X

പകവീട്ടലിന്റെ തുടര്‍ക്കഥ; ചെമ്പുതെളിയുന്ന ബി ജെ പി – ആര്‍ എസ് എസ് ദേശീയത

അരുണ്‍ ജെയ്റ്റ്‌ലി സുഷമ സ്വരാജിന് പാരവച്ചു. റൂപര്‍ട് മുര്‍ഡോക് ലളിത് മോദിക്ക് പാരവച്ചു. ലളിത് മോദി വസുന്ധര രാജെയ്ക്ക് പാരവച്ചു. ബി ജെ പി – ആര്‍ എസ്എസ് നേതൃത്വം ഇന്ത്യയ്ക്ക് പാരവച്ചു. ഒടുവില്‍ പാരകള്‍ ഒന്നായി. കള്ളനും കൊള്ളക്കാരനും വേണ്ടി മാത്രം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഉയര്‍ത്തിപിടിക്കുന്ന ‘മാനുഷിക പരിഗണന’യെ എല്ലാവരും ചേര്‍ന്ന് വാഴ്ത്തി. പോരാത്തതിന് യോഗാഭ്യാസത്തിലൂടെ എല്ലാ അഭ്യാസത്തിന്റെയും തലയില്‍ കയറിനിന്ന് ലോകറിക്കാര്‍ഡിട്ടു. ഭാരതാംബയുടെ സ്വന്തം മക്കളുടെ ‘സ്വയംസേവന’ കണ്ട് മാതൃകാരാജ്യം കോരിത്തരിച്ചുനില്‍ക്കുന്നു. ഭാരത് മാതാ കീ ജയ്!

സുഷമ സ്വരാജ് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 25-ാമത്തെ വയസ്സില്‍ ഹരിയാന മന്ത്രിസഭയിലെ അംഗമായ സുഷമ ദില്ലി മുഖ്യമന്ത്രിയുമായിട്ടുണ്ട് (1998-ല്‍). ഏഴു പ്രാവശ്യം ലോകസഭയിലേക്കും മൂന്നു പ്രാവശ്യം ഹരിയാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 27-ാമത്തെ വയസ്സില്‍ ഹരിയാനയിലെ ജനതാപാര്‍ട്ടി പ്രസിഡന്റായി. എന്നാല്‍, ജയ്റ്റ്‌ലി ഇതൊന്നുമായിരുന്നില്ല. പാര്‍ലമെന്റില്‍ എത്തിയത് രാജ്യസഭ വഴിമാത്രം. 2014 -ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമൃത്‌സറില്‍ നിന്ന് മത്സരിച്ചു. പക്ഷെ, രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്ന ജയ്റ്റ്‌ലി തോറ്റു. അമൃത്‌സറിലെ സിറ്റിംഗ് എം പി ആയിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മാറ്റിനിര്‍ത്തിയിട്ടാണ് ബി ജെ പി ജെയ്റ്റ്‌ലിയെ മത്സരിപ്പിച്ചത്. പക്ഷെ, ജനം ജയ്റ്റ്‌ലിയെ തോല്‍പിച്ചു. കോണ്‍ഗ്രസിനെതിരെ വീശീയ രാഷ്ട്രീയ സുനാമിക്കുപോലും ജയ്റ്റ്‌ലിയെ സഹായിക്കാനായില്ല. അമൃത്‌സറില്‍ ജയ്റ്റ്‌ലിയെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാരനായിരുന്നു. അത്രയ്ക്കുണ്ട് ജയ്റ്റ്‌ലിയുടെ ജനസമ്പര്‍ക്കം. ആ ജയ്റ്റ്‌ലി ഇന്ത്യന്‍ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നു. അതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ തുടക്കം. 

