X

കളക്ടര്‍ ‘ബ്രോ’യുടെ ചില കോഴിക്കോടന്‍ പരീക്ഷണങ്ങള്‍

സുഫാദ് ഇ മുണ്ടക്കൈ

താന്‍ വഹിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങളുടെ ആര്‍ഭാടമോ അഹങ്കാരമോ കാണിക്കാതെ പരിമിതമായ തന്റെ സേവന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുതന്നെ സുതാര്യമായി പ്രവര്‍ത്തിച്ച് കേരളത്തിന്റെ കയ്യടി നേടുന്ന കോഴിക്കോടിന്റെ സ്വന്തം ‘കളക്ടര്‍ ബ്രോ’യാണ് എന്‍ പ്രശാന്ത്. സ്വന്തം ജില്ലയിലെ കളക്ടറുടെ പേരറിയില്ലെങ്കില്‍ പോലും കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് കേരളത്തില്‍ ഇന്ന് ഏവര്‍ക്കും സുപരിചിതനാണ്. സാമൂഹ്യ ഇടപെടലുകളും സോഷ്യല്‍ മീഡിയയുമാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. ആദ്യം ഫേസ്ബുക്കിലെ സ്വന്തം പേജിലൂടെയും പിന്നീട് കളക്ടര്‍, കോഴിക്കോട് എന്ന അനൗദ്യോഗിക പേജിലൂടെയുമാണ് പല ജനകീയ പദ്ധതികളും പ്രശാന്ത് ജനങ്ങളിലേക്ക് എത്തിക്കുന്നത്. വികസനവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും, ആരോഗ്യകരമായ അഭിപ്രായങ്ങളും ആശയങ്ങളും ആരില്‍നിന്നും സ്വീകരിക്കുന്നതിലും യാതൊരു മടിയും കളക്ടര്‍ കാണിക്കാറില്ല. ‘കംപാഷനേറ്റ് കോഴിക്കോട്’ എന്ന പദ്ധതിയുടെ ഭാഗമായി ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

കോഴിപ്പീഡിയ
കോഴിക്കോടിനെ കുറിച്ച് ജനങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പുതിയ കാര്യങ്ങളും പങ്കുവയ്ക്കുന്നതിനായുള്ള ഒരു വേദിയാണ് കോഴിപ്പീഡിയ. കോഴിക്കോടിന്റെ കൂടെ വിക്കീപീഡിയ കൂടി ചേര്‍ത്താണ് രസകരമായ ഈ പേരിട്ടിരിക്കുന്നത്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങള്‍ വികസന പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ പൊതുലഭ്യത ഉറപ്പു വരുത്തുന്നതിനും ഉപയോഗിക്കുന്നത് മുതല്‍ ടൂറിസം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും കളക്ടര്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നു.

ഓപ്പറേഷന്‍ സുലൈമാനി
അന്നത്തിന് വകതേടുന്നവര്‍ക്ക് അതെത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ സുലൈമാനി. ഉസ്താദ് ഹോട്ടല്‍ എന്ന അഞ്ജലി മേനോന്‍ ഛിത്രത്തില്‍ നിന്നാണ് സുലൈമാനി എന്ന പേര് കടം കൊണ്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടം നഗരത്തിലെ ഹോട്ടലുകളുമായി ചേര്‍ന്ന് എന്‍.ജി.ഓകളുടേയും വ്യവസായികളുടേയും സഹായത്തോടെ ആരംഭിച്ചു. ദരിദ്രരായ ആളുകളെ മാത്രം ഉദ്ദേശിച്ച് നടത്തുന്ന പദ്ധതിയായതിനാല്‍ ദുരുപയോഗം തടയുന്നതിനായി കൂപ്പണ്‍ സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച് പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏത് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാം. പൊതുസമൂഹവും ഹോട്ടല്‍ വ്യവസായികളും കളക്ടര്‍ക്ക് മികച്ചപിന്തുണയാണ് നല്കുന്നത്. നിലവില്‍ കോഴിക്കോട്, വടകര, ബാലുശ്ശേരി, കുറ്റ്യാടി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. ഹോട്ടലുകളുടെ ലിസ്റ്റ് കളക്ടറുടെ ഫേസ്ബുക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

