X

മാണിയുടെ ചിറകരിഞ്ഞത് ചാട്ടത്തിന്റെ ലാസ്റ്റ് ലാപ്പിൽ

പി കെ ശ്യാം

പാർട്ടിയുടെ ജൂബിലി വർഷത്തിൽ ഇടതുപാളയത്തിലെത്തി മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള പദ്ധതിയുടെ അവസാനഘട്ടത്തിലാണ് ബാർ കോഴ അഴിമതി പുറത്താക്കി കോൺഗ്രസ് മാണിയുടെ മോഹങ്ങളുടെ ചിറകരിഞ്ഞത്. വലിയൊരു രാഷ്ട്രീയ മാറ്റത്തിന് കേരളം സാക്ഷിയാവാനിരിക്കേയായിരുന്നു മാണിക്കെതിരായ ഓപ്പറേഷൻ. മൂന്നാഴ്‌ച മുൻപ് യു.ഡി.എഫ് വിട്ടുവന്ന് ഇടതുപാളയത്തിൽ ചേക്കാറാനും കോട്ടയത്ത് പ്രഖ്യാപനം നടത്താനുമെല്ലാം തീരുമാനിച്ചിരുന്നതാണ്. എന്നാൽ അൽപ്പം കൂടി കഴിയട്ടെയെന്ന് പറഞ്ഞ് മാണി തന്നെ ഇത് നീട്ടിവയ്ക്കുകയായിരുന്നു. ഈയാഴ്‌ച തന്നെ മുന്നണിവിട്ടിറങ്ങാൻ മുഹൂർത്തം കുറിച്ച് മാണി കാത്തിരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. 

സെക്രട്ടേറിയറ്റിൽ ചില മന്ത്രിമാരുടെ ഒാഫീസുകളിൽ ഇതേക്കുറിച്ച് പത്തുദിവസം മുൻപെങ്കിലും സൂചന ലഭിച്ചിരുന്നു. കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു മന്ത്രിമാർ പലരും. പക്ഷേ ആരും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു സംഭവത്തിന്റെ ക്ലൈമാക്സ് ഒരുങ്ങിയത്. നായകനായി വിജയിച്ചു പോകാമെന്ന മോഹങ്ങളെ ഒറ്റനിമിഷത്തിൽ ഇല്ലാതാക്കി പ്രതിനായകന്റെ വേഷം മാണിക്കുമേൽ ചാർത്തപ്പെടുകയായിരുന്നു. ഇതിന്റെ വ്യക്തമായ സൂചനകൾ മാണിവിഭാഗം നേതാക്കൾ പങ്കുവയ്ക്കുന്നുമുണ്ട്. മാണിക്കൊപ്പമുള്ള പി.സി ജോർജ്ജ് വിഭാഗവും മുഖ്യമന്ത്രിയും ഉറ്റചങ്ങാതിമാരായ ചില നേതാക്കളും ചേർന്നാണ് മാണിക്കെതിരായ യുദ്ധത്തിന് പടനിലമൊരുക്കിയതെന്നാണ് വിവരം. മാണി പോയാലും യു.ഡി.എഫിൽ ഉറച്ചുനിൽക്കാനായിരുന്നു പി.സി ജോർജ്ജിന്റെ തീരുമാനം. മാണി വിരുദ്ധരായ നേതാക്കളെ കൂട്ടുപിടിച്ച് യു.ഡി.എഫിൽ നിൽക്കാനുള്ള തീരുമാനം ഭാവിയിലെ മന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചുള്ളതുതന്നെ. 

പാളയത്തിൽത്തന്നെ പടയൊരുങ്ങുന്നത് മനസിലാക്കാൻ മാണി വൈകിപ്പോയെന്നുവേണം കരുതാൻ. ഇതിനു സമാന്തരമായി എൽ.ഡി.എഫിലെ ഒരു കക്ഷിയെ പിടിക്കാൻ കൗശലക്കാരനായ മുഖ്യമന്ത്രി തന്ത്രം മെനഞ്ഞിരുന്നുവെന്നും അറിയുന്നുണ്ട്. മാണിയെച്ചൊല്ലി സി.പി.ഐ ഏറെനാളായി പോര് നടത്തുന്നത് ഇതിന്റെ കൂടി മറവിലാണത്രേ. 

