X

ചുംബനസമരം: കോഴിക്കോടുമുണ്ടായിരുന്നു ആ വലിയ കാഴ്ചക്കാര്‍

കെ.പി.എസ്. കല്ലേരി

തൊഴിലടങ്ങളില്‍ അപകടമുഖങ്ങളില്‍ പീഡന വേളകളില്‍ പിഞ്ചുകുട്ടിയെപ്പോലും പിച്ചിചീന്തുന്നിടങ്ങളില്‍ സമരമുഖങ്ങളില്‍ എന്തിന് ദുരന്തമുഖങ്ങളില്‍ വരെ മലയാളി കാഴ്ചക്കാരനാവുകയാണ്. അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുന്നവന്റേയും മോര്‍ച്ചറിയിലെ മൃതദേഹത്തിന്റേയും നെഞ്ചത്തേക്ക് മൊബൈല്‍ കാമറക്കണ്ണ് പായിച്ച് അത് വാട്‌സ് ആപ്പിലയക്കാന്‍ ധൃതികാണിക്കുന്നിടത്തേക്ക് എപ്പൊഴാണ് മലയാളിയുടെ സാംസ്‌കാരിക മുഖം ഇത്രയും വികൃതമായത്. എവിടെ അനീതി കണ്ടാലും ചോദ്യം ചെയ്തിരുന്ന നമ്മുടെ ഉയര്‍ത്തിപ്പിടിച്ച മുഷ്ടിക്കുള്ളിലെല്ലാം മൈബൈല്‍ഫോണുകള്‍ ഉയര്‍ന്നു മിന്നിത്തുടങ്ങിയപ്പോഴാണോ മലയാളി ഇത്രയും വലിയ കാഴ്ചക്കാരനായത്?

കോഴിക്കോട്ട് ഇന്നലെ അരങ്ങേറിയ ചുംബനസമരത്തിന് സാക്ഷിയായപ്പോളാണ് കുറേക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ചോദ്യം ഇപ്പോള്‍ ഇങ്ങനെ പരസ്യമായി ചോദിക്കാന്‍ തോന്നിയത്.

കോഴിക്കോട്ടൊരു ഹോട്ടല്‍ കേന്ദ്രികരിച്ച് ആണും പെണ്ണും പരസ്യമായി ചുംബിച്ചെന്നുപറഞ്ഞ് സദാചാരംമൂത്ത ഒരു കൂട്ടം യുവമോര്‍ച്ചക്കാര്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തതോടെയാണ് കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ചുംബന സമരത്തിന് വേദിയായത്. സ്വന്തം വീട്ടിലും അയല്‍പക്കത്തും നാട്ടിലും കുടുംബങ്ങളിലുമെല്ലാം അരങ്ങേറുന്ന കൊള്ളരുതായ്മകളും പീഡനങ്ങളും ആത്മഹത്യകളും മന്ത്രവാദവുമൊന്നും കണ്ടില്ലെന്ന് നടിക്കുന്നവരാണ് സദാചാരത്തിന്റെ കൊടിയുമായി കൊച്ചിയില്‍ സമരക്കാരെ കൈയ്യേറ്റം ചെയ്യാനെത്തിയത്. അവിടെ എന്‍ഡിഎഫുകാരനും ആര്‍എസ്എസുകാരനും എന്തിന് സുധീരന്റെ കുട്ടി സംഘടനയായ കെഎസ് യുവരെ സാദാചേരവേഷം ഒരുമിച്ചണിഞ്ഞു. പത്തോ ഇരുപതോവരുന്ന ചുംബന സമരക്കാര്‍ അഞ്ഞൂറോളം വരുന്ന സമരക്കാര്‍ ആയ്യായിരത്തിലേറെ വരുന്ന കാഴ്ചക്കാര്‍ അതായിരുന്നു കൊച്ചി. അത് ഇന്നലെ കോഴിക്കോട്ടെത്തിയപ്പോള്‍ ചുംബനക്കാരുടേയും അവര്‍ക്ക് അഭിവാദ്യം അര്‍പിച്ചവരുടേയും എണ്ണം അമ്പതോ നൂറോ ആയി. സമരത്തിനെത്തിയവരുടെ എണ്ണം ശിവസേനയിലും ഹനുമാന്‍സേനയിലും ഒതുങ്ങി ഒരമ്പതില്‍ നിന്നു. പക്ഷെ കാഴ്ചക്കാര്‍, അത് കൊച്ചിയിലേക്കാള്‍ ഇരട്ടിയായിരുന്നു. എല്ലാം പതിനഞ്ചിനും മുപ്പതിനും ഇടയിലുള്ളവര്‍. തിളക്കുന്ന യൗവ്വനവുമായി ഏത് അനീതിക്കെതിരേയും മുഖം നോക്കാതെ ചാടി വീഴേണ്ടവര്‍. അവരാണ് സദാചാരപൊലീസിനെതിരെയും സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും രാത്രി യാത്രയ്ക്കുമൊക്കെ വേണ്ടി നടത്തിയൊരു സമരമഖത്ത് കുറേ മൊബൈല്‍ഫോണുകളുമായി മതിലുകള്‍ക്ക് മുകളിലും ടെറസ്സിലും റോഡിലുമെല്ലാം കൂട്ടംകൂടി വെറുകാഴ്ചക്കാരായത്.

