X

എല്‍ഡിഎഫ് സീറ്റ് വിഭജനം അഥവാ വല്ല്യേട്ടന്റെ തീരുമാനങ്ങള്‍

കെ എ ആന്റണി

ഇക്കുറിയും പതിവ് തെറ്റിയില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും മുമ്പേ സീറ്റ് ചര്‍ച്ചകള്‍ക്ക് പര്യവസാനം കുറിക്കാന്‍ കഴിഞ്ഞുവെന്ന വലിയ ആശ്വാസത്തില്‍ തന്നെയാകണം സിപിഐഎമ്മും എല്‍ഡിഎഫും. ഇതൊരു വലിയ കാര്യം തന്നെയാണ്. രണ്ട് സീറ്റ് അധികം ചോദിച്ച സിപിഐയെ അവര്‍ മുമ്പ് മത്സരിച്ച 27 സീറ്റില്‍ തളച്ചിടാന്‍ കഴിഞ്ഞതിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇടതകം തുറന്ന് നല്‍കാന്‍ സാധിച്ചു എന്നൊക്കെയാകണം സിപിഐഎമ്മിന്റെ മനസ്സിലിരിപ്പ്.

രായ്ക്കുരായ്മാനം ഇടത്തേക്ക് ചാഞ്ഞ ഫ്രാന്‍സിസ് ജോര്‍ജ്ജിനും സംഘത്തിനും സീറ്റ് നല്‍കാന്‍ നടത്തിയ സിപിഐഎം ബദ്ധപ്പാട് ചില്ലറയൊന്നുമല്ല. മുന്നണിയാകുമ്പോള്‍ ഒരേമനസ്സോടെ പ്രവര്‍ത്തിക്കണം എന്ന യുദ്ധ തന്ത്രം പണ്ടേ മറന്നവരാണ് ഡാങ്കേയുടെ സിപിഐയെന്നൊക്കെ ചിലരൊക്കെ പറഞ്ഞ് ചിരിച്ചേക്കാം. എങ്കിലും ഇന്നലെ പൂര്‍ത്തിയായ എല്‍ഡിഎഫ് സീറ്റ് വിഭജനം ഉണ്ടാക്കിയ ചില മുറിവുകള്‍ ചോര കിനിയുന്നവ തന്നെയായി അവശേഷിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് എത്രകണ്ട് എല്‍ഡിഎഫിന്റെ വിജയ സാധ്യതയെ സ്വാധീനിക്കും എന്നതിനുമപ്പുറം ഒരു ഷൈലോക്കിയന്‍ വെട്ടിലൂടെ മുറിവേറ്റ ഹൃദയങ്ങളുടെ സങ്കടങ്ങള്‍ എതിരാളികള്‍ എങ്ങനെ പ്രയോജനപ്പെടുത്തും എന്നിടത്തേക്കും കൂടി ചെന്നെത്തുന്നു കാര്യങ്ങള്‍.

നിര്‍ണായക രാത്രിയില്‍ ശത്രുപാളയത്തില്‍ നിന്നും അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കുകയെന്നത് പഴയകാല രാജനീതിക്കുമപ്പുറം എക്കാലത്തും ഫലവത്തായി ഉപയോഗിക്കപ്പെട്ട യുദ്ധ തന്ത്രം കൂടിയാണ്. ഈ തന്ത്രം തന്നെയാണ് ഇടതുമുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഐഎമ്മും ഇപ്പോള്‍ പയറ്റിയിരിക്കുന്നത്.

പുതിയ ബന്ധങ്ങള്‍ പുതിയ ശത്രുക്കളെ സൃഷ്ടിക്കുമെന്നത് വെറുമൊരു പഴയമൊഴിയോ പാഴ് മൊഴിയോയല്ല. ഇടുക്കിയിലേയും കാഞ്ഞിരപ്പള്ളിയിലേയും ബിഷപ്പുമാരെ പ്രീതിപ്പെടുത്തി കുറച്ചു സീറ്റ് അധികം നേടുകയെന്ന സിപിഐഎം തന്ത്രം തന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ്ജിനും കൂട്ടര്‍ക്കും ചുവപ്പു പരവതാനി വിരിയ്ക്കാന്‍ ഇടയാക്കിയത്.

