വിനീത വിജയന്‍
‘കിസപാതിയില്‍ ഇശല്‍ മുറിഞ്ഞുടല്‍ വേറിടും…’
തീയെറ്റര്‍ വിട്ടിട്ടും കാതിലുണ്ട് നേര്‍ത്തൊരീ ഈണങ്ങള്‍, നൊമ്പരമുണര്‍ത്തി കൊണ്ട്…
ഷാനവാസ് കെ ബാവക്കുട്ടിയുടെ കന്നി സിനിമയാണ് കിസ്മത്ത്. ഒറ്റവാക്കില്‍ കിസ്മത്തിനെ വിശേഷിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ സിനിമയെന്നാണ്. ചുറ്റുമുള്ള ആരുടെയൊക്കെയോ മുഖങ്ങളാണ് കഥാപാത്രങ്ങള്‍ക്കൊക്കെയും.
ഇര്‍ഫാന്‍ എന്ന 23 കാരനും അനിത എന്ന 28കാരിയും തമ്മിലുള്ള പ്രണയമാണ് കിസ്മത്ത്. പ്രായത്തിലുള്ള വ്യത്യാസത്തിനപ്പുറം ഇവര്‍ രണ്ടും വ്യത്യസ്ഥ മതസ്ഥരുമാണ്. ഇര്‍ഫാന്‍ മുസ്ലീമും അനിത ദളിതും. കേരളത്തിന്റെ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ ഒരു ദളിത്-മുസ്ലീം പ്രണയം നേരിടുന്ന പ്രതിസന്ധികളൊക്കെയും തന്മയീഭാവത്തോടെ അവതരിപ്പിച്ചിട്ടുണ്ട് സിനിമയില്‍.
പുതുമുഖമായ ഷെയിന്‍ നിഗം ആണ് ഇര്‍ഫാനായി എത്തുന്നത്. സംസാരത്തിലും നടപ്പിലും വസ്ത്രധാരണത്തിലും ഇന്നിന്റെ ചെറുപ്പക്കാരുടെ പ്രതീകമാണ് ഇര്‍ഫാന്‍. കഥാപാത്രത്തോട് നൂറുശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട് ഷെയിന്‍.
ശ്രുതി മേനോനാണ് അനിതയെ അവതരിപ്പിക്കുന്നത്. കലങ്ങിയ കണ്ണുകളോടെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍, അവസാനിക്കുന്നിടത്ത് കാണുന്നത് നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കിയ ബോള്‍ഡായ അനിതയെയാണ്. ശ്രുതി മികച്ചതാക്കിയിട്ടുണ്ട് അനിതയെ. അലന്‍സിയാര്‍,വിനയ് ഫോര്‍ട്ട് തുടങ്ങി ഒന്നോ രണ്ടോപേര്‍ മാത്രമാണ് പരിചിതരായ അഭിനേതാക്കളെങ്കിലും സിനിമയില്‍ കഥാപാത്രമായി വരുന്ന ഓരോരുത്തരും തികച്ചും സ്വാഭാവികമായ അഭിനയവുമായി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നുണ്ട്. അഭിനേതാക്കളുടെ ഈ മികവു തന്നെയാണ് ഇതൊരു സിനിമയല്ലെന്നും കണ്‍മുന്നില്‍ നടക്കുന്നൊരു യഥാര്‍ത്ഥ സംഭവമാണെന്നുമുള്ള തോന്നല്‍ ഓരോ നിമിഷവും ജനിപ്പിക്കുന്നത്.
ചില സന്ദര്‍ഭങ്ങളും ഡയലോഗുകളും ഒഴിച്ചുനിര്‍ത്തിയാല്‍ ആദ്യാവസാനം വരെ ഒരേ താളവും ഭംഗിയാര്‍ന്ന വേഗവും കാത്തു സൂക്ഷിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നതില്‍ സംശയമില്ല. ശ്രുതിമധുരമായ പാട്ടുകള്‍ക്ക് പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും അതിമധുരമേകി.
