X

ഭൂമി കൈമാറ്റ നിയമഭേദഗതി യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നത്?

ടീം അഴിമുഖം

2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ‘ഭൂമി കൈമാറ്റ, പുന:രധിവാസ, പുന:സ്ഥാപന ഭേദഗതി നിയമം’ നിലവിലുള്ള ഭൂമികൈമാറ്റ ചട്ടങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭൂവുടമകള്‍ക്കുള്ള ന്യായമായ നഷ്ടപരിഹാരവും ഭൂമികൈമാറ്റങ്ങളിലെ സുതാര്യതയും ഈ പുതിയ ഭേദഗതി മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്.

പ്രധാന നിബന്ധനകള്‍ താഴെ പറയുന്നു
1) 2013 ലെ നിയമ പ്രകാരം അഞ്ചുവര്‍ഷത്തിനിടെ ഭൂവുടമകള്‍ക്ക് നിശ്ചയിച്ച തുക നല്‍കാതിരിക്കുകയോ ഈ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാതിരിക്കുകയോ ചെയ്താല്‍ ഭൂവുടമകള്‍ക്ക് സ്ഥലം തിരിച്ചു കിട്ടാന്‍ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ പുതിയ ഭേദഗതി പ്രകാരം കോടതിയിലോ മറ്റേതെങ്കിലും ഏജന്‍സിയിലോ നഷ്ടപരിഹാര തുക സര്‍ക്കാര്‍ അടയ്ക്കുകയാണെങ്കില്‍ പ്രാബല്യത്തിലുള്ള ഈ നിബന്ധന ബാധകമാകില്ല.

2) നിലനിന്നിരുന്ന നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം സംഭവിച്ചാല്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിക്ക് ശക്തമായ നിയമ നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ പുതിയ ഭൂസ്വത്തവകാശ ഭേദഗതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ കോടതിക്ക് ഇതില്‍ ഒരു തരത്തിലും ഇടപെടാനുള്ള അനുമതിയില്ല. ഭൂമികൈമാറ്റ നിയമത്തില്‍ കൊണ്ടുവന്ന ഈ ഭേദഗതി ഇപ്പോള്‍ സര്‍ക്കാരിന്റെ മറ്റു പല വകുപ്പുകള്‍ക്കും ബാധകമാണ്. ഇതിലൂടെ നിയമ ലംഘനം നടത്തുന്ന സര്‍ക്കാരിന്റെ വിവിധ വകുപ്പിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറന്നിടുകയാണ്.

3)  2013 ലെ നിയമപ്രകാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ നിശ്ചയിച്ച പദ്ധതി ആരംഭിച്ചില്ല എങ്കില്‍ ഉടമകള്‍ക്ക് ഭൂമി തിരിച്ചു നല്‍കേണ്ടതാണ്. ഈ ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണിപ്പോള്‍. പദ്ധതിയുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍ കൂടുകയോ ഈ കാലയളവിനുള്ളില്‍ ഭൂമി ഉപയോഗിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പോലും അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് ഭൂമിതിരിച്ചു നല്‍കേണ്ടതില്ല.

 

4) പ്രാബല്യത്തിലുണ്ടായിരുന്ന നിയമപ്രകാരം ഒരു സംരംഭത്തിന് ആവശ്യമുള്ള സാമൂഹ്യവും അല്ലാത്തതുമായ ഘടകങ്ങളെ സാമൂഹ്യ ഗുണനിലവാര വിലയിരുത്തല്‍ കണക്കുകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഇതിനെ ക്കുറിച്ച് ഭൂവുടമകളുടെ സമ്മതവും ആവശ്യമായിരുന്നു. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടും. സാമൂഹ്യ-വാണിജ്യ-സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, രോഗനിര്‍ണയ കേന്ദ്രങ്ങള്‍, ഇരുപത് ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളില്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍, വ്യവസായ പാര്‍ക്കുകളുടെ നിര്‍മാണം, പ്രത്യേക സാമ്പത്തിക മേഖല, വിനോദസഞ്ചാരം, കാര്‍ഷിക കേന്ദ്രങ്ങള്‍, വളം ഉത്പാദനം, വിളവെടുപ്പിനു ശേഷമുള്ള ആവശ്യങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, മണ്ണ് പരിശോധന ലാബുകള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള ശീതീകരിച്ച അറകള്‍ എന്നിവയാണ് സര്‍ക്കാരിന്റെ സാമൂഹ്യവും അല്ലാത്തതുമായ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.

5) നിര്‍ബന്ധിത ഭൂമികയ്യേറ്റത്തിനും ഒഴിപ്പിക്കലിനും എതിരെ കാലങ്ങളായി പൊരുതി നേടിയ അവകാശങ്ങളെ ഇല്ലാതാക്കുയാണ് ഈ നിയമ ഭേദഗതി. ഭൂമി കൈമാറ്റങ്ങള്‍ക്ക് ഭൂവുടമകളുടെ സമ്മതം ഉറപ്പുവരുത്തുക, വിവിധ വിളകളുള്ള കൃഷിഭൂമി ഇതില്‍ നിന്നു ഒഴിവാക്കുക, ഭൂമി കൈമാറ്റം നടത്തുമ്പോള്‍ ഭക്ഷ്യ സുരക്ഷയും ജനങ്ങളുടെ ആവാസവ്യവസ്ഥയും പരിഗണിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഒരുപാടു കാലത്തെ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇവ കാറ്റില്‍ പറത്തുകയാണ് പുതിയ ഭേദഗതി. 1894-ലെ നിയമങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ഭൂസ്വത്തവകാശ നിയമത്തിലുണ്ടാക്കിയ ഈ ഭേദഗതി.

6) പുതിയ ഭേദഗതി പ്രകാരം 2013 ലെ ഭൂസ്വത്തവകാശനിയമങ്ങളില്‍ നിന്നും അഞ്ചു തരം ഭൂമികൈമാറ്റങ്ങള്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. പ്രതിരോധ മേഖല, വ്യവസായ മേഖല, ഗ്രാമീണമേഖല, പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള വീടുനിര്‍മ്മാണം, സര്‍ക്കാര്‍ ഭൂമിയിലുള്ള പൊതു-സ്വകാര്യ സംരംഭങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഏതൊരു ഭൂമികൈമാറ്റവും ഈ പരിധിയില്‍ കൊണ്ടുവരാം എന്നത് രാഷ്ട്രീയക്കാര്‍ക്കും കെട്ടിടനിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരം നല്‍കും. ഈ ഭേദഗതി അക്ഷരാര്‍ത്ഥത്തില്‍ നിലവിലുണ്ടായിരുന്ന ഭൂമി കൈമാറ്റ നിയമത്തെ തന്നെ ഇല്ലാതാക്കുകയാണ്.

 

This post was last modified on January 6, 2015 12:52 pm