X

നമ്മുടെ സ്വാതന്ത്ര്യം കള്ളമാണെന്നു വിളിച്ചു പറഞ്ഞ എഴുത്തുകാരി

നിഷ പൊന്തത്തില്‍

ഞാന്‍ മഹാശ്വേതാ ദേവിയെ ശ്രദ്ധിച്ചു തുടങ്ങുന്നത് അവരുടെ ഒരു പ്രസംഗം വായിച്ചതിന് ശേഷമാണ്. 2006 ല്‍ അവര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് നടത്തിയതായിരുന്നു അത്. നമ്മുടെ സാഹിത്യ അക്കാദമി 70 വ്യക്തികളുടെ പേര് അയച്ചുകൊടുത്തു. അതില്‍ നിന്നും സംഘാടകര്‍ തെരഞ്ഞെടുത്തത് മഹാശ്വേതാ ദേവിയെയാണ്. അവര്‍ ഇംഗ്ലീഷിലല്ല എഴുതിയിരുന്നത്. ഒരു ബംഗാളി എഴുത്തുകാരിയുടെ പ്രാധാന്യം അപ്പോള്‍ തന്നെ നമുക്ക് മനസ്സിലാക്കാം. അവിടെ ഒരു പ്രസംഗം നടത്താനായി അവിടെ ഒരു ബംഗാളി എഴുത്തുകാരിയെ അവര്‍ തെരഞ്ഞെടുത്തെങ്കില്‍ അതവരുടെ എഴുത്തിന്റെയും ജീവിതത്തില്‍ അവര്‍ നടത്തിയ പ്രവര്‍ത്തികളുടെയും മഹത്വം കൊണ്ടുകൂടിയായിരുന്നു. മഹാശ്വേത ദേവിയുടെ വാക്കുകള്‍ കേട്ടവര്‍ കരഞ്ഞുപോയി എന്നാണ് പറയുന്നത്. അതിനുള്ളില്‍ അവര്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്; ‘നമ്മുടെ സ്വാതന്ത്ര്യം കള്ളമാണ്. കാരണം നമ്മുടെ രാജ്യത്ത് ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണിപ്പാവങ്ങള്‍, ഭൂമിയില്ലാത്തവര്‍, ഭൂമി ഒഴിപ്പിക്കപ്പെട്ടവര്‍, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ദരിദ്രരായ ആദിവാസികള്‍ ആയിട്ടുണ്ട്. ഇവരൊക്കെയുള്ള ഒരു രാജ്യത്ത് നമ്മുടെ സ്വാതന്ത്ര്യം കള്ളമാണ്” ലോകത്തോട് ഇത്രയും ധൈര്യമായിട്ട് ഇത് വിളിച്ചുപറയാന്‍ മറ്റാര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല. അതും പുറത്തൊരു അന്തര്‍ദേശീയ ജനക്കൂട്ടത്തിന് മുന്നില്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയാണ് എഴഉത്തുകാരി ചോദ്യം ചെയ്തത്. ആ പ്രസംഗത്തില്‍ ഗീതാജ്ഞലിയും ടാഗോറുമെല്ലാം ഉള്‍പ്പെടുത്തിയാണു സംസാരിക്കുന്നത്. എനിക്കു തോന്നു ആ പ്രസംഗം വായിച്ചുനോക്കിയാല്‍ മഹാശ്വേതാദേവി എന്തായിരുന്നുവെന്ന് വ്യക്തമാകുമെന്ന്. ഞാന്‍ അതിനു ശേഷമാണ് അവരെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് തീരുമാനിക്കുന്നത്. അവരുടെ പുസ്തകങ്ങള്‍ വായിച്ചു. അതില്‍ ഓരോ കഥകളും ഇഷ്ടപ്പെട്ടു. ഓരോരോ കഥകളും മെച്ചമാണ്. ഇതുവരെ ഞാന്‍ കാണാത്ത തരത്തിലുള്ള എഴുത്ത്. എഴുത്തുകാരെന്ന് പറയുമ്പോള്‍ മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ഭാവനകൊണ്ടെഴുതുന്നവരാണ്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നിന്നും വിഭജനത്തിനുശേഷം പശ്ചിമ ബംഗാളിലേക്കു കുടിയേറിയ ബ്രാഹ്മണകുടുംബത്തിലെ അംഗമാണ് മാഹശ്വേത ദേവി. എന്നാല്‍ അവര്‍ എഴുതിയത്  ഡിനോട്ടിഫൈഡ് ട്രൈബുകളെ കുറിച്ചായിരുന്നു. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും മധ്യേന്ത്യയിലെ ഒരുപറ്റം ആദിവാസികളെ ഡിനോട്ടിഫൈഡ് ട്രൈബുകളായിട്ടു തന്നെയാണ് കണക്കാക്കി പോരുന്നത്. ഈവിഭാഗത്തെ കുറിച്ച് ആദ്യം എഴുതുന്ന എഴുത്തുകാരിയാണ് മഹാശ്വേത ദേവി. അവരെ കുറിച്ച് എഴുതുക മാത്രമല്ല, അവര്‍ക്കിടിയില്‍ നിന്നും ഒരു പ്രസിദ്ധീകരണം തുടങ്ങാനും മഹാശ്വേത ദേവി തയ്യാറായി. ബോര്‍ത്ഥിക എന്ന പേരിലുള്ള ആ പ്രസിദ്ധീകരണത്തില്‍ ആദിവാസിവിഭാഗത്തില്‍ നിന്നുള്ളവരെ കൊണ്ട് എഴുതിക്കാനും മഹാശ്വേത ശ്രമിച്ചു. ഇതൊക്കെ ലോകത്തു തന്നെ ആദ്യമായിട്ടു സംഭവിച്ചതാകാം.