തെരഞ്ഞെടുപ്പില്‍ തോറ്റ ജയ്റ്റ്‌ലിയെ മോദി മന്ത്രിസഭയിലെ കരുത്തനാക്കി. കാരണം, മോദി – അമിത് ഷാ- ജെയ്റ്റ്‌ലി മൂവര്‍സംഘം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഒറ്റമെയ്യും ഒറ്റമനസ്സുമായി മാറിക്കഴിഞ്ഞിരുന്നു. മന്ത്രിയായ ശേഷം ജയ്റ്റ്‌ലി സംഘപരിവാറിന്റെ ഇഷ്ടതാരങ്ങളായ മറ്റുമന്ത്രിമാരെ ഒന്നൊന്നായി മോശക്കാരാക്കുകയായിരുന്നു. ആദ്യം രാജ്‌നാഥ്‌സിംഗിനെ. സിംഗിന്റെ മകന്‍ കോഴ ഇടപാടു നടത്തുന്നുണ്ടെന്നും മോദി സിംഗിനെ വിളിപ്പിച്ച് വിശദീകരണം തേടി എന്നൊക്കെയുള്ള വാര്‍ത്താചാനലുകളില്‍ ഏറെ സുഹൃത്തുക്കളുള്ള ജയ്റ്റ്‌ലിയാണ് എത്തിച്ചത്. മോദിക്ക് താല്‍പ്പര്യമില്ലായിരുന്നു എങ്കിലും സിംഗിന് ആഭ്യന്തരം തന്നെ കൊടുക്കണമെന്നത് ആര്‍ എസ് എസിന്റെ താല്‍പ്പര്യമായിരുന്നു. കാരണം, മോദി സര്‍ക്കാര്‍ വഴി നടത്താനുള്ള ആര്‍ എസ് എസ് അജണ്ട നാലെണ്ണമാണ് – രാം മന്ദിര്‍, ആര്‍ട്ടിക്കിള്‍ 370, യൂനിഫോം സിവില്‍ കോഡ്, ഗോവധ നിരോധനം. ഇതു നാലും നടപ്പിലാക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയുടെ റോള്‍ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ ആ വകുപ്പ് രാജ്‌നാഥ്‌സിംഗിനു തന്നെ നല്‍കണമെന്ന് ആര്‍ എസ് എസ് ശഠിച്ചു. 

ആര്‍ എസ് എസ്സിന്റെ കണ്ണിലുണ്ണിയാണ് നിതിന്‍ ഗഡ്കരി. പക്ഷെ Indian Renewable Energy Devolopment Agency 84 കോടി രൂപ ലോണായി നല്‍കിയ പുര്‍തി എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ് ഗഡ്കരി എന്നും ലോണ്‍ നല്‍കിയതിലെ പ്രധാന നിബന്ധനകള്‍ കമ്പനി ലംഘിച്ചുവെന്നും ലോണ്‍ നല്‍കിയത് ഗഡ്കരി ഉള്‍പ്പെടെയുള്ള ഡയറക്‌ടേഴ്‌സിന്റെ ഗ്യാരന്റിയുടെ പുറത്തായിരുന്നുവെന്നും ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 12.77 കോടി രൂപയുടെ നഷ്ടം വരുത്തി എന്നും സി എ ജിയുടെ റിപ്പോര്‍ട്ടില്‍ സി എ ജിയുടെ പേരെടുത്ത് കുറ്റപ്പെടുത്തുന്നുണ്ട്. താന്‍ ഡയറക്ടറായ കമ്പനിയുടെ കാര്യം പറയുമ്പോള്‍ തന്റെ പേര് പ്രത്യേകമായി എടുത്തുപറയുന്നതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഗഡ്കരി പറയുന്നത്. ”യു.പി.എ. സര്‍ക്കാരിന്റെ കാലത്തും എനിക്കെതിരെ ഇത്തരം നടപടികളുണ്ടായി.” ഗഡ്കരി പറയുന്നു.