പട്ടയ പ്രശ്‌നത്തെച്ചൊല്ലി നവംബർ ഒന്നിനു ശേഷം പ്രശ്‌നമുണ്ടാക്കി മുന്നണിവിടാനായിരുന്നത്രേ മാണിയുടെ പദ്ധതി. മന്ത്രിസഭായോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുകയും സമാന്തരമായി പുറത്ത് പ്രക്ഷോഭം നടത്തുകയും ചെയ്യാനായിരുന്നു പദ്ധതി. പട്ടയവിതരണം നവംബര്‍ ഒന്നിനു മുമ്പ് തുടങ്ങണമെന്ന കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് സുവര്‍ണജൂബിലി സമാപന സമ്മേളനത്തില്‍ കെ എം മാണി പറഞ്ഞിരുന്നു. എന്നാൽ മന്ത്രി മാണി പറഞ്ഞാല്‍ മുഖ്യമന്ത്രി കേള്‍ക്കണം. കേള്‍ക്കാത്തവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല. അത്തരക്കാരെ വേണ്ട. മുഖ്യമന്ത്രിക്കസേര ആരുടെയും കുത്തകയല്ല .അത് ആര്‍ക്കും എഴുതിവച്ചിട്ടില്ല തുടങ്ങിയ രൂക്ഷമായ വാക്കുകളോടെ പി സി ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ബാര്‍ കോഴ: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു; കോഴമുനയില്‍ മറ്റൊരു മന്ത്രിയും
ഓടുന്ന മാണിക്ക് ഒരു മുഴം മുമ്പേ!
ബാര്‍: യു ഡി എഫ് രാഷ്ട്രീയത്തില്‍ ഹൈക്കോടതി വിധിയുണ്ടാക്കാന്‍ പോകുന്ന പൊല്ലാപ്പുകള്‍
വികസനം ഏറിപ്പോയിട്ടല്ല, നാട് മുടിഞ്ഞത് ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട്
ഗ്രൂപ്പ് കളിയില്‍ വിരിയുന്ന പഞ്ചനക്ഷത്ര കേരളം

 

ഗ്രീന്‍ ട്രിബ്യൂണലിന്റെ നോട്ടിഫിക്കേഷന്‍ നിലനിൽക്കുന്നതിനാൽ പട്ടയനടപടി പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പട്ടയപ്രശ്‌നമുയര്‍ത്തി നവംബര്‍ ഒന്നിനുശേഷം സമരം ആരംഭിച്ചാൽ അത് സര്‍ക്കാരിന്  തലവേദനയായി മാറുമെന്നും സമരത്തിന്റെ തീവ്രതയും തനിക്കൊപ്പമുള്ളവരുടെ വികാരവും കണക്കിലെടുത്ത് മുന്നണിവിടാനുമായിരുന്നു മാണിയുടെ പദ്ധതി. പട്ടയപ്രശ്‌നമുയര്‍ത്തി ഇടുക്കി ജില്ല കേന്ദീകരിച്ച്‌ സമരം ആരംഭിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജൂബിലി സമ്മേളനത്തില്‍ പട്ടയപ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പട്ടയം പ്രധാന ആയുധമാക്കിയാല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കിയില്‍ നേടിയ മേധാവിത്വം ഇല്ലാതാക്കാനും നഷ്ടപ്പെട്ട ജനപിന്തുണ നേടിയെടുക്കാനും കഴിയുമെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ടായിരുന്നു.  ഇനിയുള്ള ഒന്നരക്കൊല്ലം  മാണിക്ക് മുഖ്യമന്ത്രി പദവും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഇടതുമുന്നണി നൽകിയത്. ഇടതുമുന്നണിയിൽ രണ്ടാംകക്ഷിയാവാനും മാണിക്ക് കഴിയുമായിരുന്നു. യു.ഡി.എഫില്‍ നിന്നാല്‍ ഒരിക്കലും കെ.എം.മാണിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെ‌ന്നതിനാൽ ജൂബിലി സമ്മേളനത്തിൽ മുന്നണിമാറ്റത്തിന് ആക്ഷൻപ്ളാൻ തയ്യാറായിരുന്നതായാണ് വിവരം. ഇത് കോൺഗ്രസ് മണത്തറിഞ്ഞ് മാണിക്ക് ചെക്ക് വയ്ക്കുകയാരുന്നുവെന്നു വേണം കരുതാൻ. 

