X

ടി പി മാധവൻ: സിനിമയല്ല, നാടകീയതയില്ല, ഇതാണ് ജീവിതം

വി ഉണ്ണികൃഷ്ണൻ  

പത്തനാപുരം ഗാന്ധിഭവനിലെ ഗേറ്റില്‍ നിന്നും അകത്തേക്ക് കയറിയപ്പോള്‍ ആദ്യം കണ്ടത് ഓഫീസിനു മുകളിലുള്ള റൂമിലേക്ക്‌ പച്ച ടീഷര്‍ട്ടും വെള്ള ട്രൌസറും ക്യാന്‍വാസ് ഷൂവും ധരിച്ച് കൈവരികളില്‍ പിടിച്ച് ബദ്ധപ്പെട്ടു പടികള്‍ കയറിക്കൊണ്ടിരുന്ന ഒരു വയോധികനെയാണ്. അദ്ദേഹത്തെ നോക്കി സെക്യൂരിറ്റിയുടെ അടുത്തു നിന്ന സ്ത്രീകളില്‍ ഒരാള്‍ കൂടെയുണ്ടായിരുന്ന ആളുടെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. രഹസ്യമായിട്ടാണ്‌ ചോദിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും സംഗതി ഇത്തിരി ഉച്ചത്തിലായിപ്പോയി. ചുറ്റും നിന്ന മിക്കവരും ആ ചോദ്യം കേട്ട് അവരെ നോക്കുകയും ചെയ്തു. ‘ആ പോണത് നമ്മുടെ നരസിംഹത്തിലെ തിലകന്റെ ഗുമസ്തന്‍ രാമന്‍കുട്ടിയല്ലേ, എന്തായിരുന്നു അങ്ങേരുടെ പേര്. ശേ! നാവിന്റെ തുമ്പിലുണ്ട്’ എന്നായിരുന്നു ആ ചോദ്യം. നാവിന്‍തുമ്പിലെ പേര് പുറത്തേക്കു വന്നതോടെ ചര്‍ച്ച ആളിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളിലേക്കും അദ്ദേഹത്തിന്റെ സംവിധായകനായ മകനെക്കുറിച്ചുമായി. ഇവരുടെ സീരിയസ് ഡിസ്കഷന്‍ വീണ്ടും ഹൈഫ്രീക്വന്‍സിയിലേക്ക് കടന്നതോടെ മുകളിലോട്ടു കയറിയ സിനിമാതാരത്തിന്റെയും ചെവിയിലേക്കും അതെത്തി. ഇതെല്ലാം കേട്ട് തിരിഞ്ഞു നോക്കിയ അയാൾ ഒന്നു ചിരിച്ചു. ജാഡയില്ലാത്ത, അതേസമയം ഉള്ളില്‍ വേദന ഒളിപ്പിച്ചു കൊണ്ടുള്ള ഒരു ചിരി.

അദ്ദേഹത്തെ നാമെല്ലാമറിയും. 600-ല്‍ അധികം സിനിമകളില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങള്‍ അവതരിപ്പിച്ച, വേഷപ്പകര്‍ച്ചയുള്ള നടന്‍ എന്ന് സിനിമാരംഗത്തെ അതികായര്‍ പലരും വിശേഷിപ്പിച്ച ടിപി മാധവന്‍. പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ ചിരിയുണര്‍ത്തുന്നതും ചിന്തിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായ അനേകം കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്‍.

ഗാന്ധിഭവനിലെ വിഐപി റൂമില്‍ ഫെബ്രുവരി മാസം അവസാനത്തോടെ എത്തിയ അദ്ദേഹം ഇന്ന് അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. സ്ക്രീനിലെ അഭിനയത്തോട് സമാനമായ ഒരു ജീവിതമാണ്‌ ഇന്ന് അദ്ദേഹത്തിന്റെത്. തമാശകള്‍ പറഞ്ഞു മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുമെങ്കിലും ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടം എന്ന് എല്ലാവരെയും ബോധിപ്പിക്കാന്‍ വെളിയില്‍ അഭിനയിക്കുകയും അതേസമയം മക്കളില്‍ നിന്നും സ്നേഹം കൊതിക്കുകയും ചെയ്യുന്ന ഒരച്ഛന്റെ ജീവിതം. ഒരു മണിക്കൂര്‍ ഒരുമിച്ചിരുന്നാല്‍ തെളിഞ്ഞ ഒരരുവിയുടെ അടിത്തട്ടു കാണുന്നതു പോലെ അദ്ദേഹത്തിന്റെ മനസ്സു കാണാന്‍ കഴിയും. ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു സിനിമാക്കഥ പോലെയാണ് അദ്ദേഹത്തിന്റെ ജീവിതം.

സംഭവബഹുലമായ ആ കഥ കേള്‍ക്കാനായി ഗാന്ധിഭവനിലെ റൂമിന്റെ വാതിലിലെത്തിയപ്പോള്‍ നേരത്തെ കണ്ട ചിരിയുണ്ടായിരുന്നില്ല. മകനും താനും തമ്മില്‍ എന്താണ് പ്രശ്നം എന്നറിയാന്‍ വിളിച്ച ആരോടോ ഉള്ള അല്‍പ്പം അരിശം മുഖത്തു നിന്നും വായിച്ചെടുക്കാം. ഇത് മനസ്സിലാവാന്‍ കാരണം ഗാന്ധി ഭവന്റെ പ്രധാനമന്ത്രിയെന്ന് അദ്ദേഹം കളിയാക്കി വിളിക്കുന്ന സാബു ചേട്ടനോട് ഈ വിഷയം പറയുന്നത് കേട്ടു കൊണ്ടാണ് പകുതി തുറന്നിട്ടിരുന്ന വാതിലിലൂടെ അകത്തേക്ക് തലയിട്ടത്. വിഷയം കേട്ടതുകൊണ്ട് അകത്തേക്ക് കയറാന്‍ മടിച്ചു നിന്ന എന്നോട് ഉദയനാണ് താരത്തിലെ ഭാസ്ക്കരേട്ടനെപ്പോലെ തെളിഞ്ഞ ചിരിയോടെ അകത്തേക്ക് കയറാന്‍ പറഞ്ഞ അദ്ദേഹം ഒരു ഷേക്ക്‌ഹാന്‍ഡ് തന്ന ശേഷം വെള്ളയില്‍ പച്ച വരകളുള്ള ടൌവ്വല്‍ വിരിച്ച കസേരയിലേക്ക് ചാരിയിരുന്നു. വിവാദങ്ങള്‍ ഒന്നും പ്രതീക്ഷിച്ചല്ല ഈ കൂടിക്കാഴ്ച എന്ന് ആദ്യമേ പറഞ്ഞിരുന്നു. അക്കാരണത്തെച്ചൊല്ലി അനേകം തവണ പലരോടും മുഷിഞ്ഞതുകൊണ്ട് തന്നെ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോള്‍ തന്നെ അദ്ദേഹം അക്കാര്യം ഇങ്ങോട്ട് ചോദിച്ചിരുന്നു. നേരത്തെ വിളിച്ച കക്ഷിയോടുള്ള മുഷിപ്പ് മാഞ്ഞ് ഇപ്പോള്‍ മുഖം പ്രസന്നമായിരുന്നു.