രാജ്‌നാഥ് സിംഗും ഗഡ്കരിയും കഴിഞ്ഞാല്‍ ആര്‍ എസ് എസ് നേതൃത്വത്തിന് ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് സുഷമ സ്വരാജ്. നരേന്ദ്ര മോദിയില്‍ ആര്‍ എസ് എസ് നേതൃത്വത്തിന് നേരത്തെ തന്നെ താല്‍പ്പര്യക്കുറവുണ്ട്. പക്ഷെ, മോദി തരംഗം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് ഫലത്തോടെ, തല്‍ക്കാലത്തേയ്‌ക്കെങ്കിലും, മോദി സര്‍വ്വശക്തനാണ്. മോദിയ്ക്ക് പകരം ആര്‍ എസ് എസ് കണ്ടുപിടിച്ചിരി്ക്കുന്ന നേതാക്കളാണീ മൂവരും. അവരില്‍ ആദ്യത്തെ രണ്ടുപേര്‍ വ്യത്യസ്ത കാരണങ്ങളില്‍ സംശയത്തിന്റെ നിഴലിലാണ്. മൂന്നാമത്തെയാളാണ് സുഷമ. ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന് സുഷമ സ്വരാജ് ലളിത് മോദിക്ക് വേണ്ടി അയച്ച കത്തിന്റെ സാരാംശം ജയ്റ്റ്‌ലി ചോര്‍ത്തിക്കൊടുത്തു. ലണ്ടനില്‍ പിടികിട്ടാപ്പുള്ളിയായി താമസിക്കുന്ന ലളിത് മോദിക്ക് യാത്ര ചെയ്യാനുള്ള രേഖകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊടുത്താല്‍ അത് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കും എന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരായി, മോദിക്ക് പോര്‍ച്യുഗലില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ ഓപ്പറേഷന്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പുവയ്ക്കാന്‍ വേണ്ടി, യാത്രാരേഖകള്‍ കൊടുത്താല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല എന്നുകാട്ടി സുഷമ കത്തെഴുതി: മാത്രമല്ല, ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എം പി കീത്ത് വാസിനെ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടു എന്നും സുഷമയുടെ അഭിപ്രായം പരിഗണിക്കുമെന്നും പറഞ്ഞ് വാസ് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ ഓഫീസറെ സമീപിച്ചുവെന്നും 24 മണിക്കൂര്‍ കൊണ്ട് മോദിക്ക് യാത്രാരേഖകള്‍ കിട്ടിയെന്നുമുള്ള വാര്‍ത്ത സണ്‍ഡേ ടൈംസ് പ്രസിദ്ധീകരിച്ചു. 

2014-ല്‍ സുഷമ എഴുതിയ കത്തിന് ഇപ്പോള്‍ പ്രധാന്യം വന്നത് മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കണക്കെടുപ്പില്‍ ഏറ്റവും മികച്ച മന്ത്രിയായി പല സര്‍വ്വെകളും മാധ്യമങ്ങളും സുഷമ സ്വരാജിനെ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ്. സുഷമയെ ഇല്ലായ്മ ചെയ്താല്‍ തന്റെ വഴിയിലെ തടസ്സങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും മാറുമെന്ന് ജെയ്റ്റ്‌ലി കരുതി. 

ദേശതാല്‍പ്പര്യത്തിനെതിരായി പ്രവര്‍ത്തിച്ച സുഷമയെ ആര്‍ എസ് എസ് കൈവിടുമെന്ന് ജയ്റ്റ്‌ലി, ന്യായമായും കരുതി. പക്ഷെ, ആര്‍ എസ് എസ് സുഷമയെ പിന്തുണച്ചു. അതോടെ നേതാക്കന്മാര്‍ സുഷമയ്ക്ക് പിന്തുണയുമായെത്തി. സുഷമയുടെ ‘മാനുഷിക കാരണങ്ങള്‍’ അവരിലെ നന്മയുടെ പ്രതീകമായി വാഴ്ത്തി. അമിത് ഷായാകട്ടെ, ഒരു ഭാരതീയന്‍ മറ്റൊരു ഭാരതീയനെ സഹായിക്കുക മാത്രമായിരുന്നു എന്ന് പറഞ്ഞു (ഗുജറാത്ത് കലാപനാളിലും വ്യാജ ഏറ്റുമുട്ടലിലും ഒരു ഭാരതീയനെ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് ആരും ചോദിച്ചില്ല. ആരാണ് ഭാരതീയന്‍, ആരാണ് ഭാരതീയന്‍ അല്ലാത്തത് എന്നൊക്കെ കേശവ് കുഞ്ചിലെ ഭാരതാംബയുടെ സ്വന്തം മക്കള്‍ തീരുമാനിക്കും. അതനുസരിച്ചാണ് സംരക്ഷണവും നിഗ്രഹവുമെല്ലാം).

