UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

മരുന്നു പരീക്ഷണവും മാധ്യമ മാങ്ങാത്തൊലിയും; ഒരു പടിഞ്ഞാറന്‍ വീരഗാഥ

ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. വീടിനു പുറത്തിറങ്ങിയ ഉടന്‍ വര്‍ഗ്ഗീസ് ചേട്ടനെ കണ്ടു.

”എല്ലാം ചാനലുകളില്‍ കണ്ടില്ലേ? എന്തു ഭയങ്കരം അല്ലേ, ഈ പരീക്ഷണങ്ങളേ…” ചേട്ടന്‍ കുശലം തുടങ്ങി.

സംഭവം എനിക്ക് മനസ്സിലായി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞാടുകയാണ്. ‘ഭിഷഗ്വരവധം പരീക്ഷണ കാണ്ഡം.’ തിരുവനന്തപുരത്തോ മറ്റോ ഉള്ള രണ്ടു ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ  പിണക്കത്തെ തുടര്‍ന്ന് ഒരു ഡോക്ടര്‍ ഉന്നയിച്ച  ആരോപണങ്ങളെ തുടര്‍ന്ന് പ്രശ്‌നം പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു.

എവിടെയൊക്കെ മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്? ആരൊക്കെയാണ് ഇതിന് ഉത്തരവാദിത്തപ്പെട്ട പ്രധാന ഡോക്ടര്‍മാര്‍? ഓരോ പരീക്ഷണ (Clinical Trials)ത്തിന്റെയും വിശദവിവരങ്ങള്‍ എന്തൊക്കെ? പാര്‍ശ്വഫലങ്ങള്‍ എത്ര? മരണങ്ങള്‍ എത്ര? മുതലായ വിവരങ്ങളാണ് സമൂഹത്തിന് അറിയേണ്ടത്.

ഇതെല്ലാം അറിയാന്‍ ഭയങ്കര ഇന്‍വെസ്റ്റിഗേറ്റിവ് സ്റ്റിംഗ് ആക്ഷനൊക്കെ സസൂക്ഷ്മം പ്രയോഗിക്കണം എന്നു വിചാരിച്ചവര്‍ക്കൊക്കെ തെറ്റി. രണ്ടു മൂന്ന് ഇമെയിലുകളും എഴുത്തുകള്‍ക്കും മറുപടിയായി എല്ലാ വിവരങ്ങളും കിട്ടി. ഇതിനു കാരണവുമുണ്ട്.

എല്ലാ ക്ലിനിക്കല്‍ ട്രയലുകള്‍ക്കും വളരെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ട്. അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ടവയാണ് മിക്കതും. ഇന്ത്യാ ഗവണ്‍മെന്റിന്റെയും വളരെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.

എല്ലാ ട്രയലുകളും ആസ്പത്രിക്കു പുറത്തുള്ള വക്കീലന്‍മാര്‍, സാമൂഹ്യരാഷ്ട്രീയ നേതാക്കള്‍ മുതലായവര്‍ക്ക് തുല്യപ്രാതിനിധ്യമുള്ള എത്തിക്കല്‍ കമ്മിറ്റിയില്‍ വച്ച് പാസാക്കണം. എന്നാലേ പരിപാടി തുടങ്ങാന്‍ പറ്റൂ.

മനസ്സിലാവുന്ന ഭാഷയില്‍ എല്ലാ വിവരങ്ങളും  ഉള്‍ക്കൊള്ളിച്ച സമ്മതപത്രങ്ങള്‍ വായിച്ചു കേള്‍പ്പിച്ച് ഒപ്പിടുവിച്ച ശേഷമേ രോഗികളെ ഇതിനു വിധേയമാക്കാന്‍ പാടുള്ളു.

ഓരോ ദിശയിലും ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാരിന്റെ മേല്‍നോട്ട ഏജന്‍സിയെ അറിയിക്കണം. പാര്‍ശ്വഫലങ്ങളോ മരണങ്ങളോ പരീക്ഷണമരുന്നല്ലാതെയുള്ള രോഗീശ്രേണിയേക്കാള്‍ കൂടുതലാണെങ്കില്‍ ട്രയല്‍ നിര്‍ത്തേണ്ടിയും വരും. വിവരങ്ങളെല്ലാം ആര്‍ക്കു വേണമെങ്കിലും ലഭിക്കും.

വിവരങ്ങളെല്ലാം ലഭിച്ചതിനു ശേഷം നടന്നത് ഒരു കൂട്ടക്കൊലയായിരുന്നു.

”ഡോ. സുരേഷ്, ഡോ. തോമസ്, ഡോ. മന്‍സൂര്‍ തുടങ്ങിയ പതിനഞ്ച് ഡോക്ടര്‍മാരാണ് (എല്ലാവരുടേയും പേരുകളുണ്ട്) പരീക്ഷണ വിരുതന്‍മാര്‍. കേരളത്തില്‍ നിന്നുള്ളവര്‍ …., ….., …. എന്നീ ആസ്പത്രികളിലാണുള്ളത്.”

