X

കുലംകുത്തികള്‍ മുതല്‍ നഗരവാരിധിയിലെ കുപ്പക്കൂനകള്‍ വരെ-2014ലെ മലയാള സിനിമ

എന്‍ രവിശങ്കര്‍

കുലംകുത്തികളില്‍ (അങ്ങനെ ഒരു പടമുണ്ടത്രേ!) തുടങ്ങി നഗരവാരിധിയില്‍ ഒടുങ്ങുന്നു 2014 ലെ മലയാള സിനിമാചരിത്രം. 150 പടങ്ങളാണ് മൊത്തം റിലീസ് ചെയ്യപ്പെട്ടവ. അതില്‍, വെറും 8 പടങ്ങള്‍ മാത്രമായിരുന്നു ഹിറ്റുകള്‍ എന്നറിയുമ്പോള്‍ കാണികള്‍ക്ക് മലയാള സിനിമയോടുള്ള താല്‍പ്പര്യം എത്രയെന്നു നമുക്ക് ഊഹിക്കാം. ബാക്കി പടങ്ങളൊക്കെ നഗരവാരിധിയിലെ കുപ്പക്കൂനയില്‍ ഒടുങ്ങി എന്ന് പറയാം.

അതിലേക്കു കടക്കും മുമ്പ് പറയട്ടെ. ന്യൂസ്‌ പേപ്പര്‍ ബോയ്‌ എന്ന നിയോ-റിയലിസ്റ്റ് ചിത്രത്തിലൂടെ മലയാള സിനിമയില്‍ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ പി രാംദാസ് നമ്മെ വിട്ടു പിരിഞ്ഞ വര്‍ഷമാണിത്. ബാലു മഹേന്ദ്ര, ശശികുമാര്‍ എന്നീ പ്രമുഖ സംവിധായകരും ഈ വര്‍ഷം മരണമടയുകയുണ്ടായി. അനശ്വര ഗായകനായ ഉടയഭാനുവിന്റെ സ്വരം നിലച്ചതും ഈ വര്‍ഷം തന്നെ ആണ്. ഏറ്റവും ഒടുവില്‍ നിശ്ചല ഛായഗ്രഹണത്തിലൂടെയും അഭിനയത്തിലൂടെയും നമ്മെ ഏറെ രസിപ്പിച്ച എന്‍ എല്‍ ബാലകൃഷ്ണനും വിട പറഞ്ഞു. മലയാള സിനിമ എന്നെന്നും ഓര്‍ക്കുന്ന അത്ഭുത പ്രതിഭകളായിരുന്നു ഇവരൊക്കെ. അവര്‍ക്ക് ആദരാഞ്ജലികള്‍!

പി കെ എന്ന ഹിന്ദിക്കാരന്‍ മുയല്‍ കുതിച്ചു പായുമ്പോള്‍ പ്രിയദര്‍ശന്‍ എന്ന മലയാളി ആമ ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയുമായാണ് 2014 അവസാനിക്കുന്നത്. ഈ മത്സരം മുയല്‍ തന്നെ ജയിക്കും. 8 ഹിറ്റ്‌ പടങ്ങളില്‍ ഒരെണ്ണം മാത്രമാണ് തട്ടുതകര്‍പ്പന്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചയ്ത ബാംഗ്ലൂര്‍ ഡേയ്സ്. ഒരു casting coup ആയിരുന്നു ഈ പടം. എല്ലാ യുവ നായകരെയും നായികയെയും – ദുല്ഖര്‍, ഫഹദ്, നിവിന്‍, നസ്രിയ – അണി നിര്‍ത്തി എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വശ്യത. മാത്രമല്ല കച്ചവട സിനിമയിലും എങ്ങനെ സിനിമയെടുക്കലിന്റെ ഭാഷ തറയാവാതെ സൂക്ഷിക്കാം എന്നും ഈ ചിത്രം കാണിച്ചു തന്നു.

