X

വിധിയെഴുതി കേരളം വിധികാത്തു പാര്‍ട്ടിക്കാര്‍

കെ.എ.ആന്റണി

തുടക്കം നന്നായാല്‍ എല്ലാം നന്നായെന്നാണ് പറയാറ്. കേരള തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തുടക്കം അത്ര നന്നായിരുന്നില്ല. തെരഞ്ഞെടുപ്പ് നടത്തേണ്ട തീയതി സംബന്ധിച്ചു തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തോടെയായിരുന്നു തുടക്കം. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി, തെരഞ്ഞെടുപ്പ് നടന്നു. രണ്ടാം ഘട്ടത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച റീപോളിംഗ് ഇന്ന് നടക്കുന്നു. നാളെ വോട്ടെണ്ണല്‍. വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം അവരുടെ ജോലി കഴിഞ്ഞു. ഇനി രാഷ്ട്രീയക്കാരുടെ ഊഴം. ജയപരാജയങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകാനുള്ള സമയം. 

പതിവ് വെടിക്കെട്ടുകളൊന്നുമില്ലാതെയാണ് ഒന്നാംഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഒട്ടും മോശമാകരുതല്ലോ എന്നു കരുതിയെന്ന പോലെ ചില സംഘര്‍ഷങ്ങള്‍. കണ്ണൂരിലെ പാനൂരില്‍ ഒരിടത്ത് നായ്ക്കുരണ, മുളകുപൊടി, ചൂടുവെള്ള ലായിനി പ്രയോഗം. തീര്‍ന്നു, പണ്ടൊക്കെ ചറപറാ ബോംബ് പൊട്ടിയിരുന്ന കണ്ണൂരിലെ വോട്ടിംഗിന്റെ വിശേഷങ്ങള്‍. ഉള്ളതുപറയാതെ വയ്യല്ലോ, തളിപ്പറമ്പിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു മുസ്ലിം ലീഗുകാരന്‍ മരിക്കുകയും ചെയ്തു. തിരിച്ചടി നാളത്തെ തെരഞ്ഞെടുപ്പു ഫലം വന്നിട്ട് എന്നു ചിലരൊക്കെ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ടുതാനും. 

എന്നാല്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് സത്യത്തില്‍ എല്ലാരെയും ഞെട്ടിച്ചു. മലപ്പുറത്തും തൃശ്ശൂരിലും വോട്ടിംഗ് യന്ത്രങ്ങള്‍ കൂട്ടത്തോടെ പണിമുടക്കി. അട്ടിമറിയെന്നു ഇലക്ഷന്‍ കമ്മിഷനും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും. സാങ്കേതിക തകരാറെന്ന് മലപ്പുറം കളക്ടര്‍. ഭാരതീയ ജനതാപാര്‍ട്ടി പതിവുപോലെ ഒരു പടികൂടി മുന്നോട്ടുപോയി. അട്ടിമറിക്കു പിന്നില്‍ തീവ്രവാദസംഘടനകള്‍ എന്നു ബി.ജെ.പി. നേതാവ് എം.ടി.രമേഷ്. എന്തോ ആരും മാവോയിസ്റ്റുകളെ സംശയിച്ചു കണ്ടില്ല. 

2010ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും നേതൃത്വം നല്‍കുന്ന വലതു മുന്നണിക്കായിരുന്നു കൂടുതല്‍ നേട്ടം. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഈ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കു മുന്‍കൈ കിട്ടുമെന്നാണ് അവര്‍ കരുതുന്നത്. ജനവിധി നേരെ തിരിച്ചായിരിക്കുമെന്ന് ഇടതുപക്ഷവും. എന്നാല്‍ വെള്ളാപ്പള്ളിയെ കിട്ടിയതിനാല്‍ തങ്ങള്‍ വന്‍ നേട്ടം കൊയ്യുമെന്നാണ് ബി.ജെ.പി.യുടെ വാദം. 

ബാര്‍കോഴ മുതല്‍ ബീഫ് വരെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം വിഷയങ്ങള്‍ എത്രകണ്ട് ഗുണം ചെയ്യുമെന്നു കണ്ടുതന്നെ അറിയാം. അല്ലെങ്കില്‍ തന്നെ ജനങ്ങള്‍ക്ക് അഴിമതിയിലൊന്നും അത്ര വലിയ താല്‍പ്പര്യമുണ്ടെന്നു തോന്നുന്നില്ല. പോരെങ്കില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ഈ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പമാണുതാനും. തീര്‍ന്നില്ല സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ഇളമരം കരീമിനെതിരെയുള്ള അഴിമതികേസ് തെരഞ്ഞെടുപ്പിനു രണ്ടുനാള്‍ മുന്‍പ് എഴുതിത്തള്ളിക്കൊണ്ട് ഇങ്ങനെയും ഒരു അഴിമതിക്കേസുണ്ടെന്ന കാര്യം ഉമ്മന്‍ചാണ്ടി വളരെ വിദഗ്ധമായി തന്നെ ജനങ്ങളുടെ മുന്നിലെത്തിച്ചു. കൂട്ടത്തില്‍ വി.എസ്. അച്യുതമേനോന്റെ മകന്‍ അരുണ്‍കുമാറിനെതിരായ കേസും സമര്‍ത്ഥമായി പൊക്കികൊണ്ടുവന്നു. 

ബീഫ് നിരോധനമില്ലാത്ത കേരളത്തില്‍ ആ വഴിയും സി.പി.എമ്മിനും ഇടതുപക്ഷത്തിനും ഗുണം ചെയ്യുമോയെന്ന കാര്യം കണ്ടുതന്നെ അറിയേണ്ടതുണ്ട്. പ്രാദേശിക വിഷയങ്ങള്‍ക്ക് പ്രത്യേകിച്ചു വികസന പ്രശ്‌നങ്ങള്‍ക്കു ജനങ്ങള്‍ മുന്‍തൂക്കം നല്‍കുന്ന ഇത്തരം തെരഞ്ഞെടുപ്പുകളില്‍ അല്ലെങ്കില്‍ തന്നെ ആഗോള ദേശീയ പ്രശ്‌നങ്ങള്‍ക്കു എന്തു പ്രസക്തിയെന്ന് ജനം ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. 

ചാണ്ടിയുടെ കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള അവിശുദ്ധകൂട്ടുക്കെട്ടാണു ഇടതുമുന്നണി ഉയര്‍ത്തിയ മറ്റൊരു പ്രചാരണ വിഷയം. മലപ്പുറത്ത് പരസ്യമായി കോണ്‍ഗ്രസുമായും ചില വാര്‍ഡുകളില്‍ രഹസ്യമായി ലീഗുമായും ധാരണയിലെത്തിയ ഇടതിന് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പറയാന്‍ എന്തു യോഗ്യതയെന്ന് മറുപക്ഷം ചോദിക്കുന്നു. കണ്ണൂരിലെ പരിയാരത്ത് എസ്.ഡി.പി.ഐ.യുമായി പോലും ഇടതുപക്ഷം നീക്കുപോക്കുണ്ടാക്കിയത് തികച്ചും വിചിത്രം തന്നെ. 

പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാരെന്നതിനു മുന്‍തൂക്കം ലഭിക്കുമെന്നതിനാല്‍ ആരാണ് കൂടുതല്‍ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് എന്നതുകൂടി ആശ്രയിച്ചായിരിക്കും ജനവിധി. ഏതു കുറ്റിച്ചൂലിനേയും നിര്‍ത്തി ജയിച്ചിരുന്ന കാലം മാറിയിരിക്കുന്നു. എന്നിരുന്നാലും ചില ഉറച്ച കോട്ടകളില്‍ ഗുണവും മണവുമില്ലാത്ത സ്ഥാനാര്‍ത്ഥികളും ജയിച്ചു കൂടായ്കയില്ല. പതിവുപോലെ ഇക്കുറിയും വലതുമുന്നണിയെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയതും പാളയത്തില്‍ പടയും വിമതശല്യവുമാണ്. മലപ്പുറത്തായിരിക്കും ഇതിന്റെ പ്രത്യാഘാതം ഒരു പക്ഷേ വലിയ തോതില്‍ അനുഭവിക്കേണ്ടിവരിക. തൃശ്ശൂരില്‍ ഹനീഫ് വധം മോശമല്ലാത്ത രീതിയില്‍ തന്നെ പ്രതിഫലിക്കുന്നുണ്ടെന്നുതന്നെയാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനിലും വിമത പ്രശ്‌നം വലതുമുന്നണിക്കു ചെറിയ ക്ഷീണം ഉണ്ടാക്കിയേക്കും. എറണാകുളത്തും കാര്യങ്ങള്‍ വലതിന് അത്ര സുരക്ഷിതമല്ല. ബോട്ട് ദുരന്തവും ഡെപ്യൂട്ടി മേയറുടെ തുറന്നുപറച്ചിലും അവിടെയും വലതുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ ബാറോ സരിതയോ സോളാറോ വലതുമുന്നണിക്ക് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതത്തേക്കാള്‍ എല്ലാവരും ഉറ്റുനോക്കുന്നത് വെള്ളാപ്പള്ളി – ബി.ജെ.പി. ബാന്ധവം കേരളത്തില്‍ എത്രമാത്രം ക്ലിക്ക് ചെയ്യുമെന്നുതന്നെയാണ്. ചുരുങ്ങിയപക്ഷം സ്വന്തം തട്ടകമായ ആലപ്പുഴയിലെങ്കിലും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു പിറക്കാനിരിക്കുന്ന മൂന്നാം മുന്നണിക്കു കോട്ടം വരുത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തായാലും എല്ലാം നാളെ ഉച്ചയോടെ വ്യക്തമാകും എന്നതിനാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on November 6, 2015 3:45 pm