X

നിലം പൂത്തുമലര്‍ന്ന നാള്‍ അതായത് വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി

പ്രിയന്‍ അലക്‌സ്‌

ഒരു പുസ്തകമെഴുതുന്നയാള്‍ അതിന്റെ മാത്രം രചയിതാവല്ലെന്നും, ഒരു വിചാരത്തിന്റേയും, ശൈലിയുടേയും, സിദ്ധാന്തത്തിന്റേയും, പ്രയോഗത്തിന്റേയും രചയിതാവാണെന്നും വിചാരിക്കാമോ? നമ്മുടെ trans-discursive author അത്തരത്തിലായിരിക്കാം. അത്തരത്തില്‍ ഒരു ചോദന മനോജ് കുറൂറിനെക്കേറിപ്പിടിച്ചുവെന്നും, അതിനാല്‍ ഇങ്ങനൊരു നോവല്‍ ഉണ്ടായെന്നും ജയമോഹന്‍ ‘മുന്നുരയില്‍’ സംശയിക്കുന്നു (അഥവാ അങ്ങനെ ഞാന്‍ സംശയിക്കുന്നു). ഇതൊരു വിചാരവഴിയില്‍പ്പെട്ടു പോയതു കൊണ്ടു മാത്രം എഴുതപ്പെട്ടതാവാം. ജൈവ വാസനകളുടെ തോന്നലുകള്‍ കൊണ്ട് മാത്രം ഭാഷയെ/ശൈലിയെ അപനിര്‍മ്മിക്കാനോ പുനര്‍അപനിര്‍മ്മിക്കാനോ കഴിയും എന്ന തോന്നലുമാവാം. വെറും തോന്നലുകള്‍. അപ്പോള്‍ ലക്കാനിയനായ ഒരാള്‍ക്ക്, അല്ലെങ്കില്‍ കണ്ണാടിഘട്ടത്തിലെ ഒരാള്‍, അയാള്‍ അയാളെത്തന്നെയും, ഒരു സംഘത്തെയും സമൂഹത്തെയും കാണുന്നു, തന്മയമായി. പൈതഗോറിയന്‍ സമൂഹത്തെയോ, ഫോക്ക്‌ലോറിന്റെ രചയിതാക്കളെപ്പോലെയോ, പഞ്ചതന്ത്രം കഥകള്‍ പോലെയോ ആവാം. എന്നാല്‍ ശൈലീപരമായ ഗദ്യത്തിന് ഇങ്ങനെയൊക്കെ വായനാക്ഷമമായ ഒരു കഥയുണ്ടാവുമോ? ഭാഷയുടെ ആദിമമായ അനാര്‍ക്കിയെ കുറിച്ച് നമുക്കെന്ത് വ്യക്തതയുണ്ട്? അത്തരമൊരു അനാര്‍ക്കിയില്‍ അഭിരമിക്കുകയോ അനാര്‍ക്കോ ക്യൂരിയസ് ആയി ഭാഷയെ ഉപയോഗിക്കുകയോ ചെയ്യാന്‍ ദ്രാവിഡ തനിമയൊന്നും ആവശ്യമില്ലല്ലോ. അനാര്‍ക്കിയോടുള്ള കൗതുകം ഭാഷയിലെ എന്‍ട്രോപ്പിയല്ലേ? യേശുദാസിന്റെ ഉച്ചാരണം എന്നത് ഒരു ശ്രേഷ്ഠവല്‍ക്കരിച്ച തനിമയായ കാലം നമുക്കറിയാം. പലമകള്‍ക്കിടയില്‍ എന്തിനാണ് തനിമ എന്ന് പ്രാദേശികത്തിലെ പ്രാദേശികതയ്‌ക്കേ ചോദിക്കാന്‍ കഴിയൂ. (ഭാഷയ്ക്ക് ഭൂരിപക്ഷത്തിന്റെ ഭാഷയേ അറിയൂ എന്നുണ്ടോ? ഭാഷ തികച്ചും ഡാര്‍വീനിയനാണോ?) ‘ താളിയോലകളിലോ കളിമണ്‍ പലകകളിലൊ പതിയാത്ത ഉയിരെഴുത്തുകള്‍’, ‘അന്നേ പലരും പറഞ്ഞിട്ടും എഴുതപ്പെടാതെ പോയ മലയാളത്തെപ്പോലെ’ എന്നും പറഞ്ഞിരിക്കുന്നു. അപ്പോഴത് മലയാളമല്ലേ/ മലയാളത്തെപ്പോലെയാണോ? മലയാളം പിന്നെയെന്താണ്? അങ്ങനൊരു മലയാളമല്ലെങ്കിലതില്‍ ജീവിതമുണ്ടോ? ജീവിതത്തിന്റെ ഭാഷയെങ്കില്‍, അവരുടെ ജീവിതങ്ങളെപ്പോലെ നമുക്ക് പിടികിട്ടാത്തതാണോ? ഈ ഭാഷയിലാണോ വിശപ്പും, ദാഹവും, കരച്ചിലും, ചിരിയും (അങ്ങനൊന്നുണ്ടോ?) രതിയും ഉണ്ടായത്. ഈയൊരു നിലത്തിലാണോ മലയാളം പൂത്തുമലര്‍ന്നത്? ‘ഇന്നുള്ള മലയാളിക്ക് തമിഴിന്റെ പഴമയിലേക്ക് വരാനുള്ള പ്രധാനതടസം അവന്‍ ജനിച്ചുവീഴുന്ന, ശ്വസിച്ചു ജീവിക്കുന്ന ഇന്നുള്ള മലയാളം തന്നെയാണ്. സംസ്‌കൃതത്തിന്റെ ഒരു ഭാവമാറ്റം മാത്രമായി ഇന്ന് അവന്റെ നാക്കിലുള്ള മലയാളം’ എന്ന് ജയമോഹന്‍ ‘മുന്നുര’യില്‍ വീണ്ടും പറയുന്നു.

എന്തിനാണ് മനോജ് കുറൂര്‍ ഇങ്ങനൊരു നോവലെഴുതിയെത്? മറ്റൊരു നോവല്‍ എഴുതാമായിരുന്നു എന്ന ആനുകൂല്യം അയാള്‍ക്കില്ല. അയാള്‍ക്കിതേ എഴുതാന്‍ കഴിയുമായിരുന്നുള്ളൂ. അയാള്‍ക്ക് എഴുതാമായിരുന്ന കവിതകള്‍ അയാള്‍ പലരീതിയില്‍ ഇതില്‍ പ്രകാശിപ്പിച്ചിരിക്കുന്നു. ഇതില്‍ കാടും, കാറ്റും, കടലും, മനുഷ്യന്റെ (മയിലന്റെ) ഏകാന്തതയുമുണ്ട്. മൂന്നുഭാഗങ്ങളുണ്ട്, മൂന്നുഭാവങ്ങളും. അച്ഛന്‍, പെണ്ണ്, ആണ് എന്നിവ. ആണും അച്ഛനും ഒന്നല്ല എന്ന് മനസിലാക്കാം. മദ്യം, മാംസം, ലൈംഗികത, കൂത്താട്ടം, പാട്ട്, പഴമകളുടെ നാടോടിഭൂതകാലങ്ങള്‍. പെണ്‍പേരുകളിലെ ചോര്‍ന്നൊലിക്കുന്ന കാട്ടരുവിത്തണുപ്പും, ചിറകൊച്ചയും. ഇവയാണാ പേരുകള്‍ നല്ലക്കിളി, പച്ചക്കിളി, താമര, കിളിയോലം, ചീര, ചിത്തിര. കാറ്റടിച്ച് ചിതറിപ്പോയ പെരുംപുലവരുടെ പനയോലകള്‍ പോലെ വ്യവഹാരത്തില്‍നിന്ന് ശൈലീകരണത്തിലേക്ക് മടങ്ങിപ്പോകുന്ന