X

എട്ടുകാലി മമ്മൂഞ്ഞുമാര്‍ ചാട്ടവാറെടുക്കുമ്പോള്‍; മദ്രാസ് IITയില്‍ സംഘി അജണ്ട

‘ദല്‍ഹിയെ വലത്തോട്ടു 180 ഡിഗ്രി കറക്കിയപ്പോള്‍
വിമാനത്താവളം വടക്കായി.
വടക്കുനോക്കികള്‍ അതറിഞ്ഞില്ല.
കിഴക്കോട്ടു നടന്നവര്‍ പടിഞ്ഞാറെത്തിയപ്പോള്‍
പരിഭ്രമിച്ചില്ല- കാരണം
പരിഭ്രമവും 180 ഡിഗ്രി വലത്തോട്ടു കറങ്ങിയിരുന്നു.’ -കെ അയ്യപ്പപ്പണിക്കര്‍ (1998) 

ദല്‍ഹിയെ യഥേഷ്ടം തെക്കും വടക്കും കറക്കിയെടുക്കാന്‍ മിടുക്കുള്ള വിദ്വാന്മാരാണ് ഇന്ദ്രപ്രസ്ഥത്തിലെ ഭരണക്കസേരയില്‍ ഇപ്പോള്‍ കാലിന്മേല്‍ കാലും കയറ്റി ഇരിക്കുന്നത്. ലോകത്ത് എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് വീമ്പിളക്കുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ പിന്‍മുറക്കാര്‍. തിരുവായ്ക്ക് എതിര്‍വായ് ഇഷ്ടപ്പെടാത്ത വരേണ്യവര്‍ഗ്ഗത്തിന്റെ ഇടപെടലുകള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി ഇറങ്ങുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കഴുത്തിലാണ് കത്തി വീഴുന്നത്. അത്തരമൊരു ദുരന്തത്തിനു ഇപ്പോള്‍ പാത്രമായിരിക്കുന്നത് മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍ (എ പി എസ്‌ സി) ആണ്. മോദി സര്‍ക്കാരിനേയും അതിന്റെ നയങ്ങളേയും പരോഷമായി വിമര്‍ശിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളുടെ നാവു മുറിക്കാന്‍ ഐഐടി രംഗത്തു വന്നിരിക്കുന്നത്. എ പി എസ്‌ സി എന്ന ചര്‍ച്ചാവേദിയുടെ അംഗീകാരം റദ്ദാക്കിക്കൊണ്ടാണ് മോദിമാഹാത്മ്യം വാഴ്ത്താന്‍ ദല്‍ഹി ഭരണകൂടം ആവേശം കാണിച്ചിരിക്കുന്നത്.

എ പി എസ്‌ സി പോലെ നിരവധി ചര്‍ച്ചാവേദികള്‍ക്ക് ഐ ഐ ടി അംഗീകാരം കൊടുത്തിട്ടുണ്ട് കാമ്പസ്സിനുള്ളില്‍. സ്റ്റുഡന്‍സ് ഡീനാണ് ഇത്തരത്തില്‍ അംഗീകരം കൊടുക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും ഡീന്‍ തന്നെ. എന്നാല്‍ അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍ ആകട്ടെ ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വേദിയാണ്. എ പി എസ്‌ സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഒരു ഊമക്കത്ത്, അടുത്തിടെ ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിനു ലഭിച്ചിരുന്നു. അതിന്റെ വെളിച്ചത്തിലാണ് എ പി എസ്‌ സിയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ആ ഊമക്കത്തില്‍ മോദിയുടെ ഭരണത്തേയും ദളിതരോടു കാണിക്കുന്ന അനീതിയേയുമൊക്കെ അക്കമിട്ടു പറഞ്ഞിരുന്നു എന്നാണ് ദല്‍ഹി വൃത്താന്തം. സര്‍ക്കാരിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു ലഘുലേഖയും ഊമക്കത്തിനോടൊപ്പം ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിനു ലഭിച്ചിരുന്നു. പക്ഷേ എ പി എസ്‌ സി പരസ്യമായി സര്‍ക്കാരിനെതിരെ മുന്നോട്ടു വന്നിരുന്നില്ല എന്നതാണ് വസ്തുത.

