X

ഗതിയില്ലാ പ്രേതം പോലെ അലയുന്ന ആ ചെക്ക്; ആത്മശാന്തിക്കായി ലാലിസത്തിന് ചില ശേഷക്രിയകള്‍

എഡ്ഡി ഐസക്ക്

കൊട്ടും കുരവയും ബാന്റ് സംഘവും ആയി ദേശീയ ഗെയിംസിൽ ലാലിസം കൊണ്ടാടിയെങ്കിലും കണക്കിലെ കളി വരുമ്പോൾ ഇത് ഉജാലയോ ഏഷ്യാനെറ്റോ പോലെയല്ല എന്ന് സൂപ്പർ താരത്തിനു വളരെ പെട്ടെന്നു തന്നെ പിടികിട്ടി. സര്‍ക്കാരിന്റെ പൈസാ ആകുമ്പോൾ ആരെങ്കിലും ഒരു കേസ് കൊടുത്താൽ മതി, വിജിലൻസ് ഓടി പാഞ്ഞിങ്ങുവരും. പിന്നെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കിടക്കുന്ന സകല കണക്കുകളും അവരുടെ മുന്‍പിൽ തുറന്നിടേണ്ടി വരും.

കള്ളപ്പണം, വെള്ളപ്പണം എന്നിങ്ങനെ പലയിനം പലയിടത്തുമായി കിടപ്പുണ്ടെങ്കിലും ഇതിനെ ഒക്കെ ഒന്നു വേർതിരിച്ചെടുക്കാനുള്ള യന്ത്രം സാക്ഷാൽ മാണി സാറിന്റെ  കൈവശം പോലും ഇല്ലത്രെ. പണ്ട് ഇതുപോലെ ഇൻകംടാക്സ്കാർ വന്നപ്പോൾ വിശന്നു വന്ന നായക്കുട്ടിക്കു മുന്നിൽ എല്ലിൻ കഷണം എറിഞ്ഞു കൊടുക്കുന്നതു  പോലെ ഒരു ആനക്കൊമ്പ് ഇട്ടു കൊടുക്കുകയും അവർ അതിനു പിറകെ പോകുകയും ചെയ്തു. പിന്നെ ആനക്കാരൻ  മന്ത്രി അത് ആനക്കൊമ്പല്ലെന്നും  കുഴിയാനയുടെ കൊമ്പാണെന്നും   വരുത്തി തീര്‍ത്തതുകൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു. മന്ത്രി ആണെങ്കിൽ ഇപ്പോൾ സ്ഥാനം നഷ്ടപ്പെട്ട് യുഡിഎഫിന്റെ പുറമ്പോക്കു ഭൂമിയിലെയും എൽഡിഎഫിന്റെ അതിർത്തിക്കും  ഇടയിലുള്ള കയ്യാലപ്പുറത്ത് “ഇപ്പോ ചാടും , ഇപ്പോ ചാടും” എന്ന് പുലഭ്യം പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതല്ലാതെ ആരും മൈൻഡു ചെയ്യുന്നില്ല. പിള്ളയും, പിള്ളയുടെ പിള്ളയും എല്ലാവരും ഒരുമിച്ച് ഉണ്ടെന്നുള്ളതാണ് ഇത്തവണത്തെ ഏക ആശ്വാസം. അച്ചുമാമൻ  തൊണ്ടയിൽ ടൈമർ അലാറം വച്ചിട്ടുള്ളതു  പോലെ ഇടക്കിടക്ക്  “സി ബി ഐ, സി ബി ഐ ” എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്.

ഡെൽഹിയിലുള്ള സുഹൃത്തായ ഇന്നച്ചൻ ബി ജെ പി ക്കാരെ കാണുമ്പോൾ “ദുശ്മൻ ദുശ്മൻ” എന്ന് നിലവിളിച്ചു ഓടി ഒളിക്കുന്നതല്ലാതെ ഇതുവരെ ഹിന്ദിയിൽ ഒരു കാച്ചു കാച്ചാനുള്ള പ്രാപ്തി ആയില്ല. അതുമല്ല ബിജെപിക്കാരെ കാണുമ്പോൾ അവരുടെ തോളിൽ കൈ വയ്ക്കുകയോ ചിരിക്കുകയോ ചെയ്യരുതെന്നാണ് നാട്ടിലുള്ള (പിണ)റായി സാബിന്റെ ഓർഡർ.

ഏതായാലും ഈ പുലിവാലിൽ നിന്ന് രക്ഷപ്പെടാനാണ് കിട്ടിയ കാശ് തിരിച്ചു കൊടുക്കാമെന്നു വച്ചത്. എന്നാൽ അതു മേടിക്കില്ല എന്നു പറഞ്ഞു മുഖ്യനും കരിക്കിൻ വെള്ളം മാത്രം കുടിക്കുന്ന കായിക മന്ത്രിയും വീണ്ടും താരത്തെ ബുദ്ധിമുട്ടിക്കുന്നു. ചെക്ക് കയ്യിൽ മേടിച്ച ഗെയിംസ് സിഇഒ എന്ത് ചെയ്യണമെന്നറിയാതെ അതു വീശി ഇളം കാറ്റേൽക്കുന്നു.

ഏതായാലും ഗതിയില്ലാ പ്രേതം പോലെ അലയുന്ന ഈ ചെക്കിനു ആത്മശാന്തി  ലഭിക്കാൻ ഇനിയെങ്കിലും അകാല ചരമം അടഞ്ഞ ലാലിസം ബാന്റിന്  വേണ്ട ശേഷക്രിയകൾ നടത്താൻ വേണ്ടപ്പെട്ടവർ   തയ്യാറാകും എന്നു പ്രതീക്ഷിക്കാം.

(അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ലേഖകന്‍)

*Views are Personal

 

This post was last modified on February 7, 2015 12:01 pm

Related Post
Leave a Comment