സൂപ്പര്‍ സ്റ്റാറുകള്‍ അമ്പേ മങ്ങിപ്പോയ ഒരു വര്‍ഷവുമായിരുന്നു ഇത്. ദിലീപിന് പോലും ഒരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതകരമാണ്. മലയാള സിനിമയിലെ താരാധിപത്യം തകര്‍ന്നു കഴിഞ്ഞു എന്നും യുവാക്കളുടെ ചിത്രങ്ങള്‍ക്കാണ് ഡിമാണ്ട് എന്നും ഇത് കാണിക്കുന്നു.

നിവിന്‍ പോളി തന്നെയാണ് ഇതില്‍ മുന്‍പന്‍. ബാംഗ്ലൂര്‍ ഡെയ്സ്, 1983, ഓം ശാന്തി ഓം, വിക്രമാദിത്യന്‍ എന്നീ നാല് പടങ്ങളാണ് ഹിറ്റായത്. തൊട്ടു പിന്നില്‍ പ്രിഥ്വിരാജുണ്ട്- സപ്തമശ്രീ, വിക്രമന്‍, സെവന്ത് ഡേ എന്നീ മൂന്നു ചിത്രങ്ങളാണ് പ്രിഥ്വിയുടെ ഹിറ്റുകള്‍. ദുല്ഖറിനു വിക്രമന്‍, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ രണ്ടെണ്ണം മാത്രം. നസ്രിയയ്ക്ക് പോലും രണ്ട് ഹിറ്റുകളുണ്ട്– ബാംഗ്ലൂര്‍ ഡെയ്സ്, ഓം ശാന്തി ഓം.

പക്ഷെ കച്ചവട സിനിമയിലെ ഏറ്റവും വലിയ അട്ടിമറി  മഞ്ജു വാരിയരുടെ ആഘോഷപൂര്‍വമുള്ള തിരിച്ചു വരവായിരിക്കും. ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ മഞ്ജു ബോക്സ്‌ ഓഫീസ് കീഴടക്കി.

അതുപോലെ ഒറ്റയാനായി തന്നെ ബിജു മേനോനും വെള്ളിമൂങ്ങയായി പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി. റിലീസ് കേന്ദ്രങ്ങളില്‍ പടം ഇപ്പോഴും നിറഞ്ഞോടുന്നു.

ഏറ്റവും വിചിത്രമായ രീതിയില്‍ ഹിറ്റായി മാറിയ ചിത്രം, പക്ഷെ, ഇതിഹാസയാണ്. അനുശ്രീ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്ന ഈ പടം വെറുമൊരു മാന്ത്രിക മോതിരത്തിന്റെ കഥയായിരുന്നു എന്നതാണ് അത്ഭുതം.

കച്ചവടപരമായി വിജയിച്ചില്ലെങ്കിലും ഒരു പിടി നല്ല പടങ്ങള്‍ ഈ വര്‍ഷം ഉണ്ടായിരുന്നു. ഞാന്‍ സ്റ്റീവ് ലൊപസ്, മുന്നറിയിപ്പു, ഞാന്‍, ഇയ്യോബിന്റെ പുസ്തകം, ടമാര്‍ പടാര്‍ എന്നിവ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. മാത്രമല്ല, അവ സംവിധായകരുടെ പടങ്ങളുമായിരുന്നു.

ചുരുക്കത്തില്‍ ഇതാണ്- ജീവിത യാഥാര്‍ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മായക്കാഴ്ച്ചകള്‍ക്കാന് കാണികള്‍ ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നത്. അതിനിടയില്‍ ഒരാള്‍ പൊക്കം, അസ്തമയം വരെ എന്നീ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുടെ സ്വീകാര്യതയും തിയേറ്ററും കിട്ടാതെ പോകുന്നു. ഇക്കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റിവലില്‍ ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ നേടിയ പടമാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍ പൊക്കം. അതെ പോലെ ഉത്സവത്തിലെ ജനപ്രിയ ചിത്രമായിരുന്നു അസ്തമയം വരെ. ഉത്സവങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ നടത്തുന്ന തിയറ്ററുകളില്‍ എങ്കിലും ഇവ പ്രദര്‍ശിപ്പിക്കാന്‍ 2015ലെങ്കിലും സാധിക്കട്ടെ എന്ന് ആശിക്കുന്നു.  

This post was last modified on December 31, 2014 12:02 pm