ടീം അഴിമുഖം
ജീവിതങ്ങള്‍ വിലപ്പെട്ടതാണ്; നമ്മുടെ രാജ്യത്തു നമുക്കെങ്ങനെ തോന്നാറില്ലെങ്കിലും. ഒരിക്കലും ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ തടവറയില്‍ കിടന്നു നരകിച്ച ജീവിതങ്ങള്‍; തകര്‍ന്ന കുടുംബങ്ങള്‍; ഈ രാഷ്ട്രത്തിന്റെ നീതി വാഗ്ദാനം കാറ്റില്‍ പറത്തിയിരിക്കുന്നു-2006-ലെ മലേഗാവ് സ്ഫോടനത്തിന്റെ ദുഷ്ടലാക്കുകളോടെ പിഴച്ചുപോയ അന്വേഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതൊക്കെയാണ്.
സംഭവിച്ചതിനെക്കുറിച്ച് വിലപിക്കുന്നത് മാത്രം പോര. മലേഗാവില്‍ നിന്നും ഉയരുന്ന മുന കൂര്‍ത്ത ചോദ്യങ്ങള്‍ക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരം നല്കണം. യഥാര്‍ത്ഥ കുറ്റവാളികളെ വീണ്ടും ആക്രമണങ്ങള്‍ക്ക് അരങ്ങൊരുക്കാന്‍ വിട്ടിട്ട് എങ്ങനെയാണ് മഹാരാഷ്ട്രയിലെ അന്വേഷണ സംഘം നിഷ്ക്കളങ്കരായ മനുഷ്യരെ തടവിലിട്ടത്? സ്ഫോടനങ്ങള്‍ക്ക് ‘ഹിന്ദു ഭീകരത’യുമായി ബന്ധമുണ്ടെന്ന് മറ്റൊരു അന്വേഷണത്തില്‍ തുമ്പുകള്‍ കിട്ടിയപ്പോഴും ഈ തെളിവുകള്‍ പുന:പരിശോധിക്കാഞ്ഞത് എന്തുകൊണ്ടാണ്? പുതിയ തെളിവുകള്‍ വന്നപ്പോഴും തങ്ങളുടെ തെറ്റുകള്‍ കോടതിയില്‍ ന്യായീകരിക്കാന്‍ പ്രേരിപ്പിച്ചത് ആരാണ്? ഈ ചോദ്യങ്ങള്‍ പൊലീസ് സംവിധാനത്തിന്റെ ഹൃദയത്തിലാണ് തറയ്ക്കേണ്ടത്,കാരണം മലേഗാവില്‍ സംഭവിച്ചത് ആശങ്കാജനകമായ ഒരു ഘടനയുടെ ആവര്‍ത്തനമാണ്.
ജൂലായ് 26-നു മുംബൈയിലെ തീവണ്ടികളില്‍ നടന്ന സ്ഫോടനത്തില്‍ ശിക്ഷിക്കപ്പെട്ട മനുഷ്യര്‍ കുറ്റവാളികളല്ല എന്നു കാണിക്കുന്ന നിരവധി തെളിവുകളുണ്ട്. പൊലീസിന്റെ ആഭ്യന്തരരേഖകള്‍ കാണിക്കുന്നത് ശിക്ഷിക്കപ്പെട്ടവരല്ല മറിച്ച് തങ്ങളുടെ പിടിയിലുള്ള മറ്റ് ചിലരാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഗുജറാത്ത്, ആന്ധ്രാപ്രദേശ് പോലീസ് വകുപ്പുകള്‍ കരുതുന്നു എന്നാണ്. എന്നാലും മഹാരാഷ്ട അധികൃതര്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ വിസമ്മതിച്ചു. ഹിമായത് ബെയ്ഗ് 2010-ലെ പൂനെ സ്ഫോടനത്തിനാണ് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ 2011-ല്‍ ഡല്‍ഹി പോലീസ് ഇതേ കൂട്ടത്തിന്റെ പേരില്‍ ഒരു സംഘത്തെ പിടികൂടി. ഇതും കേസ് വീണ്ടും പരിശോധിക്കുന്നതിലേക്ക് നയിച്ചില്ല.
