(മാല്‍ദ്വീവ്സില്‍ ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട വില്‍സണ്‍ തോമസിന്‍റെ മോചനത്തിനായി ഇന്ത്യന്‍ ഹൈ കമ്മിഷന്‍റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാവുന്നില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‍ ഹൈ കമ്മിഷനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തി എന്ന നിലയ്ക്ക് മാല്‍ദ്വീവ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ക്ലബ്ബിന്‍റെ എക്സിക്യുട്ടീവ് മെമ്പര്‍ മുഷ്താഖ് എസ് സി യുമായി അഴിമുഖം പ്രതിനിധി ഉണ്ണികൃഷ്ണന്‍ വി ബന്ധപ്പെട്ടു. മുഷ്താഖുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. മാലിയില്‍ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്ന മുഷ്താഖ്എസ് സി കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്.)
വില്‍സണ്‍ തോമസിനെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് എന്നെ ഒരു അദ്ധ്യാപകന്‍ വിളിച്ചിരുന്നു. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്നറിയിക്കാന്‍. കേസിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ വില്‍സണ്‍ തോമസിനെ സന്ദര്‍ശിക്കാനായി ശ്രമിക്കുന്നുണ്ട്. ഇതിനായി ഇന്ത്യന്‍ ഹൈ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.
ജൂലൈ 13നാണ് വില്‍സണ്‍ തോമസ് അറസ്റ്റിലാവുന്നത്. ആ ദിവസം തന്നെ എനിക്ക് വന്ന ഫോണ്‍ കോള്‍ പ്രകാരം ഞാന്‍ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസറുമായി ബന്ധപ്പെടുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ആളിന്‍റെ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. രാജീവ് സഹാരെ ആണ് ഇപ്പൊ മാല്‍ദ്വീവ്സിലെ ഹൈ കമ്മിഷണര്‍. അദ്ദേഹം വഴി ഹൈകമ്മിഷനില്‍ നിന്നും മാല്‍ദ്വീവ്സ് സര്‍ക്കാരിനു കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പോലീസിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇതിന്‍റെ സത്യാവസ്ഥ വെളിവാകൂ. കിട്ടിയ വിവരങ്ങള്‍ പ്രകാരം ഈ വ്യക്തി കുറച്ചു നാളുകളായി മാല്‍ദ്വീവ്സ് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അക്കാര്യത്തില്‍ വ്യക്തത വരാതെ ആരോപണം പൂര്‍ണ്ണമായി എഴുതിത്തള്ളാനാവാത്ത അവസ്ഥയാണ്.
ഒരു വിദേശിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മാല്‍ദ്വീവ്സ് പോലീസ് അതുമായി ബന്ധപ്പെട്ട എംബസിയെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ പാസ്പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സഹിതം അറിയിക്കണം എന്നാണ് നിയമം. അതവര്‍ ചെയ്യാറുമുണ്ട്. വില്‍സണ്‍ തോമസിന്റെ കാര്യത്തില്‍ ആ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ചിലപ്പോള്‍ അറസ്റ്റ് ചെയ്യുന്ന ദിവസം തന്നെ ആ വിവരം ലഭ്യമാവാറുണ്ട്. അല്ലെങ്കില്‍ പതിനഞ്ചു ദിവസം വരെ എടുക്കാറുമുണ്ട്.
അതുപോലെ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഇതുവരെ ഒരു അഭിഭാഷകന്‍റെ സേവനം ആവശ്യപ്പെട്ടിട്ടില്ല. റിമാന്‍ഡ് ചെയ്യപ്പെടുന്ന വ്യക്തിയോട് കോടതി അഭിഭാഷകന്‍റെ സേവനം വേണമോ എന്ന് ആവശ്യപ്പെടാറുണ്ട്.
പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ എല്ലാവരും നിരപരാധി ആണെന്നേ പറയൂ. അപൂര്‍വ്വം ചില കേസുകളില്‍ മാത്രമേ നിരപരാധികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെ കേസിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാവാതെ ഒന്നും പറയാനാവില്ല. ഇക്കാര്യത്തില്‍ മാലിയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ പുര്‍ണ്ണമായ പിന്തുണയാണ് നല്‍കുന്നത്.
ഒരു വ്യക്തി അറസ്റ്റിലാവുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ കേസിന്‍റെ പുര്‍ണ്ണ വിവരമോ നിലവിലെ അവസ്ഥയോ നോക്കാതെ അറസ്റ്റിലായ വ്യക്തി നിരപരാധിയാണ് എന്നുള്ള പ്രചാരണം ആയിരിക്കും നാട്ടില്‍ നിന്നും ഉണ്ടാവുക. എംബസ്സി നിഷ്ക്രിയത്വം പാലിക്കുന്നു എന്നാവും മാധ്യമങ്ങളുടെയും പ്രചരണം.