മുടിഞ്ഞ റിവൈവലിസം, ഇടയ്ക്കിടെ നമ്മളെ ഒരു വോയറാക്കും, അല്ലാതെയുമാക്കും. എന്നാലോ പേള്‍ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത് വായിച്ചപോലെ ചോരയും പാലും മണക്കുന്ന കഥ കൊതിക്കും. (കൊതിപ്പിക്കും കനിക്കിനാവുകള്‍ കാട്ടി, പക്ഷെ കൊടുക്കയില്ലവള്‍ എന്ന് ഓരോ വോയറോടും വൈലോപ്പിള്ളിയെപ്പോലെ പ്രാകിത്തീര്‍ക്കാം.) പക്ഷെ മലയാളത്തില്‍ തമിഴെഴുതുന്ന ഈ വിദ്യയാണ് തനിമ എന്ന് സമ്മതിക്കാതെതന്നെ കഥയെന്തെന്നറിയാനാണോ കഥ വായിക്കുന്നത്, ഭാഷയെന്തെന്നറിയാനല്ലേ എന്ന് എഴുത്തുകാരനെങ്ങാനും ചോദിക്കുമോ

ഇതിനുമുമ്പ്, ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ ചരിത്ര പഠനങ്ങള്‍ ബാലരമയില്‍ വായിക്കേണ്ടതാണെന്ന് ഓര്‍ക്കുന്നു. അതിനുശേഷമിതാണ്. അല്ലെങ്കിലും എന്റെ വോയര്‍ സാറേ, നിങ്ങളിത് വായിക്കണ്ട. ഇതിന്റെ അവസാനം ഒരു പദസൂചി ചേര്‍ത്തിട്ടുണ്ട്. അത് വായിച്ച് പഠിക്കുക. എന്നിട്ട് വായിക്കുക. പിന്നെ വായിച്ചില്ലെങ്കിലും ഒന്നുമില്ല. അല്ലെങ്കിലും മനോജിന്റെ നോവല്‍ വായിക്കുന്നയാള്‍ അത് മുകുന്ദന്റെ നോവലാണെന്ന് വിചാരിക്കേണ്ടതില്ലല്ലോ. അഥവാ, ആ പുസ്തകങ്ങള്‍ ആ പുസ്തകശാലയില്‍ അടുത്തടുത്ത് ഇരിപ്പാണെങ്കിലും. തമിഴ്മലയാളമേ, Excusezmoi pousse un peu എന്ന് പറയുമോ തമ്മില്‍ത്തമ്മില്‍? ഖസാക്കിലെ മൃത്യുബോധമോ, തട്ടകത്തിലെ നഷ്ടദേശങ്ങളോ ഇല്ലായ്മയാല്‍, ഭൂതകാലപ്പെരുമയോടെ അവതാരലക്ഷ്യം പൂര്‍ത്തീകരിച്ച മോഹന്‍ലാല്‍രൂപത്തില്‍ ഭാവത്തില്‍ (പഴയ ഷാജി കൈലാസ് സിനിമയിലെന്നപോലെ) ഇതൊരു വാക്കലങ്കാരപുസ്തകമായി പരിണമിക്കുന്നു. അത്യാവശ്യം അധ്യാപനശാഠ്യത്തോടെ.

