X

മോദി താക്കീത് ചെയ്തത് ആരെയാണ്? പശുവിന്റെ പേരില്‍ വീണ്ടും ഒരു മനുഷ്യനെ തല്ലിക്കൊന്നു

കരുതികൂട്ടിയുള്ള കൊലപാതകമെന്നു പൊലീസ്

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരു മനുഷ്യനെ തല്ലിക്കൊന്നു. രാംഗഢ് ജില്ലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അസ്ഗര്‍ അന്‍സാരി(അലുമുദ്ദീന്‍) എന്നയാളാണ് ഇത്തവണ ഇരയായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പാണ് ഝാര്‍ഖണ്ഡില്‍ പശുവിനെ കൊന്നു എന്നാരോപിച്ച് ക്ഷീരകര്‍ഷകനെ ആയിരത്തോളം ജനങ്ങള്‍ ആക്രമിച്ചത്. പൊലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ 60- കാരനായ മുഹമ്മദ് ഉസ്മാനും കുടുംബവും പശുവിന്റെ പേരില്‍ കൊല്ലപ്പെടുമായിരുന്നു. ഇയാളുടെ വീട് അക്രമികള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തു.

തന്റെ മാരുതി വാനില്‍ വരുന്ന വഴിയാണ് രാംഗഢിലെ ബജര്‍തണ്ഡില്‍വച്ച് അന്‍സാരിയെ ഒരു സംഘം തടഞ്ഞതും ആക്രമിച്ചതും. ആക്രമം നടക്കുന്നതായി അറിഞ്ഞ ഉടനെ തങ്ങള്‍ അവിടെയെത്തുകയും പരിക്കേറ്റ അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെന്നും എന്നാല്‍ ആശുപത്രിയില്‍വച്ച് അന്‍സാരി മരണപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അന്‍സാരിയുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും പൊലീസ് പറയുന്നു. ഇയാള്‍ ബീഫ് വ്യാപരം നടത്തിവന്നിരുന്നയാളാണെന്നും ഇയാള്‍ വരുന്നതിനായി ആക്രമികള്‍ കാത്തുനില്‍ക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ കെ മാലിക് മാധ്യമങ്ങളോടു പറയുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരും അന്‍സാരിയുമായി കച്ചവടബന്ധം ഉണ്ടായിരുന്നുവെന്ന് വിവരം കിട്ടിയതായും മാലിക് പറയുന്നു. ആക്രമിക്കപ്പെടുന്ന സമയത്ത് അന്‍സാരി ബീഫ് കൈവശം വച്ചിരുന്നോ എന്നകാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഇന്നലെയാണ് രാജ്യവ്യാപകമായി പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമത്തിനെതിരേ പ്രതിഷേധസംഗമം നടന്നത്. #NotInMyName എന്നപേരില്‍ സംഘടിപ്പിച്ച ഈ പ്രതിഷേധസംഗമം നടന്ന് ഒരുദിവസം പിന്നിട്ടപ്പോള്‍ അടുത്ത ഇരയും ഉണ്ടായിരിക്കുകയാണ്. ഹരിയാന സ്വദേശിയായ 16 കാരന്‍ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ടതും ബീഫിന്റെ പേരിലായിരുന്നു.

ഇന്ന് അഹമ്മദാബാദില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ പ്രധാനമന്ത്രി മോദി അപലപിച്ചത്. അക്രമരാഹിത്യത്തിന്റെ നാടാണ് നമ്മുടേത്. മഹാത്മാ ഗാന്ധിയുടെ നാടാണ് നമ്മുടേത്. എന്തുകൊണ്ട് നാം അത് മറന്നുപോകുന്നത് അദ്ദേഹം ചോദിക്കുന്നു. ഗോ ആരാധനയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മഹാത്മാ ഗാന്ധി ആഗ്രഹിച്ചത് അതല്ലെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രിയടക്കം ആള്‍ക്കൂട്ട അക്രമത്തെ അപലപിക്കുമ്പോഴും ഇന്ത്യയില്‍ പശു സംരക്ഷണം എന്നപേരില്‍ മനുഷ്യരെ വധശിക്ഷയ്ക്കു വിധിക്കുന്ന ആള്‍ക്കൂട്ടനിയമം നടപ്പിലാക്കുന്നത്‌ നിര്‍ബാധം തുടരുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമായി അസ്ഗര്‍ അന്‍സാരി മാറിയിരിക്കുന്നു.

This post was last modified on June 30, 2017 10:41 am