X

ചരിത്രത്തില്‍ ഇന്ന്: പാബ്ലോ പിക്കാസോയും ബാഗ്ദാദ് സ്‌ഫോടനവും

1881 ഒക്ടോബര്‍ 25
പാബ്ലോ പിക്കാസോയുടെ ജനനം

ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മഹാനായ ചിത്രകാരന്‍ പാബ്ലോ പിക്കാസോ 1881 ഒക്ടോബര്‍ 25 നാണ് ജനിച്ചത്. സ്‌പെയിനിലെ മലാഗ യായിരുന്നു അദ്ദേഹത്തിന്റെ ജന്മസ്ഥലം. ചിത്രകലാധ്യാപകന്റെ മകനായി പിറന്ന പിക്കാസോ ചെറുപ്രായത്തിലെ ചിത്രരചനയുടെ ലോകത്തേക്ക് കടന്നുവന്നിരുന്നു.13-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യ ചിത്രപപ്രദര്‍ശനം സംഘടിപ്പിച്ചു.

1900 ത്തിലാണ് പിക്കാസോ പാരീസില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം വിഖ്യാതമായ പാരീസിലെ റൂ ലാഫിറ്റി സ്ട്രീറ്റില്‍ തന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. തുടര്‍ന്നുള്ള ജീവിതം പാരീസില്‍ തന്നെ തുടരാന്‍ തീരുമാനിച്ച അദ്ദേഹം തന്റെ ജീവിതകാലത്ത് ഏതാണ്ട് അമ്പതിനായിരത്തിനു മുകളില്‍ ചിത്രങ്ങള്‍ വരച്ചു. ‘നീല ഘട്ടം’ (Blue Period) എന്നാണ് പിക്കാസോയുടെ സമൃദ്ധമായ ചിത്രരചനാ കാലത്തെ വിശേഷിപ്പിക്കപ്പെട്ടത്. തന്റെ ജീവിതകാലാനുഭവങ്ങളില്‍ നിന്നെടുത്ത വ്യത്യസ്തമായ പ്രമേയങ്ങള്‍ ആധാരമാക്കി പിക്കാസോ ലോകത്തിന് നിരവധി അനുപമവും കലാതിവര്‍ത്തിയുമായ ചിത്രങ്ങള്‍ വരച്ചു നല്‍കി.

തന്റെ തൊണ്ണൂറാമത്തെ വയസ്സില്‍ പിക്കാസോ അന്തരിക്കുമ്പോള്‍, ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ചിത്രകാരനെന്ന ഖ്യാതി അദ്ദേഹം നേടിക്കഴിഞ്ഞിരുന്നു.

2009 ഒക്ടോബര്‍ 25
ഇറാഖില്‍ സ്‌ഫോടനം

ഇറാഖിനെയും ഒപ്പം ലോകത്തെയും നടുക്കിയ വലിയൊരു സ്‌ഫോടനമാണ് 2009 ഒക്ടോബര്‍ 25 ന് ബാഗ്ദാദില്‍ നടന്നത്. ഒരു സ്‌കൂള്‍ വാനും കാറും തട്ടിയെടുത്ത് ചാവേറുകള്‍ നടത്തിയ ഈ സ്‌ഫോടനത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചാവേറുകള്‍ ഈ വാഹനങ്ങള്‍ നീതിന്യായ മന്ത്രാലയവും ബാഗ്ദാദ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഏറ്റവും സങ്കടകരമായ സംഭവം എന്തെന്നാല്‍, ഒരു ഡേ കെയര്‍ കേന്ദ്രത്തിലേക്ക് കുട്ടികളുമായി വന്ന വാനാണ് ചാവേറുകള്‍ തട്ടിയെടുത്തത്. സ്‌ഫോടനത്തില്‍ രണ്ടു ഡസനിലേറെ പിഞ്ചുകുട്ടികളാണ് കൊല്ലപ്പെട്ടത്.

അല്‍ഖ്വയ്ദയായിരുന്നു ഈ സ്‌ഫോടനത്തിനു പിന്നില്‍. സ്‌ഫോടനത്തിന്റെ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചത് അബു അയൂബ് അല്‍ മസ്‌റി, അബു ഒമര്‍ അല്‍ ബാഗ്ദാദി എന്നിവരാണ്. ഈ ഭീകരര്‍ പീന്നീട് നടന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on October 25, 2014 9:40 am