നിങ്ങള്‍ സംസാരിക്കൂ എന്നു പറഞ്ഞ് സാബു ചേട്ടനും ഇറങ്ങി. ടീപ്പോയിയുടെ മുകളില്‍ ഇപ്പോള്‍ താഴെ വീഴും എന്നു കരുതിയിരുന്ന മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റി വച്ചതിനു ശേഷം ടിപി മാധവന്‍ തന്റെ ജീവിതകഥയുടെ കെട്ടഴിച്ചു.

 

അഭിനയം എന്ന ബാധകൂടിയ കുട്ടി
കേരളാ യൂണിവേഴ്സിറ്റി ഡീന്‍ ആയിരുന്ന എന്‍പി പിള്ളയുടെയും സരസ്വതിയുടെയും മകനായി ശ്രീപദ്മനാഭന്റെ മണ്ണിലാണ് ഞാന്‍ ജനിക്കുന്നത്. ഡിഗ്രി വരെ തിരുവനന്തപുരം. പിന്നെ ആഗ്ര.

ചെറുപ്പത്തിലേ തന്നെ എന്റെ ഉള്ളില്‍ കയറിയതാണ് അഭിനയത്തോടും നാടകത്തോടും ഉള്ള ഇഷ്ടം. സ്കൂളില്‍ വച്ചു തന്നെ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന സമയം ബെസ്റ്റ് ആക്റ്റര്‍ ആയിട്ടുണ്ട്. അന്ന് പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍ എന്ന നാടകത്തില്‍ പെണ്‍വേഷമായിരുന്നു എനിക്ക്- ചിരിയോടെ അദ്ദേഹം ഓര്‍മ്മകളിലേക്ക് യാത്ര തുടങ്ങി.

നാടകം പഠിക്കണം , അഭിനയിക്കണം എന്നൊക്കെയുള്ള ആഗ്രഹം അച്ഛനോട് പറഞ്ഞിരുന്നു ഞാന്‍. സന്ദര്‍ഭം ഇത്തിരി പിശകായിരുന്നു എന്നു മാത്രം. പത്താം ക്ലാസില്‍ മൂന്നാം തവണയും ‘വിജയകരമായി’ പരാജയത്തിന്റെ രുചിയറിഞ്ഞപ്പോഴായിരുന്നു അത്. പക്ഷേ ആ ഉദ്യമം പരാജയപ്പെട്ടു. പഠനം കഴിയട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.

പിന്നെ യൂണിവേഴ്സിറ്റി കോളേജിലെ ബിരുദപഠനകാലം. സോഷ്യോളജിയായിരുന്നു എടുത്തിരുന്നത്. അന്ന് നാടകത്തിലൊക്കെ അഭിനയിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഒക്കെ ശ്രദ്ധിക്കണം എന്ന ഗൂഡലക്ഷ്യവും പിന്നിലുണ്ടായിരുന്നു. മാവേലിക്കരയില്‍ നിന്നും വരുന്ന ആനന്ദവല്ലി എന്ന ഒരു കുട്ടിയോട് എനിക്ക് ഇഷ്ടമുണ്ടെന്ന് കൂടെയുള്ള ദുഷ്ടന്മാരായ (ചിരിയോടെ) കൂട്ടുകാര്‍ പറഞ്ഞു പരത്തിയിരുന്നു. ഒരു തവണ ആനന്ദവല്ലിയും കൂട്ടുകാരും വഴുതക്കാടുള്ള ലേഡീസ് ഹോസ്റ്റലില്‍ നിന്നും വരുമ്പോഴാണ് ഞാന്‍ സ്റ്റേജില്‍ നില്‍ക്കുന്നത്. ഇതു കണ്ടു കൊണ്ട് സ്റ്റേജില്‍ നിന്നിരുന്ന അയ്യപ്പന്‍ പിള്ള എന്ന കൂട്ടുകാരന്‍ ഒരു ഡയലോഗ് പറഞ്ഞു. ‘മാവേലിക്കരയിലെ മണ്ണ് ഭയങ്കര ചൂടുള്ള മണ്ണാണ്’; മീശയൊക്കെ പിരിച്ച് ഉള്ള പൌരുഷം ഒക്കെ മുഖത്തേക്ക് കൊണ്ടുവന്നാണ് ഡയലോഗ്.

അന്നത്തെ അതേ മീശപിരിക്കലും ഭാവവും അനുകരിക്കുമ്പോള്‍ കഥാനായകന്‍ വീണ്ടും ആ കാലത്തേക്ക് ആരുമറിയാതെ ഒന്നു പോയിവരും. കുറച്ചുനേരം പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുന്നത് പോലെ നിശബ്ദനാവും, ഒന്നു ചിരിക്കും. വീണ്ടും ഭൂതത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക്. 

അന്ന് സ്ഥിരമായി പാടുന്ന ഒരു പാട്ടുണ്ടായിരുന്നു.

ആനന്ദവല്ലീ നീ തന്നെയല്ലേ
പ്രേമമെന്തെന്നെന്നോടു ചൊല്ലീ… ഓര്‍മ്മയില്‍ നിന്നും ആ പാട്ടിലെ രണ്ടു വരികള്‍ അദ്ദേഹം പൊടി തട്ടിയെടുത്തു. 

ഇതിങ്ങനെ അവരെ കാണുമ്പോ കാണുമ്പോ പാടും. പാട്ടെല്ലാം വേസ്റ്റ് ആയി എന്ന് പിന്നെയാണ് മനസ്സിലായത്. അവര്‍ക്കു വേറെ പ്രണയം ഉണ്ടായിരുന്നു. കെട്ടുകയും ചെയ്തു. 

ആഗ്ര-കല്‍ക്കത്ത വഴി മധുവിലേക്ക്‌
തിരുവനന്തപുരത്തെ പഠനശേഷം ആഗ്ര യൂണിവേഴ്സിറ്റിയില്‍ എംഎ ചെയ്തു. ശേഷമാണ് ഫ്രീ പ്രസ്സ് ജേര്‍ണലില്‍ ജോലി ശരിയാവുന്നത്, കൊല്‍ക്കത്തയില്‍. പതിയെ റസ്സി കരഞ്ചിയയുടെ ബ്ലിറ്റ്സിലെയും ഫ്രീ പ്രസ്സ് ജേര്‍ണലിലെയും കേരള കൌമുദിയുടെയും ബ്യൂറോ ചീഫ് ആയി മാറുകയും ചെയ്തു. ഓരോയിടത്തു നിന്നും 300 ചിലപ്പോ 400 രൂപ . അത്രയേ ഉള്ളൂ അന്നത്തെ വരുമാനം. എല്ലാം കൂടെ കൂട്ടിയാലും ഒരുമാസം കഴിഞ്ഞു പോകാന്‍ ചിലപ്പോ പ്രയാസമായിരിക്കും. പക്ഷേ അന്ന് സൗഹൃദങ്ങള്‍ ഏറെയുണ്ടായി. മലയാളികളും ബംഗാളികളും എന്നു വേണ്ട ഒരു വലിയ കൂട്ടം. അത്യാവശം നാടകങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിങ്ങനെ എല്ലാത്തിലും കൈവയ്ക്കും. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന നിലയിലായിരുന്നു അവിടെ. അവിടത്തെ വലിയ കമ്പനികളുടെ മുതലാളിമാരും മാനേജര്‍മാരുമൊക്കെ സൗഹൃദവലയത്തിലേക്ക് നമ്മളെയും കൂട്ടി.


