X

ലാവെണ്ടര്‍; കൊറിയയുടെ മണം അല്ല, പടം കൊറിയ തന്നെ

രവി ശങ്കര്‍

സവിശേഷമായ ഇളം നീല നിറത്തിലുള്ള പൂവാണ് ലാവെണ്ടര്‍. മനോഹരങ്ങളാണ് ലാവെണ്ടര്‍ തോട്ടങ്ങള്‍. പ്രണയത്തിന്റെ നിറം നീലയാണല്ലോ. ഡെയിസി വെള്ള ദളങ്ങളും മഞ്ഞനിറത്തിലുള്ള നടുവട്ടവും ഉള്ള പൂവാണ്. നിഷ്കളങ്കതയുടെ നിറം വെള്ളയാണല്ലോ. അനൂപ്‌ മേനോന്‍ എഴുതി അറ്റ്‌ലസ് അലി സംവിധാനം ചെയ്ത ‘ലാവെണ്ടര്‍’ എന്ന ചിത്രം പ്രണയവും നിഷ്ക്കളങ്കതയും ഉള്‍ച്ചേര്‍ന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു.

അവളുടെ കഥ ഇപ്രകാരം. ആകസ്മികമായി കാണാതെയറിഞ്ഞ ഒരാളെ ചിത്രകാരിയായ അവള്‍ പ്രണയിക്കുന്നു. അവന്റെ സാമീപ്യത്തിന്റെ അടയാളം ലാവെണ്ടര്‍ പൂക്കളാണ്. പക്ഷെ, അവനൊരു വാടകക്കൊലയാളിയാകുന്നു. അതിനിടെ, ലാവെണ്ടര്‍ പൂക്കളുമായി തന്നെ ചിത്രം വരക്കാനായി സമീപിച്ച ഒരുവനെ അവള്‍ താന്‍ പ്രണയിക്കുന്ന ആളായി തെറ്റിദ്ധരിക്കുന്നു. പക്ഷെ, അവന്‍ ഒരു ക്രിമിനല്‍ സംഘത്തെ പിന്തുടരുന്ന ഇന്റര്‍പോള്‍ ഡിറ്റക്ടീവ് ആകുന്നു. അങ്ങനെ ക്രിമിനലിനും ഡിറ്റക്ട്ടീവിനും ഇടയില്‍ പെടുന്ന ഒരുവളാകുന്നു അവള്‍. അങ്ങനെ അവളുടെ കഥ ഒരു ദുരന്തമാകുന്നു. അവരുടെയും.

നവാഗതയായ ഇറാനിയന്‍ നടി എല്‍ഹം മിര്‍സയാണ് ഈ ലാവെണ്ടര്‍/ഡെയിസി പെണ്ണിനെ അവതരിപ്പിക്കുന്നത്‌. കഥാപാത്രത്തിന്റെ നിഷ്ക്കളങ്ക സ്വഭാവത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട് അവള്‍. റഹ്മാന്റെ തിരിച്ചു വരവാണ് വാടകക്കൊലയാളിയുടെ രൂപത്തില്‍. നിഷാന്‍ അവളുടെ രണ്ടാമത്തെ കാമുകനെ അവതരിപ്പിക്കുന്നു.

പൊതുവേ, നല്ല പ്രൊഡക്ഷന്‍ ക്വാളിറ്റി ഉള്ള ഒരു പടമാണിത്. എല്ലാ ടെക്നിക്കല്‍ വശങ്ങളും ഭംഗിയായിട്ടുണ്ട്. നല്ല ലൊക്കേഷനുകള്‍. നല്ല ഇന്‍റീയറുകള്‍. നല്ല കോറിയോഗ്രഫി. നല്ല ആര്‍ട്ട്‌.

പക്ഷെ, ഒരു കുഴപ്പം മാത്രം. കൊറിയന്‍ പടങ്ങള്‍ ധാരാളം കാണുന്ന ഒരാള്‍ക്ക്‌ പടം തുടങ്ങുമ്പോള്‍ തന്നെ കൊറിയ മണക്കും. പടത്തിന്റെ മുഖവുര കഴിഞ്ഞു യഥാര്‍ത്ഥ പടം തുടങ്ങുമ്പോള്‍ തന്നെ മനസ്സിലാവും ലാവെണ്ടര്‍ മറ്റൊന്നുമല്ല, ഡെയിസി എന്ന പ്രശസ്തമായ കൊറിയന്‍ പടമാണെന്ന്.