ഈ മട്ടില്‍ വാര്‍ത്തകള്‍ ദൃശ്യമാധ്യമങ്ങളില്‍ ചറപറാ വന്നു. ഇരുപത്തിനാലു മണിക്കൂറും സ്‌ക്രീനിന്റെ താഴെ ഈ പേരുകള്‍ മാഞ്ഞുമാഞ്ഞുകൊണ്ടിരുന്നു. പിറ്റേന്ന് പത്രങ്ങളില്‍ വെണ്ടക്കാ വലുപ്പത്തില്‍ ഇതെല്ലാം തെളിഞ്ഞുകിടന്നു.

പൊതുജനം മനസ്സിലാക്കുന്നത്:

പാവം രോഗികളില്‍ പരീക്ഷണം നടത്തുന്ന ദുഷ്ടപ്പരിഷ

നമ്പര്‍ 1 – ഡോ. സുരേഷ്

നമ്പര്‍ 2 – ഡോ. തോമസ്…. എന്നിങ്ങനെ

”ഇതുവരെ നൂറ്റി ഇരുപത്തെട്ടുപേര്‍ പരീക്ഷണങ്ങളില്‍ മരിച്ചിട്ടുണ്ടത്രേ…” വര്‍ഗ്ഗീസ് ചേട്ടന്‍ രോഷത്തോടെ തുടര്‍ന്നു, എന്നെയൊന്ന് പാളി നോക്കി.

കാന്‍സര്‍ കീമോതെറാപ്പി മരുന്നുകളാണ് പലപ്പോഴും ട്രയല്‍സില്‍ ഉള്ളത്. ബാക്കിയെല്ലാ ചികിത്സകളും നടത്തിയ അതുകൊണ്ടൊന്നും രോഗം ഭേദമാകാതെ അക്ഷരാര്‍ത്ഥത്തില്‍ മരണം കാത്തുകിടക്കുന്ന രോഗികള്‍ അവരുടെ പൂര്‍ണ്ണസമ്മതത്തോടെയും പ്രത്യാശയോടെയുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ട്രയല്‍ നടക്കുമ്പോഴും നടന്നു കഴിഞ്ഞും പലരും മരിക്കുന്നത് സ്വാഭാവികം മാത്രം. മിക്കപ്പോഴും രണ്ടു ഗ്രൂപ്പായിട്ടാണ് രോഗികളെ പഠനവിധേയമാക്കാറ്. ഒരു ഗ്രൂപ്പിന് മാത്രമേ പുതിയ മരുന്നു നല്‍കുകയുള്ളു. മറ്റേ ഗ്രൂപ്പിന് പ്ലാസെബോ എന്ന് വിളിക്കുന്ന ഇഫക്ട് ഇല്ലാത്ത ഗുളികകളാണ് നല്‍കാറ്. ഇതെല്ലാം രോഗികള്‍ക്ക് അറിയുകയും ചെയ്യാം. എന്നിട്ട് താരതമ്യ പഠനങ്ങളാണ് നടത്തുന്നത്. എന്നാല്‍ മരണക്കണക്കില്‍ എല്ലാ രോഗികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു!

സത്യം മാത്രം പറഞ്ഞിരിക്കുന്നു.

സത്യത്തിന്റെ ഒരു മുഖം മാത്രം

സത്യത്തില്‍ നിന്ന് കള്ളങ്ങള്‍ മെനയാന്‍ എന്തെളുപ്പം!

ജനങ്ങള്‍ മനസ്സിലാക്കുന്നത്

കൊലയാളി നമ്പര്‍ 1 – ഡോ. സുരേഷ്

കൊലയാളി നമ്പര്‍ 2 – ഡോ. തോമസ്

അറുകൊല ആസ്പത്രി നമ്പര്‍ 1 – ………. ആസ്പത്രി

ശരിയാണ്. എത്ര കര്‍ശന നിയന്ത്രണങ്ങളുണ്ടായാലും അതിനെയൊക്കെ ക്രിമിനലുകള്‍ക്ക് മറികടക്കാം.

പല അഴിമിതികളും സാധ്യമാണോ എന്നു ചോദിച്ചാല്‍ സാദ്ധ്യമാണ്. ഈ വാര്‍ത്ത വന്നതിനുശേഷം എല്ലാ പറഞ്ഞ ആസ്പത്രികളിലും കര്‍ശന പരിശോധന ഉണ്ടായി. നാമമാത്ര ചില്ലറ ക്ലറിക്കല്‍ പ്രശ്‌നങ്ങളല്ലാതെ മഹാ ഭൂരിപക്ഷം സ്ഥലങ്ങളിലും ഒന്നും കണ്ടെത്താനായില്ല.

അതൊന്നും പക്ഷേ  പത്രങ്ങളില്‍ വന്നില്ല. യഥാര്‍ത്ഥത്തില്‍ നടക്കുന്ന അഴിമതികളും പ്രശ്‌നങ്ങളും ഒന്നും തന്നെ പുറത്തുവന്നതുമില്ല. (അതൊക്കെയുണ്ടുതാനും – ചുരുക്കത്തില്‍ മാത്രം).

പേരുവന്ന ഡോക്ടര്‍മാരും ആസ്പത്രികളും നാണം കെട്ടു. രോഗികള്‍ കാര്‍ക്കിച്ചു തുപ്പി. പലരുടെയും പ്രാക്ടീസ് തീരെ കുറഞ്ഞു. ബന്ധുക്കള്‍ പോലും സംശയത്തോടെ വീക്ഷിച്ചു.

ഒരു ഗുണമുണ്ടായി. കേരളത്തില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ വളരെ കുറഞ്ഞു. തീരെ ഇല്ല എന്നു തന്നെ പറയാം. ആര്‍ക്കും പുലിവാല്‍ പിടിക്കണ്ട. പടിഞ്ഞാറന്‍ നാടുകളില്‍ വികസിപ്പിച്ച മരുന്നുകള്‍, സ്റ്റെന്റുകള്‍, ഉപകരണങ്ങള്‍, സ്‌കാനുകള്‍, സൂചികള്‍, നൂലുകള്‍ ഇവയൊക്കെ മൂന്നു ലെവലിലുള്ള ക്ലിനിക്കല്‍ ട്രയലുകളും കഴിഞ്ഞ് സുരക്ഷിതമായി ഇങ്ങോട്ടു വരും. അതൊക്കെ ഉപയോഗിച്ച് സായിപ്പു പറയുമ്പോലെ ചികിത്സിച്ചാ മതി. ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട. നമുക്ക് ഡെവലപ്പ് ചെയ്യാന്‍ ആയുര്‍വേദം ഉണ്ട്.

”അപ്പോള്‍ ഡോക്ടറൊന്നും പറഞ്ഞില്ല.” വര്‍ഗീസു ചേട്ടന്‍ വിടുന്ന ഭാവമില്ല.

”ഞാനെന്തു പറയാന്‍. ഞാനിതിലൊന്നും ഉള്‍പ്പെട്ടിട്ടില്ലല്ലോ.” ഞാന്‍ ഒഴിഞ്ഞുമാറി.

”അങ്ങനെ ഒഴിഞ്ഞുമാറുന്നത് ശരിയല്ലല്ലോ ഡോക്ടര്‍.” ഞാന്‍ ലൈന്‍ മാറ്റി.

”അല്ല. വര്‍ഗ്ഗീസ് ചേട്ടാ, ഇന്നലെ ഒരു ബസ് കണ്ടക്ടര്‍ ഒരു സ്ത്രീയുടെ മാറില്‍ കയറിപ്പിടിച്ചിട്ട്  നാട്ടുകാര്‍ പെരുമാറി. പൊലീസ് കേസെടുത്തെന്ന് പത്രത്തില്‍ കണ്ടല്ലോ.”

”അതിന് ഞാനെന്തു വേണം?”

”അല്ല. ചേട്ടനും കണ്ടക്ടറാണല്ലോ. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ ബസ്സിലെങ്ങനെ കയറും?”

വര്‍ഗ്ഗീസ് ചേട്ടന്‍ തടിയനാണ്. നല്ല പൊക്കവും കപ്പടാ മീശയുമുണ്ട്. എനിക്കാണെങ്കില്‍ ഇതൊന്നുമില്ല. ഞാന്‍ വേഗം ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു. ഞൊടിയിടയില്‍ സ്ഥലം കാലിയാക്കി. പിന്നെ കുറേ നാളത്തേക്ക്  വര്‍ഗീസ് ചേട്ടന്‍ വന്നു മിണ്ടേയില്ലായിരുന്നു.

ഈ കഴിഞ്ഞ ദിവസം വര്‍ഗീസ് ചേട്ടന്‍ പിന്നെയും മുട്ടി.

”ഈ മംമ്ത മോഹന്‍ദാസിനെപ്പറ്റി അടുത്ത് വനിതയില്‍ വായിച്ചു. ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതാ. അമേരിക്കയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചികിത്സ നടത്തി.”

ഞാന്‍ മിണ്ടിയില്ല.

”ക്ലിനിക്കല്‍ ട്രയല്‍ എന്നാണത്രേ അവന്റെ പേര്. വിജയമാണെന്നു കേള്‍ക്കുന്നു. ആ മരുന്ന് ഇന്ത്യയില്‍ കിട്ടില്ലത്രേ. കിട്ടിയാലും ഭയങ്കല വെലയായിരിക്കുംന്ന്. എന്തൊരു കഷ്ടാല്ലേ. നമ്മുടെ നാട്ടില്‍ ഡോക്ടര്‍മാര്‍ക്ക് ഇതിനൊന്നും മിനക്കെടാന്‍ വയ്യ.”

ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി.

”തിരക്കിട്ട് പോകുകയാണല്ലോ?” ചേട്ടന്‍ ചൊറിഞ്ഞു.

”അല്ല. പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷേ നില്‍ക്കാന്‍ നേരമില്ല.”

”തമാശിച്ചതാണോ ഡോക്ടര്‍?”

”അല്ല പരീക്ഷിച്ചതാ, ബുദ്ധിയേ…”

ഓട്ടോയൊന്നും കാണുന്നില്ല. ഞാന്‍ സ്പീഡില്‍ വലിഞ്ഞു നടന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