എങ്കിലോ മലയാളമേ? നീയാരാകിലെന്ത്, എന്ന മട്ടില്‍ നമ്മള്‍ പിന്നെയും, ഈ ഭാഷ തന്നെ എഴുതുകയും പറയുകയും ചിന്തിക്കുകയും (അങ്ങനാണോ?) ചെയ്യുന്നു. അപ്പോഴതാ കഥപറച്ചിലുകാരന് ഒരു ദേശം വേണമെന്നുതോന്നുന്നു. അയാള്‍ക്ക് കാര്‍ട്ടോഗ്രാഫി പഠിക്കണം. അയാള്‍ ദിക്കടയാളത്തെക്കുറിച്ചും, മാപ്പിനെക്കുറിച്ചും സംസാരിക്കുന്നു. അയാള്‍ക്കുള്ള ഉത്തോലകം എവിടെ? അയാള്‍ക്ക് അമ്മാനമാടാന്‍ മലയാളം കൊടുക്കൂ. അയാള്‍ ഈ ഭൂമിയെ തിരിച്ചുവിടട്ടെ. ഇതൊക്കെ മലയാളിയായ ഒരു എഴുത്തുകാരന് കഴിയുന്ന കാലം വരുമായിരിക്കും. ആ ദേശത്തെ അയാള്‍ തനിമയോടെ സ്വപ്നം കാണണമെന്ന് ശാഠ്യം പിടിക്കാമോ? അങ്ങനെയെങ്കില്‍ അയാള്‍ക്ക് പറയാനുള്ള കഥയെന്താണെന്ന് നമ്മള്‍ സംശയിക്കുമോ? കഥ കഴിഞ്ഞോ എന്ന് ആരായുമോ? ചിലപ്പോള്‍ കഥ കേട്ടില്ലെന്ന് നടിക്കുമോ? അപ്പോഴും അയാള്‍ ഭാഷയെ അമ്മാനമാടുന്നുണ്ടാവും. എന്താണ് ഭാഷ എന്ന് നമ്മള്‍ വീണ്ടും വീണ്ടും അന്വേഷിക്കും. അവിടേക്ക് എത്തിച്ചേരുന്നതിന് കുറൂര്‍ ഒരു നിമിത്തമാണ്. പ്രതീകാത്മകമായി ഒരു സൂചകം മാത്രമാണോ ഭാഷ? സൂചിതപ്പെടുത്തുന്നില്ലെങ്കില്‍ ഭാഷ അബോധമാവുമെന്നല്ലേ ലക്കാന്‍ പറയുന്നത്? എഴുത്തും വായനയുമറിയാത്തവരുടെ ഭാഷയ്ക്കും ഘടനയുണ്ടല്ലോ. അപ്പോള്‍ സൂചിതത്തിന്റെ പ്രാധാന്യമെന്താണ്? (‘ഭാഷ മറ്റെന്തിന്റെയെങ്കിലും സൂചകമായി പ്രവര്‍ത്തിക്കുന്നതിനുപകരം ഭാഷ ഭാഷയുടെതന്നെ സാധ്യതകളുടെ സൂചകമായിത്തീരുന്നു’ എന്ന് ബി രാജീവന്‍ കരുണാകരന്റെ കഥകളെക്കുറിച്ചുള്ള പഠനത്തില്‍ വിവരിക്കുന്നുണ്ട്. അതാണോ സാധ്യതകളുടെ നിലം പൂത്തുമലര്‍ന്ന നാള്‍. ഭാഷയ്ക്കുള്ളിലെ ഭാഷ എന്ന് റിപ്പീറ്റ് പറയുന്നില്ല. നമ്മുടെ ഉള്ളിലൊരു ഭാഷയുണ്ട്, അതാണല്ലോ എഴുത്തുകാരന്റെ മറുഭാഷ ഉണ്ടാവുന്നത്) സാമൂഹിക ഘടനയുടെ പ്രതീകാത്മകമായ ആവിഷ്‌കാരമാണ് ഭാഷ എന്ന ലക്കാനിയന്‍ ചിന്ത ഇവിടെ പ്രസക്തമാവുന്നു. അങ്ങനൊരു ഭാഷയിലേ കഥയുണ്ടാവൂ. ആ കഥയിലെ സമൂഹത്തിലെ വൈരുധ്യമുണ്ടാവൂ. ആ വൈരുധ്യം മൂലമേ പിന്നെയും ഭാഷയുണ്ടാവൂ. അപ്പോ എത്ര മലയാളമായി? ഭൂമി മലയാളമായി?