സന്താള്‍ ഉള്‍പ്പെടെയുള്ള ആദിവാസി ഊരുകളില്‍ പോയി അവരുടെ ഒപ്പം താമസിച്ചും അവര്‍ കഴിക്കുന്ന ഭക്ഷണം കഴിച്ചും കൊല്ലങ്ങളോളം അവരുടെ കൂടെ ജീവിച്ചും ആ മനുഷ്യരെ കുറിച്ച് എഴുതി. ഇങ്ങനെയെഴുതുന്ന മറ്റൊരു എഴുത്തുകാരിയുണ്ടോയെന്നെനിക്കറിയില്ല. 

ആദിവാസികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന് കോര്‍പ്പറേറ്റുകള്‍ക്കും മറ്റുമെതിരെ സ്വാതന്ത്ര്യസമരം നടത്തി ഒന്നുമില്ലാതായി പോകുന്ന മനുഷ്യരുണ്ട്.  അവരെയൊക്കെ കുറിച്ചാണ് മഹാശ്വേത ദേവി കഥകളെഴുതിയത്. ഇവരൊക്കെ വളരെ പാവപ്പെട്ട മനുഷ്യരായിരിക്കും. പക്ഷേ എന്തുവന്നാലും തകരാത്ത ഒരുപറ്റം ആള്‍ക്കാര്‍ കൂടിയായിരുന്നു.

