X

ബീഫ് കഴിച്ചുവെന്ന് സംശയം: ദല്‍ഹിക്ക് സമീപം ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു

അഴിമുഖം പ്രതിനിധി

ബീഫ് കഴിച്ചുവെന്ന് സംശയം തോന്നി 50 വയസ്സുകാരനെ ജനക്കൂട്ടം ദല്‍ഹിക്ക് സമീപം തല്ലിക്കൊന്നു. അമ്പതുകാരനായ മുഹമ്മദ് അഖ്‌ലഖാണ് കൊല്ലപ്പെട്ടത്. മുഹമ്മദും കുടുംബവും ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഇയാളേയും 22 വയസ്സുള്ള മകനേയും ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു. ദല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. മുഹമ്മദിനേയും മകനേയും ആക്രമിക്കുന്നതിന് മുമ്പ് അക്രമകാരികള്‍ വീട്ടിനുള്ളില്‍ കയറി എല്ലാം അടിച്ചുപൊളിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. മുഹമ്മദ് ആശുപ്രതിയിലേക്ക് കൊണ്ടുപോകും മുമ്പ് മരിച്ചു. മകന്‍ ഗുരുതരാവസ്ഥയിലാണ്. പൊലീസ് എത്തിയശേഷവും ആക്രമണവും തുടര്‍ന്നു. ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഫ്രിഡ്ജില്‍ മട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മുഹമ്മദിന്റെ മകള്‍ പറയുന്നു. ഈ മാംസം പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. മൂന്ന് ദശാബ്ദമായി മുഹമ്മദും കുടുംബവും ഈ ഗ്രാമത്തിലാണ് വസിക്കുന്നത്. ബീഫ് കിംവദന്തി എങ്ങനെയാണ് പരന്നതെന്ന്‌ പൊലീസ് അന്വേഷിക്കുന്നുണ്ട്. ബീഫ് കഴിച്ചുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം വീടാക്രമിച്ചത് എന്ന് പൊലീസ് പറയുന്നു. ആറുപേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസിന് ആകാശത്തേയ്ക്ക് വെടിവയ്‌ക്കേണ്ടി വരികയും ചെയ്തു. വെടിവയ്പ്പില്‍ ഒരു ബാലന് പരിക്കേറ്റുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

This post was last modified on September 30, 2015 10:26 am