X

എന്തു സമദൂരം? വല വീശുകയാണ് മാണി സർ

അന്ന എബ്രഹാം

കെഎം മാണി എങ്ങോട്ടെന്ന ചോദ്യത്തിന് താല്‍ക്കാലികമായി വിരാമമായി. സമദൂരത്തിന് എത്ര ദൂരമുണ്ടെന്നാണ് ഇനി ചോദ്യം. യുഡിഎഫില്‍ നിന്നിറങ്ങിയ മാണി ഇനി എങ്ങോട്ടെന്ന നിരന്തര ചോദ്യങ്ങള്‍ വരും. അത് തെരഞ്ഞെടുപ്പ് വരെ നീണ്ടേക്കും. ബാര്‍കോഴയില്‍ ഇടിഞ്ഞു പോയ മാനം തിരിച്ച് പിടിക്കാനുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള മുന്നണി മാറ്റ പദ്ധതിയുടെ ഫലം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വായിച്ചെടുക്കാനായേക്കും.

കെഎം മാണിയെന്ന രാഷ്ട്രീയക്കാരന്‌റെ തന്ത്രങ്ങള്‍ എത്രയോ തവണ കേരള രാഷ്ട്രീയം കണ്ടുപഴകിയതാണ്. മുന്നണിയിലെ  നിന്ദയും അവഗണനയുമാണ് സമദൂരത്തിലേക്കുള്ള വഴി വെട്ടിയതെന്ന് മാണി ആവര്‍ത്തിക്കുമ്പോള്‍ അഴിമതി ആരോപണങ്ങളുടെ കറ വെടിപ്പാക്കാന്‍ വെട്ടുന്ന വഴി കൂടിയാകുന്നുണ്ട് അത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ വരും തെരഞ്ഞെടുപ്പ് വരെയുള്ള ദൂരം അളന്നുതിട്ടപ്പെടുത്തി തന്നെയാണ് മാണി ഇങ്ങനെ പ്രസ്താവിച്ചത്. വിശാല അര്‍ഥത്തില്‍ മാണി വരയ്ക്കുന്ന സമദൂരം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ മുന്നണികളോട് വെക്കുന്ന ആരോഗ്യപരമായ ദൂരമാണ്. വിഷയാധിഷ്ടിതമായ നിലപാടെടുത്ത് നിലനില്‍പ്പുണ്ടാക്കുക എന്ന തന്ത്രം പയറ്റിത്തുടങ്ങാന്‍ അധിക ദൂരം പോകേണ്ടി വരില്ല. അടുത്ത തെരഞ്ഞെടുപ്പ് വരെ ഒറ്റയാള്‍ പോരാട്ടം എന്ന പ്രതിച്ഛായയുടെ ഗുണം ആഘോഷിക്കാന്‍ മാണി ഒരുങ്ങിയിരിക്കണം. ദീര്‍ഘകാല നിലനില്‍പ്പുകള്‍ മുന്നില്‍ കണ്ടുള്ള എങ്ങോട്ടും മാറ്റി ചവിട്ടാനുള്ള കളം ഒരുക്കുകയെന്ന രാഷ്ട്രീയ തന്ത്രം തന്നെ. സമദൂരത്തിന്റെ ദൂരം 2019 വരെ നീണ്ടേക്കാം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ആര്‍ക്കെന്നാണ് ഇനി കാത്തിരിക്കുന്നത്.

എന്‍ഡിഎയോ യുഡിഎഫോ എന്ന് ഒന്നും വ്യക്തമാക്കാതെ കൃത്യമായ അകലം പാലിച്ച് അളന്നു മുറിച്ചുള്ള നീക്കങ്ങളിലൂടെ കളി തുടങ്ങിയെന്ന് ഗാലറിയിലിരിക്കുന്നവരെ അറിയിച്ചുകഴിഞ്ഞു. യുഡിഎഫില്‍ നിന്നുകൊണ്ട് 15 സീറ്റുകളില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ആത്മവിശ്വാസം കൊണ്ടുള്ള രാഷ്ട്രീയക്കളികള്‍. 2005 മുതല്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി, കെഎം മാണി, പികെ കുഞ്ഞാലിക്കുട്ടി സഖ്യത്തില്‍ തന്‍റെ തളര്‍ച്ചകളുടെ ആഴമറിഞ്ഞ് പ്രതിഛായ മിനുക്കാന്‍ ഇറങ്ങേണ്ടത് മാണിയുടെ ആവശ്യമാണ്. വലിയ കക്ഷിയായി കുഞ്ഞാലിക്കുട്ടിയുടെ മുസ്ലിം ലീഗുണ്ട്. പിളരും തോറും വളരുന്ന പാര്‍ട്ടിയെന്ന് മാണി തന്നെ മുമ്പ് പാര്‍ട്ടിയെ വിശേഷിപ്പിച്ചിട്ടുള്ളത്. മുന്നണി വിടുന്നതുകൊണ്ട് നഷ്ടമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന മുന്‍കരുതല്‍ തന്ത്രം മാണി കണക്കുക്കൂട്ടിയിട്ടുണ്ട്. ബാര്‍ക്കോഴക്കേസില്‍ കോടതി പരാമര്‍ശം എതിരായപ്പോള്‍ മാണിക്കൊപ്പം പിജെ ജോസഫും രാജിവെക്കണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. പിജെ ജോസഫിന്റെ് മലയോര കുടിയേറ്റ കര്‍ഷകരുടെയും കത്തോലിക്കാ സഭയുടെയും പിന്തുണ അങ്ങനെയങ്ങ് തള്ളിക്കയാവുന്നതല്ല. അതുകൊണ്ട് തന്നെ ജോസഫിന്‌റെ പിന്തുണയില്‍ മാണി പ്രതീക്ഷ വയ്ക്കുന്നു.