സുഷമയുടെ കത്തിന്റെ വിവരം കിട്ടിയ ഉടന്‍ മുര്‍ഡോക് അത് വാര്‍ത്തയാക്കിയത് ബ്രിട്ടീഷ് എം പി കീത്ത് വാസിനോടോ സുഷമയോടോ ഉള്ള ശത്രുത കൊണ്ടല്ല. മുര്‍ഡോക്കിന്റെ ശത്രു ലളിത് മോദിയാണ്. മുര്‍ഡോക്കിന് വന്‍ സാമ്പത്തിക നഷ്ടത്തിന് കളമൊരുക്കിയ ആളാണ് മോദി. അതിന്റെ കഥ ഇങ്ങനെയാണ്. 

ഐ പി എല്‍ പോലെ മറ്റൊന്ന് തുടങ്ങാന്‍ – ചാമ്പ്യന്‍സ് ലീഗ് എന്ന വിദേശരാജ്യങ്ങളിലെ ക്ലബ്ബുകള്‍ തമ്മിലുള്ള 20-20 ക്രിക്കറ്റ് മത്സരം – പദ്ധതിയിട്ടത് ലളിത് മോദിയായിരുന്നു. 2008-ല്‍. അന്ന് ലളിത് മോദി ഐ പി എല്‍ കൊള്ളയടിച്ചയാളല്ലായിരുന്നു. ക്രിക്കറ്റില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മഹാമാന്ത്രികനായിരുന്നു. കളിയുടെ സംപ്രക്ഷണ അവകാശം മുര്‍ഡോക്കിന്റെ ESPN -STAR ന് 10 കൊല്ലത്തേക്ക് കരാര്‍ കൊടുത്തു. 975 മില്യണ്‍ ഡോളറിനായിരുന്നു കരാര്‍. എന്നാല്‍, ആദ്യത്തെ ടൂര്‍ണമെന്റ് നടന്ന 2009 മുതല്‍ 2014 വരെ നടന്ന ഒരു ചാമ്പ്യന്‍സ് 20-20 മത്സരവും കാണികളെ ആകര്‍ഷിച്ചില്ല. പരസ്യം നന്നേ കുറവ്. മുര്‍ഡോകിന്റെ നഷ്ടം കനത്തതായിരുന്നു. 

കരാറില്‍ ഏര്‍പ്പെടുന്ന കമ്പനിക്ക് പുറത്തുപോകാനുള്ള വഴി അടച്ചുകൊണ്ടുള്ള ഒരു clause ലളിത് മോദി വച്ചിരുന്നു. വന്‍ലാഭമുണ്ടാക്കാന്‍ സാധ്യതയുള്ള കളിയില്‍ നിന്ന് മൂര്‍ഡോക്കിനെ ആര്‍ക്കും പുറത്താക്കാന്‍ കഴിയാതിരിക്കാനാണ് അങ്ങനെ ഒരു clouse എന്ന മോദിയുടെ വാദം മുര്‍ഡോക് വിശ്വസിച്ചു. കാരണം, മോദി നടത്തിയ ഐ പി എല്‍ അത്രയ്ക്ക് ഗംഭീര വിജയമായിരുന്നു. മോദി ബി സി സി ഐയുടെ പുറത്തുപോയെങ്കിലും കരാറിലെ ഈ No exit clause മുര്‍ഡോക്കിനെ ബുദ്ധിമുട്ടിച്ചു. അടുത്ത നാലുവര്‍ഷത്തേയ്ക്ക് മുര്‍ഡോക് നല്‍കുവാനുള്ള 470 മില്യണ്‍ ഡോളര്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സംയുക്ത സംഘാടകരായ ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും ആസ്‌ട്രേലിയയ്ക്കുമായി നല്‍കാനും ധാരണയായെങ്കിലും മോദിയോടുള്ള മുര്‍ഡോക്കിന്റെ പക അടങ്ങിയില്ല. 

