അഖ്‌ലാക്കിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധവുമായി ബന്ധപ്പെട്ട് കേസെടുത്തത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അയച്ച കത്ത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ അഖിലേഷ് യാദവ് ജി,
കഴിഞ്ഞ സെപ്റ്റംബറില്‍ ദാദ്രിയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് താങ്കള്‍ എനിക്കു നല്‍കിയ ഉറപ്പിനു നന്ദിപറയാനാണ് ഈ കത്ത്. അഖ്‌ലാക്കിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധവുമായി ബന്ധപ്പെടുത്തി കുറ്റാന്വേഷണ നിയമത്തിലെ 156(3) വകുപ്പനുസരിച്ച് എഫ് ഐ ആര്‍ സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടതിന്റെ സാഹചര്യം അന്വേഷിക്കുമെന്നും താങ്കള്‍ ഉറപ്പുതന്നിരുന്നു. ആവശ്യമായ നടപടികളെടുക്കുമെന്നും താങ്കള്‍ പറഞ്ഞിരുന്നു.
ഞാന്‍ താങ്കളെ അറിയിച്ചതുപോലെ, അഖ്‌ലാക്കിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം കൂട്ടുകയാണ്. വധക്കേസില്‍ സാക്ഷികള്‍ കുടുംബാംഗങ്ങളാണെന്നതിനാല്‍ കേസ് പിന്‍വലിപ്പിക്കാനായി അവരെ ഭീഷണിപ്പെടുത്തുന്നു. ഈ കുടുംബത്തെ ലക്ഷ്യം വയ്ക്കുന്നവരില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമുണ്ടെന്ന് അവരുടെ പ്രസ്താവനകളില്‍നിന്നു വ്യക്തമാണ്. യുപിയിലെ ഗോവധ നിരോധനനിയമം ഉപയോഗിച്ച് അവരെ കുറ്റക്കാരാക്കാനുള്ള നീക്കം ഈ ഗൂഢാലോചനയുടെ ഭാഗമാണ്.
അഖ്‌ലാക്കിനും മകന്‍ ഡാനിഷിനും മര്‍ദ്ദനമേല്‍ക്കാനിടയായ സംഭവത്തില്‍ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പൂര്‍ണരൂപത്തില്‍ കോടതിയെ അറിയിച്ചിട്ടില്ല എന്നതിനാല്‍ ഗോവധക്കേസില്‍ പൊലീസിനുള്ള പങ്കിനെക്കുറിച്ചും ഞാന്‍ താങ്കളോടു പറഞ്ഞിരുന്നു. ചാര്‍ജ്ഷീറ്റിലുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കില്‍ വീണ്ടുമൊരു അന്വേഷണം ആവശ്യമില്ലെന്നു വ്യക്തമാകുമായിരുന്നു. ഇതിനു പകരം ഗോവധത്തെപ്പറ്റി അന്വേഷണം നടന്നിട്ടില്ലെന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും കാണിച്ച് ഒറ്റവരിയാണ് പൊലീസ് കോടതിയില്‍ നല്‍കിയത്.
ഈ കേസില്‍ വ്യാജ കുറ്റാരോപണം നടത്തിയ വാദികള്‍ക്ക് കോടതിയില്‍ വേണ്ടത്ര തെളിവു നല്‍കാനായില്ല. അതിനാല്‍ കുറ്റം നടന്നതായി അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണത്തിനുമാത്രമാണ് കോടതി ഉത്തരവിട്ടത്. വധക്കേസില്‍ പ്രതികളായവര്‍ 156(3) വകുപ്പ് ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഈ കേസ്. പൊലീസും ഭരണകൂടവും ഇത് തടയാന്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇക്കാര്യം ശ്രദ്ധിച്ച് വേണ്ട നിയമ, ഭരണ നടപടികളെടുക്കുമെന്ന് താങ്കള്‍ എനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍, ഇപ്പോള്‍ നിലവിലുള്ള അഖ്‌ലാഖ് വധക്കേസ് നടപടികള്‍ ശരിയായ വിധം നിരീക്ഷിക്കണമെന്നും കോടതിനടപടികളില്‍ കാലതാമസം വരുത്തരുതെന്നും ഞാന്‍ താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.
ഭീഷണി നേരിടുന്ന കുടുംബാംഗങ്ങള്‍ക്കും അവര്‍ക്കു നിയമസഹായം നല്‍കുന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തപ്പെടുന്ന അഭിഭാഷകന്‍ യൂസഫ് സൈഫിക്കും സുരക്ഷ ഉറപ്പുവരുത്തണമെന്നും താങ്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കുടുംബാംഗങ്ങളിലൊരാള്‍ തൊട്ടടുത്ത ജില്ലയായ ഗാസിയാബാദിലാണ് ജീവിക്കുന്നത് എന്നതിനാല്‍ നോയിഡ അധികൃതര്‍ക്ക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താനാകില്ല. രണ്ടു ജില്ലകളിലെയും ഭരണകൂടത്തിന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുടുംബാംഗങ്ങളിലൊരാളുടെ കൊലപാതകത്തില്‍ ദുഃഖിച്ചുകഴിയുന്ന, ക്രൂരമായ ആ സംഭവത്തിന്റെ ആഘോതത്തില്‍നിന്നു കരകയറാത്ത ഒരു കുടുംബത്തെ വീണ്ടും ഇത്തരം മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുക എന്നത് രാജ്യത്തിനാകെ ലജ്ജാകരമാണ്. കുറ്റവാളികളും അവരുടെ ശക്തരായ സംരക്ഷകരും – കേന്ദ്രസര്‍ക്കാരില്‍ ഉള്ളവര്‍ ഉള്‍പ്പെടെ – കൊലപാതകത്തെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണെന്നു വ്യക്തമാണ്. ഗോവധം തുടങ്ങിയ വ്യാജകുറ്റാരോപണങ്ങള്‍ നടത്തി സമുദായധ്രുവീകരണമുണ്ടാക്കാനും അതില്‍നിന്നു പ്രയോജനം നേടാനുമാണ് അവരുടെ ശ്രമം. ഇത്തരം ഹീനപദ്ധതതികള്‍ തടയാനും മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിന് സുരക്ഷയും നീതിയും ഉറപ്പാക്കാനും വേണ്ട കാര്യങ്ങള്‍ താങ്കള്‍ ചെയ്യുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.
ആത്മാര്‍ത്ഥതയോടെ
ബൃന്ദ കാരാട്ട്
This post was last modified on July 17, 2016 7:29 am
Leave a Comment