X

മംഗള്‍യാന്‍: പൊതുസാങ്കേതിക വിദ്യാഭ്യാസത്തെ ഇനിയും തള്ളിപ്പറയരുത്

അനൂപ് വര്‍ഗീസ് കുരിയപ്പുറം

മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തുന്നത് സാക്ഷ്യം വഹിക്കാന്‍ എത്തിയ  പ്രധാനമന്ത്രിക്കൊപ്പം നിന്ന  ഒരു നീലഷര്‍ട്ടുകാരനെ ആരുമത്ര ശ്രദ്ധിച്ചു കാണില്ല. അദ്ദേഹമാണ് ഡോക്ടര്‍ കെ രാധാകൃഷ്ണന്‍, ഐഎസ്ആര്‍ഒയുടെ തലവന്‍. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം പൂര്‍ത്തീകരിച്ച, ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ  ശാസ്ത്രജ്ഞന്‍. എല്ലാവരെയും മുക്തകണ്ഠം അഭിനന്ദിക്കുമ്പോള്‍ തന്നെ എല്ലാവരും മറന്നുപോയ കാര്യമുണ്ട്. രാജ്യത്തെ പൊതുസാങ്കേതിക  വിദ്യാഭ്യാസത്തിന്റെ കൂടി വിജയമാണ് മംഗള്‍യാന്‍ എന്ന്. രാധാകൃഷ്ണന്‍ ബിരുദം പഠിച്ചത് തൃശൂരിലെ ഗവണ്‍മെന്റ്  എഞ്ചിനീയറിംഗ് കോളേജിലാണ്. ഇന്ത്യയുടെ മിസൈല്‍ വനിത  എന്നറിയപ്പെടുന്ന ടെസ്സി തോമസും ഇതേ കോളേജിന്റെ സംഭാവനയാണ്.

ഐഎസ്ആര്‍ഒയുടെ 20,000ത്തോളം വരുന്ന സാങ്കേതിക വിദഗ്ധര്‍  ഭൂരിപക്ഷവും ഏതെങ്കിലുമൊരു പൊതുസാങ്കേതിക വിദ്യാലയത്തിന്റെ  ഉല്‍പ്പന്നം ആയിരുന്നു. സമൂഹത്തിലെ യുവപ്രതിഭകളെ പണത്തിന്റെ  പിന്‍ബലം ഇല്ലാതെ ഉന്നത മേഖലകളില്‍ എത്താന്‍ സജ്ജരാക്കുന്ന സംവിധാനങ്ങളാണ് പൊതുസാങ്കേതിക വിദ്യാലയങ്ങള്‍. അവയുടെ  നിലവാരം കൂട്ടാന്‍ എന്നപേരില്‍ ഒളിഞ്ഞും തെളിഞ്ഞും ‘സ്വയംഭരണം വേണം, സ്വകാര്യവല്‍ക്കരിച്ചാലേ നിലവാരം കൂടൂ’ എന്ന്  ആര്‍ത്തുവിളിക്കുന്നവര്‍  സൗകര്യപൂര്‍വം മറക്കുന്നത്, പണം ഒരു മാനദണ്ഡമാക്കാതെ പഠിക്കാന്‍  കഴിവുള്ളവരെ പഠിപ്പിക്കാന്‍  പൊതുസാങ്കേതിക വിദ്യാഭ്യാസം നിലനിന്നേ മതിയാവൂ എന്ന വസ്തുത ആണ്.

എല്ലാ വര്‍ഷവും പലരും പുറത്തു വിടുന്ന ലോക നിലവാരം ഉള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ പോലും ഇടം പിടിക്കാത്തയിടങ്ങളില്‍ നിന്ന് അസാമാന്യ പ്രതിഭകള്‍ ഉണ്ടാകുന്നു? ഇങ്ങനത്തെ പട്ടികകളുടെ പോരായ്മകള്‍ തള്ളിക്കളയാനാകുമോ? ഭൗതിക അന്തരീക്ഷം, ഗവേഷണത്തിനുള്ള മൂലധനം ഇവ കുറവാണ് എന്നത് സത്യം തന്നെയാണ്. പക്ഷെ ആ പരിമിതികളെ കവച്ചു വെക്കുന്ന ധൈഷണിക അന്തരീക്ഷം നിലനില്‍ക്കുന്നു എന്നത് സമ്മതിച്ചേ മതിയാകൂ.