അന്നത്തെ പരിതാപകരമായ സാമ്പത്തികാവസ്ഥയുടെ തെളിവെന്നപോലെയായിരുന്നു ശരീരം, ആകെ മെലിഞ്ഞുണങ്ങി അസ്ഥികൂടം പോലെ. നന്നാവാന്‍ വേണ്ടി അന്നു കഴിക്കുന്ന മരുന്നായിരുന്നു ബിയര്‍. കൈയ്യില്‍ കാശുള്ളപ്പോള്‍ ഇടയ്ക്ക് ഓരോന്ന് വിടും. ഇന്ന സമയമെന്നൊന്നുമില്ല. ഒരു ദിവസം ഉച്ചയ്ക്ക് അടുത്തുള്ള ബാറില്‍ ഇരുന്ന് ഒരെണ്ണം തട്ടുന്ന സമയത്താണ് മുണ്ടും ഷര്‍ട്ടുമൊക്കെ ഇട്ട് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ബാറിനകത്തേക്ക് കടന്നു വരുന്നത്. മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലമാണ് എന്ന്‍ ആരില്‍ നിന്നോ അറിഞ്ഞുള്ള വരവാണ് എന്ന് പിന്നീട് മനസ്സിലായി. കക്ഷിയെ കണ്ടപ്പോഴേക്കും അവിടെയുണ്ടായിരുന്ന സീനിയേഴ്സ് ഒക്കെ കൂടി. അവരൊക്കെക്കൂടി ഒരൊറ്റ വിളിയാണ്..

മാധവാ…

ഞാന്‍ ചെന്ന് നോക്കിയപ്പോ സാക്ഷാല്‍ മധു സാര്‍. അദ്ദേഹം തന്നെ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്യുന്ന പ്രിയ എന്ന സിനിമയ്ക്ക് നായികയെ കണ്ടെത്താനുള്ള യാത്രയുടെ ഭാഗമായിരുന്നു അത്. അവിടെ നാടകവുമൊക്കെയായി അല്‍പ്പം കണക്ഷന്‍ നമുക്ക് ഉണ്ടായിരുന്നത് കൊണ്ട് സീനിയര്‍ ടീമിനറിയാമായിരുന്നു ആരെ പിടിച്ചാല്‍ കാര്യം നടക്കുമെന്ന്. അന്നാണ് ഞാന്‍ മധു സാറിനെ ആദ്യമായി നേരിട്ടു കാണുന്നത്. 

മധു സാര്‍ എന്റെ തോളില്‍ കൈയ്യൊക്കെ ഇട്ടു സംസാരിക്കാന്‍ തുടങ്ങി.

എന്റെ കാര്യങ്ങള്‍ ഒക്കെ അന്വേഷിച്ചു.

‘എന്റെ മാധവാ, സിനിമയ്ക്ക് നായികയെ തപ്പി ഇറങ്ങിയതാണ് ഞാന്‍. ഇവിടെ അടുത്തൊരു സുഹൃത്തിന്റെ വീട്ടിലാ താമസം. അയാളൊരു സഹായിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദൈവം സഹായിച്ച് അയാള്‍ക്ക് ബംഗാളിയും എനിക്ക് മലയാളവും മാത്രമേ അറിയൂ’

പിന്നീട് എന്റെ കൂടെയാണ് മധുസാര്‍ കുറച്ചു നാള്‍ താമസിച്ചത്. നായികയെയും  കണ്ടെത്തി. ലില്ലി ചക്രവര്‍ത്തി എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു നായിക. അപ്പോഴും എന്റെ സിനിമാ മോഹങ്ങളെക്കുറിച്ച് ഞാന്‍ മധു സാറിനോട് മിണ്ടിയില്ല. ഷൂട്ടിംഗ് തുടങ്ങിയപ്പോഴും പിന്നീട് തിരുവനന്തപുരത്ത് ചെല്ലാനായി റിലീസിംഗ് ഡേറ്റിനും വിളിച്ചിരുന്നു. അന്നും പോയില്ല. സിനിമയിലേക്ക് എന്നെങ്കിലും ഒരു വഴി തുറക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.

അഡ്വര്‍ട്ടൈസിംഗ് മേഖലയിലേക്കു തിരിയുന്നത് അപ്പോഴാണ്‌. പത്രപ്രവര്‍ത്തനം കൊണ്ട് ചെലവുകള്‍ പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ വന്നു. സ്പേസ് സെല്ലിംഗ് ആണല്ലോ അന്നത്തെ അഡ്വര്‍ട്ടൈസിംഗ്. എനിക്കിതിന്റെ കുണ്ടാമണ്ടികള്‍ ഒന്നും അറിയില്ലായിരുന്നു. വലിയ കമ്പനികളില്‍ കയറണം എങ്കില്‍ എക്സ്പീരിയന്‍സ് വേണം. ചെറിയ ഒരെണ്ണം തപ്പിപ്പിടിച്ചു. ശാന്തി ലാല്‍ ജി ഷാ എന്നയാളുടെതാണ് കമ്പനി. അവിടെക്കയറി ഒരു വര്‍ഷം കൊണ്ട് ബ്ലോക്ക് മേക്കിംഗ് അടക്കം പഠിച്ചു. കുറേ നാള്‍ അവിടെത്തന്നെയായിരുന്നു.

ഭക്ഷണമൊക്കെ അതിനടുത്തുള്ള ലക്ഷ്മീ വിലാസം എന്ന വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ്. ഗേള്‍ഫ്രണ്ട്സ് ഒന്നും ഇല്ലാത്തതു കൊണ്ട് വൈകുന്നേരം ഒരു മസാലദോശ വാങ്ങി കുറ സമയമെടുത്ത് കഴിക്കും. അന്ന് എല്ലാ ദിവസവും അവിടത്തെ റേഡിയോവില്‍ ഉഷാ അയ്യരുടെ പാട്ടുണ്ടാവും. ആ ഉഷാ അയ്യരാണ് ഇന്നത്തെ ഉഷാ ഉതുപ്പ്. അതും കേട്ട് 7 മണി വരെ അവിടെയിരിക്കും. കഴിഞ്ഞാല്‍ പതുക്കെ റൂമിലേക്ക്‌.