കേരള കോണ്‍ഗ്രസ് മാണിയുടെ നീക്കങ്ങള്‍ ഇന്നേവരെ പള്ളിയും പട്ടക്കാരും അറിയാതെ പോയിട്ടില്ല. എന്‍എസ്എസുമായും ഇത്തരത്തിലൊരു ബന്ധം പാര്‍ട്ടി എക്കാലത്തും പുലര്‍ത്തിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയൊഴികെ. ക്രിസ്ത്യന്‍ വോട്ട് ബാങ്കിന്‌റെ നല്ല ഇടയന്‍ തന്നെയായിരുന്നു എന്നും കെഎം മാണി. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. സഭ അറിഞ്ഞിട്ടില്ല മാണിയുടെ മുന്നണി വിടല്‍. ഇവിടെയാണ് എന്‍ഡിഎ യിലേക്കുള്ള കൂടുമാറ്റത്തിന്റെ രഹസ്യം പുകയുന്നത്. ക്രിസ്ത്യന്‍ വോട്ട് കേരളത്തില്‍ ബിജെപി ലക്ഷ്യമിടുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം പാലിക്കാനുള്ള കുമ്മനത്തിന്റെ വഴികള്‍ മാണിയിലേക്ക് എത്താനുള്ള സാധ്യതകളും തള്ളാനാവില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ മാധ്യമങ്ങള്‍ കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിനും ചരല്‍കുന്നിലും മാണിയിലുമായിരുന്നു. എവിടെ എങ്ങനെ പിആര്‍ വര്‍ക്ക് നടത്തണമെന്ന തന്ത്രം മാണി കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. ഇനിയും തുടര്‍ച്ചയായി മഞ്ഞ വെളിച്ചങ്ങള്‍ മാണിയെ പിന്തുടരും. ഒറ്റയ്ക്ക് നിന്നൊരു പ്രതിഛായ കോഴ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടലിനുമുള്ള കൃത്യമായ നീക്കമാക്കിയേക്കാം. അടുത്ത തെരഞ്ഞെടുപ്പിനുള്ളില്‍ ബാര്‍കോഴ ആരോപണ വിവാദങ്ങള്‍ മായ്ച്ച് കളയാമെന്നുതന്നെയാണ് മാണി കരുതുന്നത്. മുമ്പ് ഇടതുപക്ഷത്ത് നിന്ന് രായ്ക്ക് രാമാനം പടിയിറങ്ങിയ മാണിയെ കേരളം മറന്നിട്ടില്ല. വിഎം സുധീരനുമായും സഹകരിക്കാത്ത സ്ഥിതിക്ക് ഇത്ര ഉറപ്പുള്ള ഒരു തന്ത്രം മെനയാമെങ്കില്‍ കെഎം മാണി എന്ന രാഷ്ട്രീയക്കാരന്‍ മുന്നോട്ടുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ എവിടെ എങ്ങനെ കല്ലെറിയണമെന്ന് ഉറപ്പിച്ച് തന്നെയാണ്. എല്‍ഡിഎഫിനെയോ എന്‍ഡിഎയോ തള്ളിപ്പറഞ്ഞിട്ടില്ല. ഒറ്റയ്ക്കുള്ള പ്രതിഛായയില്‍ ആരെയും തള്ളിപ്പറയാം, കൂട്ടു കൂടാം. എല്ലാ സാധ്യതകളും നിലനിര്‍ത്തി തന്നെയുള്ള വലവീശല്‍.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on August 7, 2016 8:38 am