(മുര്‍ഡോകിന്റെ പക പ്രസിദ്ധമാണ്. പണ്ടൊരുനാള്‍ ബ്രിട്ടീഷ് രാജ്ഞി ആസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി രാജ്ഞിയുടെ തോളില്‍ കൈവച്ചുകൊണ്ടുനിന്ന് സംസാരിച്ചു. തങ്ങളുടെ കോളനിയായിരുന്ന ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജ്ഞിയോട് ഒപ്പത്തിനൊപ്പം നിന്നത് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസിന് ഇഷ്ടമായില്ല. നല്ലഭാഷയില്‍ തന്നെ അവര്‍ അത് പ്രകടിപ്പിച്ചു. അതോടെ, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പകിട്ട് ഉരച്ചുകളയാന്‍ ആസ്‌ട്രേലിയയിലെ മാധ്യമരാജാവായ മുര്‍ഡോക് തീരുമാനിച്ചു. സണ്‍ഡേ ടൈംസ് മുര്‍ഡോക് വാങ്ങി. പിന്നെ ബ്രിട്ടനിലെ പല പത്രങ്ങളും ടാബ്ലോയിഡുകളും. അവയിലൂടെയാണ് മുര്‍ഡോക് രാജകുടുംബത്തിന്റെ തുണിയുരിച്ചു കാട്ടിയത്).

മുര്‍ഡോകിന്റെ വാര്‍ത്ത ലളിത് മോദിക്കേറ്റ പ്രഹരമായിരുന്നു. മോദിയെ ഇന്ത്യയിലെത്തിക്കാനും വിചാരണയ്ക്കു വിധേയനാക്കാനുമുള്ള നീക്കങ്ങള്‍ക്ക് പുതിയ ഉണര്‍വുണ്ടായി. പക്ഷേ, മോദിയ്ക്കും ചില കണക്കുകള്‍ തീര്‍ക്കാനുണ്ടായിരുന്നു. ഏറ്റവും ആദ്യം വേണ്ടത് പഴയകാല സുഹൃത്തും കൂട്ടുപങ്കാളിയുമായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ(കൂട്ടുകാര്‍ ചതിച്ചാല്‍ മോദി പൊറുക്കില്ല. തന്നെ പിന്നില്‍ നിന്ന് കുത്തിയ ശശി തരൂരിനെതിരെ sweat equtiy വിവാദം തുടങ്ങിയത് മോദിയുടെ tweet ലൂടെയായിരുന്നു. ശശി തരൂര്‍ ഇപ്പോള്‍ ഏതു പാതാളത്തിലാണെന്ന് എല്ലാപേര്‍ക്കും അറിയാം). മോദിയുടെ അഭിഭാഷകന്‍, പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ കുറേ രേഖകള്‍ പുറത്തുവിട്ടു. അതിലൊന്ന് 2011-ല്‍ രാജസ്ഥാനിലെ പ്രതിപക്ഷ നേതാവായിരുന്ന, വസുന്ധര രാജെയുടേതായിരുന്നു. 2011 ആഗസ്റ്റ് 18 – എന്ന് രേഖപ്പെടുത്തിയ രാജെയുടെ കത്തില്‍ ഇങ്ങനെ പറയുന്നു: ‘I make this statement in support of any immigration application that Lalit Modi makes, but do so on the strict condition that my assistance will not become know to the Indian authorities.’ അതായത് മോദിയുടെ ഇമിഗ്രേഷന് സഹായിക്കുന്ന എല്ലാ സഹായവും ഞാന്‍ നല്‍കാം. പക്ഷെ, എന്റെ സഹായത്തെക്കുറിച്ച് എന്റെ നാടിനെ അറിയിക്കരുത്. എന്തൊരു ദേശസ്‌നേഹം!

തന്നെ സഹായിക്കാന്‍ വസുന്ധര എഴുതിയ കത്ത് അവര്‍ക്കെതിരെയുള്ള ആയുധമാക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്താണ്? അതിന്റെ കഥ പറയണമെങ്കില്‍ 2003 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ലളിത് മോദിയും വസുന്ധരയും തമ്മിലുണ്ടായിരുന്ന ബന്ധം എന്താണെന്നു മനസ്സിലാക്കണം. 

