X

ബി എസ് പിയിലെ രണ്ടാമന്‍ നസീമുദ്ദീന്‍ സിദ്ദിഖിയെയും മകനെയും മായാവതി പുറത്താക്കി

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ഇരുവരെയും പുറത്താക്കിയതെന്ന് എഎന്‍ഐ

ബിഎസ്പിയിലെ രണ്ടാമനും പാര്‍ട്ടിയിലെ മുസ്ലിം മുഖവുമായ നസീമുദ്ദീന്‍ സിദ്ദിഖിയെയും മകന്‍ അഫ്‌സലിനെയും പുറത്താക്കി പാര്‍ട്ടി അധ്യക്ഷ മായാവതി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ഇരുവരെയും പുറത്താക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മായാവതി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് സിദ്ദിഖി കരുതപ്പെടുന്നത്. മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ മായാവതിയുടെ ഏറ്റവും വിശ്വസ്തനായ നേതാവെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് മേധാവിയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞമാസം മായാവതി തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിരുന്നു. പിന്നീട് സിദ്ദിഖിയ്ക്ക് മധ്യപ്രദേശിന്റെ ചുമതല നല്‍കി. പാര്‍ട്ടിയുടെ സംഘടനാശക്തി വര്‍ദ്ധിപ്പിക്കാന്‍ നേതൃത്വത്തില്‍ പുനര്‍വിന്യാസം നടത്തുന്നുവെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ സിദ്ദിഖിയുടെ സ്ഥാനചലനം അന്നുതന്നെ ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. വിശ്വസ്തനായ സിദ്ദിഖിക്കെതിരെയുള്ള മായാവതിയുടെ നടപടിക്ക് പിന്നില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ ഉണ്ടെന്ന സംശയമാണ് അന്ന് ഉയര്‍ന്നത്. ആ സംശയങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പുറത്താക്കല്‍.

അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി കനത്ത പരാജയമാണ് നേരിട്ടത്. 403 സീറ്റുകളില്‍ കേവലം 19 ഇടങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിച്ചത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല.

This post was last modified on May 10, 2017 11:12 am