വിവാഹം-സിനിമ  
ഈ പൊല്ലാപ്പുകളുടെ ഇടയിലാണ് ആര്‍മിയിലേക്കുള്ള സെലക്ഷന്‍ കിട്ടിയത്. ആദ്യ റൌണ്ട് സെലക്ഷന്‍ പ്രോസ്സസ് കഴിഞ്ഞ് ഏകദേശം ജോലി കിട്ടും എന്നുള്ള പ്രതീക്ഷയില്‍ ഇരിക്കുമ്പോഴാണ് ഒരു ആക്സിഡന്റ് സംഭവിക്കുന്നത്‌. കൈ ഒടിഞ്ഞു; പ്ലാസ്റ്ററും ഇട്ടു. പട്ടാളത്തിലെ ജോലി സ്വാഹ. കെട്ടും കെട്ടി നാട്ടിലേക്ക് വീണ്ടും. ആ സമയമാണ് എടുപിടീന്ന് എന്റെ വിവാഹം നടക്കുന്നത്. 

അമ്മാവനും അച്ഛനും കൂടി ഉറപ്പിച്ച വിവാഹമായിരുന്നു. വലിയൊരു തമാശ എന്റെ ഭാര്യയെ ഞാനാദ്യം കാണുന്നത് വിവാഹദിനത്തിലാണ്. തൃശൂര്‍ വച്ചായിരുന്നു വിവാഹം. അന്ന് തൃശൂരില്‍ അവര്‍ക്ക് കൊച്ചിന്‍ മാനുഫാക്ചേഴ്സ് എന്ന പേരില്‍ ഒരു കമ്പനിയുണ്ടായിരുന്നു. 400ല്‍ അധികം ജീവനക്കാര്‍ ഉണ്ടായിരുന്ന അവിടത്തെ യൂണിയന്‍ ലീഡര്‍മാര്‍ കരുണാകരനും സി അച്യുതമേനോനും ഒക്കെയായിരുന്നു. വിവാഹശേഷം കമ്പനിയില്‍ പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമ്പോള്‍ അവരെക്കാണാന്‍ ഞാനും പോവാറുണ്ടായിരുന്നു. ഏകദേശം അഞ്ചു വര്‍ഷത്തോളം ഞാനും ഭാര്യയും ഒരുമിച്ചുണ്ടായിരുന്നു. രണ്ടു കുട്ടികളും. മൂത്തത് മകള്‍ ദേവിക, രണ്ടാമത്തേത് മകന്‍ രാജാകൃഷ്ണ മേനോന്‍. അവള്‍ക്ക് കമ്പനിയുടെ ആവശ്യത്തിനായി ബെംഗളുരുവിലേക്ക് മാറേണ്ടി വന്നു. ആ സമയത്ത് ഞാന്‍ വീണ്ടും കല്‍ക്കത്തയിലായിരുന്നു.

കഥ രസം പിടിച്ചു വരുന്നതിനിടയിലാണ് ചാരിയിട്ട കതകില്‍ മുട്ടു കേള്‍ക്കുന്നത്. വൈകിട്ടത്തെ ചായയും കൊണ്ട് ലക്ഷ്മി എന്ന ഗാന്ധിഭവന്‍ സന്നദ്ധപ്രവര്‍ത്തകയെത്തി. കാലങ്ങള്‍ക്കു മുന്‍പ് വീടുകളിലും ചായക്കടകളിലും കണ്ടിരുന്ന ഡിസൈന്‍ ഉള്ള ഗ്ലാസ്. അദ്ദേഹത്തിനു കിട്ടിയ ഗ്ലാസില്‍ ഒരു കുതിരയുടെ ചിത്രമായിരുന്നു. കുതിക്കാനൊരുങ്ങുന്ന കുതിരയുടെത്. ഒരു നിമിഷം അതിലേക്ക് നോക്കിയിരുന്നു; കുറേ നേരത്തേക്ക് നിശബ്ദത മാത്രം: ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

‘കുതിരയൊക്കെ തന്നെ, പക്ഷേ ഇപ്പോള്‍ ഓടാന്‍ ആവതില്ല. തളയ്ക്കപ്പെട്ട കുതിര’ കൂടെ ഒരു ചിരിയും, നേരത്തേ കണ്ട വിഷാദലാഞ്ചനയുള്ള ഒരു ചിരി.

വീണ്ടും ഭൂതകാലത്തിലേക്ക്...

അവള്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് ഞാനും ബെംഗലൂരുവിലേക്കെത്തി. ഞാന്‍ അവിടെ ഒരു അഡ്വര്‍ട്ടൈസിംഗ് കമ്പനി തുടങ്ങി. ഇംപാക്റ്റ് എന്നായിരുന്നു അതിന്‍റെ പേര്. ഞാനും ഒരു ആര്‍ട്ടിസ്റ്റും മാത്രം.

എന്റെ കമ്പനി പ്രവര്‍ത്തിക്കുന്ന കാലത്ത് കര്‍ണ്ണാടക സര്‍ക്കാര്‍ ഒരു പുതിയ നിയമം കൊണ്ടുവന്നു, സിനിമാ ലോകത്തെ ഏറെ സഹായിച്ച ഒന്ന്. കന്നഡയില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ടു ലക്ഷവും മറ്റുള്ളവയ്ക്ക് ഒരു ലക്ഷവും. അതു കൂടാതെ മദ്രാസില്‍ നിന്നും ചില്ലറ സാമ്പത്തിക സഹായങ്ങള്‍, അതു തന്നെ ഒരു ലക്ഷത്തിനടുത്ത് വരും. അന്ന് ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് പടം പിടിക്കാന്‍ ആകെ മൂന്നുലക്ഷം രൂപ മതിയായിരുന്നു. സബ്സിഡി കഴിഞ്ഞ് ഒരു ലക്ഷം രൂപ കൈയ്യില്‍ ഉണ്ടെങ്കില്‍ സുഖമായി ഒരു പടമെടുക്കാം.

ആ സഹായം ഉള്ളപ്പോഴാണ് മധുസാര്‍ ബെംഗലൂരുവിലെത്തുന്നത്. ഒരു സിനിമയെടുക്കാനാണ് പുള്ളിക്കാരന്‍ അവിടെയെത്തുന്നത്. അതു പിന്നീട് രണ്ടെണ്ണം എന്നായി. കാമം ക്രോധം മോഹം, അക്കല്‍ദാമ എന്നിങ്ങനെ രണ്ടെണ്ണം. അപ്പോഴേക്കും എന്റെ കമ്പനിയുടെ കാര്യം ഒരു തീരുമാനമായിരുന്നു.

