X

മൂന്നാര്‍: വിഎസിന് തെറ്റുപറ്റിയെന്ന് ജയചന്ദ്രന്‍

തനിക്ക് പട്ടയം ഇല്ലെന്ന വാദം അംഗീകരിക്കില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതാനന്ദന് തെറ്റുപറ്റിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദന്‍. എല്‍ഡിഎഫ് തുടങ്ങി വച്ച മൂന്നാര്‍ ദൗത്യം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിട്ടും വിഎസ് മൂന്നാര്‍ വന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് കാലത്താണ് ലാന്റ് റവന്യൂ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജയചന്ദ്രന്‍ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. കെഎസ്ഇബി ഭൂമിയും വിതരണം ചെയ്യാന്‍ ഉത്തരവുണ്ടായിരുന്നതാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഈ ഫയലുകള്‍ പിന്നീട് കാണാതായി. ഈ ഫയലുകള്‍ കണ്ടെത്താന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവികുളം സബ്കളക്ടറുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ തിരുത്താനാണ് സിപിഎം സമരം ആരംഭിച്ചിരിക്കുന്നതെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

തനിക്ക് പട്ടയം ഇല്ലെന്ന വാദം അംഗീകരിക്കില്ലെന്ന് എംഎല്‍എ പറഞ്ഞു. താന്‍ 97 മുതല്‍ താമസിക്കുന്ന ഭൂമിയാണ് ഇത്. ഇപ്പോഴും ഇതേ പട്ടയഭൂമിയില്‍ തന്നെയാണ് താമസം. 2001ല്‍ അന്നത്തെ തഹസീല്‍ദാര്‍ ഒപ്പിട്ട പട്ടയമാണ് തന്റെ കൈവശമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി. കൂടാതെ തന്റെ ഭൂമിയെ കുറിച്ച് റവന്യുവകുപ്പ് പരിശോധന നടത്തി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

This post was last modified on March 30, 2017 10:25 am