X

നഷ്ടമാകുന്ന തൊഴിലുകള്‍, പൂട്ടുന്ന ഫാക്ടറികള്‍: ഇന്ത്യയുടെ കയറ്റുമതി കഥയുടെ മറുവശം

അഴിമുഖം പ്രതിനിധി

വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്. അടുത്ത പത്ത് വര്‍ഷം കൊണ്ട് 250 മില്ല്യണ്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. അതായത് ഓരോ വര്‍ഷവും 2.5 കോടി തൊഴിലവസരങ്ങള്‍. എന്നാല്‍ സത്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സഞ്ചരിക്കുന്നത് എതിര്‍ ദിശയിലാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാരകമായ ഒരു രോഗം കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കയറ്റുമതി കുറയുന്നു. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും കാര്യങ്ങള്‍ ഇത്ര വഷളായിരുന്നില്ല. കഴിഞ്ഞ 12 മാസത്തിനിടയില്‍ കയറ്റുമതിയില്‍ 24 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

ഇത് കടുത്ത ആശങ്കയുളവാക്കുന്നതാണ്. കാരണം മോദിയുടെ പ്രിയപ്പെട്ട പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തെ വ്യാപിപ്പിക്കാനും ഇന്ത്യയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും 2015 ഏപ്രിലില്‍ മോദി സര്‍ക്കാര്‍ പുതിയ വിദേശ വ്യാപാര നയം പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് ഇനിയും നേട്ടം ഉണ്ടാക്കാനായിട്ടില്ലെന്ന് വ്യക്തം.

കയറ്റുമതിയിലെ ഇടിവ് സമൂഹത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അനവധി കയറ്റുമതിക്കാര്‍ക്ക് തങ്ങളുടെ ഉല്‍പാദനശാലകള്‍ അടച്ചു പൂട്ടേണ്ടി വന്നു. ഒരു ചെറു ഉദാഹരണം ഇതാ, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓര്‍ഡറുകള്‍ ലഭിക്കാത്തതിനാല്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍സ് ലെതേഴ്‌സിന്റെ പിഎസ് ഖുറാനയ്ക്ക് തന്റെ ഫാക്ടറികളില്‍ ഒന്ന് അടച്ചു പൂട്ടേണ്ടി വന്നു. ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇത്തരമൊന്നുണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഞങ്ങളില്‍ നിന്ന് മുമ്പ് വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ ഓര്‍ഡറുകള്‍ നല്‍കുന്നില്ല, ഖുരാന പറയുന്നു. കനത്ത ഡിസ്‌കൗണ്ടുകള്‍ അവര്‍ ആവശ്യപ്പെടുകയോ മറ്റു രാജ്യങ്ങളിലേക്ക് അവരുടെ ഓര്‍ഡറുകള്‍ മാറ്റി നല്‍കുകയോ ചെയ്യുന്നു. അതിനാല്‍ രണ്ട് ഫാക്ടറികള്‍ നടത്തിക്കൊണ്ടു പോകുക ബുദ്ധിമുട്ടാകുകയും ഒരെണ്ണം പൂട്ടുകയും ചെയ്തു.


ദല്‍ഹിയിലെ വസ്ത്രനിര്‍മ്മാണ യൂണിറ്റ് ഉടമയായ അശോക് സഖ്‌ലാനിയും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നു. ഈ കമ്പനി ജീവനക്കാരില്‍ 50 ശതമാനം പേരെയും ഒഴിവാക്കി. ഞങ്ങളില്‍ നിന്ന് വാങ്ങുന്നവര്‍ ഓര്‍ഡറുകള്‍ നല്‍കുന്നത് കുറയ്ക്കുകയോ കനത്ത ഡിസ്‌കൗണ്ടുകള്‍ ആവശ്യപ്പെടുകയോ ചെയ്യുന്നു.

തൊഴിലില്ലായ്മ രൂക്ഷമാക്കുകയാണ് ഇതിന്റെ അനന്തരഫലങ്ങളില്‍ ആദ്യത്തേത്. ഫാക്ടറികള്‍ അടച്ചൂപൂട്ടാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമ്പോള്‍ തൊഴില്‍ വിപണിയിലും അതിന്റെ ഫലം ഉണ്ടാകുന്നു.

ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ തൊഴില്‍ മന്ത്രാലയം ഒരു സര്‍വേ നടത്തിയിരുന്നു. കണ്ടെത്തലുകള്‍ വളരെ മോശമാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ വലിയ വാചകമടിക്കുമ്പോള്‍ ഈ കാലയളവില്‍ സൃഷ്ടിക്കപ്പെട്ട തൊഴില്‍ 43,000-മായി കുറഞ്ഞു. അതില്‍ കയറ്റുമതി രംഗത്തെ കമ്പനികളുടേ 26,000 വരും. ഇതേ കാലയളവില്‍ ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയില്‍ 16.75 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

പരുത്തി നൂല്‍ വ്യവസായത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി സതേണ്‍ ഇന്ത്യ മില്‍സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോക്ടര്‍ സെല്‍വരാജ് പറയുന്നു. ഓരോ വര്‍ഷവും 2.5 കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്. ഇതിന് സര്‍ക്കാര്‍ എന്ത് ന്യായീകരണമാണ് നല്‍കുന്നത്. അവര്‍ എന്താണ് ഇന്ത്യയിലെ ജനതയോട് പറയാതിരിക്കുന്നത്.