2003-2008 കാലയളവില്‍ വസുന്ധരയായിരുന്നു രാജസ്ഥാനിലെ മുഖ്യമന്ത്രി. പക്ഷേ, മോദിയെ അന്ന് അറിഞ്ഞിരുന്നത് ‘super chief minister’ എന്നായിരുന്നു. ജയ്പൂരിലെ ഒരു ഹോട്ടലിലെ ഫൈവ്-സ്റ്റാര്‍ ഡ്യൂട്ടിയിലിരുന്നുകൊണ്ട് സംസ്ഥാന ഭരണം മോദി നിയന്ത്രിക്കുന്നു എന്നാണ് അക്കാലത്ത് പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അശോക് ഖലോട്ട് പറഞ്ഞത്. വന്‍ കരാറുകളുടെ negotiationനു വേണ്ടി സര്‍ക്കാര്‍ ഫയലുകള്‍ മോദിയുടെ സ്യൂട്ടില്‍ എത്തിച്ചിരുന്നത്രെ! 2008-ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍ക്കാനുണ്ടായ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് വസുന്ധര-മോദി അച്ചുതണ്ടിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. പ്രതിപക്ഷത്തായ വസുന്ധര പലപ്പോഴും നിയമസഭയില്‍ വന്നിരുന്നില്ല. ”അവര്‍ ലണ്ടനില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരോടൊപ്പമാണ്” എന്നാണ് അന്നത്തെ മുഖ്യമന്ത്രി ഗലോട്ട് ഇതിനേക്കുറിച്ച് സംസാരിച്ചത്. മോദി-വസുന്ധര കൂട്ടുകെട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗലോട്ട് – സര്‍ക്കാര്‍ മാഥൂര്‍ കമ്മിഷനെ വയ്ക്കുകയും ചെയ്തു(നമ്മുടെ സോളാര്‍ കമ്മീഷന്‍ പോലെ). 

ഈ കാലയളവിലാണ് വസുന്ധരയുടെ മകന്‍ ദുഷ്യന്ത് നിയന്ത് ഹെറിറ്റേജ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി തുടങ്ങുന്നത്. ദുഷ്യന്തിന്റെ ഭാര്യയും കമ്പനിയുടെ ഡയറക്ടറായിരുന്നു. 10 ലക്ഷം രൂപയായിരുന്നു ക്യാപിറ്റല്‍. ദുഷ്യന്തും ഭാര്യയും നിക്ഷേപിച്ചത് ഒരു ലക്ഷം രൂപ. 10 രൂപയായിരുന്നു ഒരു ഷെയറിന്റെ വില. പ്രത്യേകിച്ച് യാതൊരു ബിസിനസ്സും നടത്തിയതായി കാണുന്നില്ലാത്ത ഈ കമ്പനിയിലേക്ക് മോദിയുടെ ആനന്ദ് ഹെറിറ്റേജ് ഹോട്ടല്‍സ് എന്ന കമ്പനി, 2008 ഏപ്രില്‍ മാസത്തില്‍ 3.80 കോടി രൂപ ‘Unsecured Loan’ ആയി ട്രാന്‍സ്ഫര്‍ ചെയ്തു. അതായത് യാതൊരു സെക്യൂരിറ്റിയും ഇല്ലാതെ 10 ലക്ഷം രൂപ മൂലധനം മാത്രമുള്ള കമ്പനിക്ക് 3.80 കോടി രൂപ ഒരാള്‍ നല്‍കിയെന്ന്! അതിനുശേഷം ഷെയര്‍ ഒന്നിന് 10 രൂപ വിലയുള്ള Niyanth Heritage Hospitaltiy യുടെ 815 ഷെയറുകള്‍, രണ്ടു ഘട്ടങ്ങളിലായി, ലളിത് മോദിയുടെ കമ്പനി വാങ്ങി. ഓരോ ഷെയറിനും 96,180 രൂപ വച്ച്. അങ്ങനെ, ആകെ, 11.63 കോടി രൂപ – ലോണായും ഷെയര്‍ വാങ്ങിയും – ലളിത് മോദി വസുന്ധരയുടെ മകന്റെ കമ്പനിക്ക് കൊടുത്തു. ഈ പണമാകട്ടെ മൗറീഷ്യസിലെ ഒരു അക്കൗണ്ടില്‍ നിന്നാണ് വന്നത്. ഐ പി എല്ലില്‍ നിന്ന് മോദി തട്ടിയെടുത്ത 1700 കോടി രൂപ മൗറീഷ്യസിലെ fictious account ല്‍ ഇട്ടിരിക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണിത്. 

