X

വെളളമടിച്ചാണേല്‍ കേറണ്ട; മെട്രോയില്‍ കാര്യങ്ങള്‍ സ്ട്രിക്റ്റ് ആണ്

യാത്രക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍

മെട്രോയില്‍ കയറാന്‍ കാത്തിരിക്കുന്നവര്‍ ഒന്നറിയുക, ഇതൊരു മുന്നറിയിപ്പ് കൂടിയാണ്; വെള്ളമടിച്ച് കയറരുത്, എന്തിനേറെ മദ്യ കുപ്പിപോലും കൈവശം വയ്ക്കരുത്. നിഷേധിക്കാനാണു ഭാവമെങ്കില്‍ നിങ്ങളുടെ യാത്ര പാതിവഴിയില്‍ തീരും. പച്ചമലയാളത്തില്‍ പറയുകയാണെങ്കില്‍ ട്രെയിനില്‍ നിന്നും ഇറക്കിവിടും. കൊച്ചി മെട്രോയെക്കുറിച്ച് മാതൃഭൂമി ഇന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വാര്‍ത്തയിലാണു മദ്യപാനികള്‍ക്കുള്ള മുന്നറിയിപ്പ് ഉള്ളത്.

വിമാനത്താവള മാതൃകയിലാണു മെട്രോയിലെ സുരക്ഷപരിശോധന ഒരുക്കിയിരിക്കുന്നതെന്നു മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു. ബാഗുകളുടെ പരിശോധനയ്‌ക്കൊപ്പം യാത്രക്കാരെയും നിരീക്ഷിക്കും. മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ യാത്ര തുടരാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ യാത്ര തടയാന്‍ വ്യവസ്ഥയുണ്ടെന്നു മെട്രോ അധികൃതര്‍ പറഞ്ഞതായും വാര്‍ത്തയില്‍ പറയുന്നു. മദ്യ കുപ്പികളുമായും യാത്ര അനുവദിക്കില്ല. മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ 500 രൂപ പിഴയൊടുക്കണം. പുകവലിക്കാനും അനുവാദമില്ല.

യാത്രക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേകസംഘം മെട്രോയിലുണ്ട്. ഇതിനു പുറമെ എല്ലായിടത്തും സുരക്ഷാ കാമറകളുമുണ്ട്. മുട്ടത്തെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ ഇരുന്നാല്‍ ഓരോ സ്‌റ്റേഷനുകളിലും ട്രെയിനിലുമെല്ലാം നടക്കുന്ന കാര്യങ്ങള്‍ കാണാനാകും. സ്ത്രീകളുടെ സുരക്ഷമുന്‍നിര്‍ത്തി പ്രത്യേകസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

സഹയാത്രക്കാരെ ഉപദ്രവിക്കുകയോ ട്രെയിനിനുള്ളില്‍ അപകരമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ തടവ് ശിക്ഷവരെ കിട്ടും. ട്രെയിനിനകം കുത്തിവരയ്ക്കുകയോ വൃത്തികേടാക്കുകയോ ചെയ്താലും ആയിരം രൂപ പിഴ, തടവ് ശിക്ഷയും ലഭിക്കാം.

This post was last modified on May 29, 2017 8:24 am