X

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രവാസികളെ രാജ്യത്തു നിന്ന് മടക്കി അയക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

മൂന്ന് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പ്രവാസികളെ മടക്കി അയയ്ക്കാനുള്ള ഒരു പദ്ധതിക്ക് കുവൈറ്റ് രൂപം നല്‍കുന്നു. പോലീസിനെ ആക്രമിക്കല്‍, സംഘട്ടനങ്ങളിലോ കൊലപാതകശ്രമത്തിലോ ഉള്‍പ്പെടുക, കടുത്ത ട്രാഫിക് നിയമലംഘനം നടത്തുക, നിയമങ്ങള്‍ അനുസരിക്കാതിരിക്കുക, മയക്കുമരുന്നുകള്‍ സൂക്ഷിക്കുക തുടങ്ങിയവയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കുറ്റകൃത്യങ്ങള്‍ തടയുക, നിയമപാലനം കര്‍ക്കശമാക്കുക, പോലീസ് സേനയ്ക്ക് ബഹുമാനം ലഭ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ആഭ്യന്തര മന്ത്രാലയം മടക്കി അയയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

കോടതിയിലുള്ള കേസുകളുടെ വിധിയോ കോടതി പുറത്തുള്ള ഒത്തുതീര്‍പ്പുകളോ വരുന്നത് വരെ കാത്തിരിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ല. കുറ്റാരോപിതനായ വ്യക്തിയെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുന്നതാണ് കുറ്റകൃത്യം തടയാനുള്ള ഏറ്റവും വലിയ വഴിയെന്ന് മന്ത്രാലയം കരുതുന്നു. 

വിവിധ രാജ്യങ്ങളിലുള്ള പ്രവാസികളാണ് കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഇടപഴകുന്നത് എന്ന് കാണിക്കുന്ന ചില പഠനങ്ങള്‍ പുറത്തുവന്നതാണ് മന്ത്രാലയത്തെ മടക്കി അയയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. 

കുവൈറ്റിലെ ജനസംഖ്യയുടെ മുന്നില്‍ രണ്ടും പ്രവാസികളാണ്. ഏഷ്യന്‍ ഗാര്‍ഹിക തൊഴിലാളികളും നിര്‍മ്മാണമേഖലയിലെ സഹായികളുമാണ് ഇവരില്‍ ഭൂരിപക്ഷവും.

 

This post was last modified on April 19, 2015 2:56 pm