ദുരന്തങ്ങള്‍ക്ക് ദൃക്സാക്ഷിയാകുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക ആഘാതം ദീര്‍ഘനാള്‍ നിലനില്‍ക്കും; അതും സ്വന്തം സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ സന്നിഹിതരായ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന അപകടം. സാധാരണ മനുഷ്യര്‍ തളര്‍ന്നുപോകുന്ന ഇത്തരം ഘട്ടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ അസാമാന്യ മാനസിക ധൈര്യം പ്രകടിപ്പിക്കും. പരവൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 110ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ ഇരട്ടിയില്‍ അധികം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഈ ദുരന്തം നേരില്‍ കണ്ട അന്നാട്ടുകാരനായ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ലല്ലു, അപകടം നടന്ന് അര മണിക്കൂരിനകം അവിടെയെത്തിയ ഏഷ്യാനെറ്റ്
ന്യൂസ് ക്യാമറാമാന്‍ ഇബ്രാഹിം ഖലീല്‍ എന്നിവര്‍ അവിടെകണ്ട കാഴ്ചകളും കേട്ട ശബ്ദവും അഴിമുഖത്തോട് പങ്കുവെയ്ക്കുന്നു.
പതിറ്റാണ്ടുകളായി തുടരുന്ന ഒരു ആഘോഷമാണ് വെടിക്കെട്ട്. 1974ല്‍ 20,000 രൂപ ചെലവഴിച്ചുള്ള കമ്പക്കട്ടായിരുന്നു നടന്നിരുന്നത്. ഒരു പവന്‍ സ്വര്‍ണമായിരുന്നു അന്ന് സമ്മാനമായി നല്‍കിയത്. ചോദ്യോത്തര ശൈലിയില്‍ ലല്ലു തുടര്‍ന്നു.
നാടിന്‍റെ ഒരു ഉത്സവമാണല്ലോ പരവൂരിന്‍റേത്? അവിടെ നിന്ന് വിവാഹം ചെയ്ത് പോയവര്‍, ജോലിക്കായി പുറത്ത് പോയവര്‍ തുടങ്ങിയ എല്ലാവരും ഉത്സവത്തിനായി എത്തുമല്ലേ?
എല്ലാവരും എത്തും. ജാതി മത ഭേദമല്ലാതെ കംപ്ലീറ്റ് ആയിരിക്കും. ഓണത്തിനൊന്നും വലിയ പ്രാധാന്യമില്ല. ഇതാണ് ഞങ്ങളുടെ ഓണം. എന്ത് പ്രശ്നം ഉണ്ടെങ്കിലും നാല് ദിവസത്തെ അവധിയെങ്കിലും എടുത്ത് ഞാനും പരവൂരിലെത്തും.
ദുരന്ത ദിവസത്തെക്കുറിച്ച് ഓര്‍ക്കാമോ?
10 മിനുട്ട് നടന്നാല്‍ അമ്പലത്തില്‍ എത്തും. അത്രയും അടുത്താണ് വീട്. അമ്പലപ്പറമ്പില്‍ കൊട്ടാരത്തിന്‍റെ കെട്ടിടമുണ്ട്. അതിനരുകിലാണ് ഞങ്ങള്‍ പത്തുപതിനാറുപേര്‍ നിന്നിരുന്നത്. എല്ലാവര്‍ഷവും അങ്ങനെയാണ്. പുറത്തുനിന്ന് വന്നവരും എല്ലാവരും ഉള്‍പ്പെട്ട വന്‍ സംഘമാണത്. അതിനിടയില്‍ ഒരു സുഹൃത്ത് നിര്‍ബന്ധിച്ച് അയാളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. ഏതാണ്ട് പതിനൊന്നേ മുക്കാലിന് വെടിക്കെട്ട് തുടങ്ങി. തുടര്‍ച്ചയായി പൊട്ടിക്കൊണ്ടിരിക്കുന്നു. മൂന്നരയായപ്പോഴാണ് സ്ഫോടനം നടന്നത്. അപ്പോള്‍ ഞങ്ങള്‍ സുഹൃത്തിന്‍റെ വീട്ടിന് മുകളിലായിരുന്നു. എക്പ്ലോഷന്‍ നടന്ന ഉടനെ നിലത്തേക്ക് കമിഴ്ന്നു വീണു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. വൈദ്യുതി സപ്ലെ അപ്പോഴേയ്ക്കും പോയി. കൂരിരുട്ടില്‍ നിലവിളികള്‍ മാത്രം കേട്ടു. തറയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ മൊബൈലിലൂടെ മങ്ങിയവെളിച്ചത്തില്‍ ദുരന്തത്തിന്‍റെ ആദ്യ ദൃശ്യം. പിന്നെ കൂട്ടക്കരച്ചിലും ഞരക്കവും. അപകടത്തിന്‍റെ വലിപ്പമോ മരണമോ ഒന്നും മനസ്സിലേയ്ക്ക് വന്നില്ല. അപകട സ്ഥലത്തുനിന്നും പരമാവധി 100 മീറ്റര്‍ അകലെയായിരിക്കും ഞങ്ങള്‍. ഫയര്‍ എഞ്ചിന്‍റെ ശബ്ദം കേട്ടു. അവര്‍ അവിടെയൊക്കെ വെള്ളം ഒഴിച്ച് തണുപ്പിച്ചതിനുശേഷമാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. ഡെഡ് ബോഡികളാണ് കണ്ണില്‍പ്പെട്ടത്. ഛിന്നഭിന്നരായ മനുഷ്യര്‍. പിടയ്ക്കുന്ന ശരീരാവശിഷ്ടങ്ങള്‍. ഞരക്കങ്ങള്‍, തകര്‍ന്ന് തരിപ്പണമായ കമ്പപ്പുര. സംഭവിച്ചത് വലിയ ദുരന്തമെന്ന് മനസ്സിനോട് പറഞ്ഞു തുടങ്ങി.
വെടിമരുന്ന് ഉത്പാദനകേന്ദ്രങ്ങളിലെ അപകടങ്ങളില്‍ മരണം പതിവാണ്. വെടിക്കെട്ട് അപകടങ്ങള്‍ എന്നാല്‍ ഗുരുതരമാകാറില്ല. ഇവിടെ വലിയ ദുരന്തത്തിന്‍റെ കാരണം എന്താകാം. കമ്പപ്പുരയില്‍ നിന്ന് അകന്ന് നിന്നാണ് പൊതുവില്‍ ആളുകള്‍ വെടിക്കെട്ട് ആസ്വദിക്കുന്നത്. ഇവിടെ അങ്ങനെയല്ല. വെടിക്കെട്ട് അങ്ങനെ ഭയക്കുന്നവരല്ല ഞങ്ങള്‍.
ഇവിടെ അങ്ങനെയാണ്. എത്രയോ കാലമായി കാണുന്നതാണ്. സ്ഥലപരിമിതി ഒരു പ്രശ്നമാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും ഗ്രൌണ്ട് ചുരുങ്ങിവരുകയാണ്. മൈതാനത്തിന് ചുറ്റും വീടുകള്‍ ഉയരുകയാണ്. ഇതിനേക്കാള്‍ വലിയ കമ്പക്കെട്ട് ഇതിന് മുമ്പ് ഇവിടെ നടന്നിട്ടുണ്ട്. പ്രതീക്ഷിച്ച ഉയരത്തിലേയ്ക്ക് അപകടത്തിന് കാരണമായ അമിട്ട് പൊങ്ങിയില്ല. കൃത്യമായ ഉയരത്തില്‍ പൊങ്ങുകയാണെങ്കില്‍ താഴെ വരുന്നതിന് മുമ്പെ തീ പൂര്‍ണമായും അണയും. ആകാശത്തില്‍ പൂക്കള്‍ വിരിഞ്ഞ് എല്ലാം അണയും. വലിയ അമിട്ടായിരുന്നു. തീപ്പൊരി പെരുമഴപോലെ വരികയാണല്ലോ? പെട്ടെന്ന് കത്തിച്ച് തീര്‍ക്കാനുള്ള വ്രഗ്രതയില്‍ ഒരു അമിട്ട് പൊട്ടിതീരുന്നതിനുമുമ്പേ അടുത്തതുമായി കമ്പത്തറയിലേക്ക് ചെല്ലും. ഇങ്ങനെ വന്നപ്പോള്‍ കയ്യിലിരുന്ന് തീപിടിച്ച അമിട്ട് എറിയുകയായിരുന്നു. അയാള്‍ക്ക് എറിയാതെ വേറെ നിവര്‍ത്തിയില്ലല്ലോ? എത്തിയത് കമ്പപ്പുരയിലാണ്. സാധാരണ ഗതിയില്‍ പെര്‍മനന്‍റ്റ് കെട്ടിടങ്ങളില്‍ വെടിക്കെട്ട് സാധനങ്ങള്‍ സൂക്ഷിക്കാറില്ല. പൊട്ടിച്ച് തീര്‍ക്കാനുള്ള വെപ്രാളത്തില്‍ എല്ലാം വരിക്കൂട്ടി സ്ഥിരം കമ്പപ്പുരയില്‍ സ്റ്റോക്ക് ചെയ്തതാണ്.