മഹാശ്വേതയുടെ ‘ദ്രൗപദി’ എന്ന ഒരു കഥയുണ്ട്. ആ കഥയെക്കുറിച്ച് പഠിക്കുകയോ എഴുതുകയോ ചെയ്യാത്ത ഒരു സാഹിത്യാസ്വാദകനോ ആസ്വാദകയോ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ദ്രൗപദിയെന്ന കഥയെഴുതുന്നത് 67 ലാണെന്നാണ് തോന്നുന്നത്. ഞാന്‍ എം.ഫിലിന് രജിസ്റ്റര്‍ ചെയ്യുന്നത് 2012ലാണ്. ആ സമയത്ത് എനിക്ക് ഒരു ലക്ഷ്യവുമില്ലായിരുന്നു എന്താണ് ചെയ്യേണ്ടതെന്ന്. 2012 ലാണ് സോണിസൂരി സംഭവമുണ്ടാകുന്നത്. 1967 ല്‍ ദ്രൗപദിയെന്ന കഥാപാത്രത്തെ പോലീസുകാര്‍ നക്‌സലൈറ്റ് എന്നു മുദ്രകുത്തി ബലാത്സംഗം ചെയ്‌തെങ്കില്‍ അതേപോലുള്ള അനുഭവങ്ങളാണ് സോണി സൂരിക്ക് സംഭവിച്ചതും. പോലീസുകാരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ദ്രൗപദിയുടെ കഥ ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍ മാറിനില്‍ക്കുന്നതാണ്. ദ്രൗപതിയെ ഹാജരാക്കുന്ന സമയത്ത് അവളോട് വസ്ത്രം ധരിക്കാന്‍ പറയുന്നുണ്ട്. വസ്ത്രം വലിച്ചെറിഞ്ഞിട്ട് പോലീസിന് മുന്നിലേക്ക് ചോരയൊലിക്കുന്ന ശരീരത്തോടെ നടന്നുകൊണ്ട് അവള്‍ ചോദിക്കുന്നത്; ഇനിയെന്നെ തൊടാന്‍ ധൈര്യമുള്ള ഒരാളുണ്ടോ…? എന്നെ തെരഞ്ഞത് മതിയായോ? എന്നാണ്. ആ ചോദ്യത്തിന് മുന്നില്‍ ദ്രൗപതിയെ രാത്രിമുഴുവന്‍ കെട്ടിയിട്ട് ബലാത്സംഗ ചെയ്ത പോലീസുകാരും സേനാനായകരും പിന്നാക്കം മാറിപ്പോയെന്നാണ് പറയുന്നത്. ദ്രൗപതി വെല്ലുവളി ഉയര്‍ത്തിയത് സ്വന്തം നഗ്നശരീരം കൊണ്ടാണ്. അത്രയും തന്റേടവും ധൈര്യവും പ്രതിരോധവുമുള്ള കഥാപാത്രങ്ങളെയാണ് മഹാശ്വേതാദേവി ഉണ്ടാക്കിയെടുത്തത്. അവരുടെ കഥയിലെ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പരാജയപ്പെട്ടുപോകുന്ന കഥാപാത്രങ്ങള്‍ വളരെ കുറച്ചാണ്. സോണിസൂരിയുടെ കാര്യത്തിലാണെങ്കിലും അവര്‍ ഇത്രയും കാലം പീഡിപ്പിക്കപ്പെട്ടുവെങ്കിലും ജയിലിനുള്ളില്‍ കിടക്കുമ്പോള്‍ പോലും അവര്‍ കത്തിലൂടെ അവരുടെ കഥ പുറത്തുവിട്ട് അതു ലോകത്തോടു മുഴുവന്‍ പറഞ്ഞു. ആ ഒരു ഫൈറ്റിലൂടെയാണ് അവര്‍ ലീഡറായത്. അവര്‍ തകര്‍ന്നുപോവുകയല്ല ചെയ്തത്. അവര്‍ സ്വയം ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. സാധാരണക്കാര്‍ അസാധാരണകരമായ സാഹചര്യങ്ങളില്‍ പോയിട്ട് അതിജീവിച്ച് തിരിച്ചുവരുന്നവരാണ് മഹാശ്വേതാദേവിയുടെ കഥകളിലെ ആണുംപെണ്ണും. 

നക്‌സല്‍ പ്രസ്ഥാനത്തിന്റെ ആരംഭത്തിനു മുന്നേ മഹാശ്വേത ദേവി അവരുടെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും പിന്നീടവരിലെ എഴുത്തിലെ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ നക്‌സലിസത്തിന് കഴിഞ്ഞിരുന്നു. അതിന്റെ അലയൊലികള്‍ കഥകളിലും ഉണ്ടായിരുന്നു. ഉദാഹരണത്തിന് മദര്‍ ഓഫ് 1084. ഓരോ ദിവസവും നക്‌സലിസത്തിന്റെ പേരില്‍ പിടിച്ചുകൊണ്ടുപോകുന്ന മക്കളെ അമ്മമാര്‍ക്ക് നഷ്ടപ്പെടുകയാണ്. നമ്പര്‍ മാത്രമുള്ള ഡെഡ്‌ബോഡികളായി മാറുന്ന ഒരു കാലഘട്ടത്തിലെ നക്‌സല്‍ബാരി മൂവ്‌മെന്റ് നടക്കുന്ന സമയത്തെ കുറിച്ചാണ് ആ കഥ. ഈ കഥകളിലെല്ലാം അവരുടെ രാഷ്ട്രീയമുണ്ട്. 