ബാറുകാരെ പ്രകോപിപ്പിക്കരുതെന്ന് മാണി
വിജിലൻസിനെ ഉപയോഗിച്ച് കുരുക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാക്രമണത്തിനാണ് മാണി വിഭാഗം ഒരുങ്ങുന്നത്. വിജിലൻസ് അന്വേഷണത്തിന്റെ പുരോഗതി, മാണിക്കെതിരെ ആരോപണമുന്നയിച്ച ബാറുടമ ഡോ.ബിജു രമേശിനെതിരെയുള്ള പരാതി നൽകൽ, ആരോപണത്തിനെതിരെയുള്ള പാർ‌ട്ടി പ്രചാരണം എന്നിവയടക്കം ചർച്ച ചെയ്യുന്നതിന് പാർട്ടിയുടെ അടിയന്തിര ഹൈപ്പവർ കമ്മിറ്റി ബുധനാഴ്ച തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആരെയും പ്രകോപിപ്പിച്ച് പണി വാങ്ങേണ്ടെന്ന നിലപാടാണ് പാർട്ടിക്ക്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ സംയമനം പാലിക്കണമെന്നും കോൺഗ്രസ് നേതാക്കളെ മാത്രമല്ല ഇടതുപക്ഷത്തുള്ളവരെയും പ്രകോപിപ്പിക്കുന്ന തരത്തിൽ സംസാരിക്കരുതെന്ന കർശന നിർദ്ദേശവും മാണി എല്ലാവർക്കും നൽകിയിട്ടുണ്ട്. ചില ഘടകകക്ഷി നേതാക്കളോടും മാണി ഇക്കാര്യം സംസാരിച്ചു. ബാറുടമകളെ പ്രകോപിപ്പിക്കരുതെന്നാണ് മാണി എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. ബാർ കോഴ വിവാദത്തിൽ ഉണ്ടായേക്കാവുന്ന രാഷ്ടീയ പുരോഗതി നോക്കി പ്രതികരിച്ചാൽ മതിയെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. 

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് പാർട്ടി ജനറൽസെക്രട്ടറി ജോയ് എബ്രഹാം എം.പി പ്രതികരിച്ചത്. പാർട്ടി ചെയർമാനെതിരായ ആരോപണം രാഷ്ടീയ പ്രേരിതമാണോ അതോ വ്യക്തിഹത്യ നടത്താനുള്ള നീക്കമായിരുന്നോ എന്ന് പാർട്ടി അന്വേഷിക്കും. ഗൂഢാലോചന നടന്നെന്ന നിഗമനത്തിൽ പാർട്ടി എത്തിയിട്ടുണ്ട്. ആര്, എന്തിന് എന്ന അന്വേഷണവും പാർട്ടിതലത്തിൽ നടത്തും. അന്വേഷണ പുരോഗതി അനുസരിച്ച് എന്തു നിലപാട് സ്വീകരിക്കണമെന്ന് പാർട്ടി തീരുമാനിക്കും.  

മാണിയെ പിന്തുണച്ച് യു.ഡി.എഫ് നേതാക്കൾ രംഗത്തുവരികയും തുടക്കത്തിൽ സി.പി.എം പോലും കടുത്ത നടപടിയിലേക്ക് നീങ്ങാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവാദം പെട്ടെന്നു കെട്ടങ്ങിയേക്കുമെന്ന് പാർട്ടി ആശ്വസിച്ചിരുന്നു . ഇതിനിടെ ആഭ്യന്തരമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന അഭിപ്രായമുള്ള നേതാക്കളുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതോടെ മാണി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കാൻ പ്രതിപക്ഷം നിർബന്ധിതമായി. സർക്കാർ ഇതിന് അവസരമുണ്ടാക്കി കൊടുത്തത് ശരിയായില്ലെന്ന അഭിപ്രായവും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

 

*Views are personal

This post was last modified on November 4, 2014 11:14 am