മത്സര വെടിക്കെട്ട് നടന്നുവോ? രണ്ട് കരാറുകാരും പൊട്ടിച്ചോ?
മത്സരമായിട്ടല്ലാതെ ഇരുവരും പൊട്ടിച്ചു. കഴക്കൂട്ടം സുരേന്ദ്രന്‍ എന്ന കരാറുകാരന്‍റെ സംഘത്തിലെ ഒരാള്‍ക്ക് പറ്റിയ അബദ്ധമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഈ കരാറുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചു.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണോ ഇത്രയും വലിയ ദുരന്തം നേരില്‍ കണ്ടിട്ടും ആത്മനിയന്ത്രണം പോകാതിരുന്നത്? അതും സ്വന്തം വീടിന് അടുത്തുനടന്ന അപകടം
വല്ലാത്തൊരു ഷോക്കായിരുന്നു അത്. ഒരുപാട് അപകടങ്ങള്‍ കണ്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ഡെഡ്ബോഡി കണ്ട് തളര്‍ന്നുവീഴുന്ന പ്രായം കഴിഞ്ഞല്ലോ? ഒരുപാട് ദുരന്തങ്ങള്‍ നേരില്‍കണ്ടിട്ടുണ്ട്. തേക്കടി ദുരന്തം, വലിയ വാഹനാപകടങ്ങള്‍, സുനാമി ഇവയൊക്കെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഡെഡ്ബോഡികള്‍ കണ്ട് കണ്ട് ഒരു നിസ്സംഗത വരുമല്ലോ? അങ്ങനെയായിപ്പോയി. ഈ ഷോക്ക് പക്ഷേ ഇതുവരെ വിട്ടുമാറിയിട്ടില്ല. ഞാനൊക്കെ ചെറിയ പ്രായത്തിലേ കളിയ്ക്കുന്ന സ്ഥലമാണ്. ഞങ്ങള്‍ സംഘം ചേര്‍ന്ന് ഇരിക്കുന്ന സ്ഥലം. അത്രയ്ക്കും വൈകാരിക അടുപ്പമുണ്ട്. എല്ലാവരും സുഹൃത്തുക്കളും പരിചയക്കാരുമാണ്. ഇവരില്‍ കുറേപ്പേര്‍ മരിച്ചു, ഒരുപാട് പേര്‍ക്ക് പരുക്കുപറ്റി. വല്ലാത്തൊരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. അപകടത്തോടെ പരിസരം മുഴുവന്‍ ഇരുട്ടിലായി. ആരൊക്കൊയോ ആരെയൊക്കെയോ എടുത്ത് കൊണ്ടുപോകുന്നത് മങ്ങിയവെളിച്ചത്തില്‍ കണ്ടു. ആരെയും വ്യക്തമാകുന്നില്ല. അരമണിക്കൂര്‍ കഴിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയതോടെയാണ് വെളിച്ചം വന്നത്. കിട്ടിയ വെളിച്ചത്തില്‍ കുറച്ച് ഷൂട്ട് ചെയ്ത് ഓഫീസിലേയ്ക്ക് അയച്ചു. അപ്പോള്‍ അങ്ങനെയാണ് തോന്നിയത്. സുഹൃത്തുക്കള്‍ അതിനിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു.