ഇന്ത്യയില്‍ നിന്ന് വിദേശ വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണം കൂടുന്നു എന്നു വിലപിക്കുന്നവര്‍, മനസിലാക്കേണ്ട വസ്തുത, പോകുന്നവരില്‍ പലര്‍ക്കും രാജ്യം മാറുക എന്ന ഉദ്ദേശം മാത്രമാണുള്ളതെന്നാണ്. കുറേ അധികം പേര്‍ നമ്മുടെ പാരലല്‍ കോളേജ് പോലത്തെ കോളേജുകളില്‍ ആണ് പഠിക്കുന്നതെന്നും വസ്തുതയാണ്.

വിദ്യാഭ്യാസത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം എന്ന ‘പടച്ചുണ്ടാക്കിയ’ പഠനങ്ങളെയും, നിയോ ലിബറല്‍ സാമ്പത്തിക ശാസ്ത്രങ്ങളെയും അലോസരപ്പെടുത്തുന്ന ചോദ്യം, ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിനു ഒട്ടും നിലവാരം ഇല്ലെങ്കില്‍, ഈ ചൊവ്വാ ദൗത്യം പരാജയപ്പെടെണ്ടതല്ലേ എന്നതാണ്.

കേരളത്തിലും ഇന്ത്യയിലും പൊതു സാങ്കേതിക വിദ്യാഭ്യാസം നില നിലനില്‍ക്കുകയും അവയില്‍ സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടക്കുകയും ചെയ്യുന്ന സ്ഥിതി നിലനിന്നാലേ, ഇന്ത്യയില്‍ നിന്ന് ഇനിയും പ്രതിഭകള്‍ ഉണ്ടാകൂ; മംഗള്‍യാനുകള്‍ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധതയുള്ള യുവത്വം പഠിച്ചിറങ്ങൂ. രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യസരംഗത്തെ കയ്യൊഴിയാന്‍ തുനിയാതെ, അതിനെ കൂടുതല്‍ മൂലധനവും, ഗവേഷണ സഹായവും നല്കി പുഷ്ടിപ്പെടുത്താനും ഭരണകൂടം തുനിഞ്ഞേ മതിയാകൂ.

ഇപ്പൊഴത്തെ ഐഐടികള്‍ അടക്കമുള്ള ഉന്നത സ്ഥാപനങ്ങളില്‍ പഠനത്തിലും പ്രവേശനം നേടുന്ന കാര്യത്തിലും സമൂഹത്തില്‍ സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ പിന്നോക്കം നില്ക്കുന്നു എന്ന വസ്തുത നിലനില്‍ക്കുന്നതാണ്. കൂടുതല്‍ സഹായങ്ങള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആവശ്യമുണ്ട്. ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇങ്ങനത്തെ സഹായങ്ങള്‍ ചെയ്യാനും സമൂഹത്തിലെ പിന്നോക്കമായ യുവത്വത്തിനും  അവസരങ്ങള്‍ ഉണ്ടാകാനും ക്രിയാത്മകമായ സാമൂഹ്യ ഇടപെടല്‍ ആവശ്യം ആണ്.

മംഗള്‍യാനിന്റെ വിജയം രാജ്യത്തെ പൊതു സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിജയം കൂടി ആണ്. പണം ഉള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്ന് പറഞ്ഞു രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ വെമ്പുന്നവര്‍ക്കും അതിനു കുഴലൂതുന്നവര്‍ക്കും ഒരു താക്കീതും!

This post was last modified on September 25, 2014 5:23 pm