അതേസമയം ഇന്ത്യന്‍ ഹൈകമ്മിഷന്റെയും മാല്‍ദ്വീവ്സ് ഇന്ത്യാ ക്ലബ്ബിന്റെയും കൂട്ടായ പ്രവര്‍ത്തനത്തെതുടര്‍ന്നാണ് കേരളത്തില്‍ പലരും തിരിച്ചെത്തിയത്. റുബീന, നബീസാ ബീവി, രാജേഷ് എന്നിവര്‍ അതില്‍പ്പെടും.
നാട്ടില്‍ എത്തിയ ശേഷം ജയചന്ദ്രന്‍ മൊകേരി ചില മാധ്യമങ്ങളിലൂടെ നടത്തിയ ചില പ്രതികരണങ്ങള്‍ മാല്‍ദ്വീവ്സിലെ ഭരണകൂടത്തെയും ഹൈകമ്മിഷനെയും ചൊടിപ്പിക്കുകയുണ്ടായി. അതിന്‍റെ തിക്തഫലങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. രാജേഷിന്‍റെ മോചനം വൈകാന്‍ കാരണം അതാണ്.
രാജേഷിന്‍റെ പേരിലുള്ള ആരോപണം എച്ച് ഐ വി പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടു എന്നുള്ളതാണ്. രാജേഷ് ആയിരുന്നു അവിടത്തെ ഇന്‍ചാര്‍ജ്ജ്.സ്വാഭാവികമായും അതില്‍ വരുന്ന ഒരു തെറ്റ് രാജേഷിനെയും ബാധിക്കും.റിപ്പോര്‍ട്ടിനെ വ്യക്തമായി വിലയിരുത്തിയതിനു ശേഷമേ അതില്‍ ഒപ്പിടാന്‍ പാടുള്ളൂ. അത് രാജേഷിന്‍റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ്.
|
മറ്റൊരു മലയാളി അധ്യാപകന്‍ കൂടി മാലി ജയിലില്‍; വില്ലന്‍ ഇത്തവണയും വ്യാജ ലൈംഗികാരോപണം |
കരാര്‍ പ്രകാരമുള്ള ശമ്പളം കമ്പനി നല്‍കുന്നില്ലെങ്കില്‍ പോലും ഇന്ത്യക്കാര്‍ക്ക് ഹൈകമ്മിഷനെ ബന്ധപ്പെടാവുന്നതാണ്.എന്നാല്‍ ആരും അത് ചെയ്യാറില്ല.പക്ഷെ ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് ഹൈകമ്മിഷന്‍ അതിനാവശ്യമായ നടപടിക്രമങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ഇന്ത്യാ ക്ലബ്, മലയാളി കൂട്ടായ്മ എന്നിവരും ഇതിനാവശ്യമായ സഹായം ചെയ്യാറുണ്ട്. എന്നാലും അവസാനം കേള്‍ക്കേണ്ടി വരിക ആരും ഒന്നും ചെയ്യുന്നില്ല എന്നാണ്.
മാലിദ്വീപില്‍ ജോലിക്കെത്തുന്ന ഇന്ത്യാക്കാര്‍ക്ക് തദ്ദേശവാസികളില്‍ നിന്നും കിട്ടുന്നത് മോശമായ പ്രതികരണവും പെരുമാറ്റവും ആണെന്നുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഇവിടെ പല മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്, അവര്‍ക്കൊന്നും അങ്ങനെ ഒരു അഭിപ്രായം ഉള്ളതായി അറിയില്ല.
ഒരു വിദേശരാജ്യത്ത് ജോലിയ്ക്കെത്തുമ്പോള്‍ ആ രാജ്യത്തെ സമ്പ്രദായങ്ങളും മറ്റും പാലിക്കേണ്ടി വരും. ആ ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് ജീവിക്കേണ്ടതായും വരും. അതിനനുസരിച്ച് പോയാല്‍ ഒരു പ്രശ്നവും ഉണ്ടാവില്ല.
എല്ലാ രാജ്യങ്ങളെയും പോലെ തന്നെ ചില പ്രശ്നങ്ങള്‍ ഇവിടെയും ഉണ്ടാവാറുണ്ട്. അതിനെ മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കാറുമുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ഉള്ളത്ര സ്വാതന്ത്ര്യം മറ്റു രാജ്യങ്ങളില്‍ ഉണ്ടോ എന്ന് തന്നെ സംശയമാണ്.
ഇന്ത്യന്‍ എംബസി മാല്‍ദ്വീവ്സ് സര്‍ക്കാരിനയച്ച കത്ത്
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
This post was last modified on July 22, 2015 9:26 am
Leave a Comment