X

ഇടത് കാറ്റ്, യുഡിഎഫിന് തളര്‍ച്ച, ബിജെപിക്ക് വളര്‍ച്ച

അഴിമുഖം പ്രതിനിധി

തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പരമ്പരയ്ക്ക് ഒടുവില്‍ എല്‍ഡിഎഫിന് ജയം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്നും യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്നും വിശേഷിപ്പിക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് ഉജ്ജ്വല ജയം. അതേസമയം സര്‍ക്കാരിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. ബിജെപിക്ക് കേരളത്തിലെ മൂന്നാം മുന്നണി എന്ന് അവകാശപ്പെടാന്‍ ഊര്‍ജ്ജം നല്‍കുന്ന നേട്ടവും തെരഞ്ഞെടുപ്പ് നല്‍കി. അനവധി ഇടങ്ങളില്‍ യുഡിഎഫിന്റെ കൈയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ച് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പ്രതികാരം ചെയ്യാനും എല്‍ഡിഎഫിന് കഴിഞ്ഞു.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 548 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫ് 367 ഇടത്ത് മാത്രമാണ് ഭരണം കൈപിടിയിലൊതുക്കിയത്. അതേസമയം കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ വിജയത്തെ 14 ആക്കി ഉയര്‍ത്താന്‍ ബിജെപിക്കായി. മറ്റുള്ളവര്‍ 12 ഇടത്തും നേട്ടമുണ്ടാക്കി.

152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90 ഇടത്ത് എല്‍ഡിഎഫ് മുന്നിലെത്തി. 61 ഇടങ്ങള്‍ യുഡിഎഫിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് ഒരിടത്തും ഇരുമുന്നണികളേയും മറികടക്കാനായില്ല. അതേസമയം മറ്റുള്ളവര്‍ ഒരു ബ്ലോക്കിലും മുന്നിലെത്തി.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ എല്‍ഡിഎഫിനെ നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും യുഡിഎഫ് പിടിച്ചു നിര്‍ത്തി. 86 നഗരസഭകളില്‍ 42 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് 40 ഇടത്ത് മുന്നിലെത്തി. ബിജെപിക്ക് ഒരിടത്ത് മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളൂ. ജില്ലാ പഞ്ചായത്തില്‍ ഏഴ് വീതം പങ്കുവച്ച് എല്‍ഡിഎഫും യുഡിഎഫും സമനിലയില്‍ പിരിഞ്ഞു. കോര്‍പ്പറേഷനില്‍ മൂന്നിടത്ത് എല്‍ഡിഎഫ് നേടിയപ്പോള്‍ കൊച്ചി മാത്രമേ യുഡിഎഫിന് ലഭിച്ചുള്ളൂ. കണ്ണൂരും തിരുവനന്തപുരവും തൂക്കു കൌണ്‍സിലുകളായി. കണ്ണൂരില്‍ 27 വീതം ഇരുമുന്നണികളും നേടിയപ്പോള്‍ ഒരു സീറ്റ് നേടിയ വിമതന്റെ നിലപാട് നിര്‍ണായകമായി. തിരുവനന്തപുരത്ത് ബിജെപി അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വച്ചപ്പോള്‍ എല്‍ഡിഎഫിന് തിരിച്ചടിയായി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്തുടനീളം ത്രിതലത്തിലും വന്‍മുന്നേറ്റം കാഴ്ചവച്ചത് എല്‍ഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊര്‍ജ്ജവും ധൈര്യവുമാണ് നല്‍കുന്നത്. ബിജെപിക്ക് ആകട്ടെ തങ്ങള്‍ക്കും കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്നതും. എന്നാല്‍ യുഡിഎഫിന് ഇനി തോല്‍വിയുടെ കണക്കെടുപ്പ് കാലവും.

This post was last modified on November 7, 2015 6:49 pm