അതേസമയം മഹാശ്വേത ദേവി ഒരു ഫെമിനിസ്റ്റ് എഴുത്തുകാരി കൂടയാണെന്ന് പറയേണ്ടതുണ്ട്. അവരുടെ സ്ത്രീകഥപാത്രങ്ങള്‍  അതിശക്തരാണ്. ഏറ്റവും നല്ല ഉദാഹരണത്തിന് ദ്രൗപദിയുടെ കഥ. കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ശക്തമായി തിരിച്ചുവരികയാണ്. അത് പുരുഷാധിപത്യസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതേപോലത്തെ കഥകളാണ് അവര്‍ക്ക് കൂടുതല്‍ പറയാനുള്ളത്. ദ്രൗപദി എന്ന ഒറ്റ കഥമതി ലോകസാഹിത്യരംഗത്തേക്ക് മഹാശ്വേത ദേവിയെ ഉയര്‍ത്തി നിര്‍ത്താനായിട്ട്.

അവര്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകയുമാണ്. അതിനെ കുറിച്ച് അവര്‍ പറയുന്നത്. എന്റെ ശരീരം ഈ ഭൂമിക്കൊരു ഭാരമാണ്. ശരീരം കൊണ്ട് ഞാന്‍ ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എന്റെ ശരീരം ഭൂമിക്ക് തിരിച്ചേല്‍പ്പിക്കണം. അത് ഭൂമിയ്ക്ക് വളമാകട്ടെ.. അവിടെ ഒരു മഹ്വാ മരം നടണം.. അതാണ് അവരുടെ അവസാനത്തെ ആഗ്രഹമായിട്ട് പറഞ്ഞത്. മധ്യേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് മഹ്വ. മഹ്വയില്‍ നിന്നും നമ്മുടെ കള്ളുപോലൊരു സാധനം ഉത്പാദിപ്പിക്കും. വലിയ പ്രചാരമാണതിനവിടെ. 

ആക്ടിവിസ്റ്റുകളുടെ എഴുത്ത് എന്നത് ഇന്ത്യന്‍ സാഹിത്യത്തിനു പരിചയമില്ലാതിരുന്ന കാലത്താണ് മഹാശ്വേത ദേവി ആക്ടിവിസ്റ്റിന്റെ രീതിയിലുള്ള എഴുത്ത് തുടങ്ങുന്നത്. കഥകള്‍ക്കൊപ്പം മറ്റു ലേഖനങ്ങളും അവര്‍ എഴുതി. ആക്ടിവിസ്റ്റുകളുടെ രീതിയില്‍ എഴുതുന്ന ആദ്യത്തെ എഴുത്തുകാരിയായിരിക്കണം മഹാശ്വേതാ ദേവി. ഇന്ത്യന്‍ സാഹിത്യത്തില്‍ മഹാശ്വേതാ ദേവിയോട് ഉപമിക്കാന്‍ കഴിയുമെങ്കില്‍ അതു പുതിയ തലമുറയിലെ അരുന്ധതി റോയിയോട് മാത്രമാണ്. ഇവരു രണ്ടുപേരും തമ്മില്‍ നിരവധി സാമ്യതകളുണ്ട്. രണ്ടുപേരും ഫെമിനിസ്റ്റുകളാണ്. രണ്ടുപേര്‍ക്കും ബംഗാളുമായി ബന്ധമുണ്ട്. ജനകീയ പ്രക്ഷോഭങ്ങളോടൊപ്പമുണ്ട്. സിംഗൂരിലായാലും നന്ദിഗ്രാമിലായാലും കൂടംകുളത്തായാലും ഇവര്‍ മുന്നണിയിലുണ്ട്. അവര്‍ തമ്മില്‍ വലിയ അടുപ്പവുമുണ്ടായിരുന്നു. ദീദി തനിക്ക് അച്ചാര്‍ കൊടുത്തയക്കുമായിരുന്നുവെന്ന് അരുന്ധതി റോയി ഒരിക്കല്‍ എന്നോട്ടു പറഞ്ഞിട്ടുണ്ട്.

മഹാശ്വേത അവരെ ക്ഷണിക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിനെക്കുറിച്ചെഴുതും. കൂടംകുളം സമയത്ത് അവിടെ വെള്ളത്തിലിറങ്ങിനിന്ന് സമരം ചെയ്ത സ്ത്രീകളോട് സ്ത്രീകള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ സോണിയ ഗാന്ധിക്ക്‌ കത്തെഴുതിയിരുന്നു. ആ സമയത്താണ് ഇവര്‍ പിണറായി വിജയനോട് ചോദിച്ചത് ഞാന്‍ വീട്ടിലേക്കു വരാം, നമുക്ക് കൂടംകുളത്ത് പോകാമെന്ന്. അത് അന്ന് വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. കൂടംകുളം വിഷയത്തില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എവിടെയാണെന്നുള്ള ചോദ്യമന്നുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ മരിച്ചപ്പോഴും തന്റെ രോഷം മഹാശ്വേത ദേവി പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അവര്‍ ഇടപെട്ടിരുന്നു. 

