X

അല്പമെങ്കിലും ധാര്‍മ്മികത അവശേഷിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇടപെടണം

ജോസഫ് വര്‍ഗീസ്

തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി ഫണ്ടിലേക്ക് കേരളത്തിലെ ബാര്‍ മുതലാളിമാരില്‍ നിന്ന് ഇത്തവണയും പണം വാങ്ങി എന്നു പറയുവാനുള്ള ഏറ്റവും ചുരുങ്ങിയ ആര്‍ജവത്വം എങ്കിലും കാണിച്ചിരുന്നുവെങ്കില്‍ കെ എം മാണി കേരള രാഷ്ട്രീയത്തില്‍ ഇത്രവലിയ തട്ടിപ്പുകാരനായി മാറില്ലായിരുന്നു.

പൂട്ടികിടക്കുന്ന ബാറുകള്‍ തുറന്നു കൊടുക്കുന്നതിന് താന്‍ മാത്രം വിചാരിച്ചാല്‍ മതിയോ എന്ന മാണിയുടെ ചോദ്യം മാത്രമാണ് പൊതുസമൂഹത്തിന് സ്വീകാര്യമായ ഏകവാദം. പക്ഷേ അപ്പോഴും മുഖ്യമന്ത്രിയോടും എക്‌സൈസ് മന്ത്രിയോടുമൊപ്പം ഇക്കാര്യത്തില്‍ നിയമ മന്ത്രിക്കും റോള്‍ ഉണ്ട് എന്നുള്ളത് കരിമ്പട്ടികയില്‍ നിന്നു മാറി നില്‍ക്കാന്‍ മാണിയെ അനുവദിക്കുന്നുമില്ല.

ആരോപണവിധേയനായ ഒരു മന്ത്രി രാജിവയ്ക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ ധാര്‍മികതയുടെ പ്രശ്‌നമാണെന്ന് കോടതി മാത്രമല്ല പറഞ്ഞിട്ടുള്ളത്. അതിനും ഏറെ മുമ്പേ എ കെ ആന്റണി അടക്കമുള്ള നേതാക്കള്‍ ഇതേ നിലപാട് എടുത്തിരുന്നു. പക്ഷേ അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണത്തിലിരുന്നു കൊയ്യുന്നതാണ് തങ്ങളുടെ രാഷ്ട്രീയ അസ്തിത്വത്തെ നിലനിര്‍ത്തുന്നതെന്ന ഏക ബോധ്യത്തില്‍ ജീവിക്കുന്ന കേരള കോണ്‍ഗ്രസുകാരന് എന്തു ധാര്‍മികത?

പി സി ജോര്‍ജ് എത്ര മോശക്കാരനാണെങ്കിലും എത്രയധികം രാഷ്ട്രീയഉപജാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു നിധി സൂക്ഷിപ്പുകാരനാണ്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കള്‍ നടത്തുന്ന തട്ടിപ്പുകളുടെ വിവരങ്ങള്‍ ആ ലോക്കറില്‍ ഭദ്രമാണ്. പിസി ജോര്‍ജ് പറയുന്നതു മുഴുവന്‍ സത്യമാകണമെന്നില്ല, പക്ഷേ പറയുന്നതില്‍ ചില കാര്യങ്ങള്‍ ഉണ്ടാകും എന്നതാണ് സത്യം. കെ എം മാണിയുടെ കാര്യത്തില്‍ പി സി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ഇപ്പോഴെങ്കിലും എല്ലാവര്‍ക്കും സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

