X

തിരസ്കൃതന്റെ ആത്മഗതങ്ങൾ; ജിനേഷ് മടപ്പള്ളിയുടെ കവിതകള്‍ വായിക്കുമ്പോള്‍

നവകവിതാ ഭാവുകത്വത്തെ മുറുകെപ്പിടിക്കുമ്പോഴും, മൂടൽ മഞ്ഞു പോലെ പൊതിയുന്ന നേരിയ വിഷാദ കാല്പനികത ആർദ്രമാക്കുന്നു ഈ കവിതകളെ

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സിൽ പോകുമ്പോൾ’ എന്ന കവിതയിൽ അപ്പോൾ സംഭവിക്കുന്ന മനോവ്യാപാരങ്ങൾ ഒട്ടൊരു നർമ്മം തോന്നും വിധത്തിൽ അവതരിപ്പിക്കുന്നുണ്ട് ജിനേഷ് മടപ്പള്ളി. യാത്ര അവസാനിക്കുമ്പോൾ ഇരുളിൽ മുങ്ങുന്ന അവളുടെ ദേശം സ്വന്തമായി ഭരണഘടനയും അതിർത്തിയും ഉള്ള ഒരു രാഷ്ട്രമാവുന്നതും അവളെപ്പോലെ തന്നെ, കീഴടക്കാൻ പ്രയാസമുള്ളതാണെന്നും കവിത മനസിലാക്കുന്നു.

പ്രണയത്തിൽ നിന്ന്, തൊഴിലിൽ നിന്ന്, അംഗീകാരത്തിന്റെ പലവിധ മധുരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെടുന്ന ഒറ്റപ്പെട്ട മനുഷ്യന്റെ മുറിവെഴുത്തുകൾ പലപാട് ആവർത്തിക്കുന്നുണ്ട് ജിനേഷിന്റെ കവിതകളിൽ. രാഷ്ട്രീയവും പ്രകൃതിയെക്കുറിച്ചുള്ള ജാഗ്രതയുമടക്കം സാമൂഹ്യമാനങ്ങൾ ഉള്ള കവിതകൾ വേറെയും ഉണ്ടെങ്കിലും, അവയോടെന്നതിനേക്കാൾ തിരസ്കൃതന്റെ ആത്മഗതങ്ങളോട് ആത്മാർഥമാവാൻ ഈ കവിതയ്ക്ക് സാധിക്കുന്നുണ്ട്.

പി എസ് സി ഉത്തരകടലാസിലെ കളങ്ങളോട് എന്ന കവിതയിൽ പറയുന്നുണ്ട്, ‘ഉത്തരങ്ങൾ കറുപ്പിക്കാനായിരുന്നു പറഞ്ഞത്.. പക്ഷേ ചോര കൊണ്ട് ചുവപ്പിക്കുകയാണ് ചെയ്തത്.’ കവിത അവസാനിക്കുമ്പോൾ ‘മരണമേ നീ തോറ്റവരുടെ ഒരു മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുമോ?’ എന്ന് അന്വേഷിക്കുന്നു. ‘മുകളിൽ പേര് വരുന്നവന് എളുപ്പം നിന്നിലേക്ക്‌ എത്തിച്ചേരാൻ’ എന്ന് അമർഷത്തിനും നിരാശയ്ക്കും ഇടയിൽ എവിടെയോ സ്വരമുറപ്പിച്ച്.

ചൂണ്ടകൊളുത്തിൽ നിന്നും വേർപെട്ടു ഒരു ഇരയായി സ്വയം തിരിച്ചറിയുന്നു ചുഴി എന്ന കവിത. ചൂണ്ടക്കാരൻ അന്വേഷിക്കില്ല. പാതി മുറിഞ്ഞത് കൊണ്ട് ജീവിതത്തിലേക്ക് വരാനും കഴിയില്ല. കെണി ആണെന്ന് കരുതി മത്സ്യങ്ങളും അടുപ്പിക്കില്ല. എന്ന് തിരിച്ചറിയുന്നു. തന്റെ അസ്തിത്വത്തെ എവിടെ പ്രതിഷ്ഠിക്കും എന്ന ആ സന്ദേഹം ഈ കവിതയുടെ ആന്തരിക യുക്തിയാണ്. പ്രസ്ഥാനങ്ങൾ, മതം, കുടുംബം തുടങ്ങിയ അസ്തിത്വത്തിന്റെ അടയാളങ്ങളെ സന്ദേഹത്തോടെ കാണുകയും അതിൽ നിന്നും കുതറാൻ ശ്രമിക്കുകയും ചെയ്യുന്ന മനസ്സിനെ നമുക്ക് ആ കവിതയിൽ വായിക്കാം.