എനിക്കന്ന് സ്വന്തമായി കാറുണ്ട്. ആഗ്രഹിച്ചു വാങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഹെറാള്‍ഡ്. ഞങ്ങള്‍ രണ്ടും കൂടി അതിലാണ് കറക്കം. ലൊക്കേഷന്‍ നോക്കിയും സൈറ്റുകളിലേക്കും ഒക്കെ അതില്‍ വച്ചുപിടിക്കും. രണ്ടു പെണ്‍കുട്ടി എന്ന സിനിമയുടെ സംവിധായകന്‍ മോഹന്‍ അന്ന് സാറിന്റെ അസിസ്റ്റന്റ്റ് ആണ്. മോഹന്‍ എന്റെ രണ്ടു മൂന്നു പടമെടുത്തു. ഫോട്ടോജനിക് ആണോ എന്നൊക്കെ ടെസ്റ്റ്‌ ചെയ്യാന്‍. ഒരു റോളുണ്ട് നോക്കട്ടെ എന്നൊക്കെ പറഞ്ഞു. അതൊക്കെ കഴിഞ്ഞു ദിവസം കുറേ ആയപ്പോള്‍ മോഹന്‍ പറഞ്ഞു. അതിന് വേറെ ഒരാളുണ്ട്.  മലയാള മനോരമയിലെ പിബി എബ്രഹാം എന്ന ഒരാള്‍ക്ക്‌  വച്ചിട്ടുള്ള റോള്‍ ആണ് അയാള്‍ വന്നില്ലെങ്കില്‍ തരാം എന്ന് പറഞ്ഞു. കൂടുതല്‍ ആവശ്യപ്പെടാനും പോയില്ല. പക്ഷേ മധു സാറിന്റെ ആവശ്യപ്രകാരം ഒരു ചെറിയ വേഷം അതില്‍ ചെയ്തു. 

സിനിമയുമായി വേറൊരു രീതിയിലും എനിക്ക് ബന്ധമുണ്ടായിരുന്നു. അമ്മാവന്‍ വഴിയുള്ള ബന്ധം. ടി എന്‍ ഗോപിനാഥന്‍ നായര്‍ എന്റെ അമ്മാവനാണ്. എല്ലാവര്‍ഷവും ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടി നാടകം ചെയ്യുന്നത് അദ്ദേഹമാണ്. വീട്ടില്‍ അന്നത്തെ സിനിമാനടന്മാര്‍ എല്ലാരുമുണ്ടാവും. നസീര്‍സാറും ഭാസിച്ചേട്ടനും മധുസാറും ഒക്കെ അവിടെയെത്തും. മധു സാറിനെ നേരിട്ട് അറിയാമല്ലോ. ബാക്കിയുള്ളവരോടൊക്കെ അമ്മാവന്‍ എന്നെ പരിചയപ്പെടുത്തും.

വീണ്ടും മധുസാറിലേക്ക് തന്നെ വരാം. സിനിമയുമായുള്ള ബന്ധം പറഞ്ഞു കാടു കയറേണ്ടി വരും.

ഒരു ചിരിയോടെ അദ്ദേഹം വീണ്ടും  ബെംഗലൂരു ഓര്‍മ്മകളിലേക്ക്.

കൊട്ടാരക്കര ശ്രീധരന്‍ നായരെ കാണുന്നത് മധു സാറും ഒത്തുള്ള ആ ഷൂട്ടിംഗ് യാത്രകള്‍ക്കിടയിലാണ്. അസാരം മദ്യസേവയുണ്ടായിരുന്നു കക്ഷിക്ക്. ‘അടി’ കുറച്ചോളാം  എന്ന് ഒരിക്കല്‍ മധുസാര്‍ കൊട്ടാരക്കരയോട് എഴുതി വാങ്ങിയിട്ടു പോലുമുണ്ടായിരുന്നു.

ഞാന്‍ ആദ്യമായി കക്ഷിയെ നേരിട്ട് കാണുന്നത് ഒരു വികാരിയുടെ വേഷത്തിലാണ്. പോയി കാല്‍ തൊട്ട് നമസ്കരിച്ചു. പിറ്റേ ദിവസം വേറൊരു സിനിമയുടെ ഷൂട്ടിംഗ്, ഒരു മനുഷ്യന്‍ കോട്ടും സൂട്ടുമൊക്കെ ധരിച്ച് സെറ്റിലുണ്ട്. അടുത്തു നിന്ന ആരോടോ ഞാന്‍ ചോദിച്ചു, ഇതാരാ കക്ഷിയെന്ന്. അയാളാണ് പറഞ്ഞത് അത് കൊട്ടാരക്കരയാണെന്ന്. ആളെക്കണ്ട് മനസ്സിലായതു പോലുമില്ല. അത്രയ്ക്ക് മാറ്റം. ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊന്നിലേക്കുള്ള പരകായപ്രവേശം, അതും തികച്ചും അനായാസമായി. പോയി കാലില്‍ വീണു.

എന്തായാലും മധു സര്‍ കക്ഷിയെ കുടിക്കാന്‍ സമ്മതിക്കാതെ രണ്ടു സിനിമയും തീര്‍ത്തു. അന്ന് രാത്രി ഞാനും ശ്രീവിദ്യയും കൊട്ടാരക്കരയും കൂടി ഒരു കാറിലായിരുന്നു പോയത്. കക്ഷിയെ ഹോട്ടലില്‍ കൊണ്ടു ചെന്നാക്കി. ഒരു തുള്ളി മദ്യം പോലും കൊടുക്കരുത് എന്ന് ശട്ടം കെട്ടുകയും ചെയ്തു. എന്നിട്ട് ഞങ്ങള്‍ താമസസ്ഥലത്തേക്ക് പോവുകയും ചെയ്തു. രാത്രിയില്‍ ഹോട്ടലില്‍ നിന്ന് വിളി വന്നു. സാര്‍ മദ്യപിച്ച് ഹോട്ടലില്‍ ആകെ പ്രശ്നം. എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോഴല്ലെ സംഗതി മനസ്സിലായത്. സിനിമാതാരത്തിന്റെ ഇന്‍ഫ്ലുവന്‍സ് ഉപയോഗിച്ചു. ആരാധകര്‍ ആര്‍ക്കെങ്കിലും കാണണമെങ്കില്‍ കുപ്പിയും കൊണ്ടു വരണം എന്നായിരുന്നു നിബന്ധന. ഞങ്ങള്‍ ചെന്നപ്പോള്‍ റൂമില്‍ നാലഞ്ച് കുപ്പിയുമായി ഇരിക്കുകയാണ് കക്ഷി. അങ്ങനെ രസകരമായ ഒരുപാട് അനുഭവങ്ങള്‍.