കൊച്ചിയില്‍ നിന്നും ചംബന സമരം കോഴിക്കോട്ടെത്തിയപ്പോള്‍ ആവേശത്തോടെ ഒഴുകിയെത്തിയ കാഴ്ചക്കാരുടെയെല്ലാം മനസില്‍ നിരവധി ലഡു പൊട്ടുന്നുണ്ടായിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൊച്ചിയില്‍ വിവിധ മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ ചുംബനസമരക്കാരെ കൈകാര്യം ചെയ്തുവിടുമൊണ് പ്രഖ്യാപിച്ചതെങ്കില്‍ കോഴിക്കോട്ടെ പ്രഖ്യാപനം അവര്‍ക്ക് കുളിരുപകരുന്നതായിരുന്നു. ചുംബിക്കാനെത്തുവരെ ഞങ്ങള്‍ തുണി ഉരിഞ്ഞുവിടും. മംഗലാപുരത്തെ ശ്രീരാമസേനക്കാരുടെ കൊച്ചനിയന്‍മാരായി പറയപ്പെടുന്ന ഹനുമാന്‍ സേനക്കാരുടേതായിരുന്നു ആ പ്രഖ്യാപനം. ആഹ്വാനം മാത്രമല്ല അവര്‍ നഗരത്തിലങ്ങോളം പോസ്റ്ററുകളും ഒട്ടിച്ചു. ഒ.സിയില്‍ ഒരു ചുംബനം കാണുതിനേക്കാള്‍ സുഖമല്ലേ പെണ്ണുങ്ങളെ തുണിയുരിഞ്ഞ് കാണുന്നത്. മാത്രമല്ല തിരക്കിനിടയില്‍ തരംകിട്ടിയാല്‍ തോണ്ടുകയും മാന്തുകയുമൊക്കെ ചെയ്യാം. അങ്ങനെയാണ് പത്തമ്പതോളം വരുന്ന ചുംബനക്കാരെക്കാണാന്‍ പതിനായിരത്തോളം കാണികള്‍ കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡും പരിസരവും കൈയ്യടക്കിയത്. പക്ഷെ ചുംബിക്കേണ്ടവരൊക്കെ ചുംബിക്കുകയും തുണി അഴിച്ചിടുമെന്നുപറഞ്ഞവരൊക്കെ പൊലീസിന്റെ ലാത്തിക്കും ഇരയായി ലോക്കപ്പിലുമായി. കാഴ്ചക്കാരായ ചെറുപ്പക്കാരാണെങ്കില്‍ അവരുടെ വാട്‌സപ്പ് ഭാഷയില്‍പ്പറഞ്ഞാല്‍ ശശിയുമായി. ചോദ്യം ഇത്രയേ ഉള്ളൂ. അങ്ങനെ ശശിയും വെറുകാഴ്ചക്കാരമാവേണ്ടവരാണോ നമ്മുടെ യുവത്വങ്ങള്‍? വാട്‌സ് ആപ്പില്‍ കിട്ടിയ സരിതയുടെ ഏഴാമത്തെ ചിത്രവും അയക്കുന്നിടത്ത് തീരേണ്ടതാണോ നമ്മുടെ യുവത്വത്തിന്റെ ആകാംഷയും ആവേശവും സമരബോധവുമെല്ലാം…?

This post was last modified on December 8, 2014 3:36 pm