍ സംഘാടകര്‍ തയാറാകുന്നു. ഇക്കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഞാനും രഞ്ജിനിയുമാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും കിഷോര്‍ പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on November 15, 2015 7:32 am