“ഞങ്ങള്‍ക്കും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരവസരമാണിത്. ഈ പദ്ധതിയില്‍ പങ്കാളിയാകുന്നതുകൊണ്ട് യാതൊരു വിധ സാമ്പത്തിക നഷ്ടവും ഉണ്ടാവാനിടയില്ല. വളരെ കുറച്ചു ഹോട്ടലുടമകള്‍ മാത്രമാണ് ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇത് ജില്ലയിലെ മുഴുവന്‍ പട്ടിണിപാവങ്ങളുടേയും വിശപ്പകറ്റാന്‍ അപര്യാപ്തമാണ്, അതുകൊണ്ട് കൂടുതല്‍ ഹോട്ടലുകള്‍ ഈ പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ട്”. കോഴിക്കോട്ടെ ഹോട്ടല്‍ വ്യവസായി എം ജാഫര്‍ പറയുന്നു. “മുന്‍പും പല സന്നദ്ധ സംഘടനകളും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. പക്ഷെ അതിനെല്ലാം പരിമിതികള്‍ ഒരുപാടുണ്ടായിരുന്നു. ഇതിപ്പോള്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുന്നത് കൊണ്ട് അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്”.

സവാരി ഗിരി ഗിരി
സ്‌കൂള്‍ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കൊണ്ടുവന്ന പദ്ധതിയാണ് സവാരി ഗിരി ഗിരി. സ്വകാര്യ ബസ്സുടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്‍സഷന്‍ മൂലം ബസ്സുടമകള്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാവുന്നു എന്ന വാദങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് ജില്ലാ ഭരണകൂടം കണക്കുകൂട്ടുന്നത്. മാത്രവുമല്ല, വിദ്യാര്‍ത്ഥികളോടുള്ള ബസ്സുടമകളുടെ മോശം പെരുമാറ്റത്തിനും ഇതോടെ പരിഹാരമാകും. ജില്ലയിലെ മൂന്ന് ബസ് അസോസിയേഷനുകള്‍ വഴിയാണ് പദ്ധതി നടപ്പാവുക. ഒരു അസോസിയേഷനിലും അംഗമല്ലാത്ത ബസ്സുടമകളും ഇതിനോട് പൂര്‍ണ്ണമായും സഹകരിക്കേണ്ടിവരും. കണ്‍സഷന്‍ മൂലമുണ്ടാകുന്ന നഷ്ടം ബസ്സുടമകള്‍ക്കിടയില്‍ തുല്യമായി വീതിക്കുന്നതാണ് പുതിയ പദ്ധതി. ഇതിന് പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൊണ്ടുവരും. ഭാവിയില്‍ സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായം മറ്റു യാത്രക്കാരിലേക്കും വ്യാപിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

“വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് കുറേകാലങ്ങളായി ബസ്സുടമകള്‍ക്ക് വലിയതോതിലുള്ള സാമ്പത്തിക ബാധ്യതയാണ് സമ്മാനിക്കുന്നത്. മാറിമാറി വരുന്ന എല്ലാ ഭരണകൂടങ്ങളോടും പലകുറി ആവശ്യപ്പെട്ടിട്ടും സമരങ്ങള്‍ നടത്തിയിട്ടും ഇതുവരെ ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കളക്ടര്‍ മുന്നോട്ടു വയ്ക്കുന്ന പുതിയ ആശയം വളരെ സ്വാഗതാര്‍ഹമാണ്” കോഴിക്കോട്ടെ ബസ്സുടമ മുഹമ്മദ് കുട്ടി പറയുന്നു. 

ഹേയ് ഓട്ടോ!
നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായുള്ള പദ്ധതിയാണ് ഹേയ് ഓട്ടോ! ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വഴി ഓട്ടോറിക്ഷ വിളിക്കാനുള്ള മാര്‍ഗ്ഗമാണിത്. ഈ ആപ്ലിക്കേഷന്‍ വഴി ആവശ്യക്കാര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത് പാര്‍ക്ക്‌ചെയ്തിട്ടുള്ള ഓട്ടൊ കണ്ടെത്താം. നിലവില്‍ നൂറോളം ഓട്ടോകള്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സേവനം നല്‍കുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ കൂടുതല്‍പ്പേരിലേക്ക് എത്തിക്കുമെന്ന് അധികൃതര്‍ പറയുന്നു. സര്‍വീസ് വിലയിരുത്തി റേറ്റിംഗ് നല്‍കാനും ആപ്ലിക്കേഷനില്‍ ഒപ്ഷന്‍ ഉണ്ട്.