വായനകൊണ്ട് വിപ്ലവം വരുത്തിക്കാന്‍ കഴിയുന്ന അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ് മഹാശ്വേത. കല്‍ക്കട്ടയില്‍ ഒരു വലിയ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചിട്ട് വളരെ സാധാരണ ജീവിതം നയിക്കുകയായിരുന്നു അവര്‍. ഞാന്‍ മൂന്നുനാലു പ്രാവശ്യം അവരുമായി നേരില്‍ കണ്ടു. ഒരിക്കല്‍ കോഴിക്കോട് വച്ച്, പിന്നൊരിക്കല്‍ ഡല്‍ഹിയില്‍. 2014 ലാണ് കല്‍ക്കത്തയിലെ അവരുടെ വീട്ടില്‍ വച്ച് ഞാന്‍ ആദ്യമായിട്ട് കാണുന്നത്. രാത്രി പത്തുമണിക്ക്. വൈകിട്ട് അവരെ വിളിച്ചിരുന്നു. ഒമ്പത് മണി കഴിഞ്ഞിട്ട് വന്നാല്‍ മതി. കാരണം എനിക്കൊരു ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുണ്ട്; അതായിരുന്നു മറുപടി. മഹാശ്വേത ദേവിയുടെ വീട് കണ്ടെത്തുക വളരെ എളുപ്പമായിരിക്കും എന്നായിരു ധാരണ. ആരാണ് അവരെ അറിയാത്തത്. എന്നാല്‍ അവരുടെ വീടിരിക്കുന്ന പരിസരത്ത് പോയി അന്വേഷിച്ചിട്ട് ആര്‍ക്കും അങ്ങനെയൊരാളെ അറിയില്ല. സാധാരണക്കാരുടെ ഇടയിലാണ് അവര്‍ ജീവിക്കുന്നത്. സാധാരണ ഒരു തെരുവില്‍. ഒട്ടും ആഢംബരമില്ലാത്ത ഒരു വീട്. പെയിന്റ് പൂശിയിട്ട് തന്നെ കാലങ്ങളായി കാണണം. ഓന്നോ രണ്ടോ മുറി സ്വകാരാവിശ്യത്തിന് എടുത്തിട്ട് ബാക്കിഭാഗം ഒരു ട്രസ്റ്റിന്റെ ആവശ്യത്തിനായി ഉപയോഗിക്കുകയാണ്. ഞാന്‍ ചെല്ലുമ്പോള്‍ ഒമ്പതര മണിയായിരുന്നു. ഒരു ടേബിളില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എണ്‍പത്തെട്ടു വയസ് കാണണം. ആ വീട്ടില്‍ ആധികമുണ്ടായിരുന്നത് പുസ്തകങ്ങളാണ്, പിന്നെ ഫോേേട്ടാകളും. അന്ന് കുറേ നേരം സംസാരിച്ചു. അവരുടെ രാഷ്ട്രീയവും മറ്റും. 

പ്രായമേറെയായിട്ടും അവര്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. രണ്ടുതവണ കല്യാണം കഴിച്ചായിരുന്നു. രണ്ടു ബന്ധവും ഒഴിഞ്ഞു. നെബാരുവെന്ന ഒരു മകന്‍ മാത്രമേയുണ്ടായിരുന്നുള്ളു. നെബാരുവുമായിട്ട് അകന്നാണ് ഇവിടെ കഴിഞ്ഞിരുന്നത്. ആദ്യം കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളുണ്ടായിരുന്നു. അയാള്‍ അവരുടെ സ്വത്തുക്കളൊക്കെ തട്ടിയെടുത്തെന്നാണു പറയുന്നത്. ഇയാളാണേ്രത മഹാശ്വേതയെ മമതയുടെ ഗ്രൂപ്പിലെത്തിക്കുന്നതെന്നും കേട്ടിട്ടുണ്ട്. ഏകദേശം ഈ സമയത്ത് തന്നെയാണ് അവരുടെ മകന്‍ മരിച്ചത്. ചൂഷണം ചെയ്തുകൊണ്ടിരുന്ന സഹായിയെ അവര്‍ പുറത്താക്കി. പിന്നീട് അവരുടെ ജീവിതം ഏകാന്തമായിരുന്നു. ശരിക്കും പറഞ്ഞാല്‍ ആരുമുണ്ടായിരുന്നില്ല.. ഒരു ദുരിതമരണമാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. പക്ഷേ ഇവരെ കാണാന്‍ വരുന്ന ആള്‍ക്കാരും… കത്തുകളും… ഇവര്‍ എഴുതിയതുകൊണ്ടു മാത്രം ജീവിതം രക്ഷപ്പെട്ട ആള്‍ക്കാരും എല്ലാവരും ഇവരോടൊപ്പമുണ്ടായിരുന്നു. 

ബംഗാളിലുള്ള ഏത് എഴുത്തുകാരിയെക്കാളും കൂടുതലായി മഹാശ്വേതാദേവിയെ നമ്മള്‍ മലയാളികള്‍ വായിച്ചിട്ടുണ്ട്. അവര്‍ ഒരു എഴുത്തുകാരിയായിട്ട് മാത്രം മാറ്റിനിര്‍ത്തപ്പെടേണ്ട സ്ത്രീയല്ല. അവരുടെ എഴുത്തും ആക്ടിവിസവും തമ്മില്‍ ഒരുപാട് ബന്ധമുണ്ട്. അവര്‍ കഥകളല്ല എഴുതിയത്, മനുഷ്യ ജീവിതങ്ങളാണ്. ഞാന്‍ അവരുടെ കഥയും ആക്ടിവിസവും തമ്മില്‍ ഒരിക്കലും വ്യത്യാസം കാണാത്ത ആളാണ്. അരുന്ധതി റോയിയെ സംബന്ധിച്ച് അവര്‍ ആകെകൂടെ ഒരു കഥയെ എഴുതിയിട്ടുള്ളു. ബാക്കിയെല്ലാം ആക്ടിവിസ്റ്റ് റൈറ്റിംഗാണ്. മഹാശ്വേതാ ദേവി നൂറ്റമ്പതോളം ചെറുകഥകളും പത്തോളം നോവലുകളുമെഴുതിയിട്ടുണ്ട്. ആദ്യമെഴുതിയ ഝാന്‍സി റാണിയെന്ന പുസ്തകം ചരിത്രപരമായിരുന്നു. പിന്നീട് വരുന്നതെല്ലാം ചെറുകഥകളാണ്. ഞാന്‍ മഹാശ്വേതാദേവി പോയ വഴികളിലൂടെ പോയി കാടുകളില്‍ അവര്‍ താമസിച്ച സ്ഥലങ്ങള്‍ കണ്ടയാളാണ്. അവരുടെ കഥകളെയും ആക്ടിവിസത്തെയും മാറ്റി കാണാന്‍ കഴിയില്ല. അതു രണ്ടും തമ്മില്‍ വ്യത്യാസമില്ല. അവരുടെ ജീവിതവും അതുതന്നെയാണ്. ജീവിതവും കഥയും ആക്ടിവിസവും എല്ലാം ഒന്നുതന്നെയാവുകയായിരുന്നു അവരില്‍. നമുക്ക് നമ്മുടെ നാട്ടിലെ എഴുത്തുകാരെ കുറിച്ചറിയാം.. അവര്‍ എഴുതുക മാത്രമാണ്, അല്ലാതെ ആക്ടിവിസമൊന്നുമില്ല. അരുന്ധതി റോയിയെ ആന്റിനാഷണല്‍എന്ന് മുദ്രകുത്തുന്നവര്‍ കുറേക്കാലം മുമ്പേ വന്നിരുന്നെങ്കില്‍ മഹാശ്വേതാദേവിയെ നാടുകടത്തുമായിരുന്നു. നമ്മുടെ സ്വാതന്ത്ര്യം കള്ളമാണെന്ന് പറയുന്നൊരാളെ നാം വച്ചുപൊറുപ്പിക്കുമോ.

അവരുടെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള ഏകദേശം പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. മൂലകൃതിയില്‍ നിന്നും തനിമ നഷ്ടപ്പെട്ടാണെന്നു മാത്രം. ബംഗാളി ഭാഷയുടെ വ്യതസ്തശൈലികളായിരുന്നു മഹാശ്വേത ഉപയോഗിച്ചിരുന്നത്. അത്ര പോലും അവര്‍ ജീവിതത്തില്‍ നിന്നും വിട്ടുമാറി നിന്നല്ല കഥയെഴുതിയിരുന്നത്. മലയാളത്തിലും ഒരു ഒഴുക്കില്ലാത്ത വായനയായിരിക്കണം അവരുടെ വിവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. 

പ്രവചാത്മകതയുള്ള കഥകളായിരുന്നു മഹാശ്വേതയുടെത്. ദ്രൗപദിയുടെ കഥനോക്കിയാല്‍ തന്നെ അതറിയാം. മണിപ്പൂരിലെ ആര്‍മി റേപ്പ് ചെയ്‌തെന്ന് പറയുന്ന തഞ്ചം മനോരമയുടെ സംഭവം ദ്രൗപദിയെന്ന കഥയിലെ മറ്റൊരു വിഷയമാണ്. മണിപ്പൂരില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ നഗ്നയായി നടന്ന അമ്മമാര്‍ ലോകം മൊത്തം വാര്‍ത്തയായില്ലേ. ഛത്തീസ്ഗഡിലും ഒറീസയിലുമൊക്കെ ഇപ്പോള്‍ നടക്കുന്ന കോര്‍പ്പറേറ്റുകളുടെ മൈനിംഗിനെകുറിച്ച് മഹാശ്വേതാദേവി മുന്നേ എഴുതിയിട്ടുണ്ട്. ലിറ്റില്‍ വണ്‍സ്‌ എന്ന കഥയില്‍ അവര്‍ പറുയുന്നത് അപ്രത്യക്ഷമാകുന്ന ആദിവാസി വര്‍ഗ്ഗങ്ങളെകുറിച്ചാണ്. സന്താള്‍ സമുദായത്തില്‍ ജനിച്ചുവളര്‍ന്ന ഹാന്‍സിദ സൗവേന്ദ്ര എന്നയാളുടെ പുസ്തകം ഞാനീയിടെ വായിച്ചപ്പോള്‍ മഹാശ്വേതാദേവി എഴുതിയതില്‍ നിന്നും ഒന്നും വ്യത്യസ്തപ്പെട്ടിട്ടില്ല. ആരെക്കുറിച്ചാണോ പണ്ട് മഹാശ്വേതാദേവി എഴുതിയത് അവരെക്കുറിച്ചാണ് ഈ മനുഷ്യനും എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റ് ഈ സ്ഥലത്ത് വരുമ്പോള്‍ ആദിവാസികളെകൊണ്ടാണ് ഇവിടെ ചെണ്ടയടിപ്പിക്കുന്നതും നൃത്തം ചെയ്യിക്കുന്നതും. കാരണം അവരെ വേറൊന്നിനും ആവശ്യമില്ല. വിമാനത്താവളം ഉണ്ടാക്കാനായിട്ടാണ് പ്രസിഡന്റ് വരുന്നത്. എയറോഡ്രോം
ഉണ്ടാക്കാന്‍ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ബലം പ്രയോഗിച്ചു ഒഴിപ്പിച്ച് അവരെ മണ്ണില്ലാത്തവരാക്കുകയും പിന്നീട് അവരെ തന്നെ പ്രസിഡന്റ് വരുമ്പോള്‍ സ്വീകരിക്കാനായി കോമാളി വേഷം കെട്ടിച്ചു നിര്‍ത്തുകയും ചെണ്ടയടിപ്പിക്കുകയും പിന്നെ തെരുവിലേക്ക് ഇറക്കി വിടുകയുമാണ്. ഈ മനുഷ്യര്‍ പോയി കേറുന്നത് സിറ്റിയിലെ ചേരികളിലാണ്. ഇതൊക്കെ തന്നെയാണ് മഹാശ്വേതാദേവിയും കാലങ്ങള്‍ക്കു മുന്നേ പറഞ്ഞത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നതു കൊണ്ടു തന്നെയാണ് അവര്‍ പറഞ്ഞത്; നമ്മുടെ സ്വാതന്ത്ര്യം കള്ളമാണ്.

( മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

This post was last modified on July 29, 2016 10:38 pm

Related Post
Leave a Comment