X

വേദിയില്‍ കലഹിച്ച് എഴുത്തുകാര്‍; അരങ്ങ് കൈയ്യിലെടുത്ത് കലാകാരന്മാര്‍

എംകെ രാമദാസ്‌

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഭിന്നാഭിപ്രായം മൂടിവെയ്ക്കാതെ എഴുത്തുകാര്‍. അരങ്ങില്‍ കാണികളെ വട്ടം ചേര്‍ത്ത് കലാപ്രകടനങ്ങള്‍. നോവലും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സ്ത്രീപക്ഷ എഴുത്തു ചിന്തകളും ഏറ്റുമുട്ടിയ വേദികളില്‍ നിരന്ന വാദമുഖങ്ങള്‍  കാണികളിലും ജിജ്ഞാസ ഉണര്‍ത്തി. കര്‍ണാടക സംഗീതം അവതരിപ്പിച്ച ടി എം കൃഷ്ണയ്ക്കും തായമ്പക പെരുമ അറിയിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കും ഏക സ്വരത്തില്‍ കരഘോഷത്തോടെയുള്ള സ്വീകരണം. കടല്‍ക്കരയില്‍ കാഴ്‌ച്ചോല്‍ത്സവമാക്കി ആസ്വദിക്കാനെത്തിയ കോഴിക്കോട്ടുകാര്‍ മനസ്സില്‍ സംഗീതമുണ്ടെന്ന് വീണ്ടും തെളിയിച്ചു.

നോവല്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കഥാപാത്രങ്ങളുടെ ക്യാരക്റ്റര്‍ മാറിയെന്ന് ആനന്ദ്. കീഴാളരും സുഖമില്ലാത്തവരും കഥാപാത്രങ്ങളാകുന്നതാണ് വര്‍ത്തമാനകാല നോവല്‍ സവിശേഷതയെന്നും ആനന്ദ്. ബഹിഷ്‌കൃതരാക്കപ്പെട്ടവരുടെയും ഓരങ്ങളിലേയ്ക്ക് തള്ളിമാറ്റപ്പെട്ടവരുടെയും ശബ്ദവും ഗീതവുമാണ് നോവലുകളിലെ പ്രതിപാധ്യം. കീഴാളര്‍ക്ക് പരസരമൊരുക്കുന്നതാണ് നോവലിന്റെ നീതിശാസ്ത്രം.

ഇങ്ങനെ മുഖമില്ലാത്തവരാണ് 1970 കാലത്ത് ഇരുട്ടിലൂടെ പുനര്‍ജനിക്കപ്പെട്ടതെന്നും എം മുകുന്ദന്‍ പറഞ്ഞു. ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെട്ടവര്‍ ലഹരിക്ക് അടിമപ്പെട്ടവര്‍ അലഞ്ഞ് തിരിയുന്നവര്‍ തുടങ്ങിയവരുടെ ഇടങ്ങള്‍ കഥകളായി. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഡയസ്‌ഫോറയില്‍ കാക്കനാടന്‍ എഴുതി. തന്റെ കഥകളിലും ഈ പ്രതലമുണ്ട്. പ്രമേയങ്ങള്‍ക്ക് ക്ഷാമമില്ല. അനുഭവങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാകാത്ത ആസ്വാദകരാണ് പരിമിതി. മുകുന്ദന്റെ വാദമിതാണ്.
പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായതുകൊണ്ട് പരിഹാരം ലളിതമല്ലെന്ന് ആവിഷ്‌കാര പരിസരം ചര്‍ച്ചചെയ്ത വേദിയില്‍ ചിന്തകരും എഴുത്തുകാരും അഭിപ്രായപ്പെട്ടു. കമ്മ്യൂണിസത്തിന്റെ തിരിച്ച് പോക്ക് മൗലികവാദങ്ങള്‍ക്ക് വഴിതുറന്നെന്ന് ഇവിടെ എം മുകുന്ദന്‍. ആനന്ദിന് വിയോജിപ്പ്. സിവിക് ചന്ദ്രന്‍ ഇരുവരുടെയും വാദമുഖങ്ങളെ ചിന്തിച്ചു. അനിതാ നായരും ജയശ്രീ മിശ്രയും കെ ആര്‍ മീരയും സ്ത്രീ എഴുത്തിന്റെ മലയാള പരിസരത്തില്‍ ഏക അഭിപ്രായക്കാരല്ല.

തീറ്റപ്രിയരായ കോഴിക്കോട്ടുകാര്‍ക്ക് പുത്തന്‍ വിഭവങ്ങള്‍ ഒരുക്കി നൗഷാദ് സാഹിത്യോത്സവ പരിസരത്ത് ആളെക്കൂട്ടി. മലയാള കവിതാ ശാഖയിലെ നീണ്ടനിര സാഹിത്യോത്സവ വേദിയില്‍ ഒന്നിച്ചിരുന്നു. കല്‍പ്പറ്റ നാരായണന്‍, മാങ്ങാട് രത്‌നാകരന്‍, രോഹിണി, കുരീപ്പുഴ ശ്രീകുമാര്‍, ബീരാന്‍കുട്ടി, പവിത്രന്‍ തീക്കുനി, സെബാസ്റ്റ്യന്‍, വിഷ്ണു… അങ്ങനെ നിര നീണ്ടു. ആധുനിക കാലത്ത് കവിതാലാപന ശൈലിയിലെ മാറ്റം വേദിയില്‍ കണ്ടു. പ്രേക്ഷകരോട് ക്ഷമ പറഞ്ഞ വിഷ്ണു മൊബൈലിലാണ് കവിത വായിച്ചത്. രാവേറെയെത്തിയപ്പോള്‍ തലചായ്ക്കാന്‍ ഒരു ഇടം നല്‍കാത്ത സംഘാടകര്‍ക്കെതിരെ കവികളില്‍ ചിലരുടെ പ്രതിഷേധം. ഫെസ്റ്റിവല്‍ സഞ്ചി ഓഫീസിനുമുന്നില്‍ ഉപേക്ഷിച്ച് രോക്ഷപ്രകടനം; അല്ലെങ്കിലും കവികള്‍ രണ്ടാത്തരക്കാര്‍ എന്ന ആത്മരോധനം. ഫെസ്റ്റിവലിലെ താരമാകാന്‍ ഇടയുള്ള തസ്രിമ നസ്രിന്റെ വരവിലാണ് കോഴിക്കോടന്‍ സാഹിത്യ ആസ്വാദകരുടെ പ്രതീക്ഷ. സുരക്ഷയില്‍ ഓര്‍ത്ത് എഴുത്തുകാരിയുടെ വരവ് സംഘടാകര്‍ പരസ്യപ്പെടുത്തിയിട്ടില്ല.

 

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് രാംദാസ്)

 

This post was last modified on February 6, 2016 12:29 pm