X

ഫാസിസ്റ്റ് ഭരണത്തില്‍ കൊല ചെയ്യപ്പെടുന്ന ശാസ്ത്രബോധം

ടീം അഴിമുഖം/എഡിറ്റോറിയല്‍

അഴിമുഖത്തിലെ ചില റിപ്പോര്‍ട്ടുകളും ലേഖനങ്ങളും അവയുടേതായ കഥകളുള്ളവയാണ്. സാധാരണഗതിയില്‍ പലതും തമാശയും നിങ്ങളത് വായിക്കുന്നത് ആ തരത്തിലുമാണ്. പക്ഷേ വിചിത്ര കാലങ്ങളിലാണ് നാം ജീവിക്കുന്നത്. വളരെ പൊടുന്നനെ നിങ്ങള്‍ കഴിക്കുന്നതും വായിക്കുന്നതും ധരിക്കുന്നതും എന്തെന്ന് തീരുമാനിക്കുന്നത് പോലുള്ള, ചിലപ്പോള്‍ നിസാരമെന്ന് തോന്നാവുന്ന കാര്യങ്ങള്‍ ഇന്ത്യയില്‍ ജീവിതവും മരണവും കൊണ്ടുള്ള കളിയായി മാറുന്നു. മനുഷ്യരുടെ ജീവിത ശീലങ്ങളെ, പ്രത്യേകിച്ചു ഭക്ഷണ ശീലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംഘങ്ങളുണ്ടാകുന്നു. ഈ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലും ഭരണകൂടവും അതിന്റെ ഏജന്‍സികളും കൂടിക്കലരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഭയാനകമാകുന്നു. ദേശീയ തലസ്ഥാനത്തെ കേരള ഹൌസില്‍ ഡല്‍ഹി പോലീസ് നടത്തിയ പരിശോധനയോടെ  സംഭവിച്ചത് ഇതാണ്. ഒരു ഹിന്ദു തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ എന്നു കരുതുന്ന ചിലര്‍, കേരള ഹൌസിലെ ഭക്ഷണശാലയില്‍ പശുവിറച്ചി വിളമ്പുന്നു എന്ന പരാതി വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പരിശോധന.

ഭാഗ്യവശാല്‍ പശുവിറച്ചി തിന്നു എന്നാരോപിച്ച് ഒരാളെ വീട്ടില്‍ നിന്നിറക്കി തല്ലിക്കൊന്ന ദാദ്രിയിലേത് പോലെ ഇവിടെ കാര്യങ്ങള്‍ കൈവിട്ടു പോയില്ല. പക്ഷേ, ഈ സംഭവം ഉദാര ജനാധിപത്യത്തെ യുക്തിസഹമായ ഒരു സമൂഹമായി താദാത്മ്യം ചെയ്യുന്നവര്‍ക്ക് തീര്‍ത്തും ആകുലതകള്‍ സൃഷ്ടിക്കുന്നതാണ്. പോലീസ് നടപടിക്കെതിരെ പൊതുപ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരള ഹൌസിലെ ബീഫ് പ്രശ്നവുമായി തങ്ങളുടെ നടപടിക്കു ബന്ധമില്ലെന്നും സാമുദായിക സംഘര്‍ഷത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു നടപടിയുടെ കാരണമെന്നും പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുകയാണ് ഡല്‍ഹി പൊലീസ്. ഈ വിശദീകരണം തീര്‍ത്തും സംശയാസ്പദമാണ്. കാരണം സ്വയം പ്രഖ്യാപിത ഗോ സംരക്ഷകരുടെ നടപടികള്‍ മത, രാഷ്ട്രീയ, സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ചുള്ള വഴിപിഴച്ച സംവാദങ്ങളുടെ പ്രതീകമായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. 


പി എം ഭാര്‍ഗ്ഗവ

ഇത്തരം പ്രവണതകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതില്‍ ഉത്കണ്ഠയും ദുഃഖവും  രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ മൂന്നു പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ പ്രസ്താവന പുറപ്പെടുവിച്ചതിന് പിറ്റേന്നാണ് കേരള ഹൌസ് സംഭവം എന്നത് യാദൃശ്ചികമായിരിക്കാം. ഇന്ത്യന്‍ പാരമ്പര്യം എന്താണ് എന്നതിനെക്കുറിച്ച് തലനാരിഴ കീറി ചര്‍ച്ച ചെയ്യാന്‍ എളുപ്പമാണ്. പക്ഷേ അടിസ്ഥാനപരമായ ഒരു കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ശരിയാണ് പറഞ്ഞത്- നമ്മുടെ ഭരണഘടന പൌരന്മാരില്‍ നിന്നും അടിസ്ഥാനപരമായ ശാസ്ത്രീയ ബോധം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മതാത്മകവും മറ്റ് രീതിയിലുള്ളതുമായ വിജ്ഞാന വിരോധം മിക്കപ്പോഴും അക്രമാസക്തമായ രീതികളില്‍ ഒക്കെ പ്രകടിപ്പിക്കുന്ന ആളുകള്‍ ഇതിന്റെ ശത്രുക്കളാണ്; ശാസ്ത്രജ്ഞര്‍ ആരുടേയും പേരെടുത്ത് പറഞ്ഞില്ല, അവരത് ചെയ്യേണ്ടതുമില്ല.

ഭാരതീയ ജനതാ പാര്‍ട്ടിയുടെയും അതിനോടു കൂറ് പുലര്‍ത്തുന്ന നിരവധി ഹിന്ദു സംഘടനകളുടെയും പ്രവര്‍ത്തകരാണ് മിക്ക സംഭവങ്ങളിലും അക്രമികള്‍. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പോലെ വിവിധ ബി ജെ പി സര്‍ക്കാരുകള്‍ കുറെ നാളുകളായി പശുവിറച്ചിയുടെ വര്‍ഗീയവൈരം അടുപ്പില്‍ വേവിക്കുകയാണ്. പക്ഷേ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ അസഹിഷ്ണുതയുടെ വേലിയേറ്റത്തെ തടയാന്‍ പോകുന്നില്ല. കൂടുതല്‍ ഉറക്കെയും തെളിച്ചത്തിലും ശബ്ദിക്കുന്ന ഉദാര ജനാധിപത്യത്തിന്റെ ശബ്ദങ്ങളിലാണ് അതിനുള്ള ഉത്തരം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 30, 2015 12:50 pm