ഇതൊക്കെയാണെങ്കിലും 2013 – തെരഞ്ഞെടുപ്പ് സമയത്തോടെ വസുന്ധര മോദിയില്‍ നിന്നകന്നു. അയാളൊരു രാഷ്ട്രീയ ബാധ്യതയായി മാറി എന്നവര്‍ തിരിച്ചറിഞ്ഞു. അതോടെ മോദി വസുന്ധരയ്‌ക്കെതിരെ തിരിഞ്ഞു. നരേന്ദ്രമോദിയുടെ വിശ്വസ്തനായ മാഥുറിനെ വസുന്ധരയ്ക്ക് പകരം രാജസ്ഥാനിലെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മോദി tweet ചെയ്തു. വസുന്ധര ജയിച്ചു. വീണ്ടും ഒരിയ്ക്കല്‍ കൂടി രാജസ്ഥാന്‍ മുഖ്യമന്ത്രിയായി. മോദിയില്‍ നിന്നും പൂര്‍ണ്ണമായും അകന്നു. അകന്നുനിന്ന മോദി ആദ്യം കിട്ടിയ അവസരത്തില്‍ വസുന്ധരയ്‌ക്കെതിരെ തന്റെ കൈയ്യിലുള്ള ബോംബ് പൊട്ടിച്ചു. സുഷമ സ്വരാജിനെപ്പോലെ വസുന്ധരയും ഒന്നാം നമ്പര്‍ രാജ്യദ്രോഹിയും ക്രിമിനലുമായ ലളിത് മോദിയെ നിയമവിരുദ്ധമായും ധാര്‍മ്മികതയ്ക്ക് തീരെ നിരക്കാത്ത രീതിയില്‍, ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് തീരെ നിരക്കാത്തതുമായ രീതിയില്‍, ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി, സഹായിച്ചു. സുഷമയുടെ കഥ ഇതോടെ കഴിഞ്ഞു എന്ന് ജയ്റ്റ്‌ലി തന്നെ ആശിച്ചതുപോലെ വസുന്ധരയുടെ കഥ തീര്‍ന്നുവെന്ന് മോദിയും ആശ്വസിച്ചു. 

പക്ഷെ, സുഷമയേയും വസുന്ധരയേയും ആര്‍ എസ് എസ് നേതൃത്വം തള്ളിക്കളഞ്ഞില്ല. എന്നു മാത്രമല്ല, കൊള്ളുകയും ചെയ്തു. അതോടെ ഒരു കാര്യം വ്യക്തമായി. ആര്‍ എസ് എസ് പറയുന്ന ദേശസ്‌നേഹവും ദേശീയതയുമൊക്കെ ഏതു കള്ളനേയും കൊള്ളക്കാരനേയും വെള്ളപൂശാനുമുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമാണ്. കേശവ് കുഞ്ചില്‍ നിന്ന് പുറത്തുവരുന്നത് ദേശീയതയുടെ മന്ത്രമല്ല. ചില കൊടുക്കല്‍ വാങ്ങലിന്റെ വിലപേശലുകളാണ്. അതിന്റെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ അവര്‍ ഘര്‍വാപസി നടത്തും. യോഗദിനം ആചരിക്കും. കോമാളികളായ സന്യാസിമാരേം സന്യാസവേഷം കെട്ടിയ രാഷ്ട്രീയ കോമാളികളേം കൊണ്ട് പ്രകോപനപരമായ വര്‍ഗീയ വിഷം ചീറ്റിയ്ക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on June 26, 2015 4:43 am