എന്‍ ശശിധരന്‍
ഞാനും അധികം വായിച്ചിട്ടില്ല മഹാശ്വേത ദേവിയെ. രുദാലി എന്ന ചെറുകഥയാണ് പെട്ടെന്ന് മനസിലേക്കു വരുന്നത്. കല്‍പ്‌ന ലജ്മി അതു സിനിമയാക്കി(1993). കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡിംപിള്‍ കപാഡിയായ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചു. ആ സിനിമയും കണ്ടിട്ടുണ്ട്. ഇതു കൂടാതെ മഹാശ്വേത ദേവിയുടെ രണ്ടുമൂന്നു പുസ്തകങ്ങളെ ഞാന്‍ വായിച്ചിട്ടുള്ളൂ.
എന്നാല്‍ അവരെ ഒരിക്കലും ഒരു എഴുത്തുകാരിയായി കണ്ടുമാത്രം പറയാന്‍ കഴിയില്ല. ജീവിതത്തിലും എഴുത്തിലും പാര്‍ശവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം നിന്ന സ്ത്രീ ആണ് അവര്‍. മഹാശ്വേത ദേവിയെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം അവരുടെ രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതും അതുകൊണ്ടാണ്. അതവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.
ആദിവാസികള്‍ക്കൊപ്പം ജീവിക്കുകയും അവരുടെ ജീവിതത്തിലും സമരത്തിലുമൊക്കെ പങ്കാളിയാവുകയും ചെയ്തുകൊണ്ടാണ് മഹാശ്വേത ദേവി അവരുടെ പ്രധാനപ്പെട്ട കൃതികളെല്ലാം രചിച്ചിരിക്കുന്നത്. അക്ടിവിസ്റ്റ്കൂടിയായ ഒരു എഴുത്തുകാരിയുടെ റോള്‍ പൂര്‍ണമായി ഏറ്റെടുത്ത ഇന്ത്യയിലെ അപൂര്‍വമായൊരു എഴുത്തുകാരി കൂടിയായിരുന്നു അവര്‍.
കേരളത്തിന്റെ മനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധം നടന്ന സന്ദര്‍ഭത്തില്‍ കേരളത്തില്‍ വന്ന മഹാശ്വേത ദേവി ഇവിടെയുള്ള എഴുത്തുകാരോട് ചോദിച്ചൊരു ചോദ്യമുണ്ട്; നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? വാസ്തവത്തില്‍ അത്തരമൊരു ചോദ്യം ഉന്നയിക്കപ്പെട്ടതിനുശേഷമാണ് കേരളീയ സമൂഹവും വിശിഷ്യ ബുദ്ധിജീവി സമൂഹവും ടി പി വധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കണ്ടത്. അങ്ങനെയൊരു മാറ്റം ഉണ്ടാക്കിയത് മഹാശ്വേത ദേവിയായിരുന്നു.
സാഹിത്യത്തെ കുറിച്ച് നിലനില്‍ക്കുന്ന വരേണ്യതയെന്ന സങ്കല്‍പ്പത്തെ ഇഷ്ടപ്പെടുന്നതാണു മലയാളിയുടെ പൊതുവേയുള്ളൊരു രീതി. അതിനെതിരെയുള്ള പ്രതിരോധം എഴുത്തില്‍ സാധ്യമാക്കിയ എഴുത്തുകാരിയായിരുന്നു മഹാശ്വേത ദേവി. രവീന്ദ്രനാഥ് ടാഗോറിന്റെയും ബങ്കിംചന്ദ്രന്റെയും ബിമല്‍ മിത്രയുടെയും ആശാപൂര്‍ണ ദേവിയുടെയുമൊക്കെ വലിയൊരു പാരമ്പര്യമുണ്ട് ബംഗാള്‍ സാഹിത്യത്തിന്. ഇത് മലയാളിയുടെ സംസ്‌കാരത്തെയും ഭാവുകത്വത്തെയും സ്വാധീനിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുമുണ്ട്. ദീപാങ്കുരന്‍ എന്ന ബാലന്റെ കഥ പറയുന്ന ബിമല്‍ മിത്രയുടെ ‘വിലയ്ക്കു വാങ്ങാം’ എന്ന നോവലൊക്കെ മലയാളത്തില്‍ ഒരു തലമുറയെ മുഴുവന്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ കുട്ടികളെ കൊണ്ട് രാമായണം എന്നപോലെ വായിപ്പിക്കാന്‍ പ്രേരിപ്പിച്ചൊരു തലമുറ തന്നെ ഇവിടെയുണ്ടായിരുന്നു. വിലയ്ക്കു വാങ്ങാം, ആരോഗ്യനികേതന്‍ എന്നിവയ്‌ക്കൊക്കെ ഒരു ക്ലാസിക് സ്വഭാവം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ ക്ലാസിക് പാരമ്പര്യത്തെ വിച്ഛേദിക്കുന്ന തരത്തിലുള്ളതായിരുന്നു മഹാശ്വേത ദേവിയുടെ കൃതികള്‍.
മലയാളികള്‍ എത്രകണ്ട് മഹാശ്വേത ദേവിയെന്ന എഴുത്തുകാരിയ അറിഞ്ഞിട്ടുണ്ടെന്നത് സംശയമാണ്. അവരുടെ അപൂര്‍വം കൃതികളെ തര്‍ജ്ജമ ചെയ്തും വന്നിട്ടുള്ളൂ. അതുപോലും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഉണ്ടായില്ല. അവതരിപ്പിക്കപ്പെട്ടതിലെ കുഴപ്പവുമാകാം. എങ്കില്‍ തന്നെ ബംഗാളി സാഹിത്യത്തിന്റെ തുടര്‍ച്ചയും അതോടൊപ്പം തന്നെ അതിന്റെ വിച്ഛേദവും ചേര്‍ന്നതാണ് മഹാശ്വേത ദേവി.
( സാഹിത്യനിരൂപകന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് എന്‍.ശശിധരന്‍)
(എന്‍. ശശിധരനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)
This post was last modified on July 28, 2016 7:43 pm
Leave a Comment