X

പാപ്പാത്തി സാഹിത്യോത്സവത്തിന് തിരശ്ശീല

16 പുതിയ പുസ്തകങ്ങളാണ് കഴിഞ്ഞ രണ്ടുദിനങ്ങളായി നടന്ന പാപ്പാത്തി സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്തത്

പാപ്പാത്തി സാഹിത്യോത്സവത്തിന് തിരശ്ശീല. 16 പുതിയ പുസ്തകങ്ങളാണ് കഴിഞ്ഞ രണ്ടുദിനങ്ങളായി നടന്ന പാപ്പാത്തി സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്തത്. പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും പാപ്പാത്തി സാഹിത്യോത്സവത്തില്‍ അവതരിപ്പിച്ചു. തിരുനവന്തപുരം സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

കവി ഗിരീഷ് പുലിയൂരിന്റെ കവിതാലാപനത്തോടെയാണ് ഇന്നലെ സദസ് ആരംഭിച്ചത്. ഇന്നലെ മാത്രം എട്ടു പുസ്തകങ്ങളാണ് സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്തത്. ഷെര്‍ലക് ഹോംസ് ആന്റ് അപ്പാര്‍ട്ട്‌മെന്റ്‌സ് (നജീബ് റസല്‍), തിരസ്‌കൃതരുടെ രചനാ ഭൂപടം (ഡോ. ഒ.കെ സന്തോഷ്), ഇന്‍ ഡീസന്റ് ലൈഫ് ഓഫ് മഹാശൈലന്‍ (ശൈലന്‍), കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (കുഴൂര്‍ വിത്സണ്‍), ഏതോ കാലത്തില്‍ നമ്മള്‍ നമ്മളെ കണ്ടുപോകുന്ന പോലെ (സിന്ധു കെ.വി), ബാക്കിയാവുന്ന ചോദ്യങ്ങള്‍ (ദിലീപ് മഠത്തില്‍), ഒന്ന് എന്ന ഇരട്ടസംഖ്യ (ആദര്‍ശ് മാധവന്‍കുട്ടി) സുരക്ഷിതമായ മൂന്ന് ഇരിട്ടി (അജേഷ് ചന്ദ്രന്‍) എന്നീ പുസ്തകങ്ങളാണ് അവതരിപ്പിച്ചത്.

എം.ആര്‍ വിപിന്റെ സീസോ, സിന്ധു കെ.വിയുടെ തൊട്ടുനോക്കിയിട്ടില്ലേ പുഴകളെ, സി.പി രമേഷിന്റെ കുട്ടിവാല്‍മാക്രി കുട്ടപ്പായി, എബിന്‍ ബാബുവിന്റെ വിഷമഭിന്നങ്ങളുടെ ലാബ്, രാജേഷ് ചിത്തിരയുടെ രാജാവിന്റെ വരവും കല്‍പ്പമൃഗവും സിതാര എസിന്റെ ഏതോ യുറാനസില്‍ ഒരു ശിവനും ഗംഗയും, രാജേഷ് കെ. എരുമേലിയുടെ ഉടയുന്ന താരശരീരങ്ങള്‍ കുതറുന്ന കറുത്ത ശരീരങ്ങള്‍, ഉള്ളംകാല്‍ മുതല്‍ ഉച്ചി വരെ, ജാതി ചോദിക്കരുത് എന്നീ പുസ്തകങ്ങള്‍ ശനിയാഴ്ച പ്രകാശനം ചെയ്തിരുന്നു.

സമാന്തരപ്രസാധനമേഖലയിലെ പ്രതിസന്ധിയും അതിജീവനവും, ദേശീയത-മതേതരത്വം-ആവിഷ്‌കാര സ്വാതന്ത്ര്യം, പുതുകവിതാനന്തരം-ആഖ്യാനം, പലമ, ഭാവുകത്വം, സിനിമയും ജനാധിപത്യവും എന്നീ വിഷയങ്ങളില്‍ സംവാദങ്ങളും കവിയരങ്ങും സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.

രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തില്‍ പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ ബാബുരാജ്, വി.ജെ ജയിംസ്, ഇ. സനീഷ്, ബാബു രാമചന്ദ്രന്‍, ബി. മുരളി, എം.ആര്‍ രേണുകുമാര്‍, ശിവകുമാര്‍ അമ്പലപ്പുഴ, എസ്. ജോസഫ്, രാജേഷ് ചിറപ്പാട്, രാജേഷ് കെ. എരുമേലി, പി. രാമന്‍, പ്രമോദ് പയ്യന്നൂര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, എസ.് കണ്ണന്‍, എസ്. കലേഷ്, സാജന്‍ കെ. മാത്യു, പി.ടി ബിനു, എം.ജി രവികുമാര്‍, ഒ. അരുണ്‍ കുമാര്‍, സുധീര്‍രാജ്, സജീവന്‍ പ്രദീപ്, വിജില ചിറപ്പാട്, സുനില്‍ സി.ഇ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം നടന്ന സമാപന സമ്മേളനം ഡോ. അജിത് ഉദ്ഘാടനം ചെയ്തു. ജയചന്ദ്രന്‍ കടമ്പനാട് അധ്യക്ഷനായ ചടങ്ങില്‍ ജഗദീഷ് കോവളം, രാഹുല്‍ എസ്, നദി, സന്ദീപ് കെ.രാജ്, വസുദേവ് സംസാരിച്ചു.