X

അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഒടുങ്ങിയിട്ടില്ല

എം കെ രാംദാസ്

വേനല്‍ കത്തി ജ്വലിച്ച ഏപ്രില്‍, മെയ് മാസങ്ങളില്‍ കരിമ്പനകള്‍ പച്ചയോടെ കത്തുന്ന വാര്‍ത്തകള്‍ വന്നത് പാലക്കാട് നിന്നായിരുന്നു. ചുരം താണ്ടിയെത്തുന്ന വരണ്ടുണങ്ങിയ തമിഴ്‌നാടന്‍ കാറ്റിനെ പിടിച്ചുകെട്ടി നേര്‍ത്ത തണുപ്പാക്കി മാറ്റി കേരളത്തെ കുളിരണിയിപ്പിച്ച കരിമ്പനയോലകളിലാണ് നട്ടുച്ച വെയിലില്‍ തീ പടര്‍ന്നത്. സൂചനകള്‍ വളരെ നേരത്തെ ദൃശ്യമായിരുന്നു. തിരിച്ചറിഞ്ഞെങ്കിലും പക്ഷേ, വികസനങ്ങളിലെ വ്യാജ അട്ടഹാസങ്ങളില്‍ എല്ലാം വിസ്മയിക്കപ്പെട്ടു.

നെല്ലറകളില്‍ ഒന്നെന്നാണ് പാലക്കാടിന്റെ പഴം കേള്‍വികളിലൊന്ന്. നികത്തിയും വഴിമാറ്റിയും വിളമാറ്റിയും മുക്കാല്‍ പങ്കിലേറെ നെല്‍വയലുകളും നശിപ്പിക്കപ്പെട്ടു. പതിനായിരത്തോളം പ്രകൃതിദത്ത കുളങ്ങള്‍ നികത്തിയെടുത്ത ഇടങ്ങളില്‍ രമ്യഹര്‍മ്മ്യങ്ങളും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രികളും പണിതു. കുനുകുനെ ഒഴുകിയ ചെറു തോടുകള്‍ നികത്തിയെടുത്ത് ഭൂമാഫിയ വില്‍പ്പനയ്ക്കുവെച്ചു. തീരങ്ങള്‍ കയ്യേറി പരന്നൊഴുകിയ പുഴകളെ ഇല്ലാതാക്കി. പച്ചപ്പുകളുടെ കേന്ദ്രങ്ങളായിരുന്ന കുന്നുകളെ ഇടിച്ച് നിരത്തി. മുറിച്ച് മാറ്റിയ കരിമ്പനകള്‍ക്കു പകരം തെങ്ങുകള്‍ നട്ടു. പാലക്കാടിന്റെ വടക്കന്‍ ചെരുവുകളില്‍ വന്‍ മരങ്ങള്‍ ഉള്‍പ്പെടെ വെട്ടി നശിപ്പിച്ചു. സൈലന്റ് വാലിയിലും നെല്ലിയാമ്പതിയിലും റബ്ബര്‍ തോട്ടങ്ങള്‍ ഉണ്ടാക്കി.
മണലെടുപ്പ് ഭാരതപ്പുഴയ്ക്ക് മരണമൊഴുക്കി. ശോകനാശിനിപ്പുഴയും കല്‍പ്പാത്തിപ്പുഴയും ഭാരതപ്പുഴയിലേക്ക് ഒഴുകാതെയായി. കുടിവെള്ളക്ഷാമം രൂക്ഷമായി. നാടന്‍ ഭക്ഷണങ്ങളെ കൈവിട്ടു. മാരക വിഷാംശം അടങ്ങിയ രാസകീടനാശിനികളും വളങ്ങളും ഉപയോഗിച്ച് പച്ചക്കറി കൃഷിചെയ്ത് മണ്ണിനേയും അവശേഷിക്കുന്ന വെള്ളത്തെയും മലിനമാക്കി. മാര്‍ഗഴിതെന്നലായി ഒഴുകിയെത്തിയ തമിഴ്‌നാടന്‍ കാറ്റിന്റെ ചൂരും ചൂടും മാറിയത് ഇന്നറിയുന്നു. അങ്ങനെ, തിരിച്ചുപിടിക്കാന്‍ ആകാത്തവിധം അന്യം വന്ന ഗൃഹാതുരതയിലാണ് പാലക്കാടിന്റെ വര്‍ത്തമാനം.

