X

മല്‍ക്കാന്‍ഗിരിയിലെ ശിശുമരണങ്ങള്‍ക്ക് പിന്നില്‍

എല്ലാ വര്‍ഷവും 1500ലധികം കുട്ടികള്‍ മരിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. ഒരു മാസത്തില്‍ ശരാശരി 100ന് മുകളില്‍ കുട്ടികള്‍ മരിക്കുന്നു.

ജാപ്പനീസ് എന്‍സിഫാലിറ്റിസ് അടക്കമുള്ള അസുഖങ്ങള്‍ കാരണം ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയില്‍ മരിച്ച 10 കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിച്ചവരും വളരെ കുറഞ്ഞ തൂക്കം മാത്രം ഉള്ളവരും ആയിരുന്നു. മല്‍ക്കാന്‍ഗിരി ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലുള്ള പാല്‍കൊണ്ട ഗ്രാമത്തിലാണ് അഞ്ച് വയസിന് താഴെ പ്രായമുള്ള 10 കുട്ടികള്‍ മരിച്ചത്.

പാല്‍ക്കൊണ്ടയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ 103 കുട്ടികളാണ് മരിച്ചത്. ഇതില്‍ 37 പേര്‍ക്കും ജാപ്പനീസ് എന്‍സിഫാലിറ്റിസ് ആയിരുന്നുവെന്ന് ജില്ലാ ആശുപത്രിയിലെ മലേറിയ ഓഫീസറായ ധനുര്‍ജയ് മൊഹന്ത പറയുന്നു. ജില്ലയിലെ ഏഴ് ബ്ലോക്കുകളിലെ 180 ഗ്രാമങ്ങളിലെ കുട്ടികളേയും ജാപ്പനീസ് എന്‍സിഫാലിറ്റിസ് ബാധിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്‌റെ കണക്ക്. കൊതുകില്‍ നിന്ന്് പകരുന്ന അസുഖമാണിത്. അസുഖം പ്രതിരോധിക്കുന്നതില്‍ ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും കാര്യമായി ഒന്നും ചെയ്യുന്നില്ല പരാതി ശക്തമാകുന്നുണ്ട്.

പന്നികളാണ് അസുഖത്തിന് കാരണമാകുന്നതെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍ സമീപത്തുള്ള മറ്റ് ഗ്രാമങ്ങളില്‍ വീടുകളില്‍ പന്നികള്‍ ഉണ്ടായിട്ടും അസുഖം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബനാ ചാക്കുണ്ട എന്ന ബീന്‍സ് ചെടിയില്‍ നിന്നുള്ള ഇന്‍ഫെക്ഷനാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘത്തിന്‌റെ നിഗമനം. അതേസമയം ഗ്രാമീണര്‍ ഇത് അംഗീകരിക്കുന്നില്ല.

അസുഖം ബാധിച്ച 90 ശതമാനം കുട്ടികള്‍ക്കും വലിയ തോതില്‍ പോഷകാഹാരക്കുറവ് ഉണ്ടായിരുന്നതായി ഹാര്‍മണി എന്ന എന്‍ജിഒയിലെ ദുര്‍ഗ ത്രിപാഠി പറയുന്നു. ഇന്‍ഫെക്ഷനിലൂടെ ന്യുമോണിയ, മലേറിയ തുടങ്ങിയ അസുഖങ്ങളെല്ലാം വരുന്നുണ്ട്. അഞ്ച് വയസിന് താഴെയുള്ള 80,000 കുട്ടികളാണ് മല്‍ക്കാന്‍ഗിരിയിലുള്ളത്. എല്ലാ വര്‍ഷവും 1500ലധികം കുട്ടികള്‍ മരിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്. ഒരു മാസത്തില്‍ ശരാശരി 100ന് മുകളില്‍ കുട്ടികള്‍ മരിക്കുന്നു. പോഷകാഹാരക്കുറവ് തന്നെയാണ് പ്രധാന പ്രശ്‌നമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

2014ലെ വാര്‍ഷിക ആരോഗ്യ റിപ്പോര്‍ട്ട് പ്രകാരം മല്‍ക്കാന്‍ഗിരിയിലെ പത്തില്‍ ഏഴ് കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മോശം അവസ്ഥയിലുള്ള രാജ്യത്തെ ജില്ലകളില്‍ മൂന്നാം സ്ഥാനത്താണ് മല്‍ക്കാന്‍ഗിരി. മല്‍ക്കാന്‍ഗിരിയിലെ വര്‍ദ്ധിച്ച ശിശുമരണത്തിന് കാരണം പോഷകാഹാരക്കുറവ് തന്നെയാണെന്ന് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും വ്യക്തമാക്കുന്നു.

അങ്കണ്‍വാടികള്‍ വഴി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാകുന്നില്ല. എന്‍സിഫാലിറ്റിസ് അസുഖങ്ങള്‍ വ്യാപകമായതിന് ശേഷം മാത്രമാണ് പല അങ്കണ്‍വാടികളും കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് തുടങ്ങിയത്. മേഖലയില്‍ റോഡുകളും അടിസ്ഥാന സൗകര്യങ്ങളുമില്ല. ആശുപത്രികളിലെത്തുക എന്നത് എറെ ദുഷ്‌കരമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതിന് ഫണ്ട് കൊടുക്കുകയും ചെയ്താല്‍ മാത്രം പോര, അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യം കൂടി ആലോചിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പറയുന്നു.

മല്‍ക്കാന്‍ഗിരി മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്. 2011ല്‍ കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ശേഷം ഇവിടേയ്ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ വേണ്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വരവ്് കുറഞ്ഞു. സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കല്‍ ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സന്നദ്ധ സംഘടനയായ പ്രയാസിന്‌റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര ഗുപ്ത പറഞ്ഞു.

വായനയ്ക്ക്: https://goo.gl/H8EEqf

This post was last modified on January 2, 2017 5:22 pm