X

‘എന്‍മകജെ’ ഇനി ഇംഗ്ലീഷിലും; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയത്തിന് ഇനി ആഗോള ശ്രദ്ധ

അംബികാസുതന്‍ മാങ്ങാടിന്റെ പ്രശസ്ത നോവല്‍ 'സ്വര്‍ഗ്ഗ' എന്ന പേരിലാണ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നത്

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കൊടും വിഷത്തിന് ഇരയായി ജീവിതം ദുരിത പര്‍വ്വമായി മാറിയ നിരവധി മനുഷ്യരുടെ ജീവിതം പറഞ്ഞ അംബികാസുതന്‍ മാങ്ങാടിന്‍റെ ‘എന്‍മകജെ’ എന്ന നോവല്‍ ‘സ്വര്‍ഗ്ഗ’ എന്ന പേരില്‍ ഇംഗ്ലീഷിലും എത്തുകയാണ്. ഒരു ജനതയ്ക്ക് മേൽ ഭരണകൂടം പെയ്യിച്ച വിഷ മഴ കാരണം അവിടത്തെ ജനങ്ങള്‍ക്കും പ്രകൃതിക്കും നേരിടേണ്ടി വന്ന ദുരന്തത്തെ പുറംലോകത്തെത്തിക്കാന്‍ എൻമകജെ എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. എന്‍മകജെ എന്ന നോവല്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങുന്നതോടെ എന്‍ഡോസള്‍ഫാന്‍ മൂലം ഒരു ജനതയ്ക്ക് നേരിടേണ്ടിവരുന്ന ദുരന്തം ആഗോള ശ്രദ്ധയില്‍ കൂടി എത്തുകയാണ്.

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന കാസര്‍ഗോട്ടെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ദുരിത ജീവിതമാണ് ഈ നോവലില്‍ ആവിഷ്‌കൃതമാകുന്നത്‌. മനുഷ്യന്‍റെ അന്ധമായ ആര്‍ത്തി നമ്മുടെ ജൈവ വ്യവസ്ഥയെ എങ്ങിനെയൊക്കെ നശിപ്പിക്കുന്നു എന്നും അത് ജീവജാലങ്ങളെ മാത്രമല്ല മനുഷ്യന്‍റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുമെന്നും ഈ നോവല്‍ കാണിച്ചു തരുന്നു.

ന്യൂഡല്‍ഹിയിലെ ജഗ്ഗര്‍നട്ടാണ് എന്‍മകജെ എന്ന നോവല്‍ ഇംഗ്ലീഷില്‍ പുറത്തിറക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നരക തുല്യമാക്കിയ സ്വര്‍ഗ്ഗ എന്ന സ്ഥലമാണ് നോവലിന്‍റെ പശ്ചാത്തലം. നോവല്‍ ഇംഗ്ലീഷില്‍ ഇറങ്ങുമ്പോള്‍ സ്വര്‍ഗ്ഗ എന്ന പേരില്‍ ഇറങ്ങുന്നതും അതുകൊണ്ടാണ്. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ പ്രൊഫസറായ ഡോക്ടര്‍ ജെ ദേവികയാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

2009 ല്‍ പ്രസിദ്ധീകരിച്ച എന്‍മകജെ എന്ന നോവല്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മലയാള നോവലുകളില്‍ ഒന്നാണ്. പതിനഞ്ചാം പതിപ്പ് ഇറങ്ങിക്കഴിഞ്ഞ എന്‍മകജെ തമിഴിലും കന്നടയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി പ്രചാര സഭയുടെ നൂറാം വാര്‍ഷികത്തിന് പരിഭാഷയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള പുസ്തകങ്ങളില്‍ ഒന്നാണ് എന്‍മകജെ. നോവലിന്റെ ഹിന്ദി പരിഭാഷ ഉടന്‍ പുറത്തിറങ്ങും. ഈ നോവലിന്‍റെ റോയല്‍റ്റി തുക എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കുന്നു എന്നതും ഈ നോവലുമായി ബന്ധപ്പെട്ട പ്രത്യേകതകളില്‍ ഒന്നാണ്.

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:

This post was last modified on April 12, 2017 3:41 pm