കയറ്റുമതിയിലെ ഇടിവിന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത് സാമ്പത്തിക മാന്ദ്യത്തേയാണ്. ഈ വര്‍ഷം ജൂലൈയില്‍ വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിരുന്നു.

ആഗോളതലത്തില്‍ ആവശ്യകതയിലുണ്ടായ കുറവും ഉല്‍പന്നങ്ങളുടെ വിലയിലെ കുറവും കയറ്റുമതിയെ ബാധിക്കുന്നുവെന്ന് അവര്‍ പറയുന്നു. ഇന്ത്യയുടെ കയറ്റുമതിയുടെ 16 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. ഈ രാജ്യങ്ങള്‍ മുരടിപ്പും പണച്ചുരുക്കവും നേരിടുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നതും കയറ്റുമതിയെ ബാധിക്കുന്നുവെന്ന് മന്ത്രി പറയുന്നു.

ആഗോള ആവശ്യകതയില്‍ കുറവുണ്ടായിയെന്ന മന്ത്രിയുടെ അവകാശം ശരിയാണെങ്കിലും അവര്‍ മറ്റൊരു വിവരം മറച്ചു വയ്ക്കുന്നുണ്ട്. ഈ ആഗോള മാന്ദ്യത്തെ മറ്റു രാജ്യങ്ങള്‍ മികച്ച രീതിയില്‍ നേരിട്ടു. 2015-ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ ആഗോള കയറ്റുമതി 11 ശതമാനം മാത്രം ഇടിവുണ്ടായപ്പോള്‍ ഇന്ത്യയുടേത് 17 ശതമാനമാണ് ഇടിഞ്ഞത്. കയറ്റുമതി മൂല്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടത്തിലുള്ള ദക്ഷിണാഫ്രിക്ക എട്ട് ശതമാനം ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. ചൈനയാകട്ടെ ഇടിവ് രണ്ട് ശതമാനത്തില്‍ പിടിച്ചു നിര്‍ത്തി. മറ്റു ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളായ ദക്ഷിണ കൊറിയ, മലേഷ്യ, സിങ്കപ്പൂര്‍, തായ് വാന്‍, ഹോങ്കോങ്, തായ്‌ലണ്ട് എന്നിവയുടെ ഇടിവ് പത്ത് ശതമാനവുമാണ്.

ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയുടെ കയറ്റുമതി നയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടുണ്ടെന്നാണ്. ഇന്ത്യയില്‍ നിന്നുള്ള ചരക്ക്, സേവന കയറ്റുമതി 2020-ഓടു കൂടി 900 ബില്ല്യണ്‍ ഡോളറായി ഇരട്ടിയാക്കണമെന്നാണ് മോദിയുടെ പുതിയ വിദേശ വ്യാപാര നയം ലക്ഷ്യമിടുന്നത്. ഇപ്പോഴത് 470 ബില്ല്യണ്‍ ഡോളറാണ്.

ഇന്ത്യയുടെ കയറ്റുമതി ഇപ്രകാരം ഇടിയുകയാണെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കുക സാധ്യമല്ല.

ഇന്ത്യയുടെ കയറ്റുമതിയിലെ ഇടിവ് കേവലം ചാക്രികമല്ലെന്നും ഘടനാപരമാണെന്നും ക്രിസില്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ ആവശ്യകതയിലുണ്ടാകുന്ന കുറവു കൊണ്ട് മാത്രമാണ് ചാക്രികമായ ഇടിവുണ്ടാകുന്നത്. തെറ്റായ നയങ്ങള്‍ മൂലമാണ് ഘടനപരമായ ഇടിവുണ്ടാകുന്നത്.

പെട്രോളിയം ഉല്‍പ്പനങ്ങളുടെ ആവശ്യകതയിലുണ്ടായ കുറവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ ഇടിവിന് കാരണമെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നതായി എഞ്ചിനീയറിംഗ് കയറ്റുമതി രംഗത്തെ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പിലെ ഒരു വിദഗ്ദ്ധന്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റായ ആരോപണം ആണെന്ന് അദ്ദേഹം പറയുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിലും ആവശ്യകതയിലും കുറവുണ്ടായത് സത്യമാണെങ്കിലും പരുത്തി നൂല്‍, എഞ്ചിനീയറിംഗ് മേഖല തുടങ്ങിയവയുടെ കയറ്റുമതിയിലെ ഇടിവിനുള്ള കാരണം സര്‍ക്കാര്‍ പറയുന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 18, 2015 1:59 pm