മറ്റെവിടെയും സംഭവിച്ചതില്‍ പാലക്കാടും ആവര്‍ത്തിക്കുന്നു. പരമ്പരാഗത വിളകളായ നിലക്കടലയും റാഗിയും ചോളവും ഉപേക്ഷിച്ച് മാവിന്‍തോട്ടങ്ങള്‍ ഉണ്ടാക്കി കൃഷിയെ ലാഭകരമാക്കിയതിന്റെ യഥാര്‍ത്ഥ ഫലം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഇങ്ങനെ മണ്ണ് മോഹവിലയ്ക്ക് വില്‍പ്പനച്ചരക്കാക്കി തടിച്ചു കൊഴുത്തവരില്‍ ചിലര്‍ തദ്ദേശസ്വയം ഭരണ മേധാവികളാണ് എന്ന് സൂചന നല്‍കിയത് ഗുരുവായൂരപ്പനാണ്. വേള്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഓഫ് ഇന്ത്യാ പ്രവര്‍ത്തകനാണ് ഗുരുവായൂരപ്പന്‍. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ക്വാറി ഉടമകളാണ്. മണലൂറ്റ് കരാറുകാര്‍, മരകച്ചവടക്കാര്‍ രാസകീടനാശിനി വില്‍പ്പനക്കാര്‍…. അങ്ങനെ പോകുന്നു പ്രാദേശിക ഭരണ മേല്‍നോട്ടക്കാരുടെ മറ്റു തൊഴിലുകള്‍. പിന്നെങ്ങനെ പാലക്കാടിന്റെ പഴഞ്ചന്‍ മട്ടും മാതിരിയും മാറാതിരിക്കുമെന്ന ആശങ്കയും ഗുരുവായൂരപ്പന്റെ വാക്കുകളില്‍ വായിക്കാം.

ആഗോളബഹുരാഷ്ട്ര കുത്തക കമ്പനിയായ കൊക്കക്കോളക്കെതിരെയുള്ള ജനങ്ങളുടെ ചെറുത്ത് നില്‍പ്പ് പാലക്കാടിനെ മാധ്യമങ്ങള്‍ ആഗോളശ്രദ്ധയില്‍ കൊണ്ടുവന്നു. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന പെരുമാട്ടി പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോള ഫാക്ടറിക്കെതിരെയുള്ള സമരം വിജയത്തില്‍ എത്തിയെന്നാണ് അവകാശവാദമെങ്കിലും ജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ശുദ്ധജലം പെരുമാട്ടിക്കാര്‍ക്ക് ഇന്നും അന്യമാണ്. വളമെന്നപേരില്‍ കമ്പനി നല്‍കിയ രാസമിശ്രിതം ഫലഭൂവിഷ്ടമായ മണ്ണിനെ തരിശാക്കിയതായി ഇവര്‍ അറിയുന്നു.

ആര്‍ട്ട് ഓഫ് ലിവിംഗ് ഗ്രൂപ്പിന്റെ വാട്ടര്‍ സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പരിശോധനയില്‍ മണ്ണിലും വെള്ളത്തിലും മാരക രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സള്‍ഫറിന്റെയും നൈട്രേറ്റുകളുടെയും അമിത സാന്നിധ്യവും വ്യക്തമായി. അടുത്തെത്തിയ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പെരുമാട്ടിയില്‍ കൊക്കക്കോള വിഷയം വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്. പഞ്ചായത്ത് ഭരണസമിതി ഒരുപാട് മാറിപ്പോയെന്ന് പറയുന്നവര്‍ ധാരളമുണ്ടിവിടെ.