ചര്‍ച്ചവേദിയിലേക്ക് ദ്രവീഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകനായ ആര്‍ വിവേകാനന്ദ ഗോപാലിനെയാണ് എ പി എസ്‌ സി ക്ഷണിച്ചത്. അദ്ദേഹമാകട്ടെ ‘ഡോക്ടര്‍ അംബേദ്ക്കറിന്റെ സമകാലീന പ്രസക്തി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സംസാരിച്ചത്. ആ പ്രസംഗത്തിന്റെ അച്ചടി രൂപം യോഗത്തില്‍ വിതരണം ചെയ്തിരുന്നു. ആ ലഘുലേഖയാണ് ഹ്യൂമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന്റെ മുന്നില്‍ ഊമക്കത്തിനോടൊപ്പം പറന്നു പറന്നു ചെന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതും. ‘ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടു നീങ്ങുന്ന മോദി സര്‍ക്കാര്‍ മദര്‍ ഇന്ത്യയെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ്. ഗോവധ നിരോധനം, ഘര്‍ വാപസി, വേദം അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവയിലൂടെ സാധാരണക്കാരനെ മുഖ്യധാരയില്‍ നിന്ന് അകറ്റുകയാണ്, ധ്രൂവീകരിക്കുകയാണ്,’ വിവേകാനന്ദഗോപന്‍ പറഞ്ഞതാണ്. അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരില്‍ ഗീര്‍വാണങ്ങള്‍ തട്ടിവിടുന്ന ഇരിക്കപ്പിണ്ടങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ തുറന്ന പ്രസംഗത്തെ അസഹിഷ്ണുതയോടെ കണ്ടതും വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്തുന്ന എ പി എസ്‌ സിക്കെതിരെ കഠാര കുത്തിയിറക്കിയതും.  

2014 ഏപ്രില്‍ 14 ന് ആണ് കക്ഷിരാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി മദ്രാസ് ഐ ഐ ടിയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിള്‍ എന്ന ചര്‍ച്ചാവേദി രൂപീകരിച്ചത്. ഇന്ത്യന്‍ ജനതയുടെ സിരകളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ബി ആര്‍ അംബേദ്ക്കറിന്റേയും തമിഴകത്തിന്റെ മണ്ണില്‍ സ്വയം മര്യാദയുടെ വിത്തുകള്‍ വിതച്ച് ജനങ്ങളുടെ മനസ്സില്‍ നൂറു മേനി വിളയിച്ച ഈ വി രാമസ്വാമി നായ്ക്കരുടേയും ആശയങ്ങളും അഭിപ്രായങ്ങളും രചനകളും  പ്രചരിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു അതിനു പിന്നില്‍. ദളിത് വിഭാഗത്തിന്റെ സാമൂഹ്യ സാമ്പത്തിക അവസ്ഥകളെക്കുറിച്ചും സാംസ്‌ക്കാരിക പ്രശ്‌നങ്ങളെക്കുറിച്ചും ശരിയായ തരത്തിലുള്ള സംവാദമായിരുന്നു വേദിയുടെ ലക്ഷ്യം. തമിഴ്‌നാട്ടില്‍ ഇന്നു ദളിതര്‍ അനുഭവിക്കുന്ന ദുരിതം നിറഞ്ഞ ജീവിതമായിരുന്നു അവരുടെ പ്രജ്ഞയെ വ്യാകുലപ്പെടുത്തിയത്. അത്തരത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ വേണ്ടിയാണ് ദ്രവീഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകനെ വേദിയില്‍ എത്തിച്ചതും. അവിടെ എ പി എസ്‌ സി മികച്ചൊരു ചര്‍ച്ചക്ക് കളമൊരുക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി യോഗങ്ങളും ചര്‍ച്ചകളും സിനിമാ പ്രദര്‍ശനങ്ങളും ഈ എ പി എസ്‌ സി സംഘടിപ്പിച്ചിരുന്നു. കൃഷി ഭീഷണിയില്‍, ജിഎം വിളകളും കൃഷിയില്‍ അവയുടെ സ്വാധീനവും, ഭാഷാ രാഷ്ട്രീയം ഇന്ത്യയില്‍-ഭൂതവും വര്‍ത്തമാനവും തുടങ്ങിയ നിരവധി വിഷയങ്ങള്‍ എപിഎസ്‌സി ചര്‍ച്ചക്ക് തെരഞ്ഞെടുത്തിരുന്നു. മോദി സര്‍ക്കാരിന്റെ കൃഷിഭൂമി ഏറ്റെടുക്കല്‍ ബില്‍, ഇന്‍ഷുറന്‍സ് ബില്‍, തൊഴില്‍ പരിഷ്‌ക്കരണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ വേദി ചര്‍ച്ചക്ക് കൊണ്ടു വന്നിരുന്നു. അതിനോടൊപ്പം ഐ ഐ ടികളിലും ഐ ഐ എമ്മുകളിലും പ്രത്യേക സസ്യാഹാര ഹാളുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമൊക്കെ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നു. 2015 ഏപ്രിലില്‍ ചര്‍ച്ചാവേദി അംബേദ്ക്കര്‍ ജയന്തിയും ആഘോഷിച്ചിരുന്നു.

