X

മദനിയുടെ സുരക്ഷ ചെലവ്; 1,18,000 മതിയെന്നു കര്‍ണാടകം

നേരത്തെ 14,80,000 രൂപയായിരുന്നു ആവശ്യപ്പെട്ടത്

ജാമ്യവ്യവസ്ഥയില്‍ കേരളത്തില്‍ എത്തുന്ന മദനിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടി വരുന്ന തുക വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍. സുപ്രിം കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് സുരക്ഷചെലവിനായി മദനി 1,18,000 രൂപ അടച്ചാല്‍ മതിയെന്നു കര്‍ണാടകം അറിയിച്ചിരിക്കുന്നത്. ആദ്യം ആവശ്യപ്പെട്ടത് 14,80,000 ആയിരുന്നു. ഈ മാസം ഒമ്പതു മുതല്‍ 16 വരെയാണ് മദനി കേരളത്തില്‍ ഉള്ളത്.

മദനി കേരളത്തില്‍ പോകുന്നതിനു ആവശ്യമായി വരുന്ന സുരക്ഷ ചെലവ് സ്വയം വഹിക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനനായാണ് 14,80,000 രൂപ പോകുന്നതിനു മുമ്പായി അടക്കാനും മദനിയോട് പറഞ്ഞത്. എന്നാല്‍ ഭീമമായ ഈ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തിലേക്ക് പോകുന്നില്ലെന്നു മദനി ആദ്യം തീരുമാനിച്ചിരുന്നു. ഈയൊരു സാഹചര്യത്തില്‍ പിഡിപി നേതാക്കള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ മദനിയുടെ സുരക്ഷ ചെലവ് കേരളം വഹിച്ചോളാമെന്നു കാണിച്ച് കര്‍ണാടകത്തിനു കത്തെഴുതാമെന്നു പിണറായി അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്നലെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖാന്തരം സുപ്രിം കോടതിയില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ മദനി പരാതി നല്‍കിയത്. ഈ പരാതി പരിഗണിച്ച് കോടതി കര്‍ണാടക സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. കോടതി ഉത്തരവ് പാലിക്കാതിരിക്കാനാണോ ശ്രമമെന്നു കോടതി ചോദിച്ചു. ടിഎയും ഡിഎയും മാത്രമെ സുരക്ഷചെലവിനായി നല്‍കാന്‍ പറ്റുകയുള്ളൂവെന്നും അതെത്രയാണെന്ന് ഇന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. ഇതിന്‍ പ്രകാരമാണ് ഇന്നു തുക ഒരുലക്ഷത്തി പതിനെട്ടായിരമാക്കി അറിയിച്ചത്.