‘പുഴയുടെ നീളത്തെ ഏറെ ഇഷ്ടമാണ്. തനിക്കൊരിക്കലും മുറിച്ചു കടക്കേണ്ടി വന്നിട്ടില്ലാത്ത കുത്തിയൊഴുക്കും കുഞ്ഞലകളും….
പക്ഷേ, തുരുമ്പിച്ച പാലത്തിലൂടെ മിടിക്കുന്ന പ്രാണൻ നിത്യവും മുറിച്ചു കടക്കുന്ന വീതിയെക്കുറിച്ചു ഒരു വരി പോലും എഴുതാൻ കഴിയാത്ത നിസ്സഹായത പങ്കിടുന്നു ‘ജ്യാമിതി ‘. അനുഭവങ്ങളും ആവിഷ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമുക്കുള്ള പതിവുധാരണകളെ ചോദ്യം ചെയ്യുന്നു.

അലസ വായനയിൽ പ്രസംഗം ഒന്നും പ്രവൃത്തി വേറൊന്നും ആവുന്ന നമ്മുടെ ഹിപ്പോക്രസിയെ ആ കവിത പരിഹസിക്കുന്നു. എന്നാൽ അനുഭവങ്ങളുടെ തീക്ഷ്ണതയ്ക്ക് മുൻപിൽ നിശബ്ദമായി പോവുന്ന ഭാഷയുടെ നിസ്സഹായതയുടെ വായനയിൽ ഈ കവിതയ്ക്ക് പല മാനങ്ങൾ കൈവരുന്നു. നമ്മുടെ പുരാവൃത്തത്തിലെ പെരുന്തച്ചൻ നിർമിച്ച കുളത്തിന്റെ ജ്യാമിതിയിലെ മാന്ത്രികത ഓർമ്മ വരും ഈ കവിതകളിലെ ജ്യാമിതി കാണുമ്പോൾ. വൃത്തത്തിൽ കാണേണ്ടവർക്ക് വൃത്തത്തിലും ചതുരത്തിൽ കാണേണ്ടവർക്ക് അങ്ങനെയും കാണാവുന്ന ഒരു കുളമുണ്ടല്ലോ, പെരുന്തച്ചന്റെ പുരാവൃത്തത്തിൽ. കവിതയുടെ ജ്യാമിതി കൈവശമുള്ളവരുടെ കവിതകൾ അതുപോലെ അർത്ഥത്തിൽ, ആസ്വാദനത്തിൽ അനേകം മാനങ്ങൾ തീർക്കുന്നു.

ആത്മരതി ആഘോഷമാവുന്ന സെൽഫികളുടെ കാലമാണ് നമ്മുടേത്. അത് വളരെ സത്യസന്ധമായ ഒരു മനോനിലയാണ്. എല്ലാ കാലത്തും മനുഷ്യർക്ക് അവനവനോട് ഒരിമ്പം കൂടുതലുണ്ട്. ഇപ്പോൾ അത്‌ വെളിവാക്കുന്നു എന്നേ ഉള്ളൂ. ഇക്കാലത്ത് ഇടയ്ക്കിടെ കണ്ണാടി നോക്കുന്ന ഒരു മനുഷ്യനെ കുറിച്ചാണ് കണ്ണാടി എന്ന കവിത.

‘ഹൃദയമിടിപ്പ് പോലെ നിരന്തരം സ്നേഹിച്ചവർ ഉപേക്ഷിച്ചു പോവുമ്പോൾ മനുഷ്യൻ തന്നെ അല്ലേ, മറ്റേതെങ്കിലും ജീവിയായി പരിണമിച്ചോ എന്ന് സംശയിച്ചു കൊണ്ടുള്ള ആ കണ്ണാടിനോട്ടം നമ്മുടെ നെഞ്ചിൽ തറയ്ക്കും. കാഫ്കയുടെ മെറ്റമർഫോസിസ് ഓർമ്മിപ്പിക്കുന്നു, സ്നേഹരാഹിത്യം സൃഷ്ടിക്കുന്ന ഈ അസ്തിത്വ സന്ദേഹം.

സ്വരൂപത്തിൽ ലളിതമായിരിക്കുമ്പോഴും, സമീപസ്ഥ ബിംബങ്ങൾ കൊണ്ട് സമൃദ്ധമായിരിക്കുമ്പോഴും സങ്കീർണമായ മാനങ്ങൾ ഉണ്ട് ഈ കവിതകൾക്ക്. നവകവിതാ ഭാവുകത്വത്തെ മുറുകെപ്പിടിക്കുമ്പോഴും, മൂടൽ മഞ്ഞു പോലെ പൊതിയുന്ന നേരിയ വിഷാദ കാല്പനികത ആർദ്രമാക്കുന്നു ഈ കവിതകളെ.

(2017 നവംബറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്)

‘ആദികവിത ചോരതുപ്പുമ്പോൾ’; ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനെ കുറിച്ച് ജിനേഷ് എഴുതി

ഷിജു ആര്‍

കോഴിക്കോട് സ്വദേശി. അധ്യാപകന്‍

More Posts

This post was last modified on May 18, 2018 2:09 am