അതിന്‍റെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞപ്പോഴാണ് പൂര്‍ണ്ണമായും സിനിമയിലേക്ക് തിരിയാം എന്ന് തീരുമാനം എടുക്കുന്നത്. ഒരു ഏപ്രില്‍ ഒന്നിന് വണ്ടിയെടുത്ത് സാധനങ്ങളും കയറ്റി ഒറ്റ വിടലാണ്. നേരെ മദ്രാസ്, ആദ്യം സുഹൃത്തിന്റെ വീട്ടില്‍. പിന്നെ സ്വാമീസ് ലോഡ്ജില്‍. നാല്‍പ്പതാം വയസ്സിലെ സിനിമാമോഹം എന്നെ മദ്രാസിലെത്തിച്ചു. അതിനിടയില്‍ വിവാഹമോചനവും. അവര്‍ക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലായിരുന്നു. തന്റെ ഭര്‍ത്താവ് മറ്റു സ്ത്രീകളോട് ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നത് ഏതു ഭാര്യയ്ക്കാണ് ഇഷ്ടമാവുക. ഇടയ്ക്ക് വീട്ടില്‍ വന്നപ്പോഴാണ് വക്കീല്‍ നോട്ടീസ് കിടക്കുന്നതു കണ്ടത്.  അവിടെയായി പിന്നത്തെ സിനിമാ ജീവിതം. രാഗം കഴിഞ്ഞതോടെ അടിക്കടി വേഷങ്ങള്‍ കിട്ടാന്‍ തുടങ്ങി. 400-500 എന്നിങ്ങനെ പോകും വരുമാനം. ഇടയ്ക്ക് പട്ടിണിയും പരിവട്ടവും പണിതരാന്‍ തുടങ്ങിയപ്പോള്‍ എന്റെ കാര്‍ വിറ്റു. പിന്നെ വന്ന വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ മൂന്നു തലമുറയിലുമുള്ള നടന്മാരോടും നടിമാരോടുമൊപ്പം 600-ല്‍ ഏറെ വേഷങ്ങള്‍. കമലഹാസനോടൊപ്പം അലാവുദീനും അത്ഭുത വിളക്കും; അങ്ങനെ ഒരുപാടു വേഷങ്ങള്‍. തമിഴിലും ചെറുതെങ്കിലും ചില നല്ല വേഷങ്ങള്‍ ചെയ്തു. തെങ്കാശിപ്പട്ടണം കണ്ടാണ്‌ ജയം രവിയുടെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലേക്ക് വിളിവരുന്നത്. ഇടയ്ക്ക് കുറച്ചു സീരിയലുകളും. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ കഥാപാത്രങ്ങളുടെ പേരുകളില്‍ അറിയപ്പെടുക ഒരു വലിയ കാര്യം തന്നെയാണ്. ആ ഭാഗ്യം ഇപ്പോഴും കിട്ടാറുണ്ട്.

തിരുവനന്തപുരത്തു നിന്നും ഡല്‍ഹിക്കു പോവാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ ഒരു പയ്യന്‍ അടുത്ത സീറ്റില്‍ വന്നിരുന്നു. ഇടയ്ക്ക് മൊബൈല്‍ എടുത്തു സെര്‍ച്ച്‌ ചെയ്യുന്നത് കണ്ടു. (മൊബൈല്‍ എടുത്ത് ആ സീന്‍ അനുകരിച്ചുകൊണ്ട്) നരസിംഹത്തില്‍ രാമന്‍ കുട്ടി എന്ന കഥാപാത്രം അഭിനയിച്ച നടന്‍റെ പേര് എന്താണ് എന്നാണ് പയ്യന്‍സ് സേര്‍ച്ച്‌ ചെയ്തത്. പേരു കിട്ടിയപ്പോഴാണ് കക്ഷിയുടെ മുഖത്ത് ഒരു ചിരി വന്നത്. ഞാനും ഇതൊക്കെ ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.

ധീരസമീരേ യമുനാ തീരേ മുതല്‍ മാല്‍ഗുഡി ഡെയ്സിലെ പ്രിന്‍സിപ്പലിന്റെ കഥാപാത്രം വരെ എന്നിലെ നടനെ സന്തോഷിപ്പിക്കുന്നതാണ്. ചെറുതെന്നോ വലുതെന്നോ അല്ല നമ്മളെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമാണ് ഒരു വേഷം. ബ്ലാക്ക് ആന്‍ഡ്‌ വൈറ്റില്‍ നിന്നും കളറിലേക്കും ഫിലിം ക്യാമറയില്‍ നിന്നും ഹാര്‍ഡ് ഡിസ്ക് ക്യാമറ വരെ, മലയാള സിനിമയുടെയും സാങ്കേതികവിദ്യയുടെയും പരിണാമം കാണാന്‍ കഴിഞ്ഞു.

അമ്മയെ വളര്‍ത്തിയ മകന്‍
അതൊരു വലിയ കോമഡി തന്നെയാണ്. സെക്രട്ടറിയാവുമെന്ന് ഞാന്‍ അറിയുന്നത് അനൌണ്‍സ് ചെയ്തപ്പോ മാത്രമാണ്. ഇടയ്ക്ക് സിനിമയില്ലാതെ കൊച്ചിയില്‍ നില്‍ക്കുന്ന സമയം. എന്തുചെയ്യണമെന്ന് അറിയില്ല,എന്തായാലും ഫ്ലാറ്റില്‍ നിന്നും ഇറങ്ങി. തിരുവനന്തപുരത്തു പോണോ അതൊ ബോംബൈക്കോ അതോ കല്‍ക്കത്തയ്ക്കോ എന്ന് ആലോചിച്ചു നടക്കുമ്പോഴാണ് സുരേഷ് കുമാർ കാറില്‍ വരുന്നത്. എന്നെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് പോവുകയാണ് ചേട്ടന്‍ എങ്ങോട്ടാ എന്ന് ചോദിച്ചു. ഞാന്‍ തീരുമാനിച്ചിട്ടില്ല എന്നു പറഞ്ഞു. അവര്‍ എന്നെയും കൂട്ടി കാറില്‍ തിരുവനന്തപുരത്തേക്ക് വിട്ടു. പോകുന്നവഴിയില്‍ സുരേഷ് മോഹന്‍ലാല്‍ സിനിമയ്ക്ക് ഡേറ്റ് കിട്ടാത്തതിന്റെ വിഷമത്തില്‍ എന്തൊക്കെയോ പറഞ്ഞു. അയാള്‍ക്ക്‌ നിന്റെ സിനിമ മാത്രം എടുത്താല്‍ മതിയോ എല്ലാ സിനിമയും ചെയ്യേണ്ടേ എന്ന് ഞാന്‍ ആശ്വസിപ്പിച്ചു. അന്ന് തിരുവനന്തപുരത്തെത്തിയിട്ട് അവര്‍ അവരുടെ വഴിക്കും ഞാന്‍ എന്റെ വഴിക്കും. പിന്നെ കുറച്ചു നാളത്തേക്ക് അനക്കമൊന്നുമില്ല. എന്നാല്‍ വണ്ടിയില്‍ നടന്ന ചര്‍ച്ച എങ്ങനെയോ ലാലിന്റെയും മമ്മൂക്കയുടെയും കാതുകളിലെത്തി. 