2006 ല്‍ പുറത്തിറങ്ങിയ ഡെയിസി കൊറിയയില്‍ നിന്ന് വന്ന ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. അതിന്റെ കഥ ഇപ്രകാരം കുറിക്കപ്പെട്ടിരിക്കുന്നു. “യുവതിയായ ഒരു ചിത്രകാരിയും ഒരു ഇന്റര്‍പോള്‍ ഡിറ്റക്ട്ടീവും ഒരു വാടകക്കൊലയാളിയും തമ്മിലുള്ള പ്രണയത്തെ കുറിക്കുന്ന ഒരു നാഗരിക മെലോഡ്രാമയാണ് ഡെയിസി.” കഥ പൂര്‍ണമായും എഴുതുന്നില്ല, അത് മുകളില്‍ എഴുതിയത് തന്നെ. ഈ കഥയെ കുടഞ്ഞു കളയാന്‍ വേണ്ടി ബുദ്ധിമാനായ അനൂപ്‌ മേനോന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. (1) ഒരു മുഖവുര: കബീര്‍ എന്ന ഒരു തിരക്കഥാകൃത്ത്‌ തന്റെ ലാവെണ്ടര്‍ എന്ന തിരക്കഥ പൂര്‍ത്തിയാക്കുന്നു. എന്നിട്ട് പ്രധാന നടിയെ വിളിച്ചു വരുത്തി കഥ പറയുന്നു. ഡെയിസിയുടെ കഥയാണ് അയാള്‍ പറയുന്നത്. വാസ്തവത്തില്‍ കബീര്‍ എന്നതിന് പകരം അനൂപ്‌ മേനോന്‍ എന്ന് എഴുതുകയും ആ കഥാപാത്രത്തെ അനൂപ് തന്നെ അവതരിപ്പിക്കുകയും ചെയ്‌താല്‍ ഭംഗി ആയേനെ. കാരണം, സിനിമയ്ക്കുള്ളില്‍ തന്നെ കബീര്‍/അനൂപ്‌ ചെയ്യുന്നത് മോഷണമാണല്ലോ. (2)  ഒരു പിന്നുര: കഥ കേട്ട് അസ്വസ്ഥയായ നടി സ്ഥലം വിടുന്നു. (അവള്‍ ഡെയിസി എന്ന പടം കണ്ടിട്ടില്ലെന്ന് തോന്നുന്നു. കണ്ടിരുന്നെങ്കില്‍ കബീറിനെ അപ്പോഴേ തല്ലിയേനെ!) പിറ്റേ ദിവസം സിനിമാകള്ളന്‍ കബീറിന് ലാവെണ്ടര്‍ പൂക്കള്‍ കിട്ടുന്നു. കഥ മോഷ്ടിക്കുന്നവര്‍ ആണ് വിജയിക്കുന്നത് എന്ന് അനൂപ്‌ മേനോന്‍ പറയാതെ പറയുകയാണ്‌. ഈ രണ്ടു രംഗങ്ങള്‍ മാത്രമാണ് അനൂപിന്റെ ഒറിജിനല്‍ സംഭാവന എന്ന് മറക്കരുത്.

കഥ പോട്ടെ, പല സീനുകളും അതെ പടി പകര്‍ത്തിയിരിക്കുന്നത് കാണുമ്പോള്‍ അറ്റ്‌ലസ് അലിയുടെ സംവിധാനവും സംശയാസ്പദമാകുന്നു. ഉദാഹരണത്തിന് രണ്ടു കാമുകരും അവളുടെ മുറിയില്‍ വെച്ചു കണ്ടുമുട്ടുന്ന പ്രധാനപ്പെട്ട ഒരു രംഗമുണ്ട്. ഇതിലെ എല്ലാ ഷോട്ടുകളും, ശരീരഭാഷയും കരചലനങ്ങളും ഉള്‍പ്പടെ, പകര്‍പ്പാണ്.

കൊറിയന്‍ ചിത്രങ്ങളും അവയുടെ ചലച്ചിത്രഭാഷയും കൂടുതലായി നമ്മെ inspire ചെയ്യുന്നത് നല്ലൊരു കാര്യമാണ്. പക്ഷെ, അത് ഒരു കലാകാരന്റെ inspiration ആയിരിക്കണം. അല്ലെങ്കില്‍, വെറുതെ യൂ ട്യൂബില്‍ കേറി Daisy എന്ന് പരതിയാല്‍ മതിയല്ലോ.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on July 3, 2015 7:50 am