കൊക്കക്കോള കമ്പനി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ വിളയോടി വേണുഗോപാല്‍ രണ്ടാം വാര്‍ഡില്‍ നിന്ന് പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്നു. നിലവില്‍ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റും ജനതാദള്‍ നേതാവുമായ കെ സുരേഷിനെതിരെയാണ് പോരാട്ടമെന്നത് ശ്രദ്ധേയം. ജലാവകാശം പൗരാവകാശം എന്ന മുദ്രാവാക്യത്തിലൂടെ പെരുമാട്ടിയുടെ ചെറുത്ത് നില്‍പ്പിന് ജനകീയ മുഖം നല്‍കിയ വേണുഗോപാലിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും മുന്നോട്ട് വന്നിട്ടുണ്ട്. ജനതാദളിന്റെ കുത്തക തകര്‍ക്കുകയെന്നതാണ് പിന്തുണക്കാരുടെ ലക്ഷ്യമെങ്കിലും ഈ പോരാട്ടമുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

പാലക്കാടിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്ന മറ്റൊരു ഘടകം അട്ടപ്പാടിയാണ്. തദ്ദേശീയ ജനതയുടെ ജീവിത ദുരിതം അവിവാഹിത അമ്മമാര്‍ ഇതെല്ലാം അട്ടപ്പാടിയെ മാധ്യമ ശ്രദ്ധയില്‍ എത്തിക്കുന്നു. ജപ്പാന്‍ പദ്ധതിയായ അഹാഡ്സിന്‍റെ വരവും അട്ടപ്പാടിയെ കുറേക്കാലം വാര്‍ത്തകളില്‍ നിറച്ചു.
ഇക്കൊല്ലം അട്ടപ്പാടിയില്‍ 10 കുട്ടികള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 20 ആയിരുന്നു മരണസംഖ്യയെന്ന് വിലയിരുത്തി ആശ്വസിക്കുന്നവരുണ്ടെങ്കിലും അട്ടപ്പാടി ഊരുകള്‍ ഗുരുതര ജീവിത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഐക്യ ജനാധിപത്യമുന്നണി ഭരണത്തിന്‍ കീഴിലാണ് അട്ടപ്പാടി, ഷോളയൂര്‍, അഗളി പഞ്ചായത്തുകള്‍. ആദിവാസി ദുരിത ജീവിതവും ശിശുമരണവും ഉയര്‍ത്തി ഭരണമാറ്റത്തിനുള്ള ശ്രമത്തിലാണ് ഇടത് പാര്‍ട്ടികള്‍. ഭരണം ഇടത് കക്ഷികളിലേയ്ക്ക് മാറുമെന്നാണ് കിട്ടുന്ന വിവരങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം എന്തായാലും തദ്ദേശീയ ജനങ്ങളുടെ നിലനില്‍പ്പ് അപായപ്പെടുന്നതിന്റെ കൃത്യമായ ഉദാഹരണമായി അട്ടപ്പാടി തുടരും.

ഇനി ചില തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രത്തിലേയ്ക്ക്. 91 ഗ്രാമപഞ്ചായത്തുകളില്‍ 50 എണ്ണം ഇടത് മുന്നണി ഭരണത്തില്‍. യു ഡി എഫ് പക്ഷത്ത് 41ഉം. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി പട്ടാമ്പി പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയായതോടെ ഗ്രാമപഞ്ചായത്തുകളുടെ ഇപ്പോഴത്തെ എണ്ണം 88.

