X

ദേശീയരാഷ്ട്രീയം ലക്ഷ്യം: മമത ബാനര്‍ജി ഹിന്ദി ടീച്ചറെ തേടുന്നു

അഴിമുഖം പ്രതിനിധി

ഡാര്‍ജിലിംഗിലെത്തിയാല്‍ നേപ്പാളി സംസാരിക്കും. മിഡ്‌നാപൂരിലെ സാന്താള്‍ ഗ്രാമങ്ങളില്‍ ചെന്നാല്‍ അവരുടെ ഭാഷ സംസാരിക്കാന്‍ ശ്രമിക്കും. അതാണ് മമത ബാനര്‍ജി. ദേശീയരാഷ്ട്രീയം ലക്ഷ്യം വച്ച് ഇപ്പോള്‍ ഹിന്ദി പഠിക്കുകയാണ് ദീദി. ട്വിറ്റര്‍ ഫീഡ് ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലുമാക്കിയത് വെറുതെയല്ലെന്ന് വ്യക്തമാക്കുകയാണ് മമത ബാനര്‍ജി. ബംഗാളി – ഹിന്ദി നിഘണ്ടു മമത വാങ്ങിയിട്ടുണ്ട്. ഇനി ഒരു ഹിന്ദി ടീച്ചറെയാണ് മമത തേടുന്നത്.

കേന്ദ്രസര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനും രാഷ്ട്രപതിയെ കാണാനുള്ള സംഘത്തിലും മമതയാണ് മുന്നില്‍ നിന്നത്. ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ റാലി നടത്തിയ മമത ലക്‌നൗവിലും പാറ്റ്‌നയിലും റാലി നടത്താന്‍ പരിപാടിയിടുന്നു. മോദി സര്‍ക്കാരിനെതിരെ നോട്ട് വിഷയത്തില്‍ ദേശീയതലത്തില്‍ ശക്തമായ പ്രക്ഷോഭംല സംഘടിപ്പിക്കാനാണ് മമത ലക്ഷ്യമിടുന്നത്. 1984ല്‍ ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മമതയുടെ പാര്‍ലമെന്‌ററി രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് പല തവണ കേന്ദ്രമന്ത്രിയായി മമത ഡല്‍ഹിയിലുണ്ടായിരുന്നു. ഈ സമയം താന്‍ ഹിന്ദി ഒരുവിധം ഉപയോഗിച്ചിരുന്നതായും എന്നാല്‍ ഏറെക്കാലം ഹിന്ദി സംസാരിക്കാത്തതിനാല്‍ തന്‌റെ ആശയവിനിമയം മോശമായെന്നുമാണ് മമത പറയുന്നത്.  

ഉടന്‍ പ്രതികരിക്കുന്നതാണ് മമതയുടെ രാഷ്ട്രീയം. ഉദാഹരണത്തിന് മോദി ഹിന്ദിയില്‍ ഒരു കാര്യം പറഞ്ഞാല്‍ അതിന് ഹിന്ദിയില്‍ തന്നെ മറുപടി നല്‍കണമെങ്കില്‍ മമതയ്ക്ക് വിവര്‍ത്തകരുടെ സഹായം വേണം. കവി കൂടിയായ മമത ഹിന്ദിയില്‍ കവിത സമാഹാരം തയ്യാറാക്കുകയാണ്. 2013ല്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയ മമതയുടെ ജീവചരിത്രം മേരി സംഘര്‍ഷ് പൂര്‍ണ്യത്ര വീണ്ടും പുറത്തിറങ്ങാനിരിക്കുകയാണ്. തൃണമൂല്‍ എംപിയും ഹിന്ദി പത്രം സന്‍മാര്‍ഗിന്‌റെ എഡിറ്ററുമായ വിവേക് ഗുപ്ത അടക്കമുള്ളവര്‍ മമതയുടെ ഹിന്ദി പ്രസംഗം തയ്യാറാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്‌: https://goo.gl/drBJI2

This post was last modified on November 25, 2016 11:31 am