ടീം അഴിമുഖം
മറ്റൊരു ആത്മകഥയിലെ വെളിപ്പെടുത്തലുകളില്‍ അസ്വസ്ഥമാകുകയാണ് കോണ്‍ഗ്രസ്. ഗാന്ധികുടുംബത്തിന്റെ മുന്‍ വിശ്വസ്ത മാര്‍ഗരറ്റ് ആല്‍വയാണ് സോണിയ ഗാന്ധിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിക്കാന്‍ ആത്മകഥയെ ഉപയോഗിച്ചിരിക്കുന്നത്.
സോണിയയും മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവുമായുള്ള ബന്ധവും വിവിഐപി ചോപ്പര്‍ വിവാദത്തിലെ ഒരു ഇടനിലക്കാരന്റെ പിതാവിന് സഞ്ജയ് ഗാന്ധിയുമായുള്ള ബന്ധവും ഉടന്‍ പുറത്തിറങ്ങുന്ന പുസ്തകത്തിലുണ്ട്.
എംഎല്‍ ഫൊത്തെദാറും നട്‌വര്‍സിംഗും നടത്തിയ വെളിപ്പെടുത്തലുകളുടെ ആഘാതം മാറും മുന്‍പാണ് ആല്‍വയുടെ പുസ്തകം കോണ്‍ഗ്രസിനു തലവേദനയാകുന്നത്. ബോഫോഴ്‌സ് കേസില്‍ അപ്പീല്‍ നല്‍കാനുള്ള റാവു സര്‍ക്കാരിന്റെ തീരുമാനത്തെപ്പറ്റി സോണിയ ‘ റാവു എന്നെ ജയിലില്‍ അടയ്ക്കാന്‍ ആഗ്രഹിക്കുന്നോ?’ എന്നാണു പ്രതികരിച്ചതെന്ന് ആല്‍വ പറയുന്നു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മൈക്കലിന്റെ പിതാവ് വോള്‍ഫ് ഗാങ് മൈക്കലിന് ഇന്ദിര ഭരണകൂടത്തിന്റെ കാലത്ത് ഗാന്ധി കുടുംബത്തിലെ ഒരു ‘സ്വാധീനശക്തിയുള്ള’ അംഗവുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍.
മരണശേഷം പി വി നരസിംഹറാവുവിനോടു കാണിച്ച അനാദരവാണ് സോണിയ ഗാന്ധിയെ ലക്ഷ്യം വച്ച് കോണ്‍ഗ്രസ് പാളയത്തില്‍നിന്നിറങ്ങുന്ന ആത്മകഥകളുടെ സ്ഥിരം പ്രമേയം. റാവുവിനെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആവിഷ്‌കര്‍ത്താവായി അവരോധിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ ഇത് കോണ്‍ഗ്രസില്‍ നീറ്റലുണ്ടാക്കും.
മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിക്കും എതിരെ മാര്‍ഗരറ്റ് ആല്‍വയുടെ ആക്രമണം ഉണ്ട്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആന്റണി കരുക്കള്‍ നീക്കിയെന്നാണ് അവര്‍ പറയുന്നത്. 2004 ല്‍ കേരളത്തിലുണ്ടായ നേതൃമാറ്റമാണ് ആന്റണിക്ക് തന്നോടുള്ള പക ഉണ്ടാക്കാന്‍ കാരണമായത്. ആന്റണിയെ മാറ്റി ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചതിന്റെ വിദ്വേഷം മനസില്‍ കൊണ്ടു നടക്കുകയായിരുന്നു എ കെ യെന്ന് അവര്‍ എഴുതുന്നു. ആന്റണിയുടെ പിന്‍കളിയാണ് തനിക്ക് ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിയേണ്ടി വന്നതിനും കാരണമെന്നും അവര്‍ പറയുന്നു. ആന്റണിയെ മാറ്റുന്നത് സോണിയയാണ്. കേരളത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സോണിയയ്ക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തത്. കേരളത്തില്‍ അന്നു നേതൃമാറ്റമാണ് ഉയര്‍ന്നു കേട്ടത്. സ്വന്തം പ്രതിച്ഛായ നോക്കുന്നയാള്‍ എന്നായിരുന്നു ആന്റണിക്കെതിരെയുള്ള ആക്ഷേപം. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡില്‍ ധരിച്ചപ്പോള്‍ ഉടന്‍ നടപടിയെടുക്കാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നുവെന്നും മാര്‍ഗരറ്റ് ആല്‍വ പറയുന്നു.
ആല്‍വയുടെ പരാമര്‍ശങ്ങളെപ്പറ്റി എന്തെങ്കിലും പറയാന്‍ കോണ്‍ഗ്രസ് നേതാക്കാളും വക്താക്കളും വിസമ്മതിച്ചു. റാവു സര്‍ക്കാരില്‍ സിബിഐയുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു ആല്‍വ. അതിനാല്‍ അഭിമുഖങ്ങളില്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ പുസ്തകത്തിലുണ്ടാകാം എന്ന ആശങ്കയും പാര്‍ട്ടിയിലുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു, 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നടത്തിയ കുറ്റാരോപണങ്ങളില്‍ ആരംഭിച്ച പ്രവണതയാണ് ആല്‍വയുടെ പുസ്തകമായ ‘ കറേജ് ആന്‍ഡ് കമ്മിറ്റ്‌മെന്റ്’ തുടരുന്നത്.
This post was last modified on July 16, 2016 2:45 pm
Leave a Comment