“സംഗതി കിടിലന്‍ ഐഡിയയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓട്ടോ ഡ്രൈവറായ എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായൊരു അനുഭവമാണിത്. മുന്‍പ് കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഫോണ്‍ വിളിച്ച് ഓട്ടോ വിളിക്കുമായിരുന്നുള്ളൂ. ഇതിപ്പോള്‍ സിറ്റിയില്‍നിന്ന് ആര്‍ക്കും എവിടെ നിന്നും ഓട്ടോ ടാക്‌സി വിളിക്കാം. സ്റ്റാന്റില്‍ വെറുതേ കെട്ടിക്കിടക്കുമ്പോഴായിരിക്കും ആശ്വാസത്തിന്റെ ഈ വിളിയുണ്ടാവുക”. ഓട്ടോ ഡ്രൈവര്‍ രാഖില്‍ നാഥ് പറയുന്നു. 

ഫേസ്ബുക്കിലെ ഒരൊറ്റ ആഹ്വാനം കൊണ്ട്മാത്രം കോഴിക്കോട് കടപ്പുറം വൃത്തിയാക്കല്‍ യജ്ഞം വമ്പിച്ച പൊതുജന പങ്കാളിത്തത്തോടെ നടത്താനും, ഗ്യാസ് ടാങ്കര്‍ ദുരന്തങ്ങള്‍ തടയുന്നതിന് വേണ്ടി മുന്‍കരുതല്‍ നടപടികളെടുത്തപ്പോഴും, മഴയില്‍ കുളിച്ചു കിടക്കുന്ന കോഴിക്കോടിന്റെ ദൃശ്യ ഭംഗി പകര്‍ത്തിയവര്‍ക്കായി ജില്ലാതല മത്സരം സംഘടിപ്പിച്ചപ്പോഴും വന്‍ ജനസ്വീകാര്യതയാണ് ലഭിച്ചത്. 

അതിനിടെ ചില ആക്ഷേപങ്ങളും കളക്ടര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു. ‘സോഷ്യല്‍ മീഡിയകളില്‍ സജീവമായി ഇടപെടുന്ന കളക്ടര്‍ക്ക് ജനപ്രതിനിധികളുമായി സംവദിക്കാന്‍ നേരമില്ലെന്നും ഫേസ്ബുക്ക് ലൈക്കുകളിലും കമന്റുകളിലും അഭിരമിക്കുകക’യാണെന്നും കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ജനപ്രതിനിധികളെക്കാള്‍ കയ്യടി നേടാനും പൊതുസ്വീകാര്യനാവാനും കളക്ടര്‍ക്ക് സാധിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് കെ സി അബുവിനെപോലുള്ളവര്‍ കാണിക്കുന്നതെന്നാണ് കളക്ടറെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നിരുന്നാലും, ഔദ്യോഗിക ജോലി കഴിഞ്ഞു മാത്രമേ ഉദ്ഘാടന പരിപാടികളടക്കം മറ്റേത് പരിപാടികളിലും പങ്കെടുക്കൂ എന്ന് നയം വ്യക്തമാക്കുമ്പോഴും, ആഹ്വാനങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമുപരി ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കുമ്പോഴും, പദവി നോക്കാതെ സാമൂഹ്യപ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടെടുക്കുമ്പോഴും എന്‍ പ്രശാന്ത് മറ്റുള്ള ബ്യുറോക്രാറ്റുകളില്‍നിന്നും ജനപ്രതിനിധികളില്‍ നിന്നും വ്യത്യസ്തനാവുകയാണ്. അതുകൊണ്ടാണ് കോഴിക്കോട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ സ്വന്തം ‘കളക്ടര്‍ ബ്രോ’ എന്ന് വിളിക്കുന്നത്.

(കോഴിക്കോട് സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 26, 2015 10:25 am