X

ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക്

അഴിമുഖം പ്രതിനിധി

രഞ്ജിത്ത് സംവിധാനം ചെയ്ത് ബിജു മേനോന്‍ നായകനായ ലീലയ്ക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അപ്രഖ്യപിത വിലക്ക്. ലീല പ്രദര്‍ശിപ്പിക്കരുതെന്ന വാക്കാലുള്ള നിര്‍ദേശം തിയേറ്ററുകള്‍ക്ക് നല്‍കിയിരിക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയും. ഇത്തരമൊരു നിര്‍ദേശം തങ്ങള്‍ക്ക് കിട്ടിയതായി പല തിയേറ്റര്‍ ഉടമകളും അറിയിച്ചതായി ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കുന്നുണ്ട്. മള്‍ട്ടിപ്ലക്‌സുകളില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയാണ്.

വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് സിനിമത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെ പിന്തുണച്ച് ലീലയുടെ ചിത്രീകരണസമയത്ത് ആവശ്യപ്പെട്ട കൂലി അവര്ക്ക് നല്‍കാന്‍ രഞ്ജിത്ത് തയ്യാറായിരുന്നു. രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയായ കാപ്പിറ്റോള്‍ സിനിമാസാണ് ലീല പ്രൊഡ്യൂസ് ചെയ്യുന്നതും. എന്നാല്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് കാണിച്ചു നിര്‍മാതാക്കളുടെ സംഘട ചലച്ചിത്രനിര്‍മാണം നിര്‍ത്തിവച്ച് മറ്റൊരു സമരവും ആരംഭിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുക്കാതെ ചിത്രീകരണം തുടര്‍ന്നതാണ് രഞ്ജിത്തിനു ഇപ്പോള്‍ വിലക്ക് നേരിടേണ്ടി വന്നതിനു കാരണം. ദുല്‍കര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുമ്മട്ടിപ്പാടവും സമരസമയത്ത് ചിത്രീകരണം നടത്തിയെങ്കിലും പിന്നീട് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ സിനിമ യാഥാര്‍ത്ഥ്യമായി കാണാന്‍ ആഗ്രഹിക്കുകയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന അപ്രഖ്യാപിത വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ലീലയുടെ അണിയറക്കാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ആര്‍ ഉണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കിയാണ് ലീല എടുക്കുന്നത്. പാര്‍വതി നമ്പ്യാരാണ് നായിക. വിജയരാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

This post was last modified on March 10, 2016 8:38 pm