തമിഴകത്തിന്റെ ഇന്നത്തെ ശോച്യാവസ്ഥ നിലവിലുള്ള ജാതിയാണ്. ജാതിക്കോമരങ്ങള്‍ സൃഷ്ടിക്കുന്ന വന്‍മതിലുകള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. സവര്‍ണ ഹിന്ദുക്കളുടെ ചാട്ടവാറടിയില്‍ ജീവിതം ഹോമിക്കുന്ന ദളിതരുടെ ജീവിതത്തെയാണ് മറ്റൊരു വഴിക്ക് എ പി എസ്‌ സി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത്. എന്തായാലും സവര്‍ണ മേലാളന്മാരുടെ ഹിന്ദുത്വ അജണ്ട ദളിതരുടെ പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല.

ഇന്ന് അംബേദ്ക്കര്‍ പെരിയാര്‍ സ്റ്റുഡന്റ് സര്‍ക്കിളിന്റെ കടയ്ക്കാണ് കത്തി വീണത്. അതും ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെലവില്‍ത്തന്നെ കത്തി തേയ്ക്കാന്‍ അവസരവും ലഭിച്ചു. ഇനിയുള്ള നാലു വര്‍ഷക്കാലം കേന്ദ്രത്തിന്റെ ഇടപെടലുകള്‍ എട്ടുകാലി മമ്മൂഞ്ഞിന്റെ രൂപത്തിലോ ആനവാരി രാമന്‍ നായരുടെ രൂപത്തിലോ ഒക്കെ വന്നെത്തിരിക്കും. നന്മുടെ ജാഗ്രതകളെ ഷണ്ഢീകരിക്കുന്ന വിധത്തില്‍ ഭരണം മുന്നേറിയാല്‍ ആര്‍ക്കാണ് രക്ഷപ്പെടാനാവുക. അഭിപ്രായ സ്വാതന്ത്ര്യം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത കാവിപ്പടകള്‍ക്ക് അംബേദ്ക്കറും പെരിയാറും സൃഷ്ടിച്ചുവച്ച ഈടുവയ്പ്പുകളുടെ മഹത്വത്തെ വിലയിരുത്താന്‍ ആവില്ല എന്നതാണ് ഇന്ത്യയുടെ നിത്യ ശാപം. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on December 16, 2016 12:15 am