റോബെര്‍ട് ഗിബെല്‍ഹോഫ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ദുരന്തങ്ങള്‍ അക്രമവാസനയുണര്‍ത്തുന്നുവോ എന്ന് ഓരോ കൂട്ടക്കൊലയിലും സ്കൂള്‍ വെടിവയ്പ്പിലും ചര്‍ച്ചയാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ സാംക്രമിക സ്വഭാവമുള്ളതാണ് എന്നാണു പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് “കോപ്പിയടി കൊലയാളി”കളെ സൃഷ്ടിക്കാനാകുമോ എന്നതാണ് അരിസോണ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ പഠനവിഷയമാക്കിയത്. അവര്‍ കണക്കുകള്‍ മാത്രമാണ് പരിശോധിച്ചത്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ദുരന്തങ്ങളാണ് അവര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. നാലോ അതില്‍ കൂടുതലോ ആളുകള്‍ കൊല്ലപ്പെട്ട കൂട്ടക്കൊലകളോ സ്കൂള്‍ വെടിവെയ്പ്പുകളോ ഒക്കെ പതിമൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഒരു സാധ്യതാ അവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്നാണു അവര്‍ കണ്ടെത്തിയത്. ഈ മോഡല്‍ പ്രകാരം ഒരു മൂന്ന് കൂട്ടക്കൊല കഴിയുമ്പോഴേക്കും ശരാശരി ഒരു കൂട്ടക്കൊല വീതം നടക്കാറുണ്ട്. നാലോ അഞ്ചോ സ്കൂള്‍ വെടിവയ്പ്പിന് ശേഷം മറ്റൊന്ന് നടക്കുന്നു.
സാമൂഹികസംഘങ്ങളില്‍ ആത്മഹത്യകള്‍ പടരാം എന്ന പഠനം ഇതിനുമുന്‍പ് നടന്നിട്ടുണ്ട്. ഒരു മരണവാര്‍ത്ത മറ്റുള്ളവരെ ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇതില്‍ സംഭവിക്കുക. കൌമാരക്കാരുടെയിടയിലാണ് ഇത് ഏറെ കാണാറുള്ളത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് അഭ്യൂഹങ്ങളെക്കാള്‍ വേഗം ഇത്തരം കഥകള്‍ പ്രചരിക്കുകയും ചെയ്യും.
“മാധ്യമശ്രദ്ധയാകര്‍ഷിക്കുന്നതോടൊപ്പം ഇത്തരം കൊലപാതകങ്ങള്‍ പുതിയ സംഭവങ്ങള്‍ക്ക് കാരണമാകുന്നോ എന്ന തോന്നലില്‍ നിന്നാണ് പഠനം തുടങ്ങിയത്”, പഠനം നയിച്ച പ്രോഫസരായ ഷെറി ടവര്‍ പറയുന്നു. “ഒരു ഷൂട്ടിംഗ് നടന്നതിനു പിന്നില്‍ മറ്റൊന്നിന്റെ പ്രചോദനം ഉണ്ട് എന്ന് ഉറപ്പിച്ചുപറയാനാകില്ലെങ്കിലും ഈ പഠനം ഇത്തരം സംഭവങ്ങളുടെ സങ്കീര്‍ണ്ണതതയെ മനസിലാക്കാന്‍ സഹായിക്കും.”
ചാള്‍സ്ടണിലെ ഒരു കറുത്തവര്‍ഗദേവാലയത്തില്‍ നടന്ന പ്രശസ്തമായ ഒരു വെടിവയ്പ്പിനുശേഷമാണ് ഈ പഠനം വന്നത്. അവിടെ 21കാരനായ ഡിലാന്‍ റൂഫ് ഒന്‍പത് ആഫ്രിക്കന്‍ അമേരിക്കക്കാരെയും റെവറന്റ് ക്ലെമന്റ പിങ്ക്ണി എന്ന സ്റേറ്റ് സെനറ്ററെയുമാണ് കൊലപ്പെടുത്തിയത്.
ഈ ദുരന്തത്തിന് ശേഷം ആറു കറുത്തവര്‍ഗദേവാലയങ്ങള്‍ കത്തിനശിച്ചു. ഇതില്‍ മൂന്നെണ്ണം കരുതിക്കൂട്ടി ചെയ്തതാണെന്നതില്‍ അന്വേഷണം നടക്കുന്നു.
തോക്ക് ഉള്‍പ്പെടുന്ന കൂട്ടക്കൊലകള്‍ അമേരിക്കയില്‍ രണ്ടാഴ്ചയിലൊരിക്കല്‍ നടക്കാറുണ്ട്. മാസത്തില്‍ ഒരു സ്കൂള്‍ വെടിവയ്പ്പും. ആളുകള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അവകാശം കൂടുതലുള്ള ഇടങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ കൂടുതല്‍ നടക്കുന്നുവെന്നും ഗവേഷണം സൂചിപ്പിക്കുന്നു.
2012ലെ സംഭവങ്ങളില്‍ കോളറാഡോ മൂവി തിയേറ്ററും വിസ്കോണ്‍സിനിലെ സിക്ക് ക്ഷേത്രവും ന്യൂടൌണിലെ എലമെന്ററി സ്കൂളും ഉള്‍പ്പെടുന്നത് ഓര്‍ക്കുക.
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
This post was last modified on July 20, 2015 7:38 am
Leave a Comment