ഇത് പൊലീസിന്റെ കെടുകാര്യസ്ഥതയും ശേഷിക്കുറവുമായി വ്യാഖ്യാനിക്കാമെങ്കിലും മറ്റെന്തെങ്കിലും മനഃപൂര്‍വമായ ദുരുദ്ദേശങ്ങളുണ്ടോ എന്നത് തെളിയണമെങ്കില്‍ അന്വേഷണം കൂടിയേ തീരൂ. എന്നാല്‍ സത്യം തെളിയിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തില്‍ അത്തരമൊരു അന്വേഷണം നടക്കാനിടയില്ല. ഈ പൊലീസ് വീഴ്ച്ചകള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് നടന്നതെങ്കിലും മുന്‍ഗാമികളെപ്പോലെ അതിശക്തമായി ബി ജെ പി സര്‍ക്കാരും ഇതിനെ ന്യായീകരിക്കുകയാണ്. കോണ്‍ഗ്രസാണെങ്കില്‍ അന്വേഷണത്തില്‍ ബി ജെ പി വര്‍ഗീയ പക്ഷപാതം കാണിക്കുന്നു എന്നു ആരോപിക്കുകയല്ലാതെ സത്യസന്ധമായി മുന്‍കാല തെറ്റുകള്‍ തിരുത്താന്‍ തയ്യാറല്ല. ഇതില്‍ അത്ഭുതമൊന്നുമില്ല; ഭരണത്തിലെത്തുന്ന കക്ഷികള്‍ക്ക് വിശ്വസ്തരായ പൊലീസ് സേനയെ വേണം, വിശ്വസ്തതയ്ക്ക് അതിന്റെ വിലയും കൊടുക്കണം.
ഇന്ത്യ എങ്ങനെ മുന്നോട്ടുപോകണമെന്നത് ഒരു രഹസ്യമൊന്നുമല്ല.തെറ്റായ തടങ്കല്‍ അന്വേഷിക്കേണ്ടത് നിയമപരമായി നിര്‍ബന്ധമാക്കണം, ആരാണ് ഉത്തരവാദിയെന്ന് ഉറപ്പിക്കണം, സ്ഥാപനതലത്തില്‍ തിരുത്തല്‍ നടപടികള്‍ എടുക്കണം-ഇതെല്ലാം സുതാര്യമായി നടത്തുകയും വേണം. ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ പൊലീസ് സ്വയംഭരണം അവരുടെ ഉത്തരവാദിത്തവുമായി ചേര്‍ന്നാണ് പോകുന്നത്. യു കെ-യിലെപ്പോലെ സ്വതന്ത്ര പോലീസ് പരാതി കമ്മീഷന്‍ പോലുള്ള സമിതികളാണ് ഇത് ഉറപ്പുവരുത്തുന്നത്. ഇതുകൂടാതെ നീതിന്യായ സംവിധാനത്തിന്റെ ദുരുപയോഗത്തിന് ഇരയായവര്‍ക്ക് സിവില്‍ കോടതികളില്‍ നീണ്ടകാലം കയറിയിറങ്ങാതെതന്നെ നഷ്ടപരിഹാരം നല്കാനും വ്യവസ്ഥയുണ്ട്. അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമത്തിലും നിയമനിര്‍വഹണ വ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടാനും ഇടയാക്കും-ഇന്ത്യയെ സംബന്ധിച്ച് ഏത് ഭീകരവാദിയും ഏല്‍പ്പിക്കുന്ന ആഘാതത്തെക്കാള്‍ മാരകമായ മുറിവായിരിക്കും അത്.
This post was last modified on April 28, 2016 4:43 pm
Leave a Comment