പെട്ടന്നൊരു ദിവസം ഒരു കോള്‍, ചേട്ടാ ഉടന്‍ തിരുവനന്തപുരത്തെത്തണം. ഞാന്‍ സ്ഥലത്തെത്തി. ട്രിവാന്‍ഡ്രം ക്ലബ്ബിലെത്തിയപ്പോള്‍ എല്ലാവരും അവിടെയുണ്ട്. രാഘവനും ടീമുകളും ഒക്കെ അവിടെയുണ്ടായിരുന്നു. മീറ്റിംഗ് തുടങ്ങിയപ്പോഴാണ് അസോസിയേഷന്‍ ഉണ്ടാക്കാനുള്ള കാര്യങ്ങള്‍ ആണ് നടക്കുന്നതെന്ന് മനസ്സിലായത്. കുറേക്കഴിഞ്ഞപ്പോള്‍ ഭാരവാഹികളെ ഓരോരുത്തരെ ആയി പ്രഖ്യാപിക്കാന്‍ തുടങ്ങി. മമ്മൂക്കയാണ് ലിസ്റ്റ് വായിക്കുന്നത്. പ്രസിഡന്റ് സോമന്‍ എന്ന് പ്രഖ്യാപിച്ചു. അപ്പോഴേക്കും ലാല്‍ ഞാന്‍ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് വന്ന് ഇരുന്നു. നോ പറയരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും മമ്മൂക്ക സെക്രട്ടറിയായി എന്റെ പേര് പ്രഖ്യാപിച്ചിരുന്നു. എന്നെ സെക്രട്ടറിയാക്കിയ പ്രഖ്യാപനം കേട്ടപ്പോഴേക്കും ട്രിവാന്‍ഡ്രം ടീം സ്ഥലം വിട്ടിരുന്നു. ഞാന്‍ ഒരു കൂട്ടത്തിലും ഇല്ലായിരുന്നല്ലോ. ആരെയും പിണക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു ഒരു ജോയിന്റ് സെക്രട്ടറി കൂടി വേണം എന്ന്. അന്ന് വേണു നാഗവള്ളി എന്റെ പെങ്ങളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സമയമാണ്. അവനെ കൂടെ കൂട്ടിയതോടെ എല്ലാര്‍ക്കും സന്തോഷമായി.

പിന്നെ കുറേക്കാലം അതേ പൊസിഷനില്‍ തുടര്‍ന്നു. അസോസിയേഷന്‍ ധനസമാഹരണത്തിനായി ഷോകള് സംഘടിപ്പിച്ചു, പഴയ സിനിമാപ്രവര്‍ത്തകര്‍ക്കു വേണ്ടി ധനസഹായം നല്‍കി, അങ്ങനെ ഏറെ പദ്ധതികള്‍ ആ കാലയളവില്‍ ആവിഷ്കരിച്ചു. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

 

ഹരിദ്വാറില്‍ വച്ച് പക്ഷാഘാതം വന്നതിനു ശേഷം സംസാരിക്കുന്നത് ഇത്തിരി പ്രയാസമാണ്. കേള്‍ക്കുന്നവര്‍ക്ക് നാക്ക് കുഴയുന്നത് പോലെയാണ് തോന്നുക. അഞ്ചു മിനിട്ടോളം എങ്ങോട്ടോ നോക്കിക്കൊണ്ട് ഒരേ ഇരിപ്പ് ഇരുന്നശേഷം മുന്‍പില്‍ ഇരുന്ന ജഗ്ഗില്‍ നിന്നും ഒരു കവിള്‍ വെള്ളം പതിയെ ഇറക്കിയ ശേഷം സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്‌. അങ്ങേത്തലയ്ക്കല്‍ ഉള്ള കക്ഷിക്ക് അറിയേണ്ടത് ടി പി മാധവന്റെ ഏകാന്തതയെക്കുറിച്ചും മകനായ രാജാകൃഷ്ണ മേനോനെക്കുറിച്ചുമാണ് എന്ന് ഇവിടെ നിന്നുള്ള സംസാരത്തില്‍ നിന്നും മനസ്സിലായി. മകനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വിവാദങ്ങളില്‍ നിന്നും  ഒഴിഞ്ഞു മാറുന്ന ഒരു അച്ഛനെ അവിടെ കാണാന്‍ കഴിയും

രാജാ കൃഷ്ണ മേനോന്‍ എന്ന പേര് അധികം മലയാളികളും കേള്‍ക്കുന്നത് അക്ഷയ്കുമാര്‍ നായകനായ എയര്‍ലിഫ്റ്റ്‌ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയതിനു ശേഷമാണ്. സംവിധായകന്‍ ഒരു മലയാളി ആണല്ലോ എന്ന ജിജ്ഞാസ അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കാരണമായി. ശേഷമാണ് ഈ സംവിധായകന്‍ ടിപി മാധവന്റെ മകന്‍ ആണെന്നുള്ള വിവരം നമ്മളറിയുന്നത്. പ്രശസ്തനായ സംവിധായന്‍, ആഡ് ഫിലിം മേക്കര്‍ എന്ന നിലയിലൊക്കെ പേരെടുത്ത മകന്‍ അച്ഛനെ തിരിഞ്ഞു നോക്കുന്നില്ല എന്ന് വാര്‍ത്തകള്‍ പരന്നു.

ഇതേക്കുറിച്ച് ഈ അച്ഛനെന്താവും പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ കുറച്ചു പേരെങ്കിലും ആശിക്കുന്നുണ്ടാവും. ടിപി മാധവന്‍ എന്നയാളുടെ ഏകാന്ത ജീവിതത്തെക്കുറിച്ചും.    

സിനിമയെ സ്നേഹിച്ച അച്ഛന്റെയും അതിനെ വെറുത്ത അമ്മയുടെയും മകന്‍
സിനിമയെ സ്നേഹിച്ചതിന് സുധ എന്നെ ഉപേക്ഷിച്ചപ്പോള്‍ മുഴുവനായും എന്നെ ഞാന്‍ സിനിമയ്ക്ക് സമര്‍പ്പിച്ചു. അവന്‍ (രാജാകൃഷ്ണ മേനോന്‍) എന്നെ വിളിക്കാറുണ്ട്. എയര്‍ലിഫ്റ്റ് അവന്റെ കുറെക്കാലത്തെ അധ്വാനത്തിന്റെ ഫലമാണ്‌. ആ കഷ്ടപ്പാട് ഫലം കണ്ടതില്‍ അവന്റെ അച്ഛന്‍ എന്ന നിലയ്ക്ക് എനിക്ക് അഭിമാനമുണ്ട്. ഞാന്‍ രണ്ടു പ്രാവശ്യം കണ്ടിരുന്നു അവന്റെ പടം

പടമിറങ്ങി രണ്ടാം ദിവസം ആണെന്നു തോന്നുന്നു. അവന്‍ എന്നെ വിളിച്ചു. ഞാനന്ന് തിരുവനന്തപുരം ഗാമ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. പദ്മനാഭയില്‍ അച്ഛന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, പോയി കാണണം എന്ന് പറഞ്ഞു. ഞാന്‍ പോയി. തിയേറ്ററിന്റെ വാതിലില്‍ എത്തിയപ്പോഴേക്കും ആരൊക്കെയോ വന്നു സ്വീകരിച്ചു സീറ്റില്‍ കൊണ്ടു പോയി ഇരുത്തി. അടുത്തിരുന്നയാളോട് ഞാന്‍ പറഞ്ഞു മകന്‍റെ പടമാണ് കണ്ടിട്ട് അഭിപ്രായം പറയണം എന്ന്‍. പിന്നെ അയാളെ പരിചയപ്പെട്ടു. എവിടെയാണ് ജോലി എന്ന് ചോദിച്ചപ്പോഴാണ് എനിക്ക് അക്കിടി പറ്റി എന്ന് മനസ്സിലായത്. അവന്റെ കൂടെ വര്‍ക്ക് ചെയ്യുകയായിരുന്നു അയാള്‍. മാത്രമല്ല, അന്ന് എന്റെ കൂടെ സിനിമ കാണാന്‍ അവന്റെ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന മിക്ക ആള്‍ക്കാരും ഉണ്ടായിരുന്നു. അതെനിക്കൊരു സര്‍പ്രൈസ് ആയിരുന്നു.