ആരുടെ ഭാഷയായാലും, അത് നമ്മുടെ സ്വാതന്ത്ര്യമാണ്. നമ്മള്‍ പിന്നീട് സംസ്‌കൃതത്തില്‍നിന്നും ആദ്യം തമിഴില്‍നിന്നും മുക്തമായെന്ന് വിചാരിച്ചു. ആര്‍ക്കുവേണം സ്വാതന്ത്ര്യം എന്നാണല്ലോ ചോദിച്ചത്? അതായത്, ആഖ്യയും ആഖ്യാതവുമില്ലാതെ എഴുതാമെന്നായി. കഥയിലെ ചില വാക്കുകളില്‍ കവിതയുടെ നിലാവെളിച്ചം വീഴുന്നുണ്ടെന്നുമറിഞ്ഞു. ഈ നോവലും അങ്ങനെയാവാം. കവിത എല്ലാവരുടെയും വീട്ടിലെ പൂച്ചയാണ്. ഈ നോവലിന്റെ തമിഴെന്നാണിറങ്ങുക എന്ന് ജയമോഹന്‍ ചോദിച്ചിരിക്കുന്നു. ഇതിന്റെ മലയാളമെന്നാണിറങ്ങുക എന്ന് നമ്മളും ചോദിച്ചിരിക്കുന്നു. അനാര്‍ക്കിസം റിവൈവലിസവും, നേരേ മറിച്ചും ആവുന്നതോ ആവാത്തതോ ആവട്ടെ. നമുക്ക് വിലക്കപ്പെട്ട സാഹിത്യം അഥവാ കുറൂരില്‍നിന്ന് നമുക്ക് ലഭിക്കാത്തത്/കുറൂറിനെ നോക്കി നമ്മള്‍ കൊതിക്കുന്നത്, തമിഴില്‍നിന്ന് മലയാളത്തിന് ലഭിക്കാത്തത്/തമിഴിലേക്ക് നോക്കി നമ്മള്‍ കൊതിക്കുന്നത്, എന്നീ ഇരട്ട അപരത്വങ്ങള്‍ ഉള്ള ഒരു വോയര്‍ക്ക്, അയാള്‍ക്കുവേണ്ടിമാത്രം, ചിലപ്പോള്‍ അതൊക്കെയാവും നിലം പൂത്തുമലര്‍ന്ന നാള്‍ നമുക്ക് തരാത്തത്/തന്നത്, തന്നിട്ടും കൊതിപ്പിക്കുന്നത്. ലഭിച്ചു എന്ന് പ്രതീകാത്മമായി തോന്നുകയും, എന്നാല്‍ നഷ്ടപ്പെട്ടു/വന്ധീകരിക്കപ്പെട്ടു എന്ന തീവ്രമായ നഷ്ടബോധമുണ്ടാവുകയും, ഇത് രണ്ടും അവസാനിപ്പിക്കാനുള്ള നിദ്രാടനങ്ങള്‍ തുടരുകയും വേണം. ഒരു സ്വപ്നം തീരാനായി മറ്റൊരുറക്കിലേര്‍പ്പെടുമ്പോലെ ഭാഷ നമ്മെ വന്ധീകരിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍, നിലവിളികളോടെ അപരത്വങ്ങള്‍ മൂലം വാക്ക് വസ്തുവിന്റെ അന്ത്യമാണെന്ന് നമ്മള്‍ ഹെഗേലിയന്മാര്‍ അടുത്ത ഭാഷയില്‍ ചിന്തിക്കാന്‍ തുടങ്ങും. അവിടെനിന്ന് ആര്‍ക്ക് വേണം സ്വാതന്ത്രം എന്ന് വിളിച്ച് ചോദിക്കാന്‍ തുനിഞ്ഞാലും കിട്ടിയ സ്വാതന്ത്ര്യവും പൊതിഞ്ഞുകെട്ടി നമ്മള്‍ നടന്നുതുടങ്ങും. അതായത്, ഭാഷ നമ്മെ സ്വതന്ത്രരാക്കുകയും ബന്ധിതരാക്കുകയും ചെയ്യുന്നു. എന്തവകാശത്തിന്മേല്‍ എന്ന് ഭാഷയ്ക്ക് മനുഷ്യനോടും മനുഷ്യന് ഭാഷയോടും കുതിരകയറാവുന്ന കാലമെത്തുന്നു. ഭാഷയിലും അധിനിവേശങ്ങളുണ്ട്. നമ്മിലുമുണ്ട്. ഭാഷയുടെ അധികാരത്തെ എന്തധികാരത്താല്‍ എന്ന് നിശ്ചയമായും ചോദ്യം ചെയ്യേണ്ടതുണ്ട്. എങ്കിലും നമ്മുടെ ഭാഷ എത്ര കണ്ട് സ്വതന്ത്രമാണെന്ന് എന്തെന്നോ infinte use of finite means എന്നതില്‍നിന്ന് നമുക്കെന്ത് സാഹിത്യവും ജീവിതവുമെന്ന് ആലോചിക്കാമല്ലോ. അതാണോ മനോജ് കുറൂര്‍ എഴുതിയത്? രണ്ടാം പതിപ്പിറങ്ങിക്കഴിഞ്ഞു. ഇഷ്ടം പോലെ സമയമുണ്ട്.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on August 26, 2015 7:53 am