നിങ്ങളുടെ സുഹൃത്തുക്കളോ, പരിചയമുള്ളവരോ അപകടത്തില്‍ അകപ്പെട്ടോ?
എന്‍റെ വീടിന് തൊട്ടടുത്ത് വര്‍ക്ക്ഷോപ്പ് നടത്തുന്ന ഒരു ചേട്ടന്‍ മരിച്ചു. ഒരുപാട് പേര്‍ക്ക് മാരകമായ പരിക്കുണ്ട്. വെടിക്കെട്ടിനപ്പുറം കമ്പപ്പുര പൊട്ടിച്ചിതറി കോണ്‍ട്രീറ്റ് ചീളുകള്‍ തറച്ച് കയറിയാണ് മരണവും പരിക്കും ഉണ്ടായത്. ഭീകര ബ്ലാസ്റ്റിംഗ് ആണ് നടന്നത്. കമ്പപ്പുര നല്ല ഉറപ്പുള്ള കെട്ടിടമായിരുന്നു. ഒരു അമിട്ടൊന്നും വീണാലും ഒന്നും സംഭവിക്കില്ല. അത്രയ്ക്കും കട്ടിയിലാണ് വാര്‍ത്തത്. അതിനകത്ത് നിരവധി അമിട്ടുകള്‍ ഒരേ സമയം ബ്ലാസ്റ്റ് ചെയ്താല്‍ ഇത് സംഭവിക്കും.
ആദ്യകാഴ്ചകള്‍ എന്തൊക്കെയെന്ന് ഓര്‍മ്മയുണ്ടോ?
ഞങ്ങള്‍ ഇരുന്ന സ്ഥലത്തുനിന്നും നോക്കുമ്പോള്‍ ചിലരെ എടുത്ത് കൊണ്ടു പോകുന്നത് കാണാം. ഞങ്ങളുടെ വീടിന് താഴെയിരുന്ന ഒരുപാട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഓടിച്ചെന്നപ്പോള്‍ ആദ്യം കാണുന്നത് പലതരത്തില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളാണ്.
അപകടസ്ഥലത്ത് ആദ്യമെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഏഷ്യാനറ്റ് ന്യൂസ് ക്യാമറാമാനായ ഇബ്രാഹിം ഖലീല്‍ ആണ്. സീനിയര്‍ ക്യാമറാമാനാണ് അദ്ദേഹം. അപകടം നടന്ന് അര മണിക്കൂറിനുള്ളില്‍ ഖലീല്‍ അവിടെയെത്തി. അദ്ദേഹം
പറയുന്നത് ഇങ്ങനെ…
“നല്ല ഉറക്കത്തില്‍ ആയിരുന്നു. ഏതാണ്ട് മൂന്നരയോടെയാണ് റിപ്പോര്‍ട്ടര്‍ വിളിക്കുന്നത്. വലിയ അപകടം നടന്നു എന്നായിരുന്നു പറഞ്ഞത്. ഉറക്കച്ചടവില്‍ തലേദിവസം അഴിച്ചിട്ട പാന്‍റ് വലിച്ചിട്ട് വായും മുഖവും കഴുകുമ്പോഴേയ്ക്കും വാഹനം എത്തിയിരുന്നു. ഓഫീസിലേയ്ക്കുളള യാത്രയ്ക്കിടെ മറ്റൊരു ക്യാമറ യൂണിറ്റ് കൊല്ലം ആശുപത്രിയിലേയ്ക്ക് പോകാന്‍ ചട്ടം കെട്ടി. ഞങ്ങള്‍ നേരെ അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തി. ഓഫീസില്‍ നിന്ന് 23 കിലോമീറ്റര്‍ ഉണ്ട്. വീട്ടില്‍ നിന്ന് ഓഫീസിലേയ്ക്കുള്ള വഴിയില്‍ ആംബുലന്‍സുകള്‍ ചീറിപ്പായുന്നുണ്ട്. അങ്ങോട്ടേയ്ക്കുള്ള വഴിയിലും ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും അമിത വേഗതയില്‍ പോയിക്കൊണ്ടിരിക്കുന്നു. വലിയ അപകടമാണ് നടന്നതെന്ന് അപ്പോഴേ തോന്നി. തൊട്ടടുത്തൊക്കെ നല്ല വെളിച്ചം ഉണ്ടായിരുന്നെങ്കിലും അപകടം നടന്ന സ്ഥലത്ത് കറന്‍റ് ഇല്ലായിരുന്നു. ക്യാമറയുടെ ലൈറ്റ് തെളിയിച്ചാണ് ഷൂട്ട് തുടങ്ങിയത്. ഫയര്‍ഫോഴ്സിന്‍റെ ബലൂണ്‍ ലൈറ്റ് എത്തിയത് പിന്നീടാണ്. തീ അണഞ്ഞിരുന്നു. എല്ലാം പൊളിഞ്ഞ് തവിട് പൊടിയായി കിടക്കുന്നതാണ് ആദ്യ കാഴ്ച. ഒറ്റയടിക്ക് എല്ലാം അങ്ങ് തീര്‍ന്നെന്ന് തോന്നും. വെടിക്കെട്ട് കാണാന്‍ തറയിലാണ് ആളുകള്‍ കൂടുതല്‍ ഇരിക്കാറ്. ഇവിടേയ്ക്കാണ് കെട്ടിടം പൊട്ടിത്തെറിയ്ക്കുന്നത്. അമ്പലമുറ്റമായിരുന്നു. പലരുടെയും ബോഡിയില്‍ കോണ്‍ട്രീറ്റിലെ കമ്പിയും കല്ലും തുളച്ച് കയറിയതായി കണ്ടു. ഒരു കിലോമീറ്റര്‍ അകലെ ബൈക്ക് യാത്രികന്‍ മരിച്ചത് കോണ്‍ട്രീറ്റ് കഷണങ്ങള്‍ ശരീരത്തില്‍ തുളഞ്ഞ് കയറിയാണ്. അമ്പലത്തിനടുത്തുള്ള നിരവധി വീടുകള്‍ ഇപ്പോള്‍ പൊട്ടിയതും പൊളിഞ്ഞതും ഇതുകൊണ്ടാണ്.
അമ്പലത്തിലെ വെടിക്കെട്ടിനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു. അവരുടെ വീടിന്‍റെ ബീമുകള്‍ തകര്‍ന്ന് കിടക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്‍റെ ദുരനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് അവര്‍ ഇത്തവണ പരാതി നല്‍കിയത്. നാല് വര്‍ഷം മുമ്പ് റിപ്പയര്‍ ചെയ്ത ഭാര്‍ഗവിയമ്മ എന്ന വലിയമ്മയുടെ വീടാണിത്.
മങ്ങിയ വെളിച്ചത്തില്‍ ക്യാമറാ ലെന്‍സിലൂടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവിടെ ജെസിബി ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. ജെസിബിയുടെ നീക്കിവന്ന കൈയ്ക്ക് പിന്നാലെ ഒരു മനുഷ്യന്‍ നിവര്‍ന്ന് നില്‍ക്കുന്നതാണ് കണ്ടത്. ഒരു ഞൊടിയിടയ്ക്കുള്ളില്‍ അവിടെതന്നെ കുഴഞ്ഞ് വീണു. രണ്ട് മൂന്ന് ജെസിബികള്‍ അവിടെയുണ്ടായിരുന്നു. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ രക്ഷാവര്‍ത്തനങ്ങളും നടന്നിരുന്നു. വളരെ ഫാസ്റ്റായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടന്നത്.
പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് പണ്ടേ കേമമാണ്. ആ നാട്ടിലെ എല്ലാവരും അവിടെ ഒത്തുകൂടും. അവര്‍ വന്ന വാഹനങ്ങള്‍ ഉള്ളതുകൊണ്ട് പരുക്കേറ്റവരെ എളുപ്പത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായി.” ജലീല്‍ പറഞ്ഞു.
(ലല്ലുവിനോടും ഇബ്രാഹിം ഖലീലിനോടും എം കെ രാമദാസ് സംസാരിച്ചു തയ്യാറാക്കിയത്)
This post was last modified on April 16, 2016 6:13 pm
Leave a Comment