സിനിമാറ്റിക് ഘടകങ്ങളൊന്നുമില്ലാതെ, തട്ടുപൊളിപ്പന്‍ ഗാനരംഗങ്ങളില്ലാതെ, അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങളില്ലാതെ ആനുകാലിക വിഷയങ്ങളെ തുറന്നുകാട്ടാന്‍ ഒരു ചലചിത്രത്തിനാകുമെന്നതിന് ഉദാഹരണമാണ് കിസ്മത്ത്.
മതേതര രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന ഭാരതത്തിലെ, സാക്ഷരസമ്പൂര്‍ണ്ണമായ നമ്മുടെ കൊച്ചു കേരളത്തില്‍ പ്രണയങ്ങള്‍ക്കിപ്പോഴും മതം എന്ന വിഷം വേലികെട്ടുകള്‍ തീര്‍ക്കുന്നു എന്ന പച്ചയായ സത്യത്തെ തുറന്നു കാട്ടുന്ന ഈ ചിത്രം നമുക്കു മുന്നില്‍ ഗൗരവമുള്ളൊരു ചര്‍ച്ചയ്ക്ക് കൂടി വിഷയമാവുകയാണ്. മതവും ജാതിയും എങ്ങനെയാണ് മനുഷ്യന് ദുരന്തമായി ഭവിക്കുന്നതെന്ന് കിസ്മത്ത് കണ്ടിറങ്ങുന്ന ഓരോരുത്തരെയും ഭയപ്പെടുത്തും, തീര്‍ച്ച.
വ്യക്തമായ രാഷ്ട്രീയമുള്ള, കാലിക പ്രസക്തിയുള്ള ഒരു സിനിമ തന്നെ തന്റെ കന്നിസംരംഭമാക്കിയെടുത്തത് ഷാനവാസിലെ രാഷ്ട്രീയപ്രവര്‍ത്തകന്റെ തീരുമാനം തന്നെയായിരിക്കണം. അതിനെന്തായാലും അദ്ദേഹം തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. മതാന്ധതയ്ക്കും വര്‍ഗ്ഗീയവിവേചനങ്ങള്‍ക്കുമെതിരെയുള്ള ഒരു പോരാട്ടമായി തന്റെ സിനിമയെ ഷാനവാസ് ബാവക്കുട്ടിക്ക് ഉപയോഗിക്കാം.
മലയാള സിനിമയില്‍ അന്നയും റസൂലിലും അല്ലാതെ നാം കണ്ടിട്ടില്ലാത്ത പൊന്നാനിയുടെ മനോഹരമായ പശ്ചാത്തലം തന്നെയാണ് സിനിമയുടെ മറ്റൊരു ആകര്‍ഷണീയത. ഒരു സിനിമയ്ക്ക് അതിന്റെ പ്രമേയത്തിനിണങ്ങുന്ന ലാന്‍ഡ്‌സ്‌കേപ്പ് കിട്ടുന്നത് വലിയൊരു അനുഗ്രഹമാണ്. കിസ്മത്ത് പൊന്നാനിയെന്ന മനോഹാരിതയെ ശീലമാറ്റി പുറത്തു കാണിച്ചിരിക്കുകയാണ്.
ഈ കൊച്ചു ചിത്രം നിര്‍മിച്ച രാജീവ് രവിക്കും വിതരണത്തിനെടുത്ത ലാല്‍ ജോസിനും എന്തുകൊണ്ടും അഭിമാനിക്കാവുന്നതാണ്. ഷാനവാസില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒട്ടും മങ്ങലേല്‍പ്പിച്ചിട്ടില്ല സംവിധായകന്‍. മതം എന്ന ഭ്രാന്തിനു വേണ്ടി പ്രണയം പാതി വഴിയില്‍ ഉപേക്ഷിച്ചവരിലും, മതം മറന്ന് പ്രണയിക്കുന്നവരിലും, വരാന്‍ പോകുന്ന പ്രണയിതാക്കളിലും, മതം വേലിതീര്‍ക്കുന്ന മനുഷ്യരിലെല്ലാം കിസ്മത് ഒരു വിപ്ലവം സൃഷ്ടിക്കും… തീര്‍ച്ച!
(കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണ് വിനീത വിജയന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on July 30, 2016 4:56 pm
Leave a Comment