ഇരുമുന്നണിയും ബി ജെ പിയും നിലമെച്ചപ്പെടുത്തുമെന്ന് അവകാശവാദം. പാലക്കാട് ഇടതുപക്ഷമെന്നാല്‍ സി പി ഐ(എം). ഷൊര്‍ണ്ണൂരിലെ എം ആര്‍ മുരളി തിരിച്ചെത്തി അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി സംതൃപ്തനായി കഴിയുന്നുവെന്നാണ് വിവരം. അവിടെയും ഇവിടെയുമെല്ലാം കയറി ഇറങ്ങി തിരികെ വന്ന ശിവരാമനും പാര്‍ട്ടി ആഭിമുഖ്യം തെളിയിച്ചിരിക്കുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാണ് ശിവരാമന്‍. മെമ്പര്‍ ഓഫ് പാര്‍ലമെന്റില്‍ നിന്ന് മെമ്പര്‍ ഓഫ് ബ്ലോക്ക് പഞ്ചായത്തിലേയ്ക്കുള്ള സ്ഥാനക്കയറ്റമോ അല്ലെങ്കില്‍ ഇറക്കമാണ് ശിവരാമന് ഈ മത്സരം. ശിവരാമനും മുരളിയും വഴിമരുന്നിട്ടത് ഇവര്‍ പാര്‍ട്ടിയിലേക്ക് തിരികെയെത്തിയിട്ടും പാലക്കാട് അടങ്ങിയിട്ടില്ല. ലക്കിടി, വാണിയക്കുളം, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് പുറത്താണെങ്കിലും സി പി ഐ(എം) വിമതര്‍ എന്ന പേരില്‍ 20 പേര്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേരിടുന്ന ആശയ പ്രശ്‌നങ്ങളൊന്നുമല്ല ഈ ഇഴപിരിയലിന്റെ കാരണമെന്ന് അറിയാത്തവര്‍ അധികമുണ്ടാവില്ല. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ ഉണ്ടാകുന്ന നേതാക്കളുടെ അകല്‍ച്ച അല്ലെങ്കില്‍ അഹന്ത, പ്രാദേശിക വിഭാഗീയത, ഇതൊക്കെയാണ് വിമത സൃഷ്ടിക്ക് കാരണം. പാര്‍ട്ടി സംസ്ഥാന നേതൃത്വമോ ജില്ലാ നേതൃത്വമോ അവഗണിക്കുമ്പോഴും വി എസ് അച്യുതാനന്ദന്റെ സാന്നിധ്യം മലമ്പുഴയില്‍ മാത്രമല്ല, ജില്ലയിലാകെ സി പി ഐ(എം)നെ അല്‍പം മേല്‍ക്കൈ നേടിക്കൊടുക്കുന്നു.

പാലക്കാട് കോണ്‍ഗ്രസ് എല്ലാക്കാലവും ഇങ്ങനെയൊക്കെതന്നെയാണ്. വലിയ പ്രൗഡിയും പകിട്ടുമൊന്നും പുറമെ പ്രകടിപ്പിക്കാറില്ലെങ്കിലും തട്ടിമുട്ടി ജയിച്ച് കയറുകയാണ് പതിവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ഇത് വിജയിച്ചില്ല. ഐക്യജനാധിപത്യമുന്നണിയുടെ ബാനറില്‍ മത്സരിച്ച എം പി വീരേന്ദ്രകുമാറിനെ ഒരുലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് സി പി ഐ(എം)ലെ എം ബി രാജേഷ് നിലംപരിശാക്കിയത്. പാലക്കാട്ടെ തോല്‍വി ഇതുവരെ യു ഡി എഫ് പഠിച്ച് കഴിഞ്ഞിട്ടില്ല. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി തലവന്‍ മുന്നണി വിട്ടുപോയി മാസങ്ങള്‍ കഴിഞ്ഞിട്ടും അതങ്ങനെ നീണ്ടുപോകുന്നു. എം ബി രാജേഷിലൂടെ കൈവശപ്പെടുത്തിയ ലീഡ് ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുമെന്ന സി പി ഐ(എം) പ്രതീക്ഷ വിജയിക്കാനാണ് സാധ്യത.
പാലക്കാട് നഗരസഭയെ ചുറ്റിപ്പറ്റിയാണ് ബി ജെ പി സഞ്ചാരം. മൂന്ന് എസ് എന്‍ ഡി പിക്കാര്‍ക്കും രണ്ട് എന്‍ എസ് എസ്സുകാര്‍ക്കും നഗരസഭയില്‍ സീറ്റ് നല്‍കി. നായര്‍ – ഈഴവ ഐക്യം ഉയര്‍ത്തി ബി ജെ പി കടുത്ത പ്രചാരണത്തിലാണ്. പ്രതീക്ഷ ഫലക്കിയ്ക്കാനിടയുണ്ടെന്നാണ് കേള്‍വി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on October 25, 2015 9:09 am