X

മദ്യപാനികളുടെ സ്വര്‍ഗ്ഗമായ മാഹി ടൌണില്‍ ഇനി രണ്ട് മദ്യശാലകള്‍ മാത്രം

ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള 62 മദ്യ ഷാപ്പുകളില്‍ 32 മദ്യശാലകള്‍ക്ക് താഴ് വീഴും

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഏറെ നാളായുള്ള ആവശ്യമാണ് ഇന്നലത്തെ സുപ്രിംകോടതി വിധിയോടെ നടന്നിരിക്കുന്നത്. മദ്യഷാപ്പുകള്‍ക്ക് പേരുകേട്ട മാഹിയുടെ തെരുവുകള്‍ ഇന്ന് അടഞ്ഞുകിടക്കുന്ന മദ്യശാലകളുമായി ശാന്തമായിരുന്നു.

നികുതി കുറവായതിനാല്‍ വിലക്കുറവില്‍ മദ്യം ലഭിക്കുമെന്നതും അത് സുലഭമാണെന്നതും മാഹിയ്ക്ക് പുറത്തു നിന്നുള്ളവരെ പോലും ഇവിടേക്ക് ആകര്‍ഷിച്ചിരുന്നു. പ്രത്യേകിച്ചും കേരളത്തിലെ മദ്യശാലകളിലെ അവധി ദിവസങ്ങളില്‍. മാഹിയുടെ തെരുവുകള്‍ എന്നും മദ്യപന്മാരുടെ അഴിഞ്ഞാട്ടങ്ങളുടെ വേദിയായിരുന്നു ഇക്കാലം വരെയും. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ സ്ഥിതി മാറിയിരിക്കുകയാണ്. ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി ഇന്നലെ സുപ്രിംകോടതി ആവര്‍ത്തിച്ചതോടെ രാജ്യത്തെ മദ്യപാനികളെല്ലാം പെട്ടിരിക്കുകയാണ്.

സുപ്രിംകോടതി വിധിയില്‍ പകച്ചു നില്‍ക്കുകയാണ് മുട്ടിന് മുട്ടിന് മദ്യശാലകളുള്ള മാഹിയിലെ മദ്യവിപണി. മദ്യത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന മാഹിയില്‍ വിധി വരുന്നതോടെ 32 മദ്യശാലകള്‍ ആണ് പൂട്ടുന്നത്. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 62 മദ്യശാലകളാണ് ഉള്ളത്. ഇതില്‍ പകുതിയിലേറെ ദേശിയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കാണ് പൂട്ടു വീണിരിക്കുന്നത്. പത്തൊമ്പത് മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്നലെ പൂട്ടിയിരിക്കുന്നത്. സുപ്രിംകോടതി നിര്‍ദ്ദേശിച്ച ദൂരപരിധിയില്‍പ്പെടുന്ന രണ്ട് മദ്യശാലകള്‍ മാത്രമായിരിക്കും ഇനി മുതല്‍ മാഹി ടൗണില്‍ ഉണ്ടാകുക. മാഹി റെയില്‍വേസ്റ്റേഷന്‍ റോഡിലാണ് ഇവരണ്ടും സ്ഥിതി ചെയ്യുന്നത്.

കോടതി വിധി പ്രാബല്യത്തില്‍ വന്നതോടെ മദ്യഷാപ്പുകള്‍ പാറാല്‍, പള്ളൂര്‍, ചൊക്‌ളി, പന്തക്കല്‍, കോപ്പാലം എന്നിവിടങ്ങളിലേക്ക് മാത്രമായി ചുരുങ്ങും. ഇതോടെ മദ്യപാനികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും മാഹി മോചിതമാകുമെന്നാണ് കരുതുന്നത്. മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ വീഴുന്ന മദ്യപാനികളും അക്രമവാസന പ്രകടമാക്കുന്നവരുമെല്ലാം മാഹിയിലെ തെരുവോരത്തെ പതിവ് കാഴ്ചകളായിരുന്നു. എന്നാല്‍ ഇന്ന് മാഹി പട്ടണത്തില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങള്‍ വിജനമായ കടത്തിണ്ണകളുടേതാണ്.

ദിവസേന പതിനായിരക്കണക്കിനാളുകളാണ് മാഹിയില്‍ ലഹരി തേടി എത്തിയിരുന്നത്. പ്രതിവര്‍ഷം ആയിരം ലോഡിലേറെ മദ്യം മാഹിയിലെത്തുന്നതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതില്‍ പകുതിയിലേറെയും വിറ്റഴിക്കുന്നത് മാഹി ടൗണിലാണ്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് കോടതി വിധിയെ നേരിടാനുള്ള ശ്രമം വ്യാപാരികള്‍ ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഗ്രാമീണരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പല മദ്യശാലകളും മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.

Also Read: സുപ്രീംകോടതിയുടെ ബാര്‍ വിധി: ഭൂമിയില്‍ മാഹിയെന്ന സ്ഥലം ഇല്ലാതാകുമെന്ന് എന്‍എസ് മാധവന്‍

അതേസമയം ടൗണിലെ മദ്യശാലകള്‍ അടയ്ക്കുന്നതോടെ ഉള്‍പ്രദേശത്തെ മദ്യശാലകളില്‍ തിരക്ക് വര്‍ദ്ധിക്കും. ഇതോടെ നാട്ടിന്‍പുറങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുതിയ കോടതി വിധിയില്‍ ടൗണിലെ ജനങ്ങള്‍ ആശ്വാസത്തിലാകുമ്പോള്‍ പന്തക്കല്‍, പള്ളൂര്‍, ചാലക്കര പ്രദേശങ്ങള്‍ ആശങ്കയിലാണ്.

റവന്യു വരുമാനം കുറയുമെന്നതിനാല്‍ മദ്യശാലകളുടെ ദൂരപരിധി പുതുശേരി സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നില്ല. അതിനാല്‍ തന്നെ മാഹിയില്‍ വിദ്യാലയത്തിന്റെയും ആരാധനാലയത്തിന്റെയും സമീപത്താണ് മിക്ക മദ്യഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. മദ്യശാലകളുടെ ദൂരപരിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാഹി മദ്യനിരോധന സമിതി നേരത്തെ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 29, 2018 11:47 am