ഈ തന്ത്രം ഇടുക്കിയിലും കോട്ടയത്തിന്റെ ചില ഭാഗങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ തന്നെ കേരളത്തിലെ മറ്റിടങ്ങളില്‍ ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിശദമായി പഠിച്ചതിനുശേഷമാണോ ഇങ്ങനെയൊരു തീരുമാനം എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു. അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാകുമെന്ന പ്രതീക്ഷയില്‍ ആ മുന്നണിയോട് ഒട്ടിനില്‍ക്കാന്‍ പട്ടക്കാര്‍ കാട്ടുന്ന അമിത താല്‍പര്യം ഇതര മതവിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാര്‍ എങ്ങനെ കാണുമെന്ന് സിപിഐഎം ചിന്തിച്ചിരുന്നുവോ.

നേട്ടം കൊയ്യാന്‍ സഭയും പണിയെടുക്കാന്‍ തങ്ങളും എന്ന രീതിയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ആറന്‍മുളയിലും കണ്ടതാണ്. ഇടുക്കിയില്‍ എംഎം മണിക്ക് അപ്പുറം സഞ്ചരിക്കാത്ത പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധത്തിന് വകയില്ലാത്തതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന് അധികം ഭയപ്പെടേണ്ടതില്ല. എന്നാല്‍ തിരുവനന്തപുരത്തേക്ക് എത്തുമ്പോള്‍ അല്‍പം ഗതികെട്ട അവസ്ഥയിലാണ് സിപിഐഎം. ആന്റണി രാജു തന്നെയായിരിക്കും ജനാധിപത്യ കേരള കോണ്‍ഗ്രസിന് കിട്ടിയ തിരുവനന്തപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥി. ഇതേ മണ്ഡലത്തില്‍ പ്രബലനായ വി സുരേന്ദ്രന്‍ പിള്ളയും സംഘവും പ്രതിഷേധത്തിലാണ്. ഏറെക്കാലമായി എല്‍ഡിഎഫിനോട് ഒട്ടി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗമാണ് സുരേന്ദ്രന്‍പിള്ളയുടെ സ്‌കറിയ തോമസ് വിഭാഗം. നേരത്തെ തിരുവനന്തപുരത്തു നിന്നും വിജയിച്ചിട്ടുള്ള സുരേന്ദ്രന്‍പിള്ള ആഗ്രഹിച്ച സീറ്റിലേക്കാണ് ഇടതു മുന്നണിക്ക് പാര പണിത് മറുകണ്ടം ചാടിയ ആന്റണി രാജുവിന് വീണ്ടും സിപിഐഎം സീറ്റ് നല്‍കിയിരിക്കുന്നത്. ഇതിനെ ചതിയായി കാണുന്ന സുരേന്ദ്രന്‍ പിള്ള എല്‍ഡിഎഫിന് എതിരെ വോട്ട് കുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികളും പിന്തുണച്ച സമുദായവും എന്തുചെയ്യും എന്നത് തല്‍ക്കാലം തങ്ങളുടെ തലവേദനയൊന്നുമല്ലെന്ന് സിപിഐഎമ്മിന് പറഞ്ഞു നടക്കാം.

ക്രിക്കറ്റ് കളി പുനരാരംഭിക്കണമെന്ന് ആഗ്രഹിച്ച് ബിജെപിയില്‍ ചേര്‍ന്ന് ഒടുവില്‍ തിരുവനന്തപുരത്തു വന്നു നിന്ന് മത്സരിക്കുന്ന ശ്രീശാന്തിന്റെ പെട്ടിയില്‍ ഉണ്ടാകാനിടയുള്ള വോട്ട് വര്‍ദ്ധന പാളിപ്പോകുന്ന യുദ്ധ തന്ത്രങ്ങള്‍ വ്യക്തമാക്കാന്‍ ഇടയുണ്ട്.

