X

ചരിത്രത്തില്‍ ഇന്ന്: ക്രാക്കത്താവോ അഗ്നിപര്‍വത സ്‌ഫോടനവും ഋഷികേശ് മുഖര്‍ജിയുടെ മരണവും

1883 ആഗസ്ത് 27
ചരിത്രത്തില്‍ ഇന്ന്: ക്രാക്കത്താവോ അഗ്നിപര്‍വത സ്‌ഫോടനവും ഋഷികേശ് മുഖര്‍ജിയുടെ മരണവും അഗ്നിപര്‍വത സ്‌ഫോടനം

ഇന്ത്യോനേഷ്യയുടെ പടിഞ്ഞാറുള്ള സുമാത്രയിലെ ക്രാക്കത്താവോ എന്ന ജനവാസമില്ലാത്ത ദ്വീപിലെ ക്രാക്കത്തോവോ അഗ്നിപര്‍വ്വതം 1883 ആഗസ്ത് 27 ന് പൊട്ടിത്തെറിച്ചു. മാനവചരിത്ത്രിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്‌ഫോടനമായാണ് ഇതിനെ കാണുന്നത്. 3000 മൈല്‍ അകലെവരെ അഗ്നിപര്‍വതസ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു. സ്‌ഫോടനത്തിന്റെ ഫലമായി 120 അടി ഉയരത്തില്‍ സുനാമി അടിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. 36,000 ജനങ്ങള്‍ക്ക് അന്ന് ജീവഹാനി സംഭവിച്ചു.

ഈ സ്‌ഫോടനം നടക്കുന്നതിന് മൂന്നുമാസം മുമ്പ് 1883 മേയ് 20 ന് ഒരു ജര്‍മ്മന്‍ പടക്കപ്പല്‍ ക്രാക്കത്താവോ ദ്വീപില്‍ നിന്ന് ഏഴ് മൈല്‍ ഉയരത്തില്‍ ചാരവും പൊടിയും ഉയരുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവിക്കാന്‍പോകുന്ന ദുരന്തത്തിന്റെ ആദ്യസൂചനയായിരുന്നു ഇത്. പല ആകാശയാത്രികര്‍ക്കും സുമാത്രയിലെയും ജാവയിലെയും നിവാസികള്‍ക്കും ക്രാക്കത്തോവോ അഗ്നിപര്‍വ്വതം തിളച്ചുമറിയുന്നതിന്റെ അപായസൂചനകള്‍ കിട്ടിയിരുന്നു. എന്നാല്‍ മഹാദുരന്തത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാങ്കേതികവിദ്യകള്‍ വളര്‍ച്ചയിലെത്താതിരുന്ന അന്നത്തെ സാഹചര്യത്തില്‍ കഴിയാതെ വരികയായിരുന്നു.

ആഗസ്ത് 26, 27 തീയതികളിലായാണ് അഗ്നിപര്‍വത സ്‌ഫോടനം നടന്നത്. ഈ പ്രകൃതിദുരന്തത്തിന്റെ ആഘാതം പ്രഭവകേന്ദ്രത്തിനും വളരെ അകലെയുള്ള പ്രദേശങ്ങളെപ്പോലും ബാധിച്ചു. അഗ്നിപര്‍വത സ്‌ഫോടനവും അതിനെത്തുടര്‍ന്നുണ്ടായ സുനാമിയിലും പെട്ട് അന്ന് മണ്‍മറഞ്ഞത് 36,000 മനുഷ്യരാണ്. ഇപ്പോഴും മറ്റൊരു ദുരന്തത്തിനെന്നപോലെ പുകഞ്ഞ് നില്‍ക്കുകയാണ് ക്രാക്കത്താവോ അഗ്നിപര്‍വതം. സജീവമായി നില്‍ക്കുന്ന അഗ്നിപര്‍വതങ്ങളുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലാണ് ഇന്തോനേഷ്യ.

2014 ആഗസ്ത് 27 
ഋഷികേശ് മുഖര്‍ജി അന്തരിച്ചു

ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ ഋഷികേശ് മുഖര്‍ജി 2014 ആഗസ്ത് 27 ന് അന്തരിച്ചു. ഹിന്ദി സിനിമാലോകം വേണ്ടവിധത്തില്‍ പരിഗണനകൊടുക്കാതെ പോയ ഋഷികേശ് മുഖര്‍ജി തന്റെ ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് ഹിന്ദി സിനിമാ പ്രേക്ഷകരുടെ മുഖത്ത് തന്നെക്കുറിച്ചുള്ള ഓര്‍മ്മകളുടെ മാന്യമായൊരു പുഞ്ചിരി അവശേഷിപ്പിച്ചിട്ടാണ്.

ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വ്യക്തിവിശേഷങ്ങളെയും വികാരങ്ങളെയും അവയിലെ അയുക്തികളെയും പ്രതിപാദിക്കുന്ന സിനിമകളായിരുന്നു ഋഷികേശ് മുഖര്‍ജിയുടെത്. 42 വര്‍ഷത്തോളം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണവും 42 ആയിരുന്നു. വന്‍സാമ്പത്തികനേട്ടങ്ങളുണ്ടാക്കിയ ചിത്രങ്ങളായിരുന്നില്ല മുഖര്‍ജിയുടെത്. എന്നാല്‍ അവയെല്ലാം തന്നെ പ്രേക്ഷകന്റെ ഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയായിരുന്നു.

പ്രശസ്ത സംവിധായകനായ ബിമല്‍ റോയിയുടെ അസിസ്റ്റന്റായി 1951 ല്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ക്ലാസിക് ചിത്രങ്ങളായ ദോ ഭീഗ സമീന്‍. ദേവ്ദാസ് എന്നിവയില്‍ വര്‍ക്ക് ചെയ്യാനും ഋഷികേശ് മുഖര്‍ജിക്ക് അവസരം ലഭിച്ചിരുന്നു.1957 ല്‍ ഇറങ്ങിയ മുസാഫിര്‍ ആയിരുന്നു ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആദ്യസിനിമ. ഈ ചിത്രം ഒരു പരാജയമായിരുന്നു. 1959 ല്‍ രാജ്കപൂറിനെയും നൂതനെയും വച്ച് എടുത്ത ‘അനാരി’ ഋഷികേശ് മുഖര്‍ജിയിലെ സംവിധായകന് ഹിന്ദി സിനിമാലോകത്ത് ഒരിടം നല്‍കി. അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകളാണ് ‘അനാരി’ സ്വന്തമാക്കിയത്.


ധര്‍മേന്ദ്ര, അമിതാഭ് ബച്ചന്‍, രാജേഷ് ഖന്ന എന്നിവരെ നായകന്മാരാക്കി ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത അനുരാധ, ഗോല്‍മാല്‍, ആനന്ദ്, അസ്‌ലി-നഖ്‌ലി, ബവാര്‍ചി, നമക് ഹറാം, മിലി ഗുഡി, ഖുബ്‌സൂരത് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മികച്ച സിനിമകളായിരുന്നു. ഹിന്ദി സിനിമാലോകത്ത് തന്റെതായൊരു അടയാളം രേഖപ്പെടുത്തിയിട്ടാണ് ഋഷികേശ് മുഖര്‍ജി മറഞ്ഞത്.

This post was last modified on August 27, 2014 7:14 am