ബാര്‍ കോഴക്കേസില്‍ കെ എം മാണി പലതരത്തിലും രക്ഷപ്പെടാന്‍ ശ്രമിച്ചത് സ്വാഭാവികം. പക്ഷേ മാണിയെ രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉപയോഗിച്ച മാര്‍ഗങ്ങളായിരുന്നു ഏറ്റവും ജനവിരുദ്ധം. ബാര്‍ കോഴ കേസിലെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്ന് കോണ്‍ഗ്രസ് സ്ഥാപിച്ചത് അരുവിക്കര തെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തിയായിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് വിജയിക്കുന്ന ഒരു മണ്ഡലത്തില്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവില്‍ അദ്ദേഹത്തിന്റെ മകന്‍ മറ്റുപല ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ വിജയിച്ചു കയറുമ്പോള്‍ ഇവിടം കൊണ്ട് ബാര്‍കോഴ അവസാനിച്ചു എന്നു കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചുവെങ്കില്‍ അത് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമായിരുന്നു. ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അപ്പോഴത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം കൂടി പ്രസക്തമാണെന്നിരിക്കെ തെരഞ്ഞെടുപ്പ് വിജയമെന്ന പശ്ചാത്തലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ് മാണിയെ രക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടായിരിക്കുന്നു. നിലപാട് വ്യക്തമാക്കാനുള്ള ചുരുങ്ങിയ ബാധ്യതയെങ്കിലും ഏറ്റെടുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും തയ്യാറാകേണ്ട സ്ഥിതിയും ആയിരിക്കുന്നു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ഈ കേസില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തെ എങ്ങനെ തള്ളിപ്പറയാനാവും? ഒരന്വേഷണ റിപ്പോര്‍ട്ടിനകത്ത് തനിക്ക് വിയോജിപ്പുണ്ടെങ്കില്‍ അതേതു കാര്യങ്ങളിലാണെന്നു വ്യക്തമാക്കി തുടരന്വേഷണത്തിന് നിര്‍ദേശം നല്‍കേണ്ടതിനു പകരം അന്വേഷണം ക്ലോസ് ചെയ്യുകയാണോ വേണ്ടത്? ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേസ് അന്വേഷണത്തിന് നിര്‍ദേശം കൊടുത്തത്. അത് കേസ് അവസാനിപ്പിക്കാന്‍ വേണ്ടിയല്ല, കേരളത്തിലെ നിയമമന്ത്രി പ്രതിയായ ഒരു കേസില്‍ ബാഹ്യമായൊരു ഇടപെടലും ഇല്ലാതെ അന്വേഷണം നടത്തുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍ നടന്നതോ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കാനും ആരോപണവിധേയനെ രക്ഷപ്പെടുത്താനുമായി വിജിലന്‍സ് ഡയറക്ടറെ ഉപയോഗിക്കപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ ഇതേ എസ് പി സുകേശന്‍ തന്നെ ചക്കിട്ടപ്പാറ ഖനനക്കേസില്‍ എളമരം കരീമിനെ കുറ്റവിമുക്തനാക്കി എന്നത് കേവലമൊരു എതിര്‍വാദം മാത്രമാണ്. അഞ്ചുകോടി കൈക്കൂലി വാങ്ങി എന്നാരോപണമുള്ള എളമരം കരിമീനു വേണ്ടി ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നുള്ളതുകൊണ്ട് കെ എം മാണിയേയും കുറ്റവിമുക്തനാക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. കരീമിന്റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയുള്ള ആ കേസ് മുന്നോട്ടു കൊണ്ടുപോകേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ് അതില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ പുനരന്വേഷണം നടത്തിക്കുക തന്നെ വേണം.

2010 നു ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും പരാജയം നേരിടാതിരുന്ന, ഏതാക്രമണത്തിന്റെയും മുനയൊടിക്കാന്‍ പിറവത്തെയും നെയ്യാറ്റിന്‍കരയിലെയും അരുവിക്കരയിലെയും ഉപതെരഞ്ഞെടുപ്പു ഫലങ്ങളെ ആശ്രയിച്ചിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി ഇനിയും ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ എടുക്കാതിരിക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. എല്ലാ പ്രതിരോധങ്ങളെയും ഭേദിച്ച് വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, കെ പി അനില്‍കുമാര്‍ എന്നിവരെപ്പോലെയുള്ള നേതാക്കള്‍ കെ എം മാണി രാജിവയ്ക്കണം എന്ന കാര്യം പരസ്യമായി പറയാന്‍ ധൈര്യപ്പെട്ടിരിക്കുന്നു. ഇതു സത്യത്തിന്റെ പക്ഷം ചേരലൊന്നും അല്ല. ആറുമാസത്തിനപ്പുറം നടക്കാന്‍ പോകുന്ന വീണ്ടുമൊരു ജനവിധിയെ കൂടി ഭയന്നിട്ടാണ്. ഇതുകൊണ്ടുമാത്രമാണ് യുഡിഎഫിലെ ചില ഘടകകക്ഷികളും ഇതുസംബന്ധിച്ച നിലപാട് എടുക്കാന്‍ തയ്യാറായിരിക്കുന്നത്. അപ്പോഴും പാലായിലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വലിയ വിജയം ഉണ്ടായി എന്നും അത് ബാര്‍കോഴക്കേസ് കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നും മാണി പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ മുഖത്ത് കാറിതുപ്പലാണ്.

പിറവത്ത് ടി എം ജേക്കബിന്റെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്‍ത്തണം എന്നതുകൊണ്ടുകൂടി അവിടെ കുറെക്കാലത്തിനുശേഷം കോണ്‍ഗ്രസുകാര്‍ ജേക്കബിന്റെ പാര്‍ട്ടിക്കു വോട്ട് ചെയ്തതുകൊണ്ടാണ് അനൂപ് ജേക്കബ് പതിനായിരം വോട്ടുകള്‍ക്ക് ജയിച്ചത്. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിട്ടുപോന്നതുകൊണ്ടും ടി പി ചന്ദ്രശേഖരന്റെ വധമുണ്ടാക്കിയ അലയൊലികളും ഉണ്ടായതുകൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചത്. 25 വര്‍ഷമായി കോണ്‍ഗ്രസിന്റെ മണ്ഡലമായ അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗം അടക്കം കൊണ്ടാണ് കാര്‍ത്തികേയന്റെ മകന്‍ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് 350 വോട്ടുകളുടെ കുറവിലാണെങ്കിലും ജയിച്ചത്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയവിജയമായും എതിരാളികള്‍ തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ രാഷ്ട്രീയവിഷയങ്ങളുടെ മുനയൊടിക്കുന്നതായും വരുത്തി തീര്‍ക്കാനാണ് ഇതുവരെ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ കേരളരാഷ്ട്രീയത്തെ കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ കോണ്‍ഗ്രസിന്റെ ഈ അവകാശവാദങ്ങളെ അത്ഭുതത്തോടെ മാത്രമാണ് നോക്കികണ്ടിരുന്നത്. ഇതിനെല്ലാം കൂടി ഐക്യജനാധിപത്യമുന്നണിക്ക് അടികൊടുക്കാന്‍ കിട്ടിയ അവസരമായിരുന്നു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഈ തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു കോഴക്കേസ് ചര്‍ച്ച ചെയ്യുന്നതുകൊണ്ടുമാത്രമാണ് മാണിക്കെതിരെ ഒരു മിനിമം നിലപാടെങ്കിലും എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരിക്കുന്നത്.

ഇനി മാണി രക്ഷപ്പെടും എന്നു തോന്നുന്നില്ല. മാണി രക്ഷപ്പെടുന്നത് ജനാധിപത്യത്തിന് ഏല്‍ക്കുന്ന വലിയ കളങ്കവുമാണ്. അല്ലെങ്കില്‍ തന്നെ യുഡിഎഫ് ഇപ്പോള്‍ കളങ്കിതമാണ്. ഇനിയതിന്റെ അളവ് കുറയ്ക്കാനെങ്കിലും മാണിയുടെ രാജി ഉപകരിക്കും. കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏകവഴിയും ഇതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on November 10, 2015 12:53 pm