സിപിഐഎം നടത്തിയ യഥാര്‍ത്ഥ കടുംവെട്ട് ഗൗരിയമ്മയോടായിപ്പോയി. രണ്ട് വര്‍ഷം മുമ്പേ എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ഗൗരിയമ്മ അടുത്തിടെ എകെജി സെന്ററില്‍ പോയിരുന്നു. തന്റെ പാര്‍ട്ടിക്ക് സീറ്റ് ചോദിച്ച് എത്തിയ അവരോട് അന്ന് കോടിയേരിയും സംഘവുമൊക്കെ എന്തു പറഞ്ഞ് തിരിച്ചയച്ചുവെന്ന് അറിയില്ലെങ്കിലും ഗൗരിയമ്മ തീര്‍ത്തും നിരാശയാണ്. ഗൗരിയമ്മയുടെ ജെ എസ് എസിന് ഒരു സീറ്റു പോലും നല്‍കിയില്ല എല്‍ഡിഎഫ്. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിക്കട്ടേയെന്ന മുദ്രാവാക്യം പോലെ കാറ്റിലെവിടെയോ വിലയം പ്രാപിച്ച ഒന്നായി എകെജി സെന്ററിലെ സീറ്റ് ചര്‍ച്ചയെ ഇപ്പോള്‍ കാണുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ വേദനയാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് ഇന്നലെ ഗൗരിയമ്മ ചില ചാനലുകളോട് പ്രതികരിച്ചത്. ഗൗരിയമ്മയുടെ രോദനം വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആലപ്പുഴയിലും കൊല്ലത്തും എങ്ങനെ പ്രയോജനപ്പെടുത്തുമെന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. പോരെങ്കില്‍ ഗൗരിയമ്മയുടെ ബന്ധു കൂടിയായ രാജന്‍ ബാബു ബിഡിജെഎസില്‍ പൂര്‍ണ സമയ സ്വയംസേവകനായി മാറിയ ഈ സാഹചര്യത്തില്‍.

അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി മടുത്ത പി സി ജോര്‍ജ്ജിന് കിട്ടിയ പണിയെ കുറിച്ച് ചില വലതുപക്ഷ മാധ്യമങ്ങള്‍ ആശങ്കപ്പെടുന്നുണ്ടെങ്കിലും പൊതുവേയുള്ള വികാരം ജോര്‍ജ്ജിന് ഇതുതന്നെ വേണമെന്നതാണ് നാട്ടുകാര്‍ പറയുന്നത്. എങ്കിലും പൂഞ്ഞാറില്‍ ജോര്‍ജ്ജ് ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുമ്പോള്‍ വരാനിടയുള്ള നഷ്ടത്തെ കുറിച്ച് സിപിഐഎമ്മിന് തല്‍ക്കാലം വേവലാതിയില്ലെന്നാണ് അകത്തളങ്ങളില്‍ നിന്നുള്ള അറിവ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് തോറ്റാലും ജോര്‍ജ്ജ് ജയിച്ചാല്‍ ഭാവി എന്തെന്ന് സിപിഐഎം തീരുമാനിച്ചിട്ടില്ലെങ്കിലും കോട്ടയം ജില്ലയില്‍ പ്രത്യേകിച്ച് കാഞ്ഞിരപ്പള്ളി രൂപതയുടെ അധീനതയില്‍ വരുന്ന മണ്ഡലങ്ങളില്‍ കുളംകലക്കി മീന്‍ പിടിക്കാനുള്ള ഗൂഢതന്ത്രം തന്നെയാണ് സിപിഐഎം ഇപ്പോള്‍ പയറ്റിയിട്ടുള്ളത്. ഇതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ കോട്ടയത്തിന്റെ ഇതരഭാഗങ്ങളിലേക്ക് ഉണ്ടാകുമെന്ന സിപിഐഎം പ്രതീക്ഷ എത്രകണ്ട് ശരിയെന്ന് അറിയില്ല.

ഐഎന്‍എല്‍ നിലവില്‍ സന്തുഷ്ടരാണ്. മൂന്നു സീറ്റേ കിട്ടിയുള്ളൂവെങ്കിലും വിജയ സാധ്യതയുള്ള കോഴിക്കോട് സൗത്തും വള്ളിക്കുന്നും കിട്ടിയതു തന്നെ ഇതിന് കാരണം. എന്നാല്‍ ഏറെക്കാലമായി ഇടതിനൊപ്പം നില്‍ക്കുന്ന കടന്നപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസ് എസ് ഒട്ടും സന്തുഷ്ടരല്ല. അടുത്തിടെ ആര്‍ എസ് പി വിട്ടു വന്ന കോവൂര്‍ കുഞ്ഞുമോന് ഒരു സീറ്റ് നല്‍കിയ സിപിഐഎം തങ്ങളേയും ഒറ്റ സീറ്റിലൊതുക്കി തീര്‍ത്തും വഞ്ചിച്ചുവെന്നാണ് അവരുടെ ആക്ഷേപം.

സിപിഐഎമ്മിന്റെ മതപരിപ്രേക്ഷ്യം കൂടി കലര്‍ന്ന ഇത്തവണത്തെ പരീക്ഷണം വിജയിക്കാനുള്ള സാധ്യത വളരെ വലുതാണെങ്കിലും അതെത്ര കണ്ട് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന ആശങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 29, 2016 11:52 am