ടിപിമാധവന്‍ എന്ന ഏകാന്ത പഥികന്
എന്താണ് ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കാരണം എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ പണ്ടേ അങ്ങനെയായിരുന്നു എന്നായിരിക്കും.

യൂണിവേഴ്സിറ്റി കോളേജ് മുതല്‍ ആഗ്ര, ബോംബൈ കല്‍ക്കത്ത ഇവിടങ്ങളില്‍ എല്ലാം ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഒരു സിനിമാനടനെ സംബന്ധിച്ചിടത്തോളം ദാമ്പത്യജീവിതം നല്ലതല്ലെന്ന് എനിക്ക് തോന്നി. ഒരു സര്‍ക്കാര്‍ ജോലിക്കാരനെപ്പോലെ നിശ്ചിതസമയം ഡ്യൂട്ടി ചെയ്തു പോരാവുന്ന ഒന്നല്ലല്ലോ സിനിമാമേഖല. കൃത്യ സമയത്ത് വീട്ടിലെത്താന്‍ പറ്റില്ല, കുടുംബാംഗങ്ങളോട് ഒത്ത് ഇത്തിരി സമയം ചെലവിടാന്‍ പറ്റില്ല. അവര്‍ അതൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിലും നമുക്ക് നല്‍കാനാവാത്ത അവസ്ഥ.  

സുധയുമായുള്ള വിവാഹബന്ധം തകര്‍ന്നപ്പോഴും ഞാന്‍ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത് അതാണ്‌. അങ്ങനെ ഞാന്‍ ഏകാന്തജീവിതം നയിച്ചു തുടങ്ങി. അത് തുടര്‍ന്നപ്പോള്‍ അതാണ് നല്ലതെന്നും എനിക്ക് തോന്നി. കുറച്ചുനാള്‍ മാത്രമേ പട്ടാളത്തിലെ ട്രെയിനിംഗ് നടന്നുള്ളൂവെങ്കിലും അവിടെ നിന്ന് കിട്ടിയ അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാന്‍ എനിക്കു സാധിച്ചിരുന്നു. 

ഷൂട്ടിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വെളുപ്പിന് അഞ്ചരമണിക്ക് ഉണരും. രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരു ബോട്ടില്‍ വെള്ളം കുടിക്കും. അത് വാട്ടര്‍ തെറാപ്പിയുടെ ഭാഗമാണ്. അന്നും ഇന്നും അതു മുടക്കാറില്ല. കൊച്ചിയില്‍ ഫ്ലാറ്റ് ഉണ്ടായിരുന്നപ്പോഴും അതു തന്നെ ശീലം. ഇപ്പോള്‍ നടക്കാന്‍ പോക്ക് ഇല്ലെങ്കിലും നേരത്തെയുണ്ടായിരുന്നു. എല്ലാ ദിവസവും ക്ഷേത്രദര്‍ശനവും. ഷൂട്ടിംഗിന് പോകുമ്പോള്‍ മാത്രമാണ് അതിനു മുടക്കമുണ്ടാവുക. തിരിച്ചു വന്നു കുളിയൊക്കെ കഴിഞ്ഞാല്‍ പോയി ഒരു മസാലദോശ അല്ലെങ്കില്‍ ഉപ്പുമാവ്. ഇതാണ് ദിവസത്തിന്റെ തുടക്കം. ഷൂട്ടിംഗ് സ്ഥലത്ത് താമസമെങ്കില്‍ സിംഗിള്‍ ബാത്ത് അറ്റാച്ച്ഡ് റൂം ആവശ്യപ്പെടും. വേറൊന്നും നിര്‍ബന്ധമില്ല. നമ്മുടെതായ ചില ദിനചര്യകള്‍ ഉള്ളതു കൊണ്ട് മറ്റാര്‍ക്കും ബുദ്ധിമുട്ടാവണ്ട എന്ന് കരുതി.

ഇപ്പോള്‍ പ്രായമായി. ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ കഴിഞ്ഞു, പോരാത്തതിന് ഹരിദ്വാറില്‍ വച്ച് വന്ന സ്ട്രോക്കും. ബ്രെയിനിലെ ഓപ്പറേഷനും ഒരു തീര്‍ത്ഥയാത്രയ്ക്ക് ശേഷമാണ് സംഭവിച്ചത്. ഒരു മൂകാംബിക യാത്ര കഴിഞ്ഞു തിരികെ വന്നു കിടന്നു. രാവിലെ എഴുനേറ്റപ്പോള്‍ എഴുന്നേല്‍ക്കാന്‍ വയ്യ, കുറച്ചു കഴിഞ്ഞപ്പോള്‍ ബോധം പോയി. സ്ഥിരം കാണുന്ന ആളെ പുറത്തു കാണാഞ്ഞതു കൊണ്ട് സെക്യൂരിറ്റി വന്നു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലായത്. അവിടന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി.  ഇതെല്ലാം കൂടി പണി തന്നത് കൊണ്ട് അത്ര നല്ല അവസ്ഥയിലല്ല ഇപ്പോള്‍. ഇത് കാരണം സിനിമയില്‍ നിന്നും ഒരു ഗ്യാപ്പ് വേണ്ടി വന്നു. ഈ മാസം 15-ന് ഒരു ചിത്രം ഷൂട്ടിംഗ് തുടങ്ങും.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് യാത്രയായിരുന്നല്ലോ അതു കൊണ്ട് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്ത അവസ്ഥയായി. അത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. ഗാന്ധി ഭവനില്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആണ് എനിക്ക്. ഇവിടം സ്വര്‍ഗ്ഗമാണ്.

പറഞ്ഞു നിര്‍ത്തി ഒരു നെടുവീര്‍പ്പിട്ടു അദ്ദേഹം. എന്തൊക്കെയോ കൂടി പറയാനുണ്ട് ആ മനുഷ്യന്. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ഉണ്ടാക്കിവച്ച ഒരു ഏകാന്ത പഥികന്റെ വേഷം ഇനിയും ആടിത്തീര്‍ന്നിട്ടില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന് അത് അഴിച്ചു വയ്ക്കാന്‍ സാധിക്കുന്നില്ല.. 

This post was last modified on March 11, 2016 11:31 pm