X

കെഎസ്ആര്‍ടിസി: പെന്‍ഷന്‍കാരുടെ ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം- മാത്യു ടി തോമസ്

പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നു. എല്ലാ കാലത്തും കെ എസ് ആര്‍ ടി സിയില്‍ പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. എന്നാല്‍ അവ തരണം ചെയ്ത് ഈ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് സര്‍ക്കാരിന്റെ കടമ. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥ ഇതിനു മുമ്പ് കേരളത്തിലുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ബാധ്യതകളുണ്ടെന്ന കാരണം പറഞ്ഞ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് മര്യാദ കേടാണ്. ഇതിനകം തന്നെ 17 ഓളം പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി പറയുന്നത്. കൂടുതല്‍ പേര്‍, ജീവിതബുദ്ധിമുട്ടുകള്‍ കൊണ്ട് ഇത്തരമൊരു പ്രവണത അനുകരിക്കാന്‍ സാഹചര്യം നിലനില്‍ക്കുകയാണ്. അത് തടയാന്‍ സര്‍ക്കാര്‍ ഉടനടി ഇടപെട്ടേ പറ്റൂ.

സര്‍വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ട്‌പോയെ മതിയാകൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 80 കോടിയായിരുന്നു. അത് ഞങ്ങള്‍ കുറച്ച് 8 കോടിയാക്കി. ഇന്ന് പ്രതിദിനം 110 കോടിയിലേക്ക് കെഎസ്ആര്‍ടിസിയുടെ നഷ്ടം എത്തപ്പെട്ടിരിക്കുകയാണ്. ഇത്തവണ രണ്ടു തവണ ബസ് ചാര്‍ജ് വര്‍ദ്ധനവ് നടത്തി കഴിഞ്ഞു. അതില്‍ നിന്നു കിട്ടുന്ന അധികവരുമാനമുണ്ടായിട്ടും കാര്യങ്ങള്‍ ശരിയാവണ്ണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍, സര്‍ക്കാരിന്റെ വീഴ്ച്ചയാണത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. ഇപ്പോള്‍ പുലര്‍ത്തുന്ന നിസ്സംഗത വെടിഞ്ഞ്, ഇനിയൊരു ജീവന്‍കൂടി ഇല്ലാതാക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുത്.

(തയ്യാറാക്കിയത്: രാകേഷ് നായര്‍)

This post was last modified on December 18, 2014 12:04 pm