X

കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി പറയുന്നത് ആശങ്കയുടെ ലക്ഷണമോ? അഭിമുഖങ്ങളില്‍ വെളിപ്പെടുത്തുന്ന ബിജെപിയുടെ സംശയങ്ങള്‍

ഇതാദ്യമായാണ് കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി സംസാരിക്കുന്നത്.

ഇന്നത്തെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇനി ശേഷിക്കുന്നത് അവസാന ഘട്ട പോളിംങ്. പിന്നീട് 23 ന് വോട്ടെണ്ണല്‍. വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ തനിച്ച് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ ബിജെപിയ്ക്ക് പോലും നഷ്ടമാകുകയാണോ? പ്രധാനമന്ത്രി നരേന്ദ്ര നല്‍കിയ അഭിമുഖമാണ് കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കുന്ന കാര്യത്തില്‍ നേതൃത്വത്തിന് തന്നെ സംശയമുണ്ടെന്ന തോന്നലുണ്ടാകുന്നത്.  നാഷന്‍ ടുഡെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആദ്യമായി കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് പറയുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിതിഷായും പറഞ്ഞത്.

എന്നാല്‍ ആറാം ഘട്ട പൊളിംങിന് മുന്നോടിയായാണ് കൂട്ടുകക്ഷി സര്‍ക്കാരുമായി ബന്ധപ്പെട്ട തനിക്കും പാര്‍ട്ടിക്കുമുള്ള അനുഭവ സമ്പത്തിനെക്കുറിച്ച് മോദി വിശദമാക്കിയത്. പാര്‍ട്ടി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ കൂട്ടുകക്ഷി സര്‍ക്കാരുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്. അതുമാത്രമല്ല, വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു എന്ന കാര്യവും മോദി ഓര്‍മ്മപ്പെടുത്തുന്നു.

ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഭരിക്കാന്‍ എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളുടെ കൂടി പിന്തുണ ബിജെപിയ്ക്ക് ആവശ്യമായി വരുമെന്ന സൂചനകള്‍ക്കും വിലയിരുത്തലുകള്‍ക്കുമിടിയിലാണ് മോദിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മോദിയെ മാറ്റി നിര്‍ത്തി മറ്റൊരു നേതാവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപി നിര്‍ബന്ധിതമായേക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കൂട്ടുകക്ഷി സര്‍ക്കാരുമായി ബന്ധപ്പെട്ട് തനിക്കുള്ള പ്രവര്‍ത്തന പരിചയം എടുത്തുപറയുക വഴി അത്തരം ആലോചനകള്‍ക്ക് തടയിടുക കൂടിയാവും മോദി ലക്ഷ്യമിടുന്നത് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യം വന്നാല്‍ മോദിയെ മാറ്റി നിഥിന്‍ ഗാഡ്കരിയെ നേതൃസ്ഥാനം ഏല്‍പ്പിക്കുന്ന കാര്യം ബിജെപി പരിഗണിച്ചേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തനിക്ക് തന്നെ കൂട്ടുകക്ഷി അനുഭവങ്ങള്‍ ഉണ്ടെന്നാണ് മോദി അഭിമുഖത്തില്‍ പറഞ്ഞത്.
കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ തുടക്കത്തിലുള്ള അവകാശവാദം. എന്നാല്‍ ബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്ന് ബിജെപി ജനറല്‍സെക്രട്ടറി രാം മാധവ് അഭിപ്രായപ്പെട്ടത്.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കഴിഞ്ഞതവണ ബിജെപിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടിയത്. ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത് ബിജെപിയ്ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്ന് നഷ്ടമാകുന്ന സീറ്റുകള്‍ ബംഗാള്‍ ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പിടിച്ചെടുക്കുമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ നേരത്തെയുള്ള പ്രതീക്ഷ.

ഇതിന് പുറമെ ഇപ്പോള്‍ യുപിഎയുടെ ഭാഗമല്ലാത്ത ടിആര്‍എസ്, ബിജു ജനതാദള്‍, തുടങ്ങിയ പാര്‍ട്ടികളെ തങ്ങളുടെ ഭാഗത്തെത്തിക്കാനും ബിജെപി നേതൃത്വം ശ്രമം നടത്തുകയാണെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എസ്പിയും കോണ്‍ഗ്രസും രഹസ്യധാരണയുണ്ടാക്കി ബിഎസ്പിയെ വഞ്ചിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ബിഎസ്പി ലക്ഷ്യമിട്ടുകൊണ്ടായിരുന്നു ആ പ്രസ്താവനയെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ വാദം തള്ളികളയുകയാണ് മായവതി ചെയതത്. അതുകൊണ്ട് തന്നെ മായാവതിയെ തെരഞ്ഞടുപ്പിന് ശേഷം ബിജെപിയിലേക്ക് അടുപ്പിക്കുക എളുപ്പമാവില്ലെന്ന് കരുതുന്നവരുമുണ്ട്. കൂട്ടുകക്ഷി സര്‍ക്കാരിനെ കുറിച്ച് മോദി നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലൊക്കെയാണ്.

Also Read- ചെങ്ങോട്ടുമല തുരക്കുന്നതില്‍ ഡെല്‍റ്റ ഗ്രൂപ്പിനെ സഹായിക്കാന്‍ ചീഫ് സെക്രട്ടറിക്കെന്താണ് അമിത താത്പര്യമെന്ന് ജനം; സിപിഎം ഉള്‍പ്പെടെ സമരപ്പന്തലില